സർക്കാർ സ്കൂളിൽ പഠിച്ചവർക്കു വിദേശപഠനം താങ്ങുമോ? വിനീതയാണ് ഉത്തരം !

career-guru-vineetha-thirumurhty
SHARE

വിദേശപഠനം സാധാരണക്കാർക്കു താങ്ങുമോ ? നാട്ടിൻപുറത്തെ സർക്കാർ സ്കൂളുകളിലും കോളജുകളിലും മാത്രം പഠിക്കുന്നവർ വിദേശത്ത് ഉപരിപഠനം ആഗ്രഹിച്ചിട്ടു കാര്യമുണ്ടോ ? ഇത്തരം മുൻവിധികൾക്കുള്ള ഉത്തരമാണ് തൃശൂർ തിരുവില്വാമല കുത്താമ്പുള്ളി സ്വദേശി വിനീത തിരുമൂർത്തിയുടെ അക്കാദമിക യാത്ര. തൃശൂരിലെയും പാലക്കാട്ടെയും പൊതുവിദ്യാലയങ്ങളിൽ മാത്രം പഠിച്ച വിനീത രണ്ടു വർഷം മുൻപാണ് ഇറ്റലിയിലെ പവിയ സർവകലാശാലയിൽ എംഎസ്‌സി പ്രോഗ്രാമിനു ചേർന്നത്. യൂറോപ്യൻ യൂണിയന്റെ പ്രശസ്തമായ ഇറാസ്മസ് പ്ലസ് സ്കോളർഷിപ് ലഭിച്ചതോടെ ഇനി പഠനം ജർമനിയിലെ ഹെയ്ഡൽബർഗ് സർവകലാശാലയിൽ.

നെയ്ത്തുഗ്രാമമെന്ന നിലയിൽ പ്രശസ്തമാണ് വിനീതയുടെ നാടായ കുത്താമ്പുള്ളി. അമ്മ ജ്യോതി നെയ്ത്തുതൊഴിലാളി. അച്ഛൻ തിരുമൂർത്തി നെയ്ത്തുതൊഴിൽ വിട്ട് ഇപ്പോൾ പട്ടാമ്പിയിൽ ഒരു ഹോട്ടലിൽ സുരക്ഷാ ജീവനക്കാരൻ. കുത്താമ്പുള്ളി ഗവ. യുപി സ്കൂൾ, മായന്നൂർ സെന്റ് തോമസ് എച്ച്എസ്എസ്, പഴയന്നൂർ ഗവ. എച്ച്എസ്എസ് എന്നിവിടങ്ങളിലായിരുന്നു സ്കൂൾകാലം. പാലക്കാട് കൊഴിഞ്ഞാമ്പാറ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽനിന്നു മൈക്രോ ബയോളജിയിൽ ബിഎസ്‌സിയും എംഎസ്‌സിയും പൂർത്തിയാക്കി. തുടർന്നുള്ള ‘പഠനയാത്ര’യെപ്പറ്റി വിനീത പറയുന്നു.

പിഎച്ച്ഡി മോഹിച്ചു; എംഎസിനു ചേർന്നു

വിദേശത്തു പിഎച്ച്ഡി പഠനം വലിയ ആഗ്രഹമായിരുന്നു. താരതമ്യേന കുറഞ്ഞ പഠനച്ചെലവും ജീവിതച്ചെലവും സ്കോളർഷിപ് സാധ്യതകളും പവിയ യൂണിവേഴ്സിറ്റി എന്ന ഓപ്ഷനിലെത്തിച്ചു. പിഎച്ച്ഡി പഠന താൽപര്യം അറിയിച്ച് സർവകലാശാലാ അധികൃതർക്ക് ഇമെയിൽ അയച്ചു. എന്നാൽ പിജിക്കു വേണ്ടത്ര ഗവേഷണ പരിചയം ഇല്ലാത്തതിനാ‍ൽ പ്രവേശനം ലഭിച്ചില്ല. അങ്ങനെ, പകരം അവിടെത്തന്നെ മോളിക്യുലർ ബയോളജി ആൻഡ് ജനറ്റിക്സിൽ എംഎസിനു ചേർന്നു. അക്കാദമിക് മികവിനൊപ്പം ഇന്റർവ്യൂവിലെ മികവും പരിഗണിക്കപ്പെട്ടു.

സർവകലാശാലയിലെത്തിയ ശേഷം ഇറ്റലി സർക്കാരിന്റെ സ്കോളർഷിപ്പും ലഭിച്ചതോടെ ട്യഷൻ ഫീസ് പൂർണമായി ഇല്ലാതായി. പ്രതിവർഷം 4500 യൂറോ (4 ലക്ഷത്തോളം രൂപ) സ്റ്റൈപ്പൻഡുമുണ്ട്. ഓരോ സെമസ്റ്ററിലെയും പഠനമികവ്, സാമൂഹിക– സാമ്പത്തിക പശ്ചാത്തലം തുടങ്ങിയവ പരിഗണിച്ചാണ് ഇതു ലഭിക്കുന്നത്.

ഇറാസ്മസ് പ്ലസ് യാത്ര

യൂറോപ്പിലെ വിവിധ സർവകലാശാലകൾ തമ്മിലുള്ള സ്റ്റുഡന്റ്സ് എക്സ്ചേഞ്ച് പ്രോഗ്രാമുകളിൽ ശ്രദ്ധേയമാണ് ഇറാസ്മസ് പ്ലസ്. പിജി പ്രോഗ്രാമിന്റെ ഒരു സെമസ്റ്റർ മറ്റൊരു രാജ്യത്തെ സർവകലാശാലയിൽ പഠിക്കാം. തൊഴിൽ– ഗവേഷണ– അക്കാദമിക രംഗത്തെ മികവു കൂട്ടുകയാണു ലക്ഷ്യം.

എല്ലാവർഷവും അപേക്ഷിക്കാം. വിനീത രണ്ടാം സെമസ്റ്ററിലാണ് അപേക്ഷിച്ചത്. അക്കാദമിക മികവ്, ഗവേഷണ പ്രവർത്തനങ്ങൾ, ഭാഷാശേഷി തുടങ്ങിയവ പരിഗണിച്ചാണു തിരഞ്ഞെടുപ്പ്. ഇന്റർവ്യൂ ഉണ്ട്. ശാസ്ത്ര വിഷയങ്ങളിൽ ലാബുമായി ബന്ധപ്പെട്ട പ്രത്യേക ഇന്റർവ്യൂവും നേരിടണം.

തിരഞ്ഞെടുക്കപ്പെട്ടതോടെ വിനീതയ്ക്ക് അവസാന സെമസ്റ്റർ ഹെയ്ഡൽബർഗ് സർവകലാശാലയിൽ പഠിക്കാം. പവിയ ലോകറാങ്കിൽ 600നു മുകളിലാണെങ്കിൽ ഹെയ്ഡൽബർഗ് 64–ാം സ്ഥാനത്താണ്. പ്രോഗ്രാം പൂർത്തിയാക്കുമ്പോൾ രണ്ടു സർവകലാശാലകളുടെയും അംഗീകാരം ലഭിക്കും. മാസം 600 യൂറോ ( ഏകദേശം 54,000 രൂപ) ലഭിക്കുമെന്ന മെച്ചവുമുണ്ട്. രാജ്യത്തിനനുസരിച്ചു തുകയിൽ വ്യത്യാസം വരാം. ഇനി ജനറ്റിക്സിൽ യൂറോപ്പിൽ തന്നെ പിഎച്ച്ഡിയാണു ലക്ഷ്യം.

എവിടെ, എങ്ങനെയൊക്കെ പഠിക്കാമെന്നു ധാരണയുണ്ടായിരുന്നില്ല. സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പലരോടും ചോദിച്ചറി‍ഞ്ഞു. അധ്യാപകരും സഹായിച്ചു. വിവിധ സർവകലാശാലകളിലേക്ക് മെയിൽ അയച്ച് അവിടങ്ങളിലെ അക്കാദമിക് കോഓർഡിനേറ്റർമാരുമായി ആശയവിനിമയം നടത്തി. മിക്ക വിദേശ സർവകലാശാലകളുടെയും വെബ്സൈറ്റിൽ നിന്നുതന്നെ പ്രവേശന രീതികൾ അറിയാം. ഇതു മനസ്സിലാക്കി തയാറെടുത്തു. കോളജിൽ പഠിക്കുമ്പോൾ ഇംഗ്ലിഷ് ശേഷി വർധിപ്പിക്കാൻ ബോധപൂർവം ശ്രമിച്ചിരുന്നു. 

 വിനീത തിരുമൂർത്തി


English Summary: Success Stoy Of Vineetha Thirumurthy

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA