ഉപരിപഠനം സ്വന്തം ചെലവിൽ, ഹോബി ജീവിതമാർഗമാക്കി സ്മൃതി

HIGHLIGHTS
  • ആദ്യത്തെ വില്പനയിലൂടെ സ്മൃതിക്ക് ലഭിച്ചത് 120 രൂപയുടെ വരുമാനമാണ്
smrithi
SHARE

സ്വന്തം ചെലവിൽ പഠിക്കണം എന്ന് പറയാനും സ്വന്തമായി പണം മുടക്കി പഠിക്കണം എന്ന് ആഗ്രഹിക്കാനുമൊക്കെ എളുപ്പമാണ്. എന്നാൽ കാര്യത്തോട് അടുക്കുമ്പോൾ നമ്മുടെ നാട്ടിൽ ഇത് തത്വത്തിൽ മാത്രമായി ഒതുങ്ങിപ്പോകുന്നു. വിദേശമാതൃകകൾ പിന്തുടർന്ന് പഠനത്തോടൊപ്പം ജോലി എന്ന ആശയത്തെ പരസ്യമായി പിന്തുണയ്ക്കുമ്പോഴും രഹസ്യമായി തങ്ങളുടെ കുഞ്ഞുങ്ങളെ അവർക്ക് ഇഷ്ടമുള്ളത്ര പഠിപ്പിക്കാൻ കഷ്ടപ്പെടുകയാണ് മാതാപിതാക്കൾ. എന്നാൽ ഇവിടെയാണ് ആലപ്പുഴ കായംകുളം സ്വദേശിനിയായ സ്‌മൃതി വി രാജ് എന്ന മിടുക്കി വ്യത്യസ്തയാകുന്നത്. തന്റെ ഹോബി വരുമാനമാർഗമാക്കി മാറ്റി ബിരുദാന്തര ബിരുദത്തിന് തന്റെ പോക്കറ്റിൽനിന്ന് തന്നെ പണം മുടക്കുകയാണ് ഈ മിടുക്കി. ക്രാഫ്റ്റ് നിർമാണം കളിയായി കാണുന്നവർക്കുള്ള മറുപടിയാണ് സ്മൃതിയുടെ ആൽബട്രോസ് ക്രാഫിറ്റിഫൈ എന്ന സ്ഥാപനം.

സ്വന്തം കാലിൽ നിന്ന് കൊണ്ട് മൈക്രോ ബയോളജിയിൽ ഉപരിപഠനം നടത്തണം എന്ന സ്മൃതിയുടെ ആഗ്രഹം ലക്ഷ്യത്തിൽ എത്തുന്നത് ഒരു വർഷം മുൻപാണ്. അതുവരെ മറ്റേതൊരു കുട്ടിയേയും പോലെ തന്നെ അച്ഛനമ്മമാരുടെ തണലിൽ നിന്നുകൊണ്ട് പഠനം നടത്തിയിരുന്ന വ്യക്തിയായിരുന്നു സ്മൃതി. ലോക്ക് ഡൌൺ കാലത്താണല്ലോ സോഷ്യൽ മീഡിയയിലും മറ്റും ക്രാഫ്റ്റ് സംരംഭങ്ങൾ ഹിറ്റാകുന്നത്. എന്നാൽ അതിനും ഏറെ കാലം മുൻപ് തന്നെ സ്മൃതി തന്റെ  ആൽബട്രോസ് ക്രാഫിറ്റിഫൈ എന്ന സ്ഥാപനം ആരംഭിച്ചിരുന്നു. 

ചെറുപ്പം മുതൽക്ക് വർണപേപ്പറുകളും മറ്റും ഉപയോഗിച്ച് വിവിധങ്ങളായ ക്രാഫ്റ്റുകൾ നിർമിക്കുന്നതിൽ സ്മൃതി മിടുക്കിയായിരുന്നു. ഒരു വർഷം മുൻപ് തന്റെ ആ കഴിവുകൾ ഒന്ന് പൊടിതട്ടിയെടുത്ത് ഡ്രീം കാച്ചർ നിർമാണം ആരംഭിച്ചതാണ് സ്മൃതിയുടെ ജീവിതത്തിലെ വഴിത്തിരിവാകുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഡ്രീം കാച്ചാറുകൾ ആളുകൾ ഏറ്റെടുത്തു. അഭിനന്ദങ്ങൾക്കൊപ്പം ചിലർ ഡ്രീം കാച്ചറുകൾ വാങ്ങാനുള്ള താല്പര്യം കൂടി പ്രകടിപ്പിച്ചതോടെ, എങ്കിൽ പിന്നെ എന്ത്കൊണ്ട് ഇതൊരു വരുമാനമാർഗം ആക്കിക്കൂടാ എന്ന ചിന്തയായി സ്മൃതിക്ക്. 

പിന്നെ ഒട്ടും വൈകിയില്ല,  ആൽബട്രോസ് ക്രാഫിറ്റിഫൈ എന്ന പേരിൽ ഇൻസ്റ്റാഗ്രാമിൽ ഒരു പേജ് തുടങ്ങി. എന്നിട്ട് അതിൽ താനുണ്ടാക്കിയ ഉൽപ്പന്നങ്ങൾ വില്പനയ്ക്ക് വച്ചു. ആദ്യത്തെ വില്പനയിലൂടെ സ്മൃതിക്ക് ലഭിച്ചത് 120  രൂപയുടെ വരുമാനമാണ്. ആ തുക കൊണ്ട് കൂടുതൽ നിർമാണ സാമഗ്രികൾ വാങ്ങി. ഡ്രീം കാച്ചാറുകൾക്ക് പുറമെ ഗിഫ്റ്റ് ഹാംബറുകളും ത്രെഡ് വർക്കുകളും എംബ്രോയ്ഡറികളുമെല്ലാം ചെയ്ത തുടങ്ങി. അങ്ങനെ മെല്ലെ മെല്ലെ വരുമാനം വർധിച്ചു വന്നതു. അങ്ങനെ ഇരുന്നപ്പോഴാണ് ലോക്ക് ഡൌൺ പ്രഖ്യാപിക്കുന്നത്.

crafts

ലോക്ക് ഡൌൺ ആയതോടെ ഓർഡറുകൾ കുറഞ്ഞു. അതോടെ ബിസിനസ് പാതിവഴിയിൽ നിന്നല്ലോ എന്നായി ആശങ്ക, എന്നാൽ ഏതാനും ആഴ്ചകൾക്കകം എല്ലാം മാറി മറിഞ്ഞു. സ്മൃതിക്ക് കേരളത്തിനകത്ത് നിന്നും പുറത്ത് നിന്നുമെല്ലാം ഈ ലോക്ക് ഡൌൺ കാലയളവിൽ ഓർഡറുകൾ കിട്ടാൻ തുടങ്ങി.  ആൽബട്രോസ് ക്രാഫിറ്റിഫൈ എന്ന സ്ഥാപനത്തെ നോക്കി പലരും സമാനമായ സ്ഥാപനങ്ങൾ ആരംഭിച്ചു. മാസാവരുമാനം ഇരുപതിനായിരം കടന്നതോടെ ഇനിയുള്ള തന്റെ പഠനം തന്റെ പണം കൊണ്ടുതന്നെയാകണം എന്ന് സ്മൃതി ഉറപ്പിച്ചു. 

ഇന്ന്  ആ അആഗ്രഹം സാധിക്കാനായതിന്റെ സന്തോഷത്തിലാണ് സ്മൃതി. എംഎസ്സി മൈക്രോ ബയോളജിക്ക് കാര്യവട്ടം കാമ്പസിൽ പഠിക്കുന്ന സ്മൃതി ഹോസ്റ്റൽ ഫീസ്, മറ്റു ചെലവുകൾ എന്നിവയ്ക്ക് പണം കണ്ടെത്തുന്നത്  ആൽബട്രോസ് ക്രാഫിറ്റിഫൈ വഴിയാണ്. മാതാപിതാക്കൾക്ക് തന്റെ പഠനകാര്യത്തിൽ ആശ്വാസമേകാൻ കഴിഞ്ഞതാണ് സ്മൃതിയുടെ ഏറ്റവും വലിയ സന്തോഷം. മൈക്രോ ബയോളജിയിൽ ഉപരിപഠനം നടത്തണം , വിദേശത്ത് പോയി പഠിക്കണം തുടങ്ങിയ ആഗ്രഹങ്ങൾ മനസ്സിൽ സൂക്ഷിക്കുന്ന സ്മൃതി അതിനുള്ള പണം സ്വന്തം അധ്വാനത്തിലൂടെ കണ്ടെത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

English Summary: Success Story Of Smrithi Student Who Earns Money From Hobby

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA