അധ്യാപകരെ പഠിപ്പിക്കും 11 കാരൻ: ചെറു പ്രായത്തിൽ 13 ആപ്, യൂട്യൂബ് ചാനൽ, പുസ്തകം‌ !

HIGHLIGHTS
  • 40 ദിവസം കൊണ്ട് അറുപതിലധികം അധ്യാപകരെയാണ് കുശാൽ ഖെമാനി സാങ്കേതികവിദ്യകൾ പഠിപ്പിച്ചത്
kushal–khemani
Photo: Screen grab from Youtube/ALLSPARK INFINITE Co
SHARE

കോവിഡ്  മഹാമാരിയെ തുടർന്ന് പഠനം ഓൺലൈൻ ആയപ്പോ ടെക് സാവികളായ നമ്മുടെ അധ്യാപകർ പോലും ആദ്യമൊന്നു പകച്ചു.  ക്ലാസ് മുറികളിൽ നിന്നും പഠനം ഗൂഗിൾ മീറ്റിലേക്കും സൂമിലേക്കും  ഒക്കെ പറിച്ചു നട്ടപ്പോൾ അതുമായി പൊരുത്തപ്പെടാൻ പലരും ബുദ്ധിമുട്ടി. എന്നാൽ അപ്പോൾ പൂണെയിലെ  ഒരു 11 വയസ്സുകാരൻ തന്റെ അധ്യാപകർക്ക് സാങ്കേതിക വിദ്യകളില്‍ പരിശീലനം നല്‍കുന്ന  തിരക്കിലായിരുന്നു. 40 ദിവസം കൊണ്ട് അറുപതിലധികം അധ്യാപകരെയാണ്  കുശാൽ ഖെമാനി എന്ന ഈ കൊച്ചു പയ്യന്‍  സൂം പ്ലാറ്റ്ഫോമും എംഎസ് ഓഫീസും  അടക്കമുള്ള സാങ്കേതികവിദ്യകൾ പഠിപ്പിച്ചത്.

അധ്യാപകരെ വരെ പഠിപ്പിക്കുന്ന വിദ്യാര്‍ഥി എന്ന നിലയില്‍ ഒതുങ്ങുന്നില്ല പൂനെ വകഡ് യൂറോ സ്കൂളിലെ  ഈ ആറാം ക്ലാസ് വിദ്യാർഥിയുടെ നേട്ടങ്ങള്‍. 11 വയസ്സിനിടയിൽ 13 ആപ്പുകള്‍,  സ്വന്തമായി യൂടൂബ് ചാനല്‍, പുസ്തകം എന്നിങ്ങനെ  പ്രായത്തിൽ കവിഞ്ഞ കഴിവുകളുമായി ഏവരെയും അമ്പരപ്പിക്കുകയാണ് ഈ വിസ്മയ ബാലന്‍. ആറാം വയസ്സിൽ തായ്ക്കോണ്ടോയിൽ ബ്ലാക്ക് ബെൽറ്റ്, റോബോട്ടിക്സ് തത്പരൻ,  സ്കെച്ച് ആർട്ടിസ്റ്റ്, റൂബിക്സ് ക്യൂബ് വിദഗ്ധൻ, നീന്തൽതാരം, ഗോൾഫർ,  ഗിറ്റാറിസ്റ്റ് എന്നിങ്ങനെ വിവിധ മേൽവിലാസങ്ങൾ ആണ് ഈ ചെറു പ്രായത്തിനുള്ളിൽ കുശാൽ നേടിയത്.

തന്റെ ഒൻപതാം വയസ്സിലാണ് 13 മൊബൈൽ ആപ്പുകൾ നിര്‍മ്മിച്ച് അവ സ്‌കൂളിനായി കുശാൽ സമർപ്പിച്ചത്. മൂന്നാം വയസിൽ തുടങ്ങിയതാണ് ആപ്പുകൾ ഡിസൈൻ ചെയ്യാനുള്ള കുശാലിന്റെ താല്പര്യം.  ലേഗോസിൽ  ആരംഭിച്ച കുശാൽ അഞ്ചാം വയസ്സ് ആയപ്പോഴേക്കും മെക്കാനിക്സിലേക്കും മോഡൽ ബിൽഡിങ്ങിലേക്കും  കടന്നു. ഐടി പ്രൊഫഷണൽ ആയ പിതാവ് ഗിരീഷ്  ഖെമാനി ഏഴാം വയസ്സിൽ കുശാലിനു മുന്നിൽ ഡിസൈൻ തിങ്കിങ് അവതരിപ്പിച്ചു. പൊതു പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുന്ന ആപ്പുകൾ കുശാൽ നിർമ്മിച്ചു തുടങ്ങിയത് അങ്ങനെയാണ്.

കോവിഡ് മഹാമാരിയുടെ കാലത്ത് നൂറിലധികം ഓൺലൈൻ സർട്ടിഫിക്കേഷനുകൾ പൂർത്തിയാക്കിയ കുശാൽ തന്റെ കൂട്ടുകാർക്കായി ഒരു യൂട്യൂബ് ചാനലും സൃഷ്ടിച്ചു. പാവപ്പെട്ട വിദ്യാർഥികൾക്ക് സൗജന്യ പഠന അവസരം ഒരുക്കാൻ സുഹൃത്തുക്കളെ പ്രചോദിക്കുകയാണ് AllSpark Infinite എന്ന യൂട്യൂബ് ചാനലിന്റെ  ലക്ഷ്യം.

പുതിയ സാങ്കേതികവിദ്യകൾ പഠിച്ചെടുക്കുന്നത് ചെലവേറിയ പരിപാടിയാണെന്ന ബോധ്യമാണ് സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങാൻ കുശാലിനെ പ്രേരിപ്പിച്ചത്. നിർമിത ബുദ്ധി,  വെർച്വൽ റിയാലിറ്റി തുടങ്ങിയ വിവിധ വിഷയങ്ങളിലെ സൗജന്യ വീഡിയോ പരിശീലനമാണ് യൂട്യൂബ് ചാനൽ വഴി കുശാൽ നൽകുന്നത്. 11 Secrets to Positive Development in Students എന്നൊരു പുസ്തകവും ഇക്കാലയളവിനുള്ളിൽ ഈ മിടുക്കൻ രചിച്ചിട്ടുണ്ട്. വിവിധ മേഖലകളിലെ തന്റെ വിജയത്തിന്റെ രഹസ്യങ്ങളാണ് പുസ്തകത്തിലൂടെ പങ്കുവെക്കുന്നത്.കോവിഡ് മൂലം ദുഖത്തിലാണ്ട് പോയ കുട്ടികളെ പോസിറ്റീവായി ചിന്തിപ്പിക്കാനും പ്രചോദിപ്പിക്കാനും പുസ്തകത്തിലൂടെ കുശാല്‍ ശ്രമിക്കുന്നു. മൂന്ന് മാസം കൊണ്ട് പൂര്‍ത്തിയാക്കിയ ഈ പുസ്തകം ആമസോണില്‍ അടക്കം ലഭ്യമാണ്. 

മുന്‍ ഐടി പ്രഫഷണലും ഇപ്പോള്‍ ബാങ്ക് ഉദ്യോഗസ്ഥനുമായ പിതാവ് ഗിരീഷിന് പുറമേ ക്യാപ്‌ജെമിനി മുന്‍ ജീവനക്കാരിയായ അമ്മ കനക് ഖെമാനിയും കുശാലിന്റെ ഈ നേട്ടങ്ങള്‍ക്ക് പിന്നിലെ പ്രചോദനമാണ്. വളരെ ചെറുപ്രായത്തില്‍ തന്നെ അച്ഛനമ്മമാരോടൊപ്പം ആറു രാജ്യങ്ങളില്‍ ജീവിക്കാന്‍  കുശാലിന് അവസരം ലഭിച്ചു. വിവിധ സംസ്‌കാരങ്ങളെ അടുത്തറിയാനായത് കുശാലിന്റെ മാനസിക വികാസത്തിന് സഹായകമായി. 

ടെസ്ല സ്ഥാപകന്‍ എലോണ്‍ മസ്‌കിനെ ആരാധികുന്ന കുശാലിന് ലോകത്തിലെ ഏറ്റവും മികച്ച കാര്‍ ഡിസൈന്‍ ചെയ്യണമെന്നാണ് ആഗ്രഹം. തന്റെ ഡിസൈന്‍ ശേഷി മെച്ചപ്പെടുത്താന്‍ കുശാല്‍ കാര്‍ട്ടൂണുകള്‍ വരയ്ക്കുകയും വെബ്‌സൈറ്റുകളും ആപ്പുകളും ഡിസൈന്‍ ചെയ്യുകയും കാറുകള്‍ സ്‌കെച്ച് ചെയ്യുകയും ചെയ്യുന്നു. റോബോട്ടുകളുടെ നിര്‍മ്മാണത്തിലും കൈ വച്ച കുശാല്‍ പുണെയില്‍ നടന്ന റോബോട്ടെക്‌സ് ഇന്ത്യ റീജണല്‍ മത്സരത്തില്‍ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമായിരുന്നു. ലോകത്തിലെ 10,000 വിദ്യാർഥികളെ പോസിറ്റീവ് ചിന്തകരാക്കാനുള്ള ദൗത്യത്തിലും ഏര്‍പ്പെട്ടിരിക്കുകയാണ് ഈ മിടുമിടുക്കന്‍. 

English Summary: Success Story Of Kushal Khemani

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA