വലിച്ചെറിയുന്ന ഗ്ലാസുകൾ ശേഖരിക്കാൻ മത്സരിച്ചോടിയ അതേ പാളത്തിനു മുകളിലൂടെ ഇന്നു യൂണിഫോമിൽ, എഎസ്ഐ 'രാജൻ'

HIGHLIGHTS
  • പിഎസ്‌സി പരീക്ഷ എഴുതി 1999ൽ പൊലീസ് കോൺസ്റ്റബിളായത്
  • പച്ചത്തേങ്ങ പല്ല് ഉപയോഗിച്ചു പൊതിക്കാൻ ധർമരാജനു 40 സെക്കൻഡ് മതി.
career-achievers-m-darnarajan-kerala=police
എം. ധർമരാജൻ
SHARE

ആലുവ തൃപ്പൂണിത്തുറ–എറണാകുളം ലൈനിൽ ബീറ്റ് ഡ്യൂട്ടി ചെയ്യുമ്പോൾ റെയിൽവേ പൊലീസിലെ അസി. സബ് ഇൻസ്പെക്ടർ എം. ധർമരാജന് ഒരു പഴയ പയ്യനെ ഓർമ വരും. ട്രെയിനിൽ നിന്നു യാത്രക്കാർ വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഗ്ലാസുകൾ ശേഖരിക്കാൻ വീടിനു മുൻപിലെ റെയിൽപാളത്തിലൂടെ ഓടുന്ന രാജൻ. സ്കൂൾ അവധിയുള്ള ദിവസങ്ങളിൽ ഹോട്ടലിൽ മേശ തുടയ്ക്കാനും വാർക്കപ്പണിക്കു സഹായിക്കാനും പോയ അവൻ ഒൻപതിൽ തോറ്റതു 3 തവണ. എസ്എസ്എൽസി ഒറ്റക്കുത്തിനു പാസായെങ്കിലും പ്രീഡിഗ്രി പൂർത്തിയാക്കിയില്ല. സാമ്പത്തിക ബുദ്ധിമുട്ടു മൂലം പഠനം നിർത്തി വക്കീൽ ഗുമസ്തനായി. പിന്നീടു പിഎസ്‌സി പരീക്ഷയെഴുതി പൊലീസ് കോൺസ്റ്റബിളായി. നാട്ടുകാർ രാജൻ എന്നു വിളിച്ചിരുന്ന ആ പയ്യൻ തന്നെയാണ് എഎസ്ഐ ധർമരാജൻ. 

കടലോളം സങ്കടം

ചേർത്തല ട്രാഫിക്കിൽ ജോലി ചെയ്യുമ്പോഴാണു 3 വർഷത്തെ ഡപ്യൂട്ടേഷനിൽ എറണാകുളം സൗത്ത് റെയിൽവേ പൊലീസ് സ്റ്റേഷനിൽ എത്തിയത്. തിരുവനന്തപുരം മുതൽ തൃശൂർ വരെ ട്രെയിൻ യാത്രികരുടെ സുരക്ഷ ഉറപ്പാക്കുന്ന പൊലീസ് സംഘത്തിലെ അംഗം. പണ്ടു ഗ്ലാസുകൾ പെറുക്കാൻ കൂട്ടുകാർക്കൊപ്പം മത്സരിച്ചോടിയ അതേ പാളത്തിനു മുകളിലൂടെ ഇന്നു യൂണിഫോമിൽ സഞ്ചരിക്കുമ്പോൾ അഭിമാനം വാനോളം ഉയരും. കടലോളം ആഴമുള്ള വേദനകളും അതിനൊപ്പം ഉള്ളിൽ ഇരമ്പും.

വാതിൽ ഇല്ലാത്ത കൂര

‘നല്ല വീടും വസ്ത്രങ്ങളും ഉൾപ്പെടെയുള്ള സൗഭാഗ്യങ്ങളുണ്ട് ഇന്ന്. കയറിക്കിടക്കാൻ കൂര പോലും അന്നുണ്ടായിരുന്നില്ല. ജനിച്ചതു കൊല്ലത്താണ്. വളർന്നതു തൃപ്പൂണിത്തുറയിൽ. 7 വരെ തൃപ്പൂണിത്തുറ മിഷൻ സ്കൂളിലും ആർഎൽവിയിലും പഠിച്ചു. പിന്നീട് ഇരുമ്പനം ഹൈസ്കൂളിലേക്കു മാറി. ഉച്ചഭക്ഷണം സ്കൂളിൽ നിന്നു കിട്ടിയിരുന്നതിനാൽ ക്ലാസുള്ള ദിവസങ്ങളിൽ വിശപ്പറിഞ്ഞില്ല. സ്വന്തം സ്ഥലവും വീടും ഇല്ലാത്തതിനാൽ ചിത്രപ്പുഴയിൽ അമ്മാവന്മാരുടെ വീടിനോടു ചേർന്നു ചായ്പു കെട്ടിയാണ്‌ അമ്മയും ഞാനും 3 സഹോദരങ്ങളും താമസിച്ചത്. കുറെക്കഴിഞ്ഞപ്പോൾ പഞ്ചായത്ത് അംഗം വല്ലയിൽ ഭദ്രയുടെ സഹായത്താൽ തിരുവാങ്കുളം കമ്പിവേലിക്കകം കോളനിയിൽ 4 സെന്റ് ഭൂമി കിട്ടി. അവിടെ ഓലപ്പുര വച്ചു മാറി. മഴക്കാലത്തു വീടിനുള്ളിൽ താഴെ വെള്ളം കെട്ടും. മേൽക്കൂര ചോരും. കുത്തിയിരുന്നു നേരം വെളുപ്പിച്ച, അയൽ വീടുകളിൽ അഭയം തേടിയ രാത്രികൾ. വീടിനു വാതിൽ ഉണ്ടായിരുന്നില്ല. തുണികൊണ്ടുള്ള മറ മാത്രം. അക്കാലത്താണു പുലർച്ചെ 5നു ചാക്കുമായി ഗ്ലാസ് പെറുക്കാൻ പോയിരുന്നത്. ഒരെണ്ണത്തിന് 5 പൈസ വീതം കിട്ടും. ഗ്ലാസുകൾ പെറുക്കിക്കൂട്ടി ഒരു മാസം കൂടുമ്പോഴാണു വിൽക്കുക’. 

ഗുമസ്തൻ

അയൽക്കാരനായ കോൺട്രാക്ടർ രാജന്റെ കൂടെ അവധി ദിവസങ്ങളിൽ റോഡ് പണിക്കു പോകുമായിരുന്നു. തക്കാളിപ്പെട്ടിയിൽ സിഗരറ്റും മിഠായികളും മുറുക്കാനും മോരും തലച്ചുമടായി കൊണ്ടുനടന്നു വിൽക്കലായിരുന്നു മറ്റൊരു ജോലി. ലെവൽ ക്രോസിനു സമീപം വഴിവാണിഭവും തുണിക്കച്ചവടവും നടത്തി. കടകളിൽ സെയിൽസ്മാനായി. ഇതിനിടെ ബ്ലോക്കിൽ നിന്ന് ഓലപ്പുര ഓടിട്ട വീടാക്കി മാറ്റിത്തന്നു. എടത്തല അൽഅമീൻ കോളജിൽ പ്രീഡിഗ്രിക്കു ചേർന്നെങ്കിലും വീട്ടിലെ കടുത്ത ദാരിദ്ര്യം മൂലം പഠനം നിർത്താൻ നിർബന്ധിതനായി. തുടർന്നു വക്കീൽ ഗുമസ്തനായി. 2 അഭിഭാഷകർക്കൊപ്പം പ്രവർത്തിച്ചു. ഇരുവരും ഉന്നത ന്യായാധി‌പരായാണു വിരമിച്ചത്. ഈ ജോലിക്കിടെയാണു പിഎസ്‌സി പരീക്ഷ എഴുതി 1999ൽ പൊലീസ് കോൺസ്റ്റബിളായത്. 

പല്ലും ആയുധം

ധർമരാജൻ സംഗീതം പഠിച്ചിട്ടില്ല. ജന്മസിദ്ധമായ കഴിവു കൊണ്ടു 2005 മുതൽ ഗാനമേള ട്രൂപ്പുകൾക്കൊപ്പം സ്റ്റേജിൽ പാടുന്നുണ്ട്. മലയാളം, ഹിന്ദി, തമിഴ് ചലച്ചിത്രങ്ങളിലെ 450 ഗാനങ്ങൾ ഹൃദിസ്ഥം. പച്ചത്തേങ്ങ പല്ല് ഉപയോഗിച്ചു പൊതിക്കാൻ ധർമരാജനു 40 സെക്കൻഡ് മതി. ഭാര്യ: മിനി. മകൻ മിഥുൻ രാജ് കീബോർഡ് ആർട്ടിസ്റ്റാണ്. മകൾ രശ്മി യൂട്യൂബറും. വെണ്ണിക്കുളത്താണ് ഇപ്പോൾ താമസം.

Content Summary : Success story of M.Dharmarajan ASI, Kerala Police

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA