ADVERTISEMENT

ഇടുക്കി ഹൈറേഞ്ചിലെ ഒരു ലയത്തിൽ ജീവിതം ആരംഭിച്ചു സിവിൽ സർവീസ് എത്തിപ്പിടിച്ച അർജുൻ പാണ്ഡ്യൻ ജില്ലാ വികസന കമ്മീഷണറായി ഇടുക്കിയിൽ തിരികെയെത്തുന്നു. മാനന്തവാടി സബ് കലക്ടർ ആയിരിക്കെയാണ് സ്വന്തം ജില്ലയിൽ തന്നെ വികസന കമ്മീഷണറായി ചുമതലയേറ്റെടുക്കാനുള്ള അവസരം അർജുൻ പാണ്ഡ്യനു ലഭിക്കുന്നത്.

 

തേയിലത്തോട്ടങ്ങൾ അതിരിട്ട കാവക്കുളത്തെ വീട്ടിൽനിന്ന് 10 കിലോമീറ്റർ അകലെ പീരുമേട്ടിലെ സ്കൂളിൽ എത്തിയായിരുന്നു അർജുന്റെ പ്രാഥമിക വിദ്യാഭ്യാസം. ''നമ്മുടെ സാഹചര്യങ്ങൾക്ക് അനുസരിച്ചുള്ള സ്വപ്നങ്ങളേ കുട്ടിക്കാലത്തൊക്കെ കാണൂ. പക്ഷേ, കുറച്ചുകൂടി മുതിരുമ്പോൾ മനസ്സിലാകും, നമുക്ക് ഇനിയും ഉയരങ്ങളിൽ എത്താനുണ്ടെന്ന്. ആ നിമിഷത്തിൽ ഉചിതമായ തീരുമാനമെടുക്കുകയെന്നതാണു പ്രധാനം’’- അർജുൻ പറയുന്നു.

 

തേയിലച്ചാക്ക് ചുമന്ന ബാല്യം

നിശ്ചയദാർഢ്യമുണ്ടെങ്കിൽ സിവിൽ സർവീസ് സ്വപ്നം സാക്ഷാത്ക്കരിക്കാൻ സാമ്പത്തിക പരാധീനതകൾ തടസ്സമാകില്ലെന്നു തെളിയിക്കുകയാണ് അർജുന്റെ ജീവിതം. ഏലം കർഷകൻ സി.പാണ്ഡ്യന്റെയും അങ്കണവാടി അധ്യാപിക ഉഷയുടെയും മകനാണ്. നൂറ്റാണ്ടുകൾക്കു മുൻപ് തമിഴ്നാട്ടിലെ തിരുനെൽവേലിയിൽനിന്നു തോട്ടം ജോലികൾക്കായി ഹൈറേഞ്ചിലേക്കു കുടിയേറിയവരാണ് പൂർവികർ. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയ അർജുൻ കുട്ടികൾക്ക് ട്യൂഷൻ എടുത്തു പണം കണ്ടെത്തി. അവധിദിവസങ്ങളിൽ തേയിലച്ചാക്ക് ചുമന്നു. തിരുവനന്തപുരം കിളിമാനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു പഠനത്തിനു ശേഷം കൊല്ലം ടികെഎം എൻജിനീയറിങ് കോളജിൽ ബിടെക് പൂർത്തിയാക്കി. മിക്ക സഹപാഠികളും എംടെക്കിനു ചേർന്നപ്പോൾ അർജുന് ആവശ്യം പെട്ടെന്നൊരു ജോലിയായിരുന്നു. വീട്ടുകാരെ സഹായിക്കണം. സാമ്പത്തികമായി കരകയറ്റണം.

 

നിർണായകം, ആ തീരുമാനം

ടിസിഎസിൽ ജോലി കിട്ടിയെങ്കിലും വല്ലാത്തൊരു അസംതൃപ്തി എപ്പോഴുമുണ്ടായിരുന്നുവെന്ന് അർജുൻ പറയുന്നു. പാവപ്പെട്ടവർക്കു വേണ്ടി നേരിട്ട് എന്തെങ്കിലും ചെയ്യാനാകുന്ന കരിയർ തിരഞ്ഞെടുക്കാമായിരുന്നു എന്ന തോന്നൽ. അങ്ങനെ ജോലി തുടരുന്നതിനിടെയാണ് സിവിൽ സർവീസ് ഒരു ആഗ്രഹമായി മുളപൊട്ടുന്നത്. വളരെ ആലോചിച്ചെടുക്കേണ്ട തീരുമാനമാണ്. ജോലി രാജിവച്ചു പരിശീലനത്തിനു പോകാനുള്ള ധൈര്യമില്ല. ആദ്യത്തെ 3 മാസം അവധിയെടുത്തായിരുന്നു തിരുവനന്തപുരത്തെ പഠനം. കഠിനാധ്വാനം തുടരവേ, ജോലി ഉപേക്ഷിച്ചാലും വിജയം കൈവരുമെന്ന ആത്മവിശ്വാസമുണ്ടായി. എത്ര കഷ്ടപ്പെട്ടാലും മകന് ഇഷ്ടമുള്ളത്രയും പഠിക്കാൻ മാതാപിതാക്കൾ പിന്തുണ നൽകി. ആ പിൻബലമാണ് ജോലി ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചതെന്ന് സബ് കലക്ടർ പറയുന്നു.

 

2014ൽ ടിസിഎസിൽനിന്നു രാജിവച്ചു മുഴുവൻ സമയവും പരിശീലനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 2016ൽ ഐഎഎസ് നേടി. 2019ൽ ഒറ്റപ്പാലം സബ് കലക്ടർ ആയി ചുമതലയേറ്റു. പാലക്കാട് മെഡിക്കൽ കോളജിന്റെ സ്പെഷൽ ഓഫിസർ പദവിയും ഉണ്ടായിരുന്നു. വികസന പ്രശ്നങ്ങളിൽ ജനങ്ങൾക്കൊപ്പം അവരെ വിശ്വാസത്തിലെടുത്തു പ്രവർത്തിക്കാനാണ് ഇഷ്ടം- അർജുൻ പാണ്ഡ്യൻ പറയുന്നു. മലയാറ്റൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. പി.ആർ.അനുവാണു ഭാര്യ.

English Summary: Success Story Of Arjun Pandian

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com