പൊലീസ് സ്റ്റേഷനിൽ ചായ കൊടുത്ത മിഥുൻ എങ്ങനെ പൊലീസായി?

HIGHLIGHTS
  • പൊലീസ് സിലക്‌ഷൻ കിട്ടിയ മിഥുൻ എല്ലാ വിദ്യാർഥികൾക്കുമുള്ള പ്രചോദന പാഠം
midhun
SHARE

ബിഎസ്‌സി ബോട്ടണിക്കു പഠിക്കുമ്പോൾ അവധി ദിനങ്ങളിൽ അച്ഛന്റെ ചായക്കടയിലായിരുന്നു മിഥുന്റെ ഡ്യൂട്ടി. അടുത്തുള്ള മാരാരിക്കുളം പൊലീസ് സ്റ്റേഷനിൽ ചായ കൊണ്ടുപോയി കൊടുത്ത് മനോജ് എന്ന പൊലീസ് ഉദ്യോഗസ്ഥനെ പരിചയപ്പെട്ടു. അദ്ദേഹത്തിന്റെ പ്രേരണയാൽ പൊലീസ് സിലക്‌ഷനുള്ള തയാറെടുപ്പായി. മാരാരിക്കുളം വടക്ക് കഞ്ഞിക്കുഴി കുന്നത്തു വീട്ടിൽ എം.മിഥുൻ ഇപ്പോൾ തൃശൂർ പൊലീസ് അക്കാദമിയിൽ ട്രെയിനിങ്ങിലാണ്. 

ഈ പ്രചോദന വാർത്ത നമ്മിൽ ചിലരെങ്കിലും വായിച്ചുകാണും. കോളജ് പഠനത്തിനിടെ പിഎസ്‌സി പരിശീലനം, കായിക പരിശീലനം – ഇതിനെല്ലാമുള്ള സമയം എങ്ങനെ കണ്ടെത്തിയെന്നും ഈ വിജയകഥ മറ്റുള്ളവർക്കു നൽകുന്ന സന്ദേശം എന്താണെന്നുമാണ് ‘കരിയർ ഗുരു’ അന്വേഷിച്ചത്. 

@ ഗ്രൗണ്ട്:  രാവിലെ 5.30– 7.00

രണ്ടു വർഷം മുൻപാണു പരിശീലനത്തിന് ആദ്യമായി ഗ്രൗണ്ടിലിറങ്ങുന്നത്. സ്കൂളിൽ ഓട്ടം മത്സരത്തിൽ പോലും പങ്കെടുത്തിട്ടില്ല. ആദ്യമൊക്കെ നന്നായി കിതച്ചെങ്കിലും തളരാതെ എന്നും രാവിലെ 5.30 മുതൽ രണ്ടു മണിക്കൂർ കഠിന പരിശീലനം. സിലക്‌ഷനു വേണ്ട 8 ഇനങ്ങളിൽ ശ്രദ്ധയൂന്നി; കൂട്ടത്തിൽ 1500 മീറ്റർ ഓട്ടവും. എഴുത്തുപരീക്ഷയ്ക്കു ശേഷം കായിക പരീക്ഷ വരെയുള്ള സമയത്ത് ഗ്രൗണ്ടിലെ പരിശീലനം രാവിലെയും വൈകിട്ടുമാക്കി.

@ കോച്ചിങ് ക്ലാസ്:  രാത്രി 7.00– 9.30

എഴുത്തുപരീക്ഷയ്ക്കു വേണ്ടിയുള്ള പരിശീലനം രാത്രി 7 മുതൽ 9.30 വരെ. മാത്‌സ്, ഇംഗ്ലിഷ്, ജികെ എന്നിവയ്ക്കു പ്രാധാന്യം നൽകി. 2018 മേയിൽ പിഎസ്‍സി പരീക്ഷയെഴുതി. 415–ാം റാങ്ക് നേടി ജോലിയിൽ പ്രവേശിച്ചു. 

വഴികാട്ടണം, സമൂഹം

പി. വിജയൻ, ഐജി

മിഥുൻ പൊലീസ് തൊപ്പിയണിയുന്നതു കാണാൻ കാത്തിരിക്കുന്നൊരാളാണു ഞാനും. കാരണം അത് ഒട്ടേറെപ്പേർക്കു പ്രചോദനമാണ്. സമാന ജീവിതസാഹചര്യങ്ങളിൽനിന്നു വന്ന ഒരാളെന്ന നിലയ്ക്ക് മിഥുന്റെ നേട്ടത്തിന്റെ മൂല്യം എനിക്കു നന്നായറിയാം. 

vijayan-ips

കഴിഞ്ഞ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ ഫയർമാൻ ആശിഷ് ദാസിന്റെ ജീവിതവും ഇതുപോലൊരു നല്ല പാഠമാണ്. സർക്കാർ സർവീസിൽ സുരക്ഷിതമായൊരു ജോലി ലഭിച്ചപ്പോഴും ആശിഷ് ദാസ് സ്വന്തം സ്വപ്നം മറന്നില്ല. ജോലിത്തിരക്കിനിടയിലും അതിനായി അധ്വാനിച്ചു. 

പൊലീസിന്റെ നേതൃത്വത്തിൽ സ്കൂളുകളിൽ നടപ്പാക്കുന്ന സ്റ്റുഡന്റ് പൊലീസ് കെഡറ്റ് പദ്ധതി, പരീക്ഷയിൽ പരാജയപ്പെടുന്നവർക്കു പ്രത്യേക പരിശീലനം നൽകാനുള്ള ‘ഹോപ്’ പദ്ധതി, ‘മിഷൻ ബെറ്റർ ടുമോറോ’ എന്നിവയൊക്കെ കുട്ടികളെ നേട്ടങ്ങളിലേക്കു കൈപിടിച്ചു നടത്താൻ ലക്ഷ്യമിട്ടുള്ളവയാണ്. 

ആലപ്പുഴയിൽ ഹോപ് പ്രോജക്ട് വഴി കഴിഞ്ഞ വർഷം എസ്എസ്എൽസിക്കു മികച്ച വിജയം നേടിയ കമല സുരേന്ദ്രന്റെ കഥയും മറക്കാവുന്നതല്ല. ഒറ്റമുറി വാടകവീട്ടിൽ ഇല്ലായ്മകളോടു പൊരുതി ജീവിക്കുന്ന കുടുംബത്തിലെ അംഗമാണ് കമല. ആരോഗ്യപ്രശ്നങ്ങളെത്തുടർന്നു കമലയ്ക്ക് 2016ൽ എസ്എസ്എൽസി പരീക്ഷയെഴുതാനായില്ല. അധികൃതരുടെ അനാസ്ഥമൂലം 2017ലും പരീക്ഷയെഴുതാനായില്ല. പിന്നീട് അപേക്ഷ നൽകിയപ്പോൾ സാങ്കേതികതടസ്സങ്ങളായി. പൊലീസ് ഇടപെട്ട് കഴിഞ്ഞ വർഷം പരീക്ഷയെഴുതാൻ അവസരമൊരുക്കി. ഹോപിലെ മെന്റർമാർ കൂട്ടുനിന്നു. ഫലം വന്നപ്പോൾ ഏതു റാങ്കിനേക്കാളും തിളക്കമുള്ള വിജയം. 

പ്രതിസന്ധികളിലും ഇല്ലായ്മകളിലും തളരാതെ മുന്നേറാൻ വിദ്യാർഥികൾക്കു വഴികാട്ടിയാകാൻ സമൂഹത്തിനും കഴിയണം. അധ്യാപകർ പാഠഭാഗങ്ങൾ പഠിപ്പിച്ചാൽ മാത്രം പോരാ, കുട്ടികൾക്ക് ജീവിതനൈപുണ്യങ്ങൾ പകർന്നുനൽകുന്ന മെന്റർമാരായി മാറണം. ‌

English Summary: Success Story Of Midhun

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA