കേരളത്തിൽ തമിഴത്തിയായും തോട്ടത്തിൽ പണിയെടുത്തും പഠനം; അധ്യാപികയായ സെൽവമാരിയുടെ കഥ ആരെയും അതിശയിപ്പിക്കും

HIGHLIGHTS
  • നിശ്ചദാർ‍ഢ്യം മാത്രം കൈമുതലാക്കി യാത്ര ചെയ്ത കഥ സെൽവമാരി പറയുന്നു
selva-mary
SHARE

‘നാലു പേർക്കു നിവർന്നു കിടക്കാൻ പറ്റാത്തതിനാൽ ആ ഒറ്റമുറി മൺവീടിന്റെ ചുവരിൽ ചാരിയിരായിരുന്നു അമ്മ  ഉറങ്ങിയിരുന്നത്. മരത്തിന്റെ തട്ടടിച്ച മേൽക്കൂരയിൽ നിന്നു മഴക്കാലത്ത് വെള്ളം മുറിയിലേക്കു ഇറ്റുവീണുകൊണ്ടിരിക്കും. അച്ഛൻ ഉപേക്ഷിച്ചു പോയ മൂന്നു പെൺകുട്ടികളുമായി ജീവിതം മുന്നോട്ടുകൊണ്ടുപോവുന്നതിലുള്ള ആശങ്കകളുമായി അമ്മയ്ക്കു പലപ്പോഴും ഉറക്കം കിട്ടാറില്ലായിരുന്നു’

സെൽവമാരിയുടെ വാക്കുകളിൽ സങ്കടക്കാലം സമ്മാനിച്ച ഓർമകളുടെ ഇടർച്ച

കുമളി ചോറ്റുപാറയിലെ ഏലത്തോട്ടത്തിലെ കൂലിത്തൊഴിലാളിയിൽ നിന്നു വഞ്ചിവയൽ സ്കൂളിലെ അധ്യാപിക എന്ന നേട്ടത്തിലേക്കുള്ള ദൂരം കഷ്ടപ്പാടും കഠിനാധ്വാനവും കൊണ്ടാണു സെൽവമാരി അടയാളപ്പെടുത്തുന്നത്. കേരളത്തിന്റെ അതിർത്തി ഗ്രാമത്തിൽ നിന്നു തമിഴ് മാത്രം സംസാരിക്കാനറിയുന്ന ഒരു പെൺകുട്ടിക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരങ്ങളിലേക്കാണു നിശ്ചദാർ‍ഢ്യം മാത്രം കൈമുതലാക്കി യാത്ര ചെയ്ത കഥ സെൽവമാരി പറയുന്നു. 

‘എന്റെ എട്ടാം വയസ്സിലാണ് അമ്മയെയും രണ്ട് അനിയത്തിമാരെയും ഉപേക്ഷിച്ചു അച്ഛൻ പോവുന്നത്. പ്രണയത്തിനു പിന്നാലെ വീട്ടുകാരുടെ എതിർപ്പു വകവയ്ക്കാതെ ഇറങ്ങിപ്പോയതായിരുന്നു അമ്മ സെൽവം. മൂന്നു മക്കളുമായി തിരികെയെത്തിയപ്പോൾ സ്വന്തം വീട്ടിലും വിലയില്ലാതായി. ഒടുവിൽ അമ്മ ഞങ്ങളെയും കൊണ്ട്, ഒരു ഒറ്റമുറി വീട്ടിലേക്കു മാറി. അമ്മ ഏലത്തോട്ടത്തിൽ ജോലിക്കു പോവുന്നതായിരുന്നു ഏക വരുമാനം. തമിഴ് മാത്രം അറിയാവുന്ന അമ്മയ്ക്കു വിദ്യാഭ്യാസം കുറവായിരുന്നു. പെൺകുട്ടികൾ സ്കൂളിൽ പോയില്ലെങ്കിലും പ്രശ്നമില്ലെന്ന ചുറ്റുപാടിലായിരുന്നു ജീവിതമെങ്കിലും അമ്മ ഞങ്ങളെ മൂന്നുപേരെയും സ്കൂളിലയച്ചു. ആറാം ക്ലാസ് വരെ കേരളത്തിൽ പഠിച്ചു. ഞങ്ങൾ വളരുന്നതിനനുസരിച്ചു വീട്ടിലെ സൗകര്യങ്ങളുടെ അഭാവം വലിയ പ്രശ്നമായി മാറാൻ തുടങ്ങിയിരുന്നു. 

അമ്മയ്ക്കും മുത്തശ്ശിക്കും ജോലിക്കു പോവേണ്ടതിനാൽ തമിഴ്നാട്ടിലുള്ള അമ്മയുടെ അനിയത്തിയുടെ ഭർത്താവുമായി സംസാരിച്ച് അവിടെയുള്ള സ്കൂളിൽ ഞങ്ങൾ‌ക്ക് അഡ്മിഷനും താമസവും ശരിയാക്കി. നാലുമാസം കൂടുമ്പോൾ ചെറിയൊരു ഫീസ് കൊടുക്കണം. പലരുടെയും സഹായം കൊണ്ടു തമിഴ് നാട്ടിൽ പ്ലസ് ടു വരെ പഠിച്ചു. അതിനു ശേഷം തിരിച്ചു കേരളത്തിലെത്തി. എട്ടാം ക്ലാസ് മുതൽ അവധിക്കെത്തുമ്പോൾ ഏലത്തോട്ടത്തിൽ ജോലിക്കു പോയിത്തുടങ്ങി. എട്ടാം ക്ലാസ് പഠനം തന്നെ അധികമാണെന്നായിരുന്നു അന്ന് അമ്മയുടെ പക്ഷം. അടുത്തുള്ളവരും പെണ്‍കുട്ടിയല്ലേ കൂടുതൽ പഠിപ്പിക്കേണ്ടെന്നു അമ്മയെ ഉപദേശിച്ചു. ഇതിനിടെ ഒരു സെന്റ് ഭൂമി വാങ്ങി വീടെന്ന സ്വപ്നത്തിനു കല്ലിട്ടു. വർഷങ്ങൾകൊണ്ടാണ് ആ ചെറിയ വീട് പൂർത്തിയായത്.

അനിയത്തിമാരും തോട്ടത്തിലേക്കു ജോലിക്കു വരുമായിരുന്നു. ഓരോ അവധിക്കാലത്തും തോട്ടം തൊഴിലാളി സുഹൃത്തുക്കൾ അമ്മയോടു ഞങ്ങള്‍ വന്നില്ലേയെന്നു ‍തിരക്കും. കിട്ടുന്നത് കരുതി വയ്ക്കുന്ന സ്വഭാവം അന്നു തന്നെ തുടങ്ങി. പട്ടിണി എന്താണെന്നു നന്നായി അറിയുന്നതിനാൽ ആ ശീലം ഇന്നും തുടരുന്നുണ്ട്. പ്ലസ് ടു കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ ബന്ധത്തിലുള്ള ഒരാളുമായി കല്യാണം നടത്തണമെന്നായിരുന്നു മുത്തശ്ശിയുടെ ആഗ്രഹം. അമ്മയുടെ ജീവിതം മുന്നിലുള്ളതിനാൽ ഞാൻ വീണ്ടും പഠിക്കണമെന്നു പറഞ്ഞു. മൂത്ത ആളെന്നതിനാൽ പെട്ടന്നു കല്യാണം കഴിപ്പിച്ച് അയയ്ക്കാനുള്ള ആധിയായിരുന്നു അമ്മയ്ക്ക്, പക്ഷേ, ഞാൻ സമ്മതിച്ചില്ല. കുറയേറെ വഴക്കു പറഞ്ഞെങ്കിലും അമ്മ എന്റെ ആഗ്രഹത്തിനു മുന്നിൽ കീഴടങ്ങി. 

കോളജ് ജീവിതത്തിലേക്ക്

കേരളത്തിൽ നിന്നു വ്യത്യസ്തമായി പ്ലസ് ടു പഠിക്കാൻ തമിഴ്നാട്ടിൽ പ്രത്യേകം  അപേക്ഷ കൊടുക്കണ്ട. തിരിച്ചു കേരളത്തിൽ എത്തിയപ്പോൾ തുടർന്നു പഠിക്കണമെന്ന് ആഗ്രഹമുണ്ടായരുന്നു. തമിഴ്നാട്ടിൽ ഇംഗ്ലിഷ് ഒഴികെ ബാക്കിയെല്ലാം പഠിപ്പിക്കുന്നത് തമിഴിലായിരുന്നു. മലയാളത്തിലും ഇംഗ്ലിഷിലും സംസാരിക്കാനും എഴുതാനും പ്രയാസമായിരുന്നു. പ്ലസ് ടു പ്രവേശനം ലഭിച്ചതു പോലെ കോളജിലേക്കും പഠിക്കാൻ പോകാമെന്നായിരുന്നു എന്റെ ധാരണ. ഒരു ദിവസം കുമളിയിൽ വച്ച് എന്റെ അടുത്ത സുഹൃത്തായ രമ്യയുടെ സഹോദരനെ കണ്ടപ്പോഴായിരുന്നു ധാരണ തെറ്റിയത്. കോളജിൽ അപേക്ഷ കൊടുത്തോയെന്നു ചോദിച്ചപ്പോൾ എന്തിനാണു അപേക്ഷയെന്നു ഞാൻ തിരികെ ചോദിച്ചു. അഡ്മിഷൻ വേണമെങ്കിൽ അപേക്ഷ കൊടുക്കണമെന്നു പറഞ്ഞു അദ്ദേഹം സർട്ടിഫിക്കറ്റുകൾ അയച്ചുതരാൻ പറഞ്ഞു. ഗണിതമായിരുന്നു എന്റെ ഇഷ്ട വിഷയം. ഒടുവിൽ തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ പ്രവേശനം ലഭിച്ചെങ്കിലും ഹോസ്റ്റൽ പ്രശ്നങ്ങൾ കൊണ്ടു വിമൻസ് കോളജിലാണു ജോയിൻ ചെയ്തത്. ജീവതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ മൂന്നു വർഷങ്ങളുടെ തുടക്കമാണെന്നു ഞാൻ അപ്പോൾ കരുതിയിട്ടുണ്ടായിരുന്നില്ല.

കേരളത്തിൽ തമിഴത്തി തമിഴ്നാട്ടിൽ കേരളക്കാരി

ഭാഷ അറിയാത്തതും ഒറ്റപ്പെടലുമായിരുന്നു കോളജിലെ പ്രധാന പ്രശ്നം. മലയാളവും ഇംഗ്ലിഷും കൈകാര്യം ചെയ്യുന്നതിലെ പ്രതിസന്ധി ക്ലാസ് മുറിയിൽ എന്നെ ഒറ്റപ്പെടുത്തി. പ്ലസ് ടുവിൽ ഇംഗ്ലിഷ് ക്ലാസ് കേട്ടു ഡിഗ്രി പഠിക്കാനെത്തിയവർക്കു ഭാഷ വലിയ വിഷയമായിരുന്നില്ലെങ്കിലും എന്റെ മുന്നോട്ടുള്ള വഴിയിലെ ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു അത്. ക്ലാസിലെ മറ്റുള്ളവർ അടുത്തിടപെടാത്ത സ്ഥിതി. അവരോടു ഞാൻ അടുക്കാത്തതായിരുന്നോ പ്രശ്നം എന്ന് അറിയില്ലായിരുന്നു. കൂട്ടുകാരില്ലാത്ത അവസ്ഥ. മുന്നിലെത്തുന്ന കുട്ടികളെ പഠിപ്പിക്കണമെന്നു മാത്രമായിരുന്നു അധ്യാപകരുടെ ചിന്ത. അവരുടെ മാനസികനില എന്താണെന്നു മനസ്സിലാക്കാൻ ആരും ശ്രമിച്ചിരുന്നില്ല. മലയാളത്തിലും ഇംഗ്ലിഷിലും എടുക്കുന്ന ക്ലാസുകൾ മനസ്സിലാക്കാനാവാതെ പലപ്പോഴു ഞാൻ ക്ലാസ് മുറിയിൽ നിന്നു പൊട്ടിക്കരഞ്ഞിട്ടുണ്ട്. ഒന്നാം വർഷം തന്നെ ഡിഗ്രി പഠനം അതിമോഹമായോ എന്ന തോന്നൽ ഉയരാൻ തുടങ്ങി. തിരികെ നാട്ടിലേക്കു വരികയാണെന്നു പറഞ്ഞപ്പോൾ മൂന്നു വർഷത്തിനു മുന്‍പേ തിരികെ വന്നാൽ നാട്ടുകാർ പലതും പറയും, പഠനം പൂർത്തിയാക്കി വന്നാൽ മതിയെന്ന് അമ്മ തീർത്തു പറഞ്ഞു. കൂടെയുണ്ടായിരുന്ന ഒരു സുഹൃത്ത് ഇതിനിടെ പഠനം മതിയാക്കി നാട്ടിലേക്കു തിരികെ പോയി. 

കേരളത്തിൽ പഠിക്കാനെത്തിയ തമിഴത്തിയായായിരുന്നു ഞങ്ങളെ കൂടെയുള്ളവർ കണ്ടത്. തമിഴ്നാട്ടിൽ കേരളത്തിൽ നിന്നുള്ളവരല്ലേയെന്ന മട്ടും. അവിടെയും വേണ്ട ഇവിടെയും വേണ്ട എന്ന അവസ്ഥയായിരുന്നു ആ സമയങ്ങളിൽ. ഇംഗ്ലിഷിനെയും മലയാളത്തെയും മലയാളികളെയും പതിയെ വെറുക്കാൻ തുടങ്ങി. എന്റെ കൂട്ടത്തിലുള്ളവർ തന്നെ ഞാൻ മലയാളം പറയുമ്പോൾ കളിയാക്കി ചിരിക്കാൻ തുടങ്ങി.  പഠിക്കാൻ ഒട്ടും താൽപര്യമില്ലാതെ വന്നു. എന്റെ കയ്യിൽ അന്നു മൊബൽ ഫോൺ ഇല്ലായിരുന്നു. റൂം മേറ്റായ കലൈവാണി ചേച്ചിയുടെ മൊബൈലിലേക്കാണ് അമ്മ വിളിക്കുക. ക്ലാസിനു പോകുന്നില്ലെന്നു പറയുമ്പോൾ അമ്മയെ വിളിച്ചു പറയുമെന്നു ചേച്ചി ഭീഷണിപ്പെടുത്തും. എന്നെ കോളജ് വളപ്പിൽ എത്തിച്ച് ഇനി എന്തെങ്കിലും ചെയ്തോയെന്നു പറഞ്ഞായിരുന്നു ചേച്ചി ക്ലാസിലേക്കു പോയിരുന്നത്. പഠനം നിർത്തി പോകാന്‍ തീരുമാനിച്ച ഒരു ദിവസത്തിൽ ഡിപ്പാർട്മെന്റിലെ ഡോ. സണ്ണി ലൂക്കോസ് സാറിനെ കണ്ട് ഒരു ഒപ്പ് വാങ്ങാനായി ചെന്നിരുന്നു. സാറിന് എന്റെ പ്രശ്നങ്ങൾ ഒന്നും അറിയില്ലായിരുന്നു. പക്ഷേ, പഠിച്ചു മുന്നേറണം എന്ന രീതിയിൽ അദ്ദേഹം എന്നോടു കുറച്ചു നേരം സംസാരിച്ചു. ആദ്യമായി പ്രോത്സാഹിപ്പിക്കാൻ ഒരാൾ മുന്നിലെത്തി. അദ്ദേഹം പറഞ്ഞ കുറച്ചു വാക്കുകളുടെ ബലത്തിൽ ഡിഗ്രി പൂർത്തിയാക്കിയേ മടങ്ങൂ എന്നു തീരുമാനിച്ചു. 

ജീവിതത്തിലെ നല്ല കാലം

ഡിഗ്രി പൂർത്തിയാക്കിയപ്പോൾ തിരുവനന്തപുരത്തു തുടർന്നു ജീവിക്കണമെന്നും പിജി ചെയ്യണമെന്നും തോന്നി. യൂണിവേഴ്സിറ്റി കോളജിൽ അഡ്മിഷൻ കിട്ടി. പഠിക്കാൻ സാധിക്കുന്നൊരു അന്തരീക്ഷം കോളജിൽ ഉണ്ടായിരുന്നു. നല്ല കൂട്ടുകാരെയും ലഭിച്ചു. മലയാളവും ഇംഗ്ലിഷും പതിയെ വഴങ്ങിത്തുടങ്ങി. മലയാളത്തോടും മലയാളികളോടുമുണ്ടായിരുന്നു ദേഷ്യം പതിയെ ഇല്ലാതായി. പിജി വൈവ ബോർഡിലുണ്ടായിരുന്ന സാറാണ് എന്നോടു ടീച്ചിങ്ങിലേക്കു പോവാൻ പറഞ്ഞത്. ബിഎഡും എംഎഡും ചെയ്തു. കോളജ് അധ്യാപക യോഗ്യതയായ നെറ്റും ലഭിച്ചു. നാട്ടിലെത്തുമ്പോഴൊക്കെ തോട്ടത്തിൽ ജോലിക്കു പോകും. ഇത്രയും പഠിച്ചിട്ടും കൂലി വേലയ്ക്കല്ലേ സെൽവ വരുന്നതെന്നു കൂട്ടത്തിലുള്ളവർ തമാശ പറയുമായിരുന്നു. തോട്ടങ്ങളിലെ സൂപ്പർവൈസർമാർ ഏതാ ഈ പുതിയ കുട്ടിയെന്ന് അന്വേഷിക്കുമായിരുന്നു. കുറെയേറെ പഠിച്ചിട്ടുണ്ടെന്നു കൂടെയുള്ളവർ പറയുമ്പോൾ അവർക്കും വലിയ അത്ഭുതമായിരുന്നു. എംഫിൽ ചെയ്യാൻ തുടങ്ങിയതോടെ ഏലത്തോട്ടത്തിൽ പോകുന്നതു അവസാനിപ്പിച്ചു. ഒന്നാം റാങ്കോടെയാണ് എംഫിൽ പാസായത്. 

പഠിപ്പിക്കുന്നവരിൽ ഡോക്ടേറ്റ് നേടിയ അധ്യാപകരെ കാണുമ്പോൾ ഡോക്ടറേറ്റ് നേടിയാൽ കൊള്ളാമെന്ന് ആഗ്രഹമുണ്ടായിരുന്നു. എംഫിൽ കഴിഞ്ഞു സെല്‍വ എന്തു ചെയ്യുന്നുവെന്നു ഡോ. സമീർ ബാബു ചോദിച്ചപ്പോൾ പിഎച്ച്ഡി ചെയ്യണമെന്നാണ് ആഗ്രഹം എന്നു പറഞ്ഞു. ഗൈഡിനെ കിട്ടണ്ടേയെന്നു പറഞ്ഞപ്പോൾ റജിസ്റ്റർ ചെയ്യാൻ അദ്ദേഹം ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ കീഴിൽ തന്നെ ഗവേഷണം ആരംഭിച്ചു. ഐഎഎസ് സ്വപ്നവും കോളജ് കാലഘട്ടത്തിൽ തന്നെ മനസ്സിൽ കയറിക്കൂടിയിരുന്നു. ഡോ. ദിവ്യ സി. സേനനും ജീവതത്തെ ഒരുപാടു സ്വാധീിച്ച അധ്യാപികയാണ്. 

പിഎസ്‌സി ജോലിയിലേക്കുള്ള യാത്ര

ഐഎഎസ് എന്നതു മുന്നിലെ സ്വപ്നമായി മാറിയ കാലംമുതൽ പൊതുവിഞ്ജാനം വർധിപ്പിക്കാനുള്ള പരിശീലനം തുടങ്ങി. പത്രങ്ങളും മാസികകളും തിരഞ്ഞുപിടിച്ചു വായിക്കും. തൊഴിൽ വീഥി ഉപയോഗിച്ചു ചോദ്യങ്ങളുടെ രീതിയും മറ്റു കാര്യങ്ങളും പഠിച്ചു. ജീവിതത്തിൽ ഒരിടത്തും കോച്ചിങ്ങിനോ ട്യൂഷനോ പോയിട്ടില്ല. ഒറ്റയ്ക്കായിരുന്നു പഠനം. 2017ൽ പിഎസ്‍‌സി എഴുതി. ജോലി എന്നത് ഒരു വലിയ സ്വപ്മായിരുന്നു. രണ്ട് അനിയത്തിമാരുടെയും വിവാഹം കഴിഞ്ഞപ്പോഴും ജോലി വാങ്ങിയിട്ടേ കല്യാണത്തെക്കുറിച്ചു ചിന്തിക്കൂവെന്ന് അമ്മയോട് പറഞ്ഞിരുന്നു. നിങ്ങള്‍ സമ്പാദിച്ചുകൊണ്ടുവരുന്നതു വേണ്ട, അവസാനം വരെ അധ്വാനിച്ചു ജീവിക്കുമെന്നാണ് അമ്മ പറയുന്നത്.

അമ്മയുടെ ജീവിതം കണ്മുന്നിൽ പാഠമായി ഉള്ളതുകൊണ്ടായിരുന്നു ജോലി വാങ്ങണമെന്നു തീരുമാനിച്ചത്. സ്വന്തം നാട്ടിൽ അധ്യാപികയായി ജോലി ലഭിച്ചതിൽ സന്തോഷമുണ്ട്. സിവിൽ സർവീസ് സ്വപ്നം ലക്ഷ്യത്തിലെത്തുമോയെന്ന് അറിയില്ല. പക്ഷെ, പരിശ്രമിച്ചില്ലെന്ന സങ്കടം വരാതിരിക്കാനായി പഠിക്കുന്നുണ്ട്. എട്ടാം ക്ലാസിൽ പഠനം നിർത്തണമെന്നു ആവശ്യപ്പെട്ടപ്പോൾ സമ്മതം മൂളിയിരുന്നെങ്കിൽ എന്റെ ജീവിതം വേറൊരു വഴിയിലാവുമായിരുന്നു. മുന്നോട്ടു പഠിക്കണമെന്നു തീരുമാനിച്ചപ്പോഴും പിഎച്ച്ഡി വരെ എത്തുമെന്നു കരുതിയിരുന്നില്ല. എനിക്കു തന്നെ അവിശ്വസനീയമാണ് ഈ യാത്ര. 

English Summary: Success Story Of Sevamari

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ക്രിക്കറ്റ് 20 ഓവറിലേക്കു ചുരുങ്ങിയത് എങ്ങനെ?

MORE VIDEOS
FROM ONMANORAMA