90 ശതമാനം കാഴ്ചക്കുറവിനോട് പടവെട്ടി സ്വന്തമാക്കിയത് കെഎഎസ് ഒന്നാം റാങ്ക്; രൂപേഷിന്റെ വിജയ കഥ

success-stroy-of-kerala-administrative-service-stream-three-rank-holder-h-rupesh-alappuzha
എച്ച്. രൂപേഷ്
SHARE

നിശ്ചയദാർഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും അർപ്പണമനോഭാവത്തിന്റെയും പ്രതീകമായി ആലപ്പുഴ ജില്ലയിൽ നിന്നൊരധ്യാപകൻ. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയിൽ, സ്ട്രീം 3 ഒന്നാം റാങ്ക് നേടിയാണ് ആലപ്പുഴ പറവൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ കോമേഴ്സ് അധ്യാപകനായ എച്ച്. രൂപേഷ് ചരിത്രമെഴുതിയത്. 90 ശതമാനം കാഴ്ചക്കുറവിനോട് പടവെട്ടി അദ്ദേഹം നേടിയ വിജയത്തിന് തിളക്കമേറെ.     

ആലപ്പുഴ ജില്ലയിലെ കുതിരപ്പന്തി കാഞ്ഞിരപ്പറമ്പിൽ വീട്ടിൽ ഹരിദാസിന്റെയും കോമളത്തിന്റെയും മൂന്ന് മക്കളിൽ രണ്ടാമനായ രൂപേഷിന് ജന്മനാ 25 ശതമാനമേ കാഴ്ചശക്തിയുണ്ടായിരുന്നുള്ളൂ. ദാരിദ്രമുണ്ടായിരുന്നെങ്കിലും മാതാപിതാക്കൾ തങ്ങളുടെ മകന് കഴിയുന്നത്ര ചികിത്സയൊക്കെ  നൽകിയിരുന്നു. തലച്ചോറിൽ നിന്ന് കണ്ണുകളിലേക്കുള്ള നാഡികളുടെ തകരാറാണ് രോഗകാരണമെന്നും കണ്ണുകൾക്ക് സ്ട്രെയിൻ കൊടുക്കുന്ന ജോലികളൊന്നും  ചെയ്യരുതെന്നും മധുരയിലെ പ്രശസ്തമായ അരവിന്ദ് കണ്ണാശുപത്രിയിലെ  ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. 

പഠിക്കുമ്പോൾ കണ്ണുകൾക്ക് ജോലിഭാരം കൂടുമെന്നും അത് കാഴ്ചശക്തിയെ പൂർണമായും ഇല്ലാതാക്കുമെന്നും അതിനാൽ പഠനം ഉപേക്ഷിക്കുന്നതായിരിക്കും  നല്ലതെന്നും  ഡോക്ടർമാർ നിർദ്ദേശിച്ചു. എങ്കിലും താൻ ഇരുളിനെ പുൽകിയാലും ലോകത്തിന് പ്രകാശമാകാൻ  പഠനം തുടരാൻ രൂപേഷ് തീരുമാനിച്ചു. പഠനത്തിൽ അതീവ തൽപരനായിരുന്ന രൂപേഷ് ബികോം, എംകോം,ബിഎഡ്, നെറ്റ്, സെറ്റ് എന്നിവയിലെല്ലാം ഉന്നത വിജയം നേടി. എംകോം പഠിക്കുന്ന സമയമായപ്പോഴേക്കും കാഴ്ച ശക്തി 10 ശതമാനമായി ചുരുങ്ങി.തൊണ്ടു തല്ലിയും കയർ പിരിച്ചുമൊക്കെയായിരുന്നു രൂപേഷിന്റെ കുടുംബം കഴിഞ്ഞിരുന്നത്.

മാതാപിതാക്കളോടൊപ്പം മക്കളും എല്ലാ ജോലിയിലും പങ്കെടുത്തിരുന്നു. സഹോദരങ്ങൾ കൊണ്ടുവരുന്ന തൊണ്ട് പിച്ചുന്ന ജോലി രൂപേഷിനായിരുന്നു, കയർ പിരിക്കുന്ന ജോലി അമ്മയുടെയും. കയറിന്റെ ജോലിക്കു പുറമേ മക്കൾ മൂന്ന് പേരും വിദ്യാർഥികൾക്ക് ട്യൂഷനുമെടുക്കുമായിരുന്നു. വീട്ടുചിലവിനുള്ള പണം കണ്ടെത്താനായിരുന്നു ട്യൂഷനെങ്കിലും അതുവഴി പാഠഭാഗങ്ങൾ കൂടുതൽ ഹൃദിസ്ഥമാക്കാനും കൂടുതൽ ശിഷ്യഗണങ്ങളെ നേടിയെടുക്കാനും രൂപഷിനു കഴിഞ്ഞു. അന്നത്തെയും  ഇന്നത്തെയും  ശിഷ്യഗണങ്ങളാണ് രൂപേഷിനെ സ്കൂളിലേക്ക് എത്തിക്കുന്നതും തിരിച്ച് വീട്ടിൽ കൊണ്ടുചെന്നാക്കുന്നതും.

success-stroy-of-kerala-administrative-service-stream-three-rank-holder-h-rupesh-alappuzha-with-parents
എച്ച്. രൂപേഷ് മാതാപിതാക്കളോടൊപ്പം

ഗസറ്റഡ് ആയിട്ടുള്ള ഹയർ സെക്കൻഡറി അധ്യാപകർക്ക് കെഎഎസ് പരീക്ഷയെഴുതുവാൻ സുപ്രീംകോടതി അനുമതി നൽകിയത് പരീക്ഷയ്ക്ക് 10 ദിവസം മുമ്പ് മാത്രമായിരുന്നു. കെഎഎസ് പരീക്ഷയ്ക്കായി പ്രത്യേക പരിശീലനത്തിനൊന്നും രൂപേഷ്  പോയിരുന്നില്ല. യൂട്യൂബ് വിഡിയോകളും മറ്റുള്ളവരുടെ സഹായത്തോടെ തയാറാക്കുന്ന  വോയിസ് മെസ്സേജുകളുമാണ് രൂപേഷിന്റെ പഠന മാർഗങ്ങൾ. സഹഅധ്യാപകരുടെയും  വിദ്യാർഥികളുടെയും സുഹൃത്തുക്കളുടെയും ബന്ധു ജനങ്ങളുടേയും സഹായങ്ങളാണ് അദ്ദേഹത്തിന്റെ കരുത്ത്. ഒരിക്കൽ കേട്ട കാര്യങ്ങൾ വീണ്ടും ഓർമിച്ചെടുക്കാനുള്ള  തന്റെ കഴിവ് ദൈവാനുഗ്രഹമായിട്ടാണ് രൂപേഷ് പറയുന്നത്.

ആര്യാട് യുപി സ്കൂളിൽ അദ്ധ്യാപകനായിട്ടായിരുന്നു ആദ്യനിയമനം. പിഎസ്‌സി നടത്തിയ ഹയർ സെക്കൻഡറി ജൂനിയർ / സീനിയർ പരീക്ഷകളിൽ രൂപേഷിന് മികച്ച റാങ്കുകളുണ്ടായിരുന്നു. ഹയർ സെക്കൻഡറി സീനിയർ അധ്യാപക ലിസ്റ്റിൽ മികച്ച റാങ്കോടെ അമ്പലപ്പുഴ മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ  കൊമേഴ്സ് അധ്യാപകനായി. അതിനു ശേഷം ഇപ്പോൾ ജോലി ചെയ്യുന്ന ആലപ്പുഴപറവൂർ  ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലേക്ക്.

ക്ലാസിൽ  കണിശക്കാരനായ  അധ്യാപകനാണെങ്കിലും വിദ്യാർഥികൾക്ക് പ്രിയങ്കരനാണ് രൂപേഷ് മാഷ്. അധ്യാപനത്തിൽ രൂപേഷിന്റേതായ ചില വിജയമന്ത്രങ്ങളുള്ളതായി അദ്ദേഹത്തിന്റെ ജേഷ്ഠനും ഹയർ സെക്കൻഡറി കൊമേഴ്സ് അധ്യാപകനുമായ ജഗൻ സാക്ഷ്യപ്പെടുത്തുന്നു. അക്കൗണ്ടൻസിലും ബിസിനസ് സ്റ്റഡീസിലും വിദ്യാർഥികൾ നേടുന്ന ഉന്നതവിജയം അതിനു തെളിവാണ്.

തന്റെ  വീട്ടിൽ വരുന്ന പാവപ്പെട്ട വിദ്യാർഥികൾക്ക്  തികച്ചും സൗജന്യമായി രൂപേഷ് ഇപ്പോഴും ട്യൂഷനെടുക്കുന്നു. മുൻപ് ട്യൂഷനെടുത്തത് ജീവിതമാർഗമായിട്ടായിരുന്നെങ്കിൽ ഇന്നതൊരു സേവനമാണെന്ന് ജ്യേഷ്ഠൻ ജഗൻ പറയുന്നു. തനിക്ക് വിജയിക്കാമെങ്കിൽ നിശ്ചയദാർഢ്യവും അർപ്പണമനോഭാവവും കഠിനാധ്വാനം ചെയ്യാനുള്ള മനസ്സുമുള്ള  ഏതൊരാൾക്കും വിജയിക്കാമെന്ന് രൂപേഷ് ഉറപ്പിച്ചു പറയുന്നു. പരിമിതികളെ ഒരു കുറവായി കാണാതെ അതിനെ അതിജീവിക്കാനുള്ളതാണെന്ന തിരിച്ചറിവാണ് നമുക്ക് വേണ്ടത്. ഭിന്നശേഷിക്കാരായ മക്കളുടെ മാതാപിതാക്കൾ ഒരുതരത്തിലും വിഷമിക്കേണ്ടതില്ലെന്നും തന്റെ ജീവിതം അവർക്ക് ഒരു പ്രചോദനവും പ്രോത്സാഹനവുമാകട്ടെയെന്നും രൂപേഷ് ആഗ്രഹിക്കുന്നു. ചരിത്രപ്രധാന്യമുള്ള കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ ചരിത്ര നിയമനത്തിനായി കാത്തിരിക്കുകയാണ്  രൂപേഷ്. തന്റെ ഇഷ്ട മേഖലയായ വിദ്യാഭ്യാസ രംഗത്തുതന്നെ നിയമനം ലഭിക്കുമെന്നാണ് രൂപേഷിന്റെ പ്രതീക്ഷ. സ്വന്തം കണ്ണുകളിൽ ഇരുളാണെങ്കിലും തന്റെ നിസ്വാർത്ഥ പ്രവർത്തനങ്ങൾ വഴി ലോകത്തിന് പ്രകാശമേകുന്ന രൂപേഷിന് വിജയാശംസകൾ നേരാം.

Content Summary : Success story of KAS Stream 3 Rank Holder H. Rupesh

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചോക്ലേറ്റ് ചാക്കോച്ചനൊക്കെ പണ്ട്, ഇപ്പോ കൈയിൽ ചോക്ലേറ്റിന്റെ കവർ മാത്രമേയുള്ളു | Nna Thaan Case Kodu

MORE VIDEOS