ഏലത്തോട്ടത്തിലെ കൂലിപ്പണിയിൽനിന്നു അധ്യാപികയിലേക്ക്; അറിയാം സെൽവമാരിയുടെ കഠിനാധ്വാന വഴികൾ

HIGHLIGHTS
  • സിവിൽ സർവീസ് എന്ന പുതിയ ഉയരത്തിലേക്കുള്ള തയാറെടുപ്പു തുടരുകയാണ്
സെൽവമാരി ഏലത്തോട്ടത്തിൽ
സെൽവമാരി ഏലത്തോട്ടത്തിൽ
SHARE

സെൽവമാരിക്ക് പ്രതിസന്ധികൾ ഓരോന്നും വിജയത്തിന്റെ ചവിട്ടുപടികളായിരുന്നു. കേരളത്തിന്റെ അതിർത്തിഗ്രാമമായ കുമളി ചോറ്റുപാറയിലെ  തമിഴ് മാത്രം സംസാരിക്കാൻ അറിയുന്ന തോട്ടം തൊഴിലാളി പെൺകുട്ടി പിഎച്ച്ഡി പഠനംവരെ എത്തിയതും ഹൈസ്കൂൾ ടീച്ചറുടെ ജോലി നേടിയതും സ്വന്തം വിധിയോടു പടവെട്ടിയാണ്. 

പിഎസ്‌സി വഴി ജോലിയെന്ന ലക്ഷക്കണക്കിന് ഉദ്യോഗാർഥികളുടെ സ്വപ്നം സെൽവമാരി സഫലമാക്കിയതിലേക്കുള്ള വഴി കഠിനപാതകളിലൂടെയായിരുന്നു. പക്ഷേ, ആത്മാഭിമാനമുയർത്തുന്ന ഈ നേട്ടത്തിലും സെൽവമാരി വിശ്രമിക്കുകയല്ല. സിവിൽ സർവീസ് എന്ന പുതിയ ഉയരത്തിലേക്കുള്ള തയാറെടുപ്പു തുടരുകയാണ്. എട്ടാം ക്ലാസിൽ പഠനം നിർത്താൻ വീട്ടുകാർ പറഞ്ഞയാളാണ് ഈ ഉന്നതസ്വപ്നങ്ങളിലേക്കു നടന്നുകയറിയതെന്നത് അവിശ്വസനീയം! 

കുമളിയിലെ എംജി യൂണിവേഴ്സിറ്റി സെന്ററിൽനിന്നു ബിഎഡും തൈക്കാട് ഗവ. കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽനിന്ന് എംഎഡും നേടി. തൈക്കാട് ഡിപ്പാർട്മെന്റ് ഓഫ് എജ്യുക്കേഷനിൽനിന്ന് ഒന്നാം റാങ്കോടെ എംഫിൽ. ഇപ്പോൾ തൈക്കാട് ഡിപ്പാർട്മെന്റ് ഓഫ് എജ്യുക്കേഷനിൽ പിഎച്ച്ഡി പഠനം തുടരുകയാണു സെൽവമാരി..പ്രതിസന്ധികൾക്കു മുന്നിൽ തോറ്റു കൊടുക്കാൻ മനസ്സില്ലാത്ത സെൽവമാരിയുടെ കഠിനാധ്വാനത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വരെ അഭിനന്ദിച്ചു. സ്വന്തം ജീവിതവഴി സെൽവമാരിതന്നെ ‘തൊഴിൽ വീഥി’യോടു വിവരിക്കുന്നു: 

ഏലത്തോട്ടത്തിലെ എംഫിൽകാരി! 

ഒറ്റമുറി വീട്ടിലാണു അമ്മയും ഞാനും രണ്ട് അനിയത്തിമാരും താമസിച്ചിരുന്നത്. ചെറുപ്പത്തിലേ അച്ഛൻ ഉപേക്ഷിച്ചുപോയി. ആറാം ക്ലാസ് വരെ കേരളത്തിൽ പഠിച്ചു. തുടർപഠനത്തിനു ചില ബന്ധുക്കളുടെ സഹായത്തോടെ തമിഴ്നാട്ടിലെത്തി. എട്ടാം ക്ലാസിൽ പഠനം നിർത്താമെന്ന് അമ്മയും ബന്ധുക്കളും പറഞ്ഞു. പക്ഷേ, എനിക്കു തുടർന്നു പഠിക്കാൻ കടുത്ത ആഗ്രഹമായിരുന്നു. അച്ഛൻ ഉപേക്ഷിച്ചു പോയ അമ്മയുടെ ദുരിതങ്ങൾ കണ്ടു വളർന്ന എനിക്ക് പഠിച്ച് ഒരു ജോലി വാങ്ങണമെന്നായിരുന്നു ലക്ഷ്യം. 

എട്ടാം ക്ലാസ് മുതൽ അവധിക്കു കുമളിയിലെത്തുമ്പോൾ ഏലത്തോട്ടത്തിൽ ജോലിക്കു പോയിത്തുടങ്ങി. അനിയത്തിമാരും തോട്ടത്തിലേക്കു ജോലിക്കു വരുമായിരുന്നു. എംഫിൽ ആരംഭിക്കുന്നതുവരെ തോട്ടത്തിൽ ജോലിക്കു പോയിരുന്നു. എത്ര പഠിച്ചാലെന്താ ഞങ്ങളുടെ കൂടെ കൂലിപ്പണിക്കല്ലേ വരുന്നതെന്നു കൂടെയുള്ളവർ തമാശ പറയും. കഷ്ടപ്പാട് നന്നായി അറിയുന്നതുകൊണ്ടു കിട്ടുന്നതെല്ലാം കൂട്ടിവയ്ക്കുന്നതായിരുന്നു ശീലം. അത് ഇന്നും തുടരുന്നു. കൂലിവേലയുടെ പേരിൽ ആളുകൾ കളിയാക്കൽ തുടർന്നപ്പോൾ പലപ്പോഴും ആൾക്കൂട്ടങ്ങളിൽനിന്ന് ഉൾവലിഞ്ഞു. 

സെൽവമാരി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ചപ്പോൾ

ഉറക്കമില്ലാത്ത പഠനരാത്രികൾ 

തമിഴ്നാട്ടിൽനിന്നു പ്ലസ് ടു പാസായി കുമളിയിലെത്തിയപ്പോൾ തുടർന്ന് എങ്ങനെ പഠിക്കണം എന്നതിനെക്കുറിച്ചു വലിയ അറിവുണ്ടായിരുന്നില്ല. കോളജ് അഡ്മിഷൻ നേടുന്നതിനെക്കുറിച്ചുപോലും ധാരണയുണ്ടായിരുന്നില്ല. ഒരു സുഹൃത്തിന്റെ സഹായത്തോടെ തിരുവനന്തപുരം വിമൻസ് കോളജിൽ പ്രവേശനം നേടി. ഭാഷയായിരുന്നു പ്രധാന പ്രശ്നം. മലയാളവും ഇംഗ്ലിഷും അറിയില്ലായിരുന്നു. പഠനം നിർത്തി നാട്ടിലേക്കു മടങ്ങിയാലോ എന്നുപോലും ആലോചിച്ചു. ഒരുവിധത്തിൽ ഡിഗ്രി പൂർത്തിയാക്കി. പിന്നീടു പിജിയും ബിഎഡും എംഎഡും ചെയ്തു. അപ്പോഴും ജോലി എന്ന സ്വപ്നം മനസ്സിൽ ആഴത്തിലുണ്ടായിരുന്നു. 

അങ്ങനെയാണു പിഎസ്‌സി പരീക്ഷകൾക്കു തയാറെടുക്കാൻ തുടങ്ങിയത്. ചെറുപ്പം മുതലേ ഒറ്റയ്ക്കു പഠിക്കുന്നതായിരുന്നു ശീലം. വീട്ടിലെ സാമ്പത്തിക സ്ഥിതി കോച്ചിങ്ങിനു പോകാൻ സമ്മതിച്ചിരുന്നില്ല. കൂടെ പഠിക്കുന്നവർ ഒരുപാടു സഹായിച്ചു. രാത്രി മുതൽ പുലർച്ച വരെ ഉറങ്ങാതെ പഠിക്കുകയായിരുന്നു രീതി. സബ്ജക്ടിൽ ആത്മവിശ്വാസമുള്ളതിനാൽ പൊതുവിഞ്ജാനം കൂടുതൽ ശ്രദ്ധിച്ചു പഠിച്ചു. 2017 ലാണ് ആദ്യമായി പിഎസ്‌സി എഴുതിയത്. ആദ്യ പരീക്ഷയിൽത്തന്നെ റാങ്ക് ലിസ്റ്റിൽ വരുമെന്നു കരുതിയിരുന്നേയില്ല. കഴിഞ്ഞ വർഷത്തിന്റെ അവസാനത്തിലാണു നിയമന ഉത്തരവ് ലഭിച്ചത്. കഴിഞ്ഞ മാസം സ്വന്തം നാട്ടിൽത്തന്നെ, വഞ്ചിവയൽ ഗവ. ട്രൈബൽ ഹൈസ്കൂളിൽ ജോലിയിൽ പ്രവേശിച്ചു. 

English Summary: Success Story of Selvamari

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA