16 വയസിൽ കേൾവിശക്തി നഷ്ടപ്പെട്ടു, സിവിൽ സർവീസ് 9–ാം റാങ്ക് വെറും 4 മാസത്തെ പരിശ്രമത്തിൽ

saumya-sharma
SHARE

കേൾവിശക്തിയില്ലാതിരുന്നിട്ടും, 23–ാം വയസ്സിൽ ആദ്യ പരിശ്രമത്തിൽത്തന്നെ സിവിൽ സർവീസിലെ 9–ാം റാങ്ക് നേടിയെടുത്ത പെൺകുട്ടിയുടെ വിസ്മയിപ്പിക്കുന്ന ജീവിതകഥ 

ഇത്തവണ ഞാൻ സൗമ്യ ശർമയെക്കുറിച്ചാണു പറയുന്നത്. ഡൽഹിക്കാരിയാണു സൗമ്യ. പതിനാറാമത്തെ വയസ്സിൽ കേൾവിശേഷി നഷ്ടപ്പെട്ടു. പക്ഷേ, സൗമ്യ അവിടെ ജീവിതത്തിന്റെ വാതിലുകൾ അടച്ചില്ല. 

ഡൽഹിയിലെ നാഷനൽ ലോ സ്കൂളിൽ ചേർന്നു പഠനം തുടർന്നു. നിയമപഠനത്തിന്റെ അവസാനവർഷമാണു സിവിൽ സർവീസിനായി ശ്രമിക്കാമെന്ന തോന്നൽ സൗമ്യയുടെ ഉള്ളിൽ വിരിയുന്നത്. 2017 ലെ യുപിഎസ്‌സി പരീക്ഷ എഴുതാൻ സൗമ്യ തീരുമാനമെടുത്തു വന്നപ്പോഴേക്കു പരീക്ഷയ്ക്കു ബാക്കിയുണ്ടായിരുന്നതു 4 മാസം മാത്രം. പക്ഷേ, ആ നാലു മാസത്തെ കഠിനപരിശ്രമം സൗമ്യയെന്ന ഇരുപത്തിമൂന്നുകാരിയെ ആ പരീക്ഷയിലെ തിളങ്ങുന്ന വിജയിയാക്കി. 

യുപിഎസ്‌സി പരീക്ഷ എഴുതുന്ന ദിവസം കടുത്ത പനി ബാധിച്ച് വളരെയധികം ക്ഷീണിതയായിരുന്നു സൗമ്യ. 103 ഡിഗ്രിയായിരുന്നു പനിനില. എഴുന്നേൽക്കാൻപോലും വയ്യാത്ത ശാരീരികാവസ്ഥയിൽ ഡ്രിപ് കൊടുത്ത് അൽപം ഉണർവുണ്ടാക്കിയാണു സൗമ്യയെ പരീക്ഷാഹാളിൽ എത്തിച്ചത്. എന്നിട്ടും, ആ പരീക്ഷയിൽ ദേശീയതലത്തിൽ ഒൻപതാം റാങ്ക് സൗമ്യയ്ക്കു നേടാൻ കഴിഞ്ഞു! ഡൽഹിയിൽനിന്ന് എഴുതിയവരിൽ ഒന്നാം റാങ്കും.  

കുറഞ്ഞ കാലംകൊണ്ട് ഇത്രയും പ്രയാസങ്ങളെ അതിജീവിച്ച് എങ്ങനെയാണ് ഇത്രയും വലിയ വിജയം നേടിയത്, എന്താണ് ഈ തയാറെടുപ്പിന്റെ രഹസ്യം എന്നൊക്കെ ചോദിച്ചവരോടു സൗമ്യ പറഞ്ഞു: ‘Hard Work' മാത്രം പോര, 'Smart Work' വേണം’. അതായത്, സ്മാർട് വർക്കിനൊപ്പം ഹാർഡ് വർക്ക് ചേരുമ്പോഴാണ് വിജയം കൂടെവരുന്നതെന്നാണു സൗമ്യം പറഞ്ഞതിനർഥം. ഒരുപാടു കാര്യങ്ങൾ വായിക്കണമെന്നതു നിർബന്ധം. പക്ഷേ, ഒരുപാട് എഴുതി പരിശീലിക്കുകയെന്ന തന്റെ വിജയരഹസ്യവും സൗമ്യ പങ്കുവച്ചു. 

ഇന്റർവ്യൂവിനു തയാറെടുക്കുമ്പോൾ, മുൻകാല ടോപ്പർമാരുടെ ഇന്റർവ്യൂകളുടെ റെക്കോർഡ് ചെയ്ത ഫയലുകൾ കേട്ടു പരിശീലിക്കുകയായിരുന്നു സൗമ്യയുടെ മറ്റൊരു ശ്രദ്ധേയമായ രീതി. പലരും പല രീതിയിലാണു പരീക്ഷ എഴുതുന്നതും ഇന്റർവ്യൂവിനെ സമീപിക്കുന്നതും. ആ രീതികളെ സൂക്ഷ്മമായി പഠിച്ച് ഒടുവിൽ സ്വന്തമായൊരു രീതി രൂപപ്പെടുത്തുകയായിരുന്നു, സൗമ്യ. പ്രത്യേകിച്ചു കോച്ചിങ് ക്ലാസുകൾക്കൊന്നും സൗമ്യ പോയിരുന്നില്ല. പക്ഷേ, ധാരാളം മാതൃകാപരീക്ഷകൾ അവർ എഴുതിക്കൊണ്ടിരുന്നു. ഇതൊക്കെ സൗമ്യയെ വിജയത്തിന്റെ പടവുകൾ ചവിട്ടിക്കയറാൻ സഹായിച്ച ഘടകങ്ങളാണ്. 

ഡോക്ടർ ദമ്പതിമാരായ അശോക് ശർമയുടെയും ലീന ശർമയുടെയും മകൾ, വൈദ്യശാസ്ത്രത്തിനും വിജയിക്കാൻ കഴിയാത്ത തന്റെ വൈകല്യത്തെയോർത്തു വിലപിച്ചു കഴിഞ്ഞിരുന്നെങ്കിൽ ഇന്നു ഡൽഹിയിൽ ഒരു സാധാരണ യുവതിയായി കഴിഞ്ഞേനേ. 

അച്ഛനമ്മമാരുടെ പാത പിന്തുടർന്ന് ന്യൂറോളജിസ്റ്റ് ആകാനായിരുന്നു സൗമ്യയുടെ ചെറുപ്പത്തിലെ ആഗ്രഹം. പക്ഷേ, കേൾവിവൈകല്യം കാരണമായിരിക്കാം, പിൽക്കാലത്ത് അവർ നിയമവഴിയിലേക്കും അവിടെനിന്നു സിവിൽ സർവീസിലേക്കും വഴിമാറുകയായിരുന്നു. ദിവസം 17 മണിക്കൂർവരെ പഠിച്ചാണു യുപിഎസ്‍സി എന്ന വലിയ കടമ്പ ആദ്യ പരിശ്രമത്തിൽത്തന്നെ സൗമ്യ മറികടന്നത്. കേൾവിസഹായി മാത്രമാണു കൃത്രിമമായി സൗമ്യയെ സഹായിക്കാനുണ്ടായിരുന്നത്. ബാക്കിയെല്ലാ അനുകൂല ഘടകങ്ങളും സൗമ്യ കഠിനശ്രമത്തിലൂടെ ഉണ്ടാക്കിയെടുക്കുകയായിരുന്നു. 

കുറവുകളൊന്നും ഇല്ലാത്തവർക്കുപോലും, പല തവണ എഴുതിയിട്ടും കിട്ടാത്ത സിവിൽ സർവീസ് പരീക്ഷാജയം, ഇത്രയും കുറവുകളുണ്ടായിട്ടും സൗമ്യയെ തേടിവന്നത് വെറുതെ വിസ്മയത്തോടെ മാത്രം നമ്മൾ കണ്ടാൽ പോരാ. കാരണം, അതു വെറുതെ കൈവന്ന വിജയമല്ല. പരിശ്രമത്തിനു പരിധികളില്ലെന്നു നമ്മളെ വീണ്ടും വീണ്ടും ഓർമിപ്പിക്കുന്ന ജീവിതപാഠമാണു സൗമ്യ ശർമ. 

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA