ADVERTISEMENT

ആഗോളതാപനം മൂലം ഇന്ത്യൻ മഹാസമുദ്രത്തിൽ ചുഴലിക്കാറ്റുകളുടെ തീവ്രത, കഴിഞ്ഞ 4 ദശാബ്ദങ്ങളിൽ വർധിക്കുന്നതായുള്ള ശ്രദ്ധേയമായ പഠനവുമായി മലയാളി ഗവേഷകർ. ശാസ്ത്ര സാങ്കേതിക മേഖലയിലെ ഉന്നത സ്ഥാപനമായ ഐഐടി ഖരഗ്പുരിൽ ഓഷ്യൻ എൻജിനീയറിങ് ആൻഡ് നേവൽ ആർക്കിടെക്ചർ വിഭാഗത്തിൽ പിഎച്ച്ഡി ഗവേഷണം ചെയ്യുന്ന കോലഞ്ചേരി സ്വദേശി ജിയ ആൽബർട്ട്, പെരുമ്പാവൂർ സ്വദേശി ആതിര കൃഷ്ണൻ, ഇവരുടെ ഗൈഡും പ്രഫസറുമായ തിരുവനന്തപുരം സ്വദേശി ഡോ.പ്രസാദ് കുമാർ ഭാസ്കരൻ എന്നിവരാണു വിവിധ നിരീക്ഷണങ്ങളിലൂടെ പഠനം പൂർത്തിയാക്കിയത്. ഇവരുടെ ഗവേഷണങ്ങൾ ക്ലൈമറ്റ് ഡൈനമിക്സ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു. വിഐടി സർവകലാശാലയുടെ കെ.എസ്.സിങ് സെന്റർ ഫോർ ഡിസാസ്റ്റർ മിറ്റിഗേഷൻ ആൻഡ് മാനേജ്മെന്റിന്റെ സഹകരണത്തിലായിരുന്നു ഗവേഷണം. ഡിഎസ്ടിയുടെ കാലാവസ്ഥാ വ്യതിയാന പദ്ധതിയുടെ പിന്തുണയും ഇവർക്കുണ്ടായിരുന്നു. പഠനം ദേശീയതലത്തിൽ ശ്രദ്ധ ആകർഷിക്കുകയും കേന്ദ്ര ശാസ്ത്ര സാങ്കേതികമന്ത്രാലയം ഇതെക്കുറിച്ച് വാർത്താക്കുറിപ്പ് പുറത്തിറക്കുകയും ചെയ്തു.

 

1979 മുതൽ 2020 വരെയുള്ള ചുഴലിക്കാറ്റുകളാണ് ഗവേഷക സംഘം  പഠനവിധേയമാക്കിയത്. ആഗോളതാപനം മൂലം സമുദ്ര താപനിലയിലുണ്ടാകുന്ന വ്യത്യാസം, അന്തരീക്ഷ ഈർപ്പത്തിന്റെ അളവ്, കാറ്റിന്റെ ശക്തി തുടങ്ങിയവയാണ്  ചുഴലിക്കാറ്റുകളെ അതിതീവ്രമാക്കുന്ന ഘടകങ്ങളെന്നാണു ഗവേഷകർ പറയുന്നത്.കഴിഞ്ഞ 40 വർഷത്തിനിടെ അന്തരീക്ഷ ഈർപ്പത്തിന്റെ അളവ് 1.93 മടങ്ങായി.വടക്കേയിന്ത്യയിൽ വലിയ ശക്തിയിലുള്ള ചുഴലിക്കാറ്റുകളുടെ എണ്ണവും ഇക്കാലയളവിൽ വർധിച്ചു.പസിഫിക്കിലെ ലാ നിന എന്ന പ്രതിഭാസവുമായും ഇവയ്ക്ക് ബന്ധമുണ്ടെന്നാണു പഠനത്തിൽ തെളിഞ്ഞത്. 2000 മുതൽ 2020 വരെയുള്ള കാലയളവിൽ ലാ നിന പ്രതിഭാസം ഉണ്ടായിരുന്ന വർഷങ്ങളിൽ ചുഴലിക്കാറ്റുകളുടെ തോത് വളരെ കൂടുതലായിരുന്നു. എന്നാൽ, മറ്റൊരു പ്രതിഭാസമായ എൽ നിനോ നടമാടിയ വർഷങ്ങളിൽ ചുഴലിക്കാറ്റുകൾ പൊതുവെ ലാ നിനയെ അപേക്ഷിച്ച് കുറവായിരുന്നു.

 

ഈ പഠനത്തിൽ നിന്നുള്ള ഫലങ്ങൾ ഉത്തരേന്ത്യൻ മേഖലയിലെ ചുഴലിക്കാറ്റുകളെ പഠിക്കാനും ചെറുക്കാനുമുള്ള പുതിയ പദ്ധതികൾക്കു തുടക്കമിടുമെന്നാണു കരുതപ്പെടുന്നത്. വടക്കൻ ഇന്ത്യൻ മഹാസമുദ്രമേഖലയിൽ അതിശക്തമായ ചുഴലിക്കാറ്റുകൾ ഇടയ്ക്കിടെ സംഭവിക്കുന്നതു മൂലമുള്ള പ്രശ്നങ്ങൾ അടുത്തകാലത്തായി ബംഗാൾ ഉൾക്കടലിനെ അപേക്ഷിച്ച് രൂക്ഷമാണ്. അറബിക്കടലിൽ ആകെ, മൊത്തം ചുഴലിക്കാറ്റുകളുടെ എണ്ണം 52 ശതമാനം വർധിച്ചിട്ടുണ്ടെന്ന് നേരത്തെ മറ്റൊരു ഗവേഷക സംഘം നടത്തിയ പഠനത്തിൽ തെളിഞ്ഞിരുന്നു.

 

എറണാകുളം കോലഞ്ചേരി വേളിക്കകത്ത്, റിട്ടയേർഡ് ബിഎസ്എൻഎൽ ജീവനക്കാരൻ ആൽബർട്ടിന്റെയും ജെസിയുടെയും മകളാണു ജിയ ആൽബർട്. മൂവാറ്റുപുഴ വിശ്വജ്യോതി കോളജിൽ നിന്നു സിവിൽ എൻജിനീയറിങ്ങിൽ ബിടെക് നേടിയശേഷം കുസാറ്റിലെ മാസ്റ്റേഴ്സ് പഠനത്തോടെയാണ് പരിസ്ഥിതിയുമായി ബന്ധപ്പെട്ട സിവിൽ എൻജിനീയറിങ് മേഖലയിലേക്കു തിരിഞ്ഞത്.കുസാറ്റിലെ സ്കൂൾ ഓഫ് മറൈൻ സയൻസസിൽ ഓഷ്യൻ ടെക്നോളജിയിലായിരുന്നു ജിയയുടെ എംടെക്. ഇതിന്റെ ഭാഗമായി പ്രോജക്ട് ചെയ്യാൻ  ബോംബെ ഐഐടിയിൽ അവസരം ലഭിച്ചതും ഗവേഷണ താത്പര്യം വളർത്താൻ സഹായിച്ചെന്ന് ജിയ പറയുന്നു. നിലവിൽ അഞ്ച് ഗവേഷണ പ്രബന്ധങ്ങൾ ശാസ്ത്രജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാനഡയിലുള്ള അജയ് ആൽബർട്ടാണു ജിയയുടെ സഹോദരൻ.

കുസാറ്റിൽ ജിയ ആൽബർട്ടിന്റെ സഹപാഠിയായിരുന്നു ആതിര. പെരുമ്പാവൂർ അമ്പാട് കൃഷ്ണൻകുട്ടിയുടെയും അനിതയുടെയും മകളായ ആതിര ചെന്നൈ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നാണ് എംടെക്കിന്റെ ഭാഗമായ പ്രോജക്ട് ചെയ്തത്.യദു കൃഷ്ണനാണു സഹോദരൻ.

 

മാസ്റ്റേഴ്സിനു ശേഷം ഖരഗ്പുർ ഐഐടിയിൽ ഇരുവരും പിഎച്ച്ഡിക്കു ചേരുകയായിരുന്നു. ജിയ ചുഴലിക്കാറ്റുകളിലും ആതിര തിരകളിലുമാണു ഗവേഷണമേഖല കണ്ടെത്തിയത്. ഈ പ്രോജക്ടിൽ ഇരുവരും സഹകരിക്കുകയായിരുന്നു. ഗവേഷണത്തിനു ശേഷം പോസ്റ്റ്ഡോക്ടറൽ പഠനമോ അല്ലെങ്കിൽ സയന്റിസ്റ്റ് തസ്തികയോ ആണ് ഇവരുടെ ലക്ഷ്യം. കോവിഡ് മൂലം പോസ്റ്റ് ഡോക്ടറൽ പഠനത്തിനുള്ള അവസരങ്ങൾ കുറഞ്ഞു വരികയാണെന്നും ഇവർ പറയുന്നു.

 

ചുഴലിക്കാറ്റുകളുടെ കാര്യത്തിൽ കേരളം കുറെക്കൂടി ജാഗ്രത പുലർത്തണമെന്നാണു ജിയയുടെ അഭിപ്രായം. ഓഖി ഇവിടെ നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു. കാലാവസ്ഥാ മേഖല മാറുകയാണ്. ചുഴലിക്കാറ്റുകൾ വരില്ലെന്ന പ്രതീക്ഷയിൽ ഇരിക്കുന്നതു നന്നല്ല. നിരന്തരം ചുഴലിക്കാറ്റുകളുണ്ടാകുന്ന ഒഡീഷ പോലുള്ള സംസ്ഥാനങ്ങളിൽ ആളുകളെ വലിയതോതിൽ സുരക്ഷിതമായി മാറ്റാനും പാർപ്പിക്കാനുമൊക്കെ കുറ്റമറ്റ സംവിധാനങ്ങളുണ്ട്. കേരളവും ഇത്തരം കാര്യത്തിൽ ശ്രദ്ധ പതിപ്പിക്കണമെന്നു ജിഷ പറയുന്നു.

English Summary: Success Story Of Jiya Albert And Athira Krishnan- PhD Students Of Dept of Ocean Engg & Naval Architecture, IIT Kharagpur 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com