ADVERTISEMENT

തിരുവനന്തപുരം ലയോള സ്കൂളിൽ പഠിക്കുമ്പോൾ സാഹിത്യത്തിലും രചനയിലും തൽപരനായിരുന്നെങ്കിലും ഞാൻ എത്തിപ്പെട്ടത് എൻജിനീയറിങ്ങിലാണ്. 2010 ൽ ബിറ്റ്‌സ് പിലാനി ഗോവ ക്യാംപസിൽ എൻജിനീയറിങ്ങിനു ചേർന്നു. എംഎസ്‌സി മാത്തമാറ്റിക്സും ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങും ചേർന്ന ഡ്യൂവൽ പ്രോഗ്രാം. പിന്നീട് പ്രശസ്തമായ ഹാർവഡ് സർവകലാശാലയിൽ നിന്നു ഹെൽത്ത് ഡേറ്റ സയൻസിൽ എംഎസ് നേടി. മൈക്രോസോഫ്റ്റിൽ ഡേറ്റ സയന്റിസ്റ്റായി ജോലി ലഭിക്കുകയും ചെയ്തു.എന്നാൽ അത്ര എളുപ്പമായിരുന്നില്ല ആ യാത്ര.

ആദ്യത്തെ ആശങ്കകൾ

2010-ഇൽ ആണ് ബിറ്റ്‌സ് പിലാനി ഗോവ ക്യാമ്പസ്സിൽ അങ്ങനെ എൻജിനീയറിങ്ങിനു എത്തിപ്പെടുന്നത്. ഒരു ഹാർവാർഡ് ബിരുദധാരി എന്ന് ചിന്തിക്കുമ്പോൾ മനസ്സിലേക്കോടിയെത്തുന്ന ജീവിതാനുഭവങ്ങൾ പോലെയേ ആയിരുന്നില്ല എന്റേത്. എന്റെ ആദ്യത്തെ സെമെസ്റ്ററിൽ ഫിസിക്സിന്റെ ആദ്യത്തെ പരീക്ഷയിൽ എനിക്ക് ലഭിച്ചത് 50-ഇൽ 1 മാർക്ക് ആയിരുന്നു. അന്ന് ഉത്തരക്കടലാസ്സു കണ്ടിട്ടു ചിരിക്കണോ കരയണോ എന്നറിയാതെ നിന്ന എന്റെ മനഃസ്ഥിതി ഇന്നും അതുപോലെ തന്നെ അനുഭവിക്കാൻ പറ്റുന്നതാണ്. സ്വയം മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്ന എന്റെ സ്വഭാവം - ഞാൻ വെറുക്കുന്ന, അതേസമയം താരതമ്യം എന്നത് ഒരു സൂക്ഷ്മമായ അളവുകോലായി ഉപയോഗിക്കുന്ന ഒരു സമൂഹത്തിൽ വളർന്നതിന്റെ ആന്തരികമായ പ്രത്യാഘാതം - അത് ഈയവസരത്തിൽ സഹായകരവുമായിരുന്നില്ല. നമ്മുടെ നാട്ടിൽ എൻജിനീയറിങ്ങിനു പഠിക്കുന്ന ഒരുപാടു പേരെ പോലെ തന്നെ എനിക്കും എൻജിനീയറിങ്ങിൽ താൽപ്പര്യമില്ല എന്ന് വൈകാതെ തന്നെ മനസ്സിലായി. സുഹൃത്തുക്കളുടെയും കലാവാസന പ്രദർശിപ്പിക്കാനുള്ള പാഠ്യേതര ക്ലബ്ബ്കളുടെയും സഹായത്താൽ വർഷങ്ങൾ എങ്ങനെയോ തള്ളിനീക്കി എന്നേ പിന്നീടുള്ള കോളേജ് വർഷങ്ങളെപ്പറ്റി പറയാനാകൂ. എനിക്ക് A ഗ്രേഡ് ലഭിച്ച വിഷയങ്ങൾ എടുത്തു നോക്കിയാൽ അവയിൽ മിക്കതും രചനയുമായി ബന്ധപ്പെട്ട, എൻജിനീയറിങ്ങുമായി ബന്ധമില്ലാത്ത " എലെക്റ്റിവ് " കോഴ്സുകൾ ആയിരുന്നു. കൃത്യമായി ഒരു അനുഭവം എടുത്തുപറയാനാണെങ്കിൽ എന്റെ നാലാം സെമെസ്റ്ററിൽ ഒരേ ദിവസം 4 പരീക്ഷകൾ ഉണ്ടായിരുന്നു. സാധാരണ 2 പരീക്ഷയിൽ കൂടുതൽ ഒരേ ദിവസം വന്നാൽ കോഴ്സുകൾ മാറ്റിയെടുക്കുന്ന സാഹചര്യത്തിൽ, ആ കോളേജിന്റെ ചരിത്രത്തിൽ മറ്റൊരാൾക്ക് അങ്ങനെ ഒരു സന്ദർഭം ഉണ്ടായതായി എനിക്കറിവില്ല. 4-ഇൽ 3 കോഴ്സുകൾ രചനയുമായി ബന്ധപ്പെട്ട "ടെക്നിക്കൽ റിപ്പോർട്ട് റൈറ്റിങ്", "ക്രീയേറ്റീവ് റൈറ്റിങ്", "ജേർണലിസം" എന്നുള്ള എലെക്റ്റിവ് കോഴ്സുകളും നാലാമൻ "സിഗ്നൽസ് ആൻഡ് സിസ്റ്റംസ്" എന്ന നിർബന്ധിതമായ ഇലക്ട്രോണിക്സ് കോഴ്സും ആയിരുന്നു. ആ നാലിൽ ഞാൻ ആകെ പഠിച്ചത് ആ നാലാമനു വേണ്ടി മാത്രമാണ്. മറ്റു മൂവർക്കും ക്ലാസ്സിൽ ഇരിക്കുന്നതിന് പുറമെ പുസ്തകം തുറക്കാതെ നേരെ ചെന്ന് പരീക്ഷ എഴുതുകയായിരുന്നു. അവസാനം കിട്ടിയത് ആ മൂന്നിനും A ഗ്രേഡും നാലാമനു C ഗ്രേഡും. 

പഠനത്തിന്റെ അവസാനവർഷം ഇന്റേൺഷിപ് നിർബന്ധമാണ്. കോളജ് ഇന്റേൺഷിപ്പിനായി തിരഞ്ഞെടുത്ത് തന്നത് ബെംഗളൂരുവിലെ ഒരു ഇലക്ട്രോണിക്സ് കമ്പനിയെ. 

Abhijith2

ഇന്റർവ്യൂവിൽ എൻജിനീയറിങ്ങിലുള്ള എന്റെ താൽപര്യക്കുറവ് മനസിലാക്കി അവർ ഒഴിവാക്കി. ഇനിയെന്ത്?... എന്ന ചോദ്യം മനസ്സിലുയർന്ന നാളുകളായിരുന്നു. ഇന്റേൺഷിപ് പൂർത്തീകരിക്കാതെ ഡിഗ്രി കിട്ടില്ല.

പിന്നീട്  "മ്യൂ സിഗ്മ" എന്ന ഡേറ്റ അനലിറ്റിക്സ് കമ്പനിയിൽ കോളജ് വീണ്ടുമൊരു ഇന്റേൺഷിപ് ശരിയാക്കി. ഡേറ്റ സയൻസ് മേഖലയിലേക്കുള്ള ഈ കാൽവയ്പ് ജീവിതത്തിൽ ഒരു വഴിത്തിരിവായി മാറി. ടെക്നിക്കൽ ഫീൽഡുകൾ എനിക്കു വഴ‍ങ്ങില്ല എന്ന തോന്നൽ മനസ്സിലുണ്ടായിരുന്നെങ്കിലും പ്രോഗ്രാമിങ്ങിലൂടെ ഡേറ്റയെ വിലയിരുത്തുന്ന രീതി ഇഷ്ടപ്പെട്ടു തുടങ്ങിയത് അക്കാലത്തായിരുന്നു.

 

ഇതിനിടെ ഒരു കൺസൽറ്റൻസിയിൽ ബിസിനസ് അനലിസ്റ്റായി ജോലി തുടങ്ങി. ആ കമ്പനിയിലെ ഡേറ്റ അനലിറ്റിക്സ് മത്സരങ്ങളിൽ സജീവമായി പങ്കെടുക്കുകയും പലതിനും ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു. 

 

കമ്പനിക്ക് പുറത്തുള്ള പ്രോജക്ടുകളും തികച്ചും  സേവന വ്യവസ്ഥയിൽ പഠനാർഥം ഏറ്റെടുത്തു. ഡേറ്റ സയൻസിൽ വൈദഗ്ധ്യം വളരുകയായിരുന്നു.

2015 നവംബർ ആയപ്പോൾ അനലിറ്റിക്‌സിലോ ഡേറ്റ സയൻസിലോ ഒരു ബിരുദാനന്തരബിരുദം എടുക്കണമെന്ന് ആഗ്രഹിച്ചു. യുഎസായിരുന്നു ലക്ഷ്യം.

abhijith-3

 

അമേരിക്കൻ ഡ്രീം

അമേരിക്കയിൽ മാസ്റ്റേഴ്സ് പഠനത്തിനുള്ള ആദ്യ പടി ജിആർഇ, ടോഫൽ പരീക്ഷകളാണ്. ജിആർഇയിൽ 340 ൽ 329 മാർക്കും ടോഫലിൽ 120 ൽ 117 മാർക്കും ലഭിച്ചു. 

 

സ്കൂളിൽ പഠിക്കുന്ന സമയത്തു ഗണിതശാസ്ത്രത്തിലും ഇംഗ്ലിഷിലും നല്ല അടിത്തറ ലഭിച്ചിട്ടുണ്ടെങ്കിൽ ഇരുപരീക്ഷകൾക്കും പ്രത്യേകിച്ചു കോച്ചിങ് ആവശ്യമില്ല. തനിയെ പഠിക്കാവുന്നതേയുള്ളു.

 

പരീക്ഷകൾ രണ്ടും നേടിക്കഴിഞ്ഞശേഷം അപേക്ഷ സമർപ്പിക്കേണ്ട സർവകലാശാലകളുടെയും അവയ്ക്കുള്ളിലെ കോഴ്സുകളുടെയും പട്ടിക തയാറാക്കി.  ഇതിനായി ‘എംഎസ് ഇൻ യുഎസ്’ തുടങ്ങിയ ഫെയ്സ്ബുക് ഗ്രൂപ്പുകൾ വലിയ സഹായമായി.

 

തുടർന്ന് കോളജ് പ്രവേശനത്തിനു വേണ്ടി ഉപന്യാസം. നേട്ടങ്ങളുടെ ഒരു പട്ടികയ്ക്കപ്പുറം ജീവിതകഥ പോലെയായിരിക്കണം ഉപന്യാസമെന്നാണ് എന്റെ അനുഭവം പഠിപ്പിക്കുന്നത്. ഇതിനൊപ്പം തന്നെ  അധ്യാപകരുടെ ശുപാർശക്കത്തുകളിലും ശ്രദ്ധ വേണം. വ്യക്തിപരമായി എഴുതപ്പെടുന്ന തനതുസ്പർശമുള്ള  ശുപാർശക്കത്തുകളാകും ഗുണം ചെയ്യുക.

 

 2017 മാർച്ചിലാണ് ഹാർവഡിൽ പ്രവേശനം ലഭിച്ചു എന്നുള്ള ഇമെയിൽ ലഭിക്കുന്നത്. പ്രവേശന തീരുമാനങ്ങൾ വന്നു തുടങ്ങിയാലുള്ള അടുത്ത ചിന്ത എന്നത് കോഴ്സ് ഫീസിന്റെയും മറ്റു ചിലവുകളുടെയും കാര്യമാണ്. പൊതുവെ അമേരിക്കയിൽ വിദ്യാഭ്യാസം വളരെ ചിലവേറിയതാണ്. പി ഹെച്ഛ് ഡി കോഴ്സുകൾക്ക് സാധാരണ സമ്പൂർണ്ണ സ്കോളർഷിപ്പുകളും പരിശീലനവേതനവും ലഭ്യമാണെങ്കിലും മാസ്റ്റേഴ്സ് കോഴ്സുകൾക്ക് അവ ുറവാണ്. പഠനച്ചിലവുകളെ ട്യൂഷൻ ഫീസ്, മറ്റു പഠനച്ചിലവുകൾ, ജീവിതച്ചിലവുകൾ എന്നിങ്ങനെ മൂന്നായി തരംതിരിക്കാം.

 

ട്യൂഷൻ ഫീസാണ് സർവ്വകലാശാലകൾക്ക് നൽകേണ്ട തുകയുടെ നല്ലൊരു പങ്കും. പല സർവ്വകലാശാലകളും ട്യൂഷൻ ഫീസിനെ രണ്ടോ മൂന്നോ തരത്തിൽ വിവരിക്കാറുണ്ട്. സർവകലാശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തിൽ വസിക്കുന്നവർക്ക് "ഇൻ-സ്റ്റേറ്റ് ട്യൂഷൻ" എന്ന കുറഞ്ഞ തുകയും ആ സംസ്ഥാനത്തിന് പുറത്തു വസിക്കുന്നവർക്ക് "ഔട്ട്-ഓഫ്-സ്റ്റേറ്റ് ട്യൂഷൻ" എന്ന ഉയർന്ന തുകയുമാണ് പൊതുവെ പറയാറ്. ഇവയ്ക്കു പുറമെ അമേരിക്കക്കു പുറത്തു നിന്ന് പഠിക്കാൻ വരുന്ന "ഇന്റർനാഷണൽ സ്റ്റുഡന്റസ്" എന്ന വിഭാഗത്തിന് ഇതിലും ഉയർന്ന മറ്റൊരു തുകയും ചില സർവ്വകലാശാലകൾ പറയാറുണ്ട്. കേരളത്തിൽ നിന്നും പൊതുവെ ഇന്ത്യയിൽ നിന്നും പഠിക്കാൻ പോകുന്നവർ ആ രണ്ടാമത്തെയോ മൂന്നാമത്തെയോ വിഭാഗങ്ങളിലാണ് സാധാരണ പെടുക.

 

മറ്റു പഠനച്ചിലവുകളിൽ പ്രധാനം ആരോഗ്യ ഇൻഷുറൻസാണ്. അമേരിക്കയിലെ വളരെ ഉയർന്ന ചികിത്സാച്ചിലവുകൾ കണക്കിലെടുത്തു പഠനത്തിനെത്തുന്ന ഏതൊരു വിദ്യാർത്ഥിക്കും ഇൻഷുറൻസ് നിർബന്ധമാണ്. ഇത് കണക്കിലെടുത്തു സർവ്വകലാശാലകൾ തന്നെ അമേരിക്കൻ ഇൻഷുറൻസ് കമ്പനികളുമായി സഹകരിച്ചു വിദ്യാർത്ഥികൾക്കായി പ്രത്യേക പ്ലാനുകൾ നൽകാറുണ്ട്. വർഷത്തിൽ ഒന്നോ രണ്ടോ തവണ ട്യൂഷൻ ഫീസിനൊപ്പം തന്നെയാകും ഇൻഷുറൻസ് പ്രീമിയവും അടക്കേണ്ടത്. പൊതുവെ ഈ പ്രീമിയം ഉയർന്ന സംഖ്യയാകാമെങ്കിലും "സ്റ്റുഡന്റ് ഇൻഷുറൻസ്" എന്നത് പ്രധാനപ്പെട്ട എല്ലാ ചിലവുകളും ഏറ്റെടുക്കുന്ന നല്ല ഇൻഷുറൻസ് ആയാണ് പൊതുവെ പറയപ്പെടാറു. സർവ്വകലാശാല നൽകുന്ന ഇൻഷുറൻസിൽ തൃപ്തരല്ലെങ്കിൽ സ്വകാര്യമായി മറ്റു ഇൻഷുറൻസുകൾ തേടിപ്പിടിക്കാമെങ്കിലും പുതിയ രാജ്യം, ശൈലി, ജീവിതരീതി തുടങ്ങിയവയിലെ നൂതനതയും പരിചയക്കുറവും കണക്കിലെടുത്താൽ അത് എളുപ്പമാകാൻ സാധ്യത കുറവാണ്.

 

ജീവിതച്ചിലവുകളിൽ താമസവാടക, ഭക്ഷണം, മറ്റു ചിലവുകൾ തുടങ്ങിയവ പെടും. സർവ്വകലാശാല സ്ഥിതി ചെയ്യുന്ന സ്ഥലം അനുസരിച്ചു ഇവയിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടാകാം. പല സർവ്വകലാശാലകൾക്കും ഇന്ത്യയിലെ ഹോസ്റ്റൽ പോലെ "ഡോം റൂം" ഉണ്ട്. പൊതുവെ ബാച്ചലർ ഡിഗ്രി വിദ്യാർത്ഥികൾക്കായാണ് ആ സൗകര്യമെങ്കിലും പല സന്ദർഭങ്ങളിലും മറ്റു വിദ്യാർത്ഥികൾക്കും അവ ലഭ്യമാണ്. സർവ്വകലാശാലയ്ക്ക് പുറത്തു ഒരു അപ്പാർട്ട്‌മെന്റോ മുറിയോ വാടകക്കെടുത്തു താമസിക്കുന്നതിലും കൂടുതൽ ചിലവായിരിക്കും സാധാരണ ഡോം റൂമുകളിൽ. പക്ഷെ സർവ്വകലാശാല തന്നെ നോക്കിനടത്തുന്നതിലെ അനായാസതയും കാര്യക്ഷേമതയിലെ ഉറപ്പും മറ്റും പുറത്തു ലഭിക്കാൻ ചിലപ്പോൾ ബുദ്ധിമുട്ടായേക്കാം. അതെ സമയം പല സർവ്വകലാശാലകളും നഗരങ്ങളോട് ഇടകലർന്നിരിക്കുന്ന സാഹചര്യത്തിൽ ചിലപ്പോൾ പുറത്തുള്ള ഒരു അപ്പാർട്ട്‌മെന്റായിരിക്കും ഡോം റൂമിനെക്കാൾ ക്ലാസ്സുകളോട് അടുത്ത്. കൂടാതെ ചില നഗരങ്ങളിൽ അമേരിക്കക്കു പുറത്തു നിന്നും വരുന്ന വിദ്യാർത്ഥികൾക്ക് മാത്രമായി "ഇന്റർനാഷണൽ ഹൗസ്" എന്ന പേരിലുള്ള ഹോസ്റ്റലുകളുമുണ്ട്. ഇങ്ങനെ നമ്മുടെ പ്രാധാന്യപ്പട്ടികയനുസരിച്ചു താമസത്തിനായി അനേകം ദിശകളുണ്ട്. 

മാസ്റ്റേഴ്സ് കോഴ്സുകൾക്ക് സ്കോളർഷിപ്പുകളും കുറവ്. ട്യൂഷൻ ഫീസ്, നിർബന്ധ ആരോഗ്യ ഇൻഷുറൻസ് എന്നിവയോടൊപ്പം വാടക, ഭക്ഷണം, മറ്റു ചെലവുകൾ തുടങ്ങിയവയ്ക്കൊക്കെ പണം ചെലവാകും. സർവകലാശാലയോട് അനുബന്ധിച്ചുള്ള പാർട് ടൈം ജോലികൾ ആഴ്ചയിൽ 20 മണിക്കൂർ ചെയ്യാം. 

 

മൈക്രോസോഫ്റ്റിന്റെ വിളി

യുഎസിൽ ക്യാംപസ് റിക്രൂട്മെന്റിനു പകരം കരിയർ ഫെയറുകളാണ് സാധാരണം. കമ്പനികൾ ക്യാംപസിലെത്തി  ബൂത്തുകൾ സ്ഥാപിക്കും. അവിടെ റെസ്യുമെ നൽകാൻ അവസരമുണ്ട്. പിന്നീട് കമ്പനി ബന്ധപ്പെട്ടു തുടർനടപടികൾ സ്വീകരിക്കുകയാണു രീതി. ഇന്റേൺഷിപ്പുകളും സ്ഥിര ജോലികളും ഇങ്ങനെ ലഭിക്കും.

 

ന്യൂയോർക്കിലെ മൗണ്ട് സിനായി എന്ന ആശുപത്രി ശൃംഖലയിലാണ് 2 മാസത്തെ ആദ്യ ഇന്റേൺഷിപ് ലഭിച്ചത്.  ലിങ്ക്ഡ്ഇൻ, ഗ്ലാസ്ഡോർ, ഇൻഡീഡ് തുടങ്ങിയ വെബ്സൈറ്റുകളും പരിചയക്കാരുടെ റഫറൽ ലെറ്ററുകളും ഇന്റേൺഷിപ് നേടാൻ ഗുണം ചെയ്യും.

 

ഹാർവഡിലെ കോഴ്സ് അവസാനിക്കുന്ന ഘട്ടത്തിലാണ് മൈക്രോസോഫ്റ്റിൽ  ഡേറ്റ സയന്റിസ്റ്റ് തസ്തികയിൽ അപേക്ഷിച്ചത്. ഈ ജോലിക്കായി 6 അഭിമുഖങ്ങളിൽ പങ്കെടുത്തു.ഫോണിൽ മറ്റൊരു അഭിമുഖവും. തുടർന്ന് നിയമന ഉത്തരവ് ലഭിച്ചു.

English Summary: Success Story of Abhijith Ashok

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com