ADVERTISEMENT

ടെസ്‌ല– ആധുനിക വ്യാവസായിക ഭൂപടത്തിൽ അധികം പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത കമ്പനി, ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ വാഹനസംരംഭം, ബഹിരാകാശം വരെയെത്തിയ റോഡ്സ്റ്റർ കാറുകളുടെ മാതൃസ്ഥാപനം, ലോകത്ത് ഇന്നു നടക്കുന്ന ഇലക്ട്രിക് വാഹന വിപ്ലവത്തിന്റെ മുന്നണിപ്പോരാളിയായി നിലകൊള്ളുന്ന സ്ഥാപനം.

ലോകമെമ്പാടുമുള്ള എൻജിനീയർമാരുടെ സ്വപ്ന കമ്പനിയായ ടെസ്‌ലയിൽ ജോലി കരസ്ഥമാക്കിയിരിക്കുകയാണ് കോഴിക്കോട് വടകര സ്വദേശിയായ നികിത മല്യ. കൊച്ചി തൃക്കാക്കര മോഡൽ എൻജിനീയറിങ് കോളജ് മുൻവിദ്യാർഥിയായ നികിത ഐഐടി ടാഗുകളുടെയൊന്നും അകമ്പടിയില്ലാതെയാണ് ഈ നേട്ടം സാധ്യമാക്കിയതെന്നത് കൂടുതൽ ശ്രദ്ധേയമായ കാര്യം. നികിതയുടെ ആദ്യ ജോലിയാണ് ടെസ്‌ലയിലേതെന്നത് മറ്റൊരു സവിശേഷത.

വടകര പത്മശ്രീയിൽ ഡോക്ടർ ദമ്പതിമാരായ സുബ്രഹ്മണ്യ മല്യയുടെയും ലതാ സുബ്രമണ്യയുടെയും മകളായ നികിത പത്താംക്ലാസ് വരെ വടകര റാണി പബ്ലിക് സ്കൂളിലും തുടർന്ന് ഹയർസെക്കൻഡറി തലത്തിൽ തൃശൂർ നിർമല മാതാ സെൻട്രൽ സ്കൂളിലുമാണ് പഠിച്ചത്. തുടർന്നാണ് മോഡൽ എൻജിനീയറിങ് കോളജിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് പഠനത്തിനായി നികിത ചേർന്നത്.2019ൽ ബിരുദം പൂർത്തീകരിച്ചു.എന്നാൽ അതിനും ഒരു വർഷം മുൻപ് തന്നെ സാങ്കേതിക മേഖലയിൽ തന്റേതായ അടയാളം നികിത നൽകിയിരുന്നു.

2018ൽ യുഎസിലെ ടെക്സസിൽ നടന്ന ‌ഗ്രേസ് ഹോപ്പർ കോൺഫറൻസിൽ പങ്കെടുത്തതാണ് നികിതയുടെ കരിയറിൽ വഴിത്തിരിവായത്. ഇന്ത്യയിൽ നിന്ന് ഈ കോൺഫറൻസിലേക്കു തിരഞ്ഞെടുക്കപ്പെട്ട 3 വിദ്യാർഥികളിൽ ഒരാൾ നികിതയായിരുന്നു. സാങ്കേതിക രംഗത്തെ വനിതകൾക്കായുള്ള ലോകത്തെ ഏറ്റവും വലിയ കോൺഫറൻസാണ് ഗ്രേസ് ഹോപ്പർ. ഇതിന്റെ ഭാഗമായി സ്കോളർഷിപ്പും ലഭിച്ചു. എല്ലാ വർഷവും 800 ൽ അധികം വിദ്യാർഥിനികൾക്ക് സാങ്കേതികമേഖലയിൽ മികച്ച കരിയർ പടുത്തുയർത്താനായി ഈ സ്കോളർഷിപ്പുകൾ നൽകാറുണ്ട്.വീട്ടിൽ നിന്നു യുഎസിലെ യൂണിവേഴ്സിറ്റിയിലേക്കുള്ള യാത്രാച്ചെലവു മുതൽ മറ്റനേകം ചെലവുകളും സ്റ്റൈപ്പൻഡും സ്കോളർഷിപ്പിന്റെ ഭാഗമായുണ്ട്.

nikitha

ഈ കോൺഫറൻസ് വലിയ എക്സ്പോഷറാണു നികിതയ്ക്കു നൽകിയത്. ട്വിറ്റർ സിഇഒ ജാക്ക് ഡോർസി, ഫേസ്ബുക് സ്ഥാപകൻ മാർക് സൂക്കർബർഗിന്റെ ഭാര്യ പ്രിസില ചാൻ എന്നിവരെ അടുത്തു കണ്ട് പരിചയപ്പെടാനും സാധിച്ചു. 

കേരളത്തിൽ നിന്ന് ഈ സ്കോളർഷിപ് നേടിയ ആദ്യ വിദ്യാർഥിനിയാണ് നികിത. ഇതിൽ പങ്കെടുക്കാനുള്ള അപേക്ഷ വളരെ ലളിതമാണെന്ന് നികിത പറയുന്നു. ഒരു റെസ്യൂമെ സഹിതം അപേക്ഷ നൽകുകയെന്നതാണ് ആദ്യ പടി. ഇതിൽ നിങ്ങൾ ചെയ്തിട്ടുള്ള പ്രോജക്ടുകളെക്കുറിച്ചും എന്തിനായാണ് കോൺഫറൻസിൽ പങ്കെടുക്കുന്നതെന്നും വിവരിക്കണം. ഇതിനൊപ്പം ഒരു റെക്കമെൻഡേഷൻ ലെറ്ററും നൽകണം.

പ്രോഡക്ട് മാനേജ്മെന്റ് എന്ന മേഖലയെപ്പറ്റി നികിത കൂടുതൽ മനസ്സിലാക്കിയത് ഈ കോൺഫറൻസിൽ നിന്നാണ്. ബിസിനസ്, ടെക്നോളജി, ഡിസൈൻ എന്നീ മേഖലകൾ സമന്വയിക്കുന്ന ഇടമാണ് പ്രോഡക്ട് മാനേജ്മെന്റ്. ആ കോൺഫറൻസിനു ശേഷം ഇതിൽ തന്നെ ഉപരിപഠനം ആകാമെന്നും അതു യുഎസിൽ തന്നെ വേണമെന്നും നികിത തീരുമാനിക്കുകയായിരുന്നു.ഇതിനിടെ ഹാർവഡ് സർവകലാശാലയുടെ കോൺഫറൻസിലും പങ്കെടുത്തു. ഹാർവഡ് പ്രോജക്ട് ഫോർ ഏഷ്യൻ ആൻഡ് ഇന്റർനാഷനൽ റിലേഷൻസ് എന്നായിരുന്നു ഇതിന്റെ പേര്.

അമേരിക്കയിലെ മുൻനിര സർവകലാശാലകളുടെ കൂട്ടായ്മയായ 'ഐവി ലീഗിലെ' കൊളംബിയ സർവ്വകലാശാലയുടെ എൻജിനീയറിങ് സ്കൂൾ, കൊളംബിയ ബിസിനസ് സ്കൂൾ എന്നിവിടങ്ങളിലായാണ് നികിത മാസ്റ്റേഴ്സ് പഠനം പൂർത്തീകരിച്ചത്.

പഠനത്തിന്റെ ഭാഗമായുള്ള ഇന്റേൺഷിപ് കണ്ടെത്താനായി നികിത ഒരുപാട് ബുദ്ധിമുട്ടി. കോവിഡ് ഇതിനിടെ പിടിമുറുക്കിയതാണ് കാരണമായത്. ഗൂഗിൾ ഉൾപ്പെടെ 150 ൽ ഏറെ സ്ഥാപനങ്ങളിലേക്ക് ഇന്റേൺഷിപ്പിനായി അപേക്ഷകൾ അയച്ചു. ഗൂഗിളിൽ ഇന്റർവ്യൂ ഘട്ടം വരെയെത്തിയെങ്കിലും ഇന്റർവ്യൂ വിജയിച്ചില്ല. വിധിച്ചത് തേടിവരുമെന്നാണല്ലോ, ഒടുവിൽ ടെസ്‌ല വിളി കേട്ടു. അവിടെ നികിതയ്ക്ക് ഇന്റേൺഷിപ്പിന് അവസരമൊരുങ്ങി. ഏഴുമാസത്തെ ഇന്റേൺഷിപ്പിനും മാസ്റ്റേഴ്സ് പൂർത്തീകരണത്തിനും ശേഷം ടെസ്‌ലയിൽ തന്നെ തന്റെ ഫുൾടൈം കരിയർ തുടങ്ങാനും അവസരമായി. ഭാവിയെപ്പറ്റി അത്രയൊന്നും പ്ലാൻ ചെയ്യാത്ത നികിതയ്ക്ക് പക്ഷേ ഒരു സംരംഭകയായി മാറണമെന്ന ആഗ്രഹം മനസ്സിലുണ്ട്.

English Summary: Success Story Of Nikitha Malya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com