പശുത്തൊഴുത്തില്‍ ഇരുന്ന് പഠിച്ച പെണ്‍കുട്ടി ഇനി ജഡ്ജി കസേരയിലേക്ക്

HIGHLIGHTS
  • പിതാവിനെ സഹായിക്കാനായി ദിവസവും രാവിലെ 4 മണിക്ക് ഉണരും
sonal-sharma_
Photo Credit : youtube/alert rajasthan news
SHARE

ജീവിതകാലം മുഴുവന്‍ പശുത്തൊഴുത്തില്‍ ഇരുന്ന് പഠിച്ച പെണ്‍കുട്ടി ബിഎ എല്‍എല്‍ബി, എല്‍എല്‍എം പരീക്ഷയില്‍ ഒന്നാം സ്ഥാനത്തോടെ ഇനി ജഡ്ജി കസേരയില്‍ ഇരിക്കും. ഉദയ്പൂര്‍ സ്വദേശിനി സോണല്‍ ശര്‍മ്മ എന്ന 26 കാരിയാണ് രാജസ്ഥാന്‍ ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷ വിജയിച്ച് സെഷന്‍സ് കോടതിയിലെ ഫസ്റ്റ് ക്ലാസ് ജഡ്ജിയാകാന്‍ ഒരുങ്ങുന്നത്. 

പിതാവ് ഖ്യാലി ലാല്‍ ശര്‍മ്മ പാല്‍ക്കാരനായതിനാല്‍ പശുത്തൊഴുത്തില്‍ ഇരുന്നായിരുന്നു പലപ്പോഴും സോണലിന്റെ പഠനം. എണ്ണ പാത്രങ്ങള്‍ കൂട്ടിവച്ച്  താത്ക്കാലിക മേശയാക്കി അതിലിരുന്ന് പഠിക്കും. പിതാവിനെ ജോലിയില്‍ സഹായിക്കാനായി ദിവസവും രാവിലെ 4 മണിക്ക് സോണല്‍ ഉണരും. ചാണകമെല്ലാം അടിച്ചു വാരി പശുത്തൊഴുത്ത് വൃത്തിയാക്കിയ ശേഷം പിതാവ് കറന്ന് വച്ച പാല്‍ അയല്‍പക്കത്തെല്ലാം കൊണ്ട് കൊടുക്കും. 10-ാം വയസ്സില്‍ തുടങ്ങിയ ഈ ശീലം ജുഡീഷ്യറി പരീക്ഷയ്ക്ക് പഠിക്കുമ്പോള്‍ പോലും സോണല്‍ തുടര്‍ന്നു.

ചെറുപ്പം മുതല്‍ ചുറ്റുമുള്ള ദാരിദ്ര്യം കണ്ട് വളര്‍ന്ന സോണലിന് 

 പാവപ്പെട്ടവര്‍ക്ക് നീതി ലഭ്യമാക്കാന്‍ സാധിക്കുന്ന ജോലിയെന്ന നിലയില്‍ ജുഡീഷ്യല്‍ സേവനം ഇഷ്ടമായിരുന്നു. വീട്ടിലെ പാവപ്പെട്ട പശ്ചാത്തലം മൂലം ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷയ്ക്ക് കോച്ചിങ്ങ് സെന്ററിലൊന്നും ചേരാന്‍ സോണലിന് സാധിച്ചില്ല. ദിവസവും 10-12 മണിക്കൂര്‍ ചെലവിട്ട് സ്വയമായിരുന്നു പരിശീലനം. വിലയേറിയ പുസ്തകങ്ങള്‍ വാങ്ങാന്‍ കഴിവില്ലാത്തതിനാല്‍ യൂണിവേഴ്‌സിറ്റി ലൈബ്രറിയിലേക്ക് സൈക്കിളില്‍ പോയി അവിടെയിരുന്ന് നോട്ടുകള്‍ കുറിച്ചെടുക്കും. 

സാമൂഹിക മാധ്യമങ്ങള്‍ അടക്കം പഠിത്തത്തില്‍ നിന്ന് ശ്രദ്ധ വ്യതിചലിപ്പിക്കുന്ന ഒന്നും തനിക്കുണ്ടായിരുന്നില്ലെന്ന് സോണല്‍ പറയുന്നു. 2018ല്‍ രാജസ്ഥാന്‍ ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷയെഴുതിയെങ്കിലും വെറും ഒരു മാര്‍ക്കിന് കട്ട് ഓഫ് ലിസ്റ്റില്‍ നിന്ന് പുറത്താകുകയും വെയ്റ്റിങ്ങ് ലിസ്റ്റിലാകുകയും ചെയ്തു. 

ആദ്യം അതിഭയങ്കര വിഷാദത്തിലായെങ്കിലും ജനറല്‍ ലിസ്റ്റിലുള്ള ഏഴ് പേര്‍ ജോയിന്‍ ചെയ്തിട്ടില്ലെന്ന വാര്‍ത്ത സോണലിന് പ്രതീക്ഷ നല്‍കി. ഈ ഏഴ് സീറ്റുകളിലേക്ക് വെയിറ്റിങ്ങ് ലിസ്റ്റില്‍ നിന്നുള്ളവരെ എടുക്കണമെന്ന് ആവശ്യപ്പെട്ട് 2020 സെപ്റ്റംബറില്‍ ഹൈക്കോടതിയില്‍ സോണല്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തു. ഡിസംബര്‍ 23ന് സോണലിനെ തിരഞ്ഞെടുത്തു എന്നറിയിച്ചു കൊണ്ടുള്ള വിജ്ഞാപനം ഹൈക്കോടതിയില്‍ നിന്ന് ലഭിച്ചു. ജോധ്പൂരിലെ ജുഡീഷ്യല്‍ അക്കാദമിയില്‍ ഒരു വര്‍ഷത്തെ പരിശീലനത്തിന് ശേഷം സോണല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ആയി സെഷന്‍സ് കോടതിയിലെത്തും. 

പന്ത്രണ്ടാം ക്ലാസില്‍ രാജസ്ഥാന്‍ സംസ്ഥാനത്ത് തന്നെ ഇക്കണോമിക്‌സില്‍ ഒന്നാമതെത്തിയ സോണല്‍ ഹിന്ദിയില്‍ അഖിലേന്ത്യ ടോപ്പറുമായി. മോഹന്‍ലാല്‍ സുഖാദിയ സര്‍വകലാശാലയില്‍ നിന്ന് രണ്ട് സ്വര്‍ണ്ണ മെഡലും ചാന്‍സിലേഴ്‌സ് മെഡലും നേടിയാണ് സോണല്‍ ബിഎ എല്‍എല്‍ബി, എല്‍എല്‍എം പരീക്ഷകള്‍ പാസ്സായത്. 

ഖ്യാലി ലാലിന്റെ നാലു മക്കളില്‍ രണ്ടാമത്തെ മകളാണ് സോണല്‍. പെണ്‍കുട്ടികളെ പഠിപ്പിക്കേണ്ട കാര്യമുണ്ടോ എന്ന സുഹൃത്തുക്കളുടെ ചോദ്യവും കുത്തുവാക്കും വകവയ്ക്കാതെയാണ് ഖ്യാലി ലാല്‍ സോണലിന്റെ സ്വപ്‌നങ്ങള്‍ക്ക് കരുത്തായത്. ഇതിനു വേണ്ടി നിരവധി വായ്പകളും ഈ പിതാവ് എടുത്തു. ജീവിതകാലം മുഴുവന്‍ തനിക്കായി കഷ്ടപ്പെട്ട മാതാപിതാക്കള്‍ക്ക് സൗകര്യപ്രദമായ ഒരു ജീവിതം നല്‍കണമെന്നതാണ് ഇനി സോണലിന്റെ ലക്ഷ്യം. 

സോണലിന്റെ മൂത്ത സഹോദരി അഗര്‍ത്തല സിഎജി ഓഫീസിലെ ട്രാന്‍സ്ലേറ്ററാണ്. ഇളയ സഹോദരനും സഹോദരിയും ബിരുദപഠനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. 

English Summary: Success Story Of Sonal Sharma: Milkman’s Daughter Cracks Judicial Services Exam

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിറപ്പെയ്ത്തായി തുലാമഴ; അണനിറയുന്ന ആശങ്ക, മുല്ലപ്പെരിയാറിലെന്ത്?

MORE VIDEOS
FROM ONMANORAMA