ദിവസം ശരാശരി 8 മണിക്കൂർ പഠനം, കൃത്യമായ ടൈം ടേബിൾ; വിജയവഴികൾ വിവരിച്ച് ഒന്നാം റാങ്കുകാരി എസ്.മാലിനി

HIGHLIGHTS
  • സമ്മർദമില്ലാതെ ചിട്ടയായി പഠിക്കുക എന്നാണു കെഎഎസ് പരീക്ഷ എഴുതുന്നവരോടു പറയാനുള്ളത്
success-story-kerala-administrative-service-stream-one-rank-holder-s-malini
എസ്.മാലിനി
SHARE

വിദേശകാര്യ സർവീസ് എന്ന ആഗ്രഹം പണ്ടേ എസ്.മാലിനിയുടെ മനസ്സിൽ കയറിയതാണ്. അതുകൊണ്ടാണു സ്ട്രീം 1 ൽ ഒന്നാം റാങ്ക് നേടിയിട്ടും കെഎഎസിൽ ചേരേണ്ടെന്നു മാലിനി തീരുമാനിച്ചത്. ആലപ്പുഴ ചെട്ടികുളങ്ങര ‘പ്രതിഭ’യിൽ അഡ്വ. പി.കൃഷ്ണകുമാറിന്റെയും റിട്ട. അധ്യാപിക എസ്.ശ്രീലതയുടെയും മൂത്ത മകളായ മാലിനി വിജയവഴികൾ ‘തൊഴിൽവീഥി’യിലൂടെ പങ്കുവയ്ക്കുന്നു: 

സിവിൽ സർവീസ്, കെഎഎസ് പരീക്ഷകൾക്കുവേണ്ടി അടുത്തടുത്ത സമയത്തു തയാറെടുപ്പു വേണ്ടിവന്നല്ലോ. എങ്ങനെ കൈകാര്യം ചെയ്തു?

രണ്ടു പരീക്ഷയും ഏതാണ്ട് ഒരേ രീതിയിലാണ്. ചോദ്യങ്ങൾ ഒരേ നിലവാരത്തിലാണ്. സിവിൽ സർവീസ് പരീക്ഷയ്ക്കു പിന്നാലെയായിരുന്നു കെഎഎസ്. അതിനാൽ കെഎഎസിനുവേണ്ടി കൂടുതൽ പഠിക്കേണ്ടിവന്നില്ല.

സിവിൽ സർവീസും കെഎഎസും പോലുള്ള രംഗങ്ങളോടുള്ള താൽപര്യം എങ്ങനെയാണു തുടങ്ങിയത്?

നാടിനുവേണ്ടി സാധാരണയിൽ കവിഞ്ഞ് എന്തെങ്കിലും ചെയ്യണമെന്ന ചിന്തയുണ്ടായിരുന്നു. പക്ഷേ, അതിനായി ചെറുപ്പത്തിലേ തയാറെടുത്തിട്ടില്ല. സ്കൂളിലും കോളജിലുമൊക്കെ ഞാൻ അതിസമർഥയായ വിദ്യാർ‍ഥിയായിരുന്നില്ല. മുതിർന്നപ്പോഴാണ് ഈ ലക്ഷ്യം മനസ്സിലെത്തിയത്. ഉയരങ്ങളിൽ എത്തണമെന്ന ആഗ്രഹമൊക്കെ ഉണ്ടായിരുന്നെങ്കിലും അതിനായി ധാരാളം പഠിക്കാറില്ലായിരുന്നു. ആവശ്യമുള്ളതു പഠിക്കും. ഇഷ്ടമില്ലാത്തതു പഠിക്കാൻ പണ്ടും പ്രയാസമായിരുന്നു.

പഠനരീതി എങ്ങനെയായിരുന്നു?

വളരെ വിശാലമായ സിലബസല്ലേ, അതിനാൽ എന്ന്, എപ്പോൾ, എന്ത് പഠിക്കണമെന്നു തീരുമാനിച്ചിരുന്നു. കൃത്യമായ ടൈം ടേബിൾ ഉണ്ടാക്കി. പരീക്ഷയ്ക്ക് ഏതാനും ദിവസംമുൻപു വരെയുള്ള ടൈം ടേബിൾ തയാറാക്കി അതനുസരിച്ചാണു നീങ്ങിയത്. ഓരോ ദിവസവും പഠിക്കേണ്ട കാര്യങ്ങൾ നേരത്തേ നിശ്ചയിച്ചു. ദിവസം ശരാശരി 8 മണിക്കൂർ പഠിച്ചു. ടെൻഷൻ തോന്നിയപ്പോൾ വെബ് സീരീസ് കാണുകയോ നടക്കുകയോ ഒക്കെ ചെയ്തു. ക്ലാസുകൾക്കായി തിരുവനന്തപുരത്തു പിതൃസഹോദരിയുടെ വീട്ടിലാണു താമസിച്ചത്. അവിടത്തെ പൂച്ചകളെ കളിപ്പിച്ചും ടെൻഷൻ മാറ്റി. ‘മാഡം സെക്രട്ടറി’ എന്ന വെബ് സീരീസ് ഇഷ്ടമാണ്. ഇന്റർനാഷനൽ റിലേഷൻസുമായി ബന്ധപ്പെട്ടതാണ് അതിന്റെ വിഷയം.

ഉറക്കമിളച്ചു പഠിച്ചോ?

ഇല്ല. എനിക്ക് ഉറക്കം കൂടുതലാണ്. രാത്രി 8 മണിക്കൂറും ഉച്ചയ്ക്ക് ഒന്നര മണിക്കൂറും ഉറങ്ങാറുണ്ട്. രാവിലെ 7 മണി കഴിഞ്ഞേ എഴുന്നേൽക്കൂ. ഭക്ഷണം നിയന്ത്രിക്കുന്നുണ്ട്. ഭക്ഷണം ഉപേക്ഷിച്ചാൽ ഗ്യാസ് കയറും എന്നതിനാൽ‍ പാടേ ഉപേക്ഷിക്കാറില്ല.

കെഎഎസ് പരീക്ഷ, അഭിമുഖം അനുഭവങ്ങൾ എങ്ങനെ?

പൊതുവേ ബുദ്ധിമുട്ടിച്ചില്ല. രസകരമായിരുന്നു അഭിമുഖം. കവിത ചൊല്ലാനൊക്കെ പറഞ്ഞു. വിദ്യാഭ്യാസവും ജുഡിഷ്യറിയും സംബന്ധിച്ച ചോദ്യങ്ങളുണ്ടായി.

പഠനത്തിനു പുറത്ത് എന്തൊക്കെയാണു താൽപര്യങ്ങൾ?

സ്പോർട്സിൽ താൽപര്യമുണ്ട്. വായനയും വെബ് സീരീസും നീന്തലും ഇഷ്ടമാണ്. ഓട്ടം, ഹൈജംപ്, ബാഡ്മിന്റൻ, ഖോ ഖോ എന്നിവയിലൊക്കെ മുൻപു പങ്കെടുത്തിട്ടുണ്ട്. അത്‌ലിറ്റ് ആകാൻ ഇഷ്ടമായിരുന്നു. 

കെഎഎസിനെ എങ്ങനെ കാണുന്നു?

കേരളം പല കാര്യങ്ങളിലും മുന്നിലാണ്. പല സാമൂഹിക സൂചകങ്ങളും അങ്ങനെയാണ്. കേരളത്തിനായി ജോലി ചെയ്യുക എന്നതു വലിയ കാര്യമാണ്. പഠനസമയത്തു ഞാൻ കുറച്ചു ടെൻഷൻ അനുഭവിച്ചെന്നു തോന്നുന്നു. സമ്മർദമില്ലാതെ ചിട്ടയായി പഠിക്കുക എന്നാണു കെഎഎസ് പരീക്ഷ എഴുതുന്നവരോടു പറയാനുള്ളത്.

Content Summary : Achievers - Success story of Kerala Administrative Rank Stream 1 Rank Holder S. Malini

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA