ADVERTISEMENT

ആലപ്പുഴ ∙പഠനത്തിന്റെ തിരക്കിൽത്തന്നെയാണ് നിവേദ്യ ഇപ്പോഴും. ഒക്ടോബർ മൂന്നിനു നടക്കുന്ന ജെഇഇ അഡ്വാൻസ് പരീക്ഷയ്ക്കും നല്ല മാർക്ക് നേടണം. ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ മെയിനിന്റെ ഫലം അറിയുന്ന നേരവും അടുത്ത പരീക്ഷയ്ക്കുള്ള തയാറെടുപ്പിലായിരുന്നു തിരുവൻവണ്ടൂർ മഴുക്കീർ സുരഭി വീട്ടിൽ നിവേദ്യ വി.നായർ. 99.64 ശതമാനം മാർക്കോടു കൂടിയാണ് കേരളത്തിലെ പെൺകുട്ടികളിൽ നിവേദ്യ ഒന്നാമതെത്തിയത്. രാജ്യത്ത് 3982–ാം റാങ്കും. 

 

പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ സിവിൽ എൻജിനീയറിങ് വിഭാഗം പ്രഫസർ ‍ഡോ. വിനീഷ് വി. നായരുടെയും കുന്നന്താനം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ കംപ്യൂട്ടർ സയൻസ് വിഭാഗം അധ്യാപിക സന്ധ്യാറാണിയുടെയും മകളായ നിവേദ്യയുടെ ലക്ഷ്യം കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ മദ്രാസ് ഐഐടിയിൽ  പ്രവേശനമാണ്. പത്താം ക്ലാസ് വിദ്യാർഥി നിതേജ് ഏക സഹോദരൻ. 

 

‘‘ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയും ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ഒരിക്കൽ ഐഐടി ഡൽഹി കണ്ടിട്ടുണ്ട്. അന്നു മുതൽ തുടങ്ങിയതാണ് ഐഐടികളോടുള്ള ഇഷ്ടം’’–നിവേദ്യ പറഞ്ഞു. ചങ്ങനാശേരി ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാവിഹാറിലായിരുന്നു പ്ലസ്ടു പഠനം, എൻട്രൻസ് പരിശീലനം പാലാ ബ്രില്യന്റിലും.  98.2 ശതമാനം മാർക്കോടെയാണ് പ്ലസ്ടു പാസായത്. 

 

പഠനരീതി

 

പഠനത്തിനായി ദിവസവും 10 മണിക്കൂറെങ്കിലും നീക്കിവച്ചിരുന്നു. ഉറക്കമിളച്ചു പഠിക്കുന്ന രീതിയില്ല. പാഠഭാഗങ്ങൾ കാണാതെ പഠിക്കുന്ന രീതിയുമില്ല. കൺസപ്റ്റ് പഠിച്ചെടുക്കാനാണ് ശ്രമിച്ചിരുന്നത്. ഇതിനായി കൂടുതൽ സമയം വേണ്ടിവന്നാലും കുഴപ്പമില്ല എന്നതായിരുന്നു നിലപാട്. കംപ്യൂട്ടർ സയൻസിൽ പഠനം തുടരണം എന്നതു തന്നെയാണ് ആഗ്രഹം.

 

വിനോദത്തിനും സമയം

 

ദിവസവും അര മണിക്കൂർ എങ്കിലും ടെന്നിസ് പോലെ ഏതെങ്കിലും വിനോദങ്ങളിൽ ഏർപ്പെട്ടിരുന്നു. സ്ക്രീനിൽ തുടർച്ചയായി നോക്കിയിരിക്കുന്നത് ഒഴിവാക്കാനാണ് ഈ രീതി അവലംബിച്ചത്. പാട്ടു കേൾക്കുന്നതാണ് ഇടവേളകളിലെ പ്രധാന വിനോദം. ക്ലാസുകൾ ഉള്ള സമയം പൂർണമായും ശ്രദ്ധിച്ചിരിക്കും. ഫോർമുലകളൊക്കെ ചെറുകുറിപ്പുകളാക്കി എഴുതിവച്ചാണ് പഠനം.  ഇതിനായി മാത്രം ബുക്കും ഉണ്ടായിരുന്നു. സാധിക്കുമെങ്കിൽ ‍അധ്യാപകരോട് ചോദിക്കാതെ സ്വന്തം നിലയിൽ സംശയങ്ങൾ പരിഹരിക്കാനാണ് ശ്രമിച്ചിരുന്നത്. ഇതിനായി കൂടുതൽ റഫറൻസുകൾ ഉപയോഗിക്കും. പാഠഭാഗങ്ങൾ ആഴത്തിൽ മനസ്സിലാക്കാൻ ഇത് ഉപകരിച്ചു. എന്നിട്ടും രക്ഷയില്ലെങ്കിൽ മാത്രം അധ്യാപകരുടെ സഹായം തേടും. ഫോണിലൂടെയാണ് ഇവരുമായി ബന്ധപ്പെട്ടിരുന്നത്. പഠനത്തിനപ്പുറം വായന ഇഷ്ടപ്പെടുന്നയാളാണ് നിവേദ്യ. നോവലുകളാണ് കൂടുതൽ പ്രിയം. സംഗീതവും പ്രിയപ്പെട്ടതാണ്.

 

English Summary : Success Story Of Nivedhya V. Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com