ADVERTISEMENT

2013 ലെ സിവിൽ സർവീസ് പരീക്ഷയ്ക്ക് 224–ാം റാങ്ക് കിട്ടിയ ഈ മിടുക്കനെ നമുക്കറിയാം. നാലാം ക്ലാസിൽ പഠിക്കുമ്പോൾ കണ്ണിൽ ഡിവൈഡർ തട്ടിയാണു ലിപിന്റെ കാഴ്ച നഷ്ടമാകുന്നത്. ക്രമേണ അടുത്ത കണ്ണിന്റെ കാഴ്ചയും കുറേ നഷ്ടപ്പെട്ടു. കോഴഞ്ചേരി ഗവ. യുപി സ്കൂളിലും സെന്റ് തോമസ് സ്കൂളിലുമായിരുന്നു പഠനം. കോളജ് പ്രവേശനവുമായി ബന്ധപ്പെട്ടു ഫോട്ടോകോപ്പി എടുക്കാൻ പോയ ലിപിന്റെ മാർക്ക് കണ്ട് കടയുടമ മോട്ടി ചെറിയാൻ അദ്ഭുതപ്പെട്ടു. മലയാളത്തിലടക്കം 100 ൽ 100! 

പരിമിതികളെ മറികടന്നു പ്രസംഗം, ക്വിസ് മത്സരങ്ങളിലൊക്കെ തിളങ്ങുന്ന ലിപിനോടു പഠനം തിരുവനന്തപുരത്തേക്കു പറിച്ചുനടാൻ മോട്ടി നിർദേശിച്ചു. മാർ ഇവാനിയോസ് കോളജിൽ വിഡിയോ പ്രൊഡക്‌ഷൻ ആൻഡ് മീഡിയ സ്റ്റഡീസ് ബാച്‍ലർ കോഴ്സിന്റെ എൻട്രൻസിൽ ലിപിന് ആറാം റാങ്ക് കിട്ടി. ബാലജനസഖ്യത്തിൽ സജീവമായിരുന്ന ലിപിന് പത്രം രൂപകൽപന മത്സരത്തിൽ ലഭിച്ച സമ്മാനവും സഹായകമായി. പക്ഷേ, ഫീസ് കൊടുക്കാൻ ബുദ്ധിമുട്ടായപ്പോൾ വീണ്ടും കൈത്താങ്ങായി മോട്ടിയെത്തി. ലിപിന്റെ വിഷയം ക്ലിമ്മിസ് തിരുമേനിയുടെ വരെ ശ്രദ്ധയിലെത്തിച്ചു. ഹൈന്ദവവിദ്യാർഥിയെന്നതു തടസ്സമാകാതെ ക്രൈസ്തവ മാനേജ്മെന്റ് കോളജിൽ ലിപിനു ഫീസിളവു കിട്ടി. 

പഠനശേഷം രാത്രി ഒരു പത്രത്തിൽ ജോലി ചെയ്തു ലിപിൻ വരുമാനമുണ്ടാക്കിയിരുന്നു. മുസ്‌ലിം വിഭാഗത്തിന്റെ മേൽനോട്ടത്തിലുള്ള പത്രമായിരുന്നു അത്. യാദൃശ്ചികമായാണെങ്കിലും, ഹൈന്ദവ–ക്രിസ്തീയ–മുസ്‍ലിം ഐക്യത്തിന്റെ മഹനീയമായൊരു മാതൃക ഈ സംഭവങ്ങളിലൂടെ ദൃശ്യമാവുകയായിരുന്നു. ആദ്യമൊക്കെ മാഗ്‌നിഫയിങ് ഗ്ലാസിന്റെ സഹായത്തോടെയാണു ലിപിൻ പഠിച്ചത്. പിന്നീട് ലാപ്ടോപ്പിൽ ‘വോയ്സ് ടു ടെക്സ്റ്റ്’ സോഫ്റ്റ്‌വെയർ ഉപയോഗിച്ചായി പഠനം. അതിനു ലാപ്ടോപ് പോലും ലിപിന് ഉണ്ടായിരുന്നില്ല. പക്ഷേ, കൃത്യമായി ആ സമയത്ത് എൻഎസ്എസിന്റെ സ്കോളർഷിപ് കിട്ടി. അതു ലാപ്ടോപ് വാങ്ങാൻ ഉപകരിച്ചു. 

മലയാള മനോരമയിലും ഇന്റേൺഷിപ് ചെയ്ത ലിപിൻ, ബിരുദശേഷം 2009 ൽ എസ്ബിടിയിൽ ക്ലാർക്കായി ലിപിനു ജോലി കിട്ടി. 2011 ൽ ഐഡിബിഐയിൽ അസിസ്റ്റന്റ് മാനേജരായി കയറി. അതേ വർഷംതന്നെ സിവിൽ സർവീസിന് ആദ്യശ്രമം. അതു വിജയത്തിലെത്തിയില്ല. 2012 ലെ രണ്ടാം പരിശ്രമം വിജയമായി. 30% മാത്രം കാഴ്ചശേഷിയുള്ളയാൾക്ക് ഐഎഎസോ ഐപിഎസോ കിട്ടിയില്ല. കിട്ടിയതു റെയിൽവേ. ഇപ്പോൾ പാലക്കാട്ട് റെയിൽവേയിൽ സീനിയർ ഡിവിഷനൽ ഓഫിസറാണു ലിപിൻ. ഡോക്ടറാണു ഭാര്യ. രണ്ടു പെൺമക്കളുണ്ട്. സിവിൽ സർവീസ് സഹായി ഉൾപ്പെടെ 4 പുസ്തകങ്ങളുടെ രചയിതാവാണു ലിപിൻ. 

ഇന്നായിരുന്നെങ്കിൽ, ഭിന്നശേഷി സംവരണത്തോടെ ഉയർന്ന റാങ്കിലേക്കും കേരള കേഡറിൽ ഐഎഎസിൽത്തന്നെ കയറാനും ലിപിന് അവസരം വന്നേനേ. ഒരു പോരായ്മയും പോരായ്മയല്ലെന്നു തെളിയിച്ച ലിപിൻ ഇപ്പോൾ നഷ്ടസ്വപ്നങ്ങൾ കാണാറില്ല. പുതിയ സ്വപ്നങ്ങൾ മാത്രമേ ആ മനസ്സിലുള്ളൂ. അത്തരം പുതുസ്വപ്നങ്ങളുടെ ചിറകിലാണു നമ്മൾ ഓരോരുത്തരും നമ്മുടെ ലക്ഷ്യങ്ങളിലേക്കു പറക്കേണ്ടത്. 

Content Summary : Vijayatheerangal - Career Column by G Vijayaraghavan - Success story of M.P. Lipin Raj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com