ADVERTISEMENT

ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം. ഡല്‍ഹി സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ നിന്ന് ബിരുദാനന്തരബിരുദം. പഠിച്ചിറങ്ങിയതിന്റെ തൊട്ടടുത്ത വര്‍ഷം എഴുതിയ ഇന്ത്യന്‍ എക്കണോമിക് സര്‍വീസില്‍ ഒന്നാം റാങ്ക്. ഇത്രയും മിടുക്കനായ ഡല്‍ഹി സ്വദേശി ജതിന്‍ കിഷോര്‍ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയെഴുതുമ്പോള്‍ വിജയത്തില്‍ കുറഞ്ഞൊന്നും ആരും പ്രതീക്ഷിക്കില്ല. എന്നാല്‍ 2018ലെ സിവില്‍ സര്‍വീസ് പരീക്ഷയുടെ പ്രിലിമനിറി ഘട്ടം പോലും താണ്ടാന്‍ ജതിന് സാധിച്ചില്ല. 

 

തന്റെ പഠന ജീവിതത്തിലേറ്റ ഈ ആദ്യ തിരിച്ചടി ജതിനെ തളര്‍ത്തിയില്ല. ആദ്യ തവണ പരീക്ഷിച്ച് പരാജയപ്പെട്ട സ്ട്രാറ്റെജി ഒന്നു മാറ്റി പിടിച്ച് അടുത്ത വര്‍ഷം ജതിന്‍ വീണ്ടും പരീക്ഷയെഴുതി. അഖിലേന്ത്യ തലത്തില്‍ രണ്ടാം സ്ഥാനത്തോടെയാണ് അത്തവണ ജതിന്‍ സിവില്‍ സര്‍വീസിലെത്തുന്നത്. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തില്‍ അസിസ്റ്റന്റ് ഡയറക്ടറാണ് ഈ ഐഎഎസുകാരന്‍ ഇപ്പോള്‍.

 

ആദ്യ തവണ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയെഴുതിയപ്പോള്‍ റിസ്‌ക് എടുക്കാന്‍ മടിച്ച് 70 ചോദ്യങ്ങള്‍ മാത്രമേ ജതിന്‍ ഉത്തരം നല്‍കിയിരുന്നൂള്ളൂ. നെഗറ്റീവ് മാര്‍ക്ക് കൂടിയായപ്പോള്‍ പ്രതീക്ഷിച്ചതിലും താഴെയായി ജതിന്റെ സ്‌കോര്‍. എന്നാല്‍ രണ്ടാം തവണ ഈ സമീപനം മാറ്റി വച്ച് കഴിയാവുന്നതിടത്തോളം ചോദ്യങ്ങള്‍ക്ക് ജതിന്‍ ഉത്തരമെഴുതി. 90 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയ ഈ നയസമീപനം രണ്ടാം വട്ടം ജതിനെ തുണച്ചു. 

 

നോട്ടുകള്‍ തയ്യാറാക്കേണ്ടത് അത്യാവശ്യമാണെന്നും ജതിന്‍ തിരിച്ചറിഞ്ഞത് രണ്ടാം തവണത്തെ തയ്യാറെടുപ്പിനിടെയാണ്. ഒരേ സമയം നിരവധി പുസ്തകങ്ങള്‍ റിവൈസ് ചെയ്യാതെ ഒരു വിഷയത്തില്‍ ഒന്നോ രണ്ടോ പുസ്തകങ്ങള്‍ റിവൈസ് ചെയ്യുന്നതാകും നല്ലതെന്നും ജതിന്‍ പറയുന്നു. 

 

യുപിഎസ്‌സി പരീക്ഷയുടെ ഒരു പ്രധാന ഭാഗമാണ് സമകാലിക സംഭവങ്ങള്‍. ഈ വിഷയത്തിലെ അറിവ് പുതുക്കുന്നതിനായി ദിവസവും രണ്ട് ഇംഗ്ലീഷ് പത്രങ്ങള്‍ വായിക്കുകയും ന്യൂസ് ചാനലുകള്‍ കാണുകയും ചെയ്യുമായിരുന്നതായി ജതിന്‍ പറഞ്ഞു. ദിവസം രണ്ട് മണിക്കൂര്‍ പത്ര വായനയ്ക്കായി മാറ്റി വയ്ക്കുമായിരുന്നു. കറന്റ് അഫേഴ്‌സ് മാസികകളും ഉപയോഗപ്പെടുത്തുമായിരുന്നു. 

 

പുസ്തകങ്ങളും മറ്റ് പഠന സാമഗ്രികളും ഇപ്പോള്‍ ഓണ്‍ലൈനില്‍ ലഭ്യമായതിനാല്‍ കോച്ചിങ്ങിനായി ഡല്‍ഹിയില്‍ വന്ന് താമസിക്കേണ്ട ആവശ്യമില്ലെന്നും ജതിന്‍ ചൂണ്ടിക്കാട്ടുന്നു.  മോക്ക് പരീക്ഷകള്‍ എഴുതുമ്പോള്‍ പല തരം കോമ്പിനേഷനുകള്‍ പരീക്ഷിച്ച് നോക്കാമെന്നും ജതിന്‍ പറയുന്നു. ഒരു തവണം 100 ശതമാനം ഉറപ്പുള്ള ചോദ്യങ്ങള്‍ക്ക് മാത്രം ഉത്തരമെഴുതി നോക്കുക. മറ്റൊരു തവണ രണ്ട് ഉത്തരങ്ങള്‍ തമ്മില്‍ സംശയമുള്ള ചോദ്യങ്ങളില്‍ ശരിയെന്ന് തോന്നുന്ന ഉത്തരം തിരഞ്ഞെടുക്കുക. ഇത്തരത്തില്‍ പല വിധത്തില്‍ മോക്ക് പരീക്ഷകളെ സമീപിക്കുമ്പോള്‍ ഓരോരുത്തര്‍ക്കും ഏറ്റവും യോജിച്ച സമീപനം ഏതെന്ന് തിരിച്ചറിയാന്‍ സാധിക്കുമെന്നും ജതിന്‍ കൂട്ടിച്ചേര്‍ക്കുന്നു. 

English Summary: Success Story Of Jatin Kishore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com