10 വർഷം നീട്ടിയാലും നിങ്ങൾക്ക് ജോലി കിട്ടുമോ?, മന്ത്രി പറഞ്ഞപ്പോൾ ഷോക്കടിച്ച പോലെ തോന്നി: ലയരാജേഷ്

HIGHLIGHTS
  • സമരത്തിന്റെ മുന്‍പന്തിയിൽ നിന്നയാളാണ് ലയ രാജേഷ്.
  • റവന്യു വകുപ്പിൽ നിന്ന് അഡ്വൈസ് മെമ്മോ ലഭിച്ചു.
ലയ രാജേഷ്
ലയ രാജേഷ്
SHARE

ഒരു പാട് നാളത്തെ സമ്മർദ്ദങ്ങൾക്ക് ശേഷം ലയ കഴിഞ്ഞ ദിവസം മനസ് നിറഞ്ഞ് ചിരിച്ചു. കാത്തിരുന്ന സ്വപ്നനിമിഷം. റവന്യു വകുപ്പിൽ  നിന്ന് ജോലിയ്ക്കായി അഡ്വൈസ് മെമ്മോ ലഭിച്ചു. ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിന്റെ കാലാവധി അവസാനക്കുന്നതിന്റെ  കൃത്യം രണ്ട് ദിവസം മുമ്പാണ് ലയയ്ക്കായുള്ള വേക്കൻസി റിപ്പോർട്ട് ചെയ്തത്. കഷ്ടപ്പാടുകൾക്കും ഏറ്റ അപമാനങ്ങൾക്കുമെല്ലാമുള്ള മധുരതരമായ മറുപടി. സെക്രട്ടറിയേറ്റിനുമുമ്പിൽ ഉദ്യോഗാർഥികൾ നടത്തിയ സമരത്തിന്റെ മുന്‍പന്തിയിൽ നിന്നയാളാണ് ലയ രാജേഷ്. ജോലിക്കായി അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ച് ലയ മനോരമ ഓൺലൈനോട് സംസാരിക്കുന്നു.

കാത്തിരുന്ന നിമിഷം, എന്തു തോന്നുന്നു?

അതെ. ഏറെ നാളത്തെ കാത്തിരിപ്പിന്റെ ഫലമാണ് കിട്ടിയത്. ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് കുറച്ച് നാളായി ജീവിതത്തിൽ നടന്നത്. മൂപ്പത് വയസിന് ശേഷമാണ് ഒരു ജോലിക്കായി പഠനം ആരംഭിച്ചത്. എന്റെ അവസാന ചാൻസായിരുന്നു കഴിഞ്ഞ ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷ. അതുകൊണ്ട് തന്നെ വളരെ പ്രതീക്ഷയോടെയാണ് പഠിച്ചതും പരീക്ഷ എഴുതിയതും. 583 ാം റാങ്കായിരുന്നു. കഴിഞ്ഞ തവണത്തെ ലിസ്റ്റിൽ നിന്ന് 925 പേർക്ക് ജോലി ലഭിച്ചിരുന്നു. അത്കൊണ്ട് തന്നെ ജോലികിട്ടാൻ സാധ്യതയുള്ള റാങ്കാണെന്ന് ലിസ്റ്റ് വന്നപ്പോഴേ മനസിലുറപ്പിച്ചിരുന്നു. ആ പ്രതീക്ഷയോടെയാണ് ജീവിതം മുന്നോട്ട് കൊണ്ടുപോയതും. പക്ഷെ പിഎസ് സിയിൽ കൃത്യമായി ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതും കോവിഡ് ലോക്ക്ഡൗണുമെല്ലാം പ്രതീക്ഷകൾ തെറ്റിച്ചു. മൂന്ന് വർഷത്തെ ലിസ്റ്റിന്റെ കാലാവധി തീരാറായിട്ടും നിയമനങ്ങൾ വളരെകുറച്ച് മാത്രമാണ് നടന്നത്. അതുകൊണ്ടാണ് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്നും പരമാവധിപേരെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് സമരം ചെയ്യേണ്ടി വന്നത്.

പത്ത് വർഷം നീട്ടിയാലും നിങ്ങൾക്ക് ജോലി കിട്ടുമോ സഹോദരി, മന്ത്രിയുടെ വാക്കുകൾ വേദനിപ്പിച്ചില്ലേ?

ഏറെ പ്രതീക്ഷയോടെയാണ് അന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനെ കാണാൻ തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ വീട്ടിൽ പോയത്. രാവിലെ 6 മണിയോടെയാണ് അദ്ദേഹത്തെക്കാണാൻ അനുമതി കിട്ടിയത്. എന്നോടൊപ്പം രണ്ട് ഉദ്യോഗാർഥി സുഹൃത്തുക്കളും ഉണ്ടായിരുന്നു, നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അനുകൂലമായ ഒരു മറുപടി ലഭിക്കും എന്ന പ്രതീക്ഷയോടൊണ് പോയത്. നമ്മൾ കാര്യങ്ങൾ പറയുന്നതിന് മുമ്പ് തന്നെ എന്റെ റാങ്ക് എത്രയെന്ന് ചോദിക്കുകയും പത്ത് വർഷം ലിസ്റ്റിന്റെ കാലാവധി നീട്ടായാൽ പോലും സഹോദരി നിങ്ങൾക്ക് ജോലി ലഭിക്കില്ലല്ലോ എന്നാണ് അദ്ദേഹം പറഞ്ഞത്. ശരിക്കും ഷോക്കേറ്റതുപോലെയായിരുന്നു ആ വാക്കുകൾ. ഞങ്ങൾ ഒന്നും പറയാതെ അവിടെനിന്നിറങ്ങുകയായിരുന്നു. പിന്നീട് മാധ്യമങ്ങൾ എങ്ങനെയോ ഈ വിവരം അറിയുകയും അദ്ദേഹത്തോട് ചോദിക്കുകയുമായിരുന്നു. അദ്ദേഹം വളരെ അഭിമാനത്തടോയാണ് അങ്ങനെ പറഞ്ഞുവെന്ന് മാധ്യമങ്ങളോട് സമ്മതിച്ചത്. എനിക്ക് അതിലൊന്നും പരിഭവമില്ല. നമ്മൾ തെറ്റുകാരല്ലെങ്കിൽ ഒരു നാൾ ഇതെല്ലാം ശരിയായി വരുമെന്ന് അറിയാമായിരുന്നു

ലയ രാജേഷ്

സമരകാലത്തെ സമ്മർദ്ദങ്ങളെ എങ്ങനെ അതിജീവിച്ചു?

ഒരുപാട് പഴികേൾക്കേണ്ടി വന്നിട്ടുണ്ട്. അപമാനിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴും അപമാനിക്കുന്നവരും കുറ്റപ്പെടുത്തുന്നവരു മൊന്നും കുറവല്ല. തികച്ചും സത്യസന്ധമാണ് എന്ന് ഉറപ്പുള്ള ആവശ്യത്തിനാണ് പോരാട്ടം എന്നുറപ്പുണ്ടായിരുന്നു. എന്റെ വീട് തൃശൂരാണ്. വീട്ടിൽ നിന്ന് 24 ദിവസത്തോളം മാറിനിന്നാണ് സമരത്തിൽ പങ്കെടുത്തത്. കുട്ടികളെ അമ്മയെ ഏൽപിച്ചു. സമരത്തിന് ശേഷമാണെങ്കിലും തിരുവനന്തപുരത്ത് പിഎസ്‌സി ഓഫീസിൽ പലതവണ പോയിട്ടുണ്ട്. അവിടെ സഹായിച്ച ഒരുപാട് സാറന്മാരുണ്ട്. ജൂണിൽ അവസാനിക്കേണ്ട ലിസ്റ്റ് ഒരു മാസമാണ് നീട്ടിയത്. ഓഗസ്റ്റ് നാലിനാണ് ലിസ്റ്റ് കാലാവധി തീർന്നത്. ഓഗസ്റ്റ് രണ്ടാം തീയതിയാണ് എനിക്കുള്ള വേക്കൻസി റിപ്പോർട്ട് ചെയ്തത്. ഓരോവർഷവും നിയമനം കുറഞ്ഞ് വരികയാണ്. എനിക്ക് ജോലികിട്ടി. പക്ഷേ സമരം ചെയ്ത ഭൂരിഭാഗം പേരും പുറത്താണ്. അവരൊക്കെ പരീക്ഷയെഴുതാനുള്ള പ്രായപരിധി കഴിഞ്ഞവരാണ്. 702 പേർക്കാണ് ഇതുവരെ നിയമന ഉത്തരവ് ലഭിച്ചത്.  ലിസ്റ്റ് നീട്ടുക എന്നതിലുപരി കഴിഞ്ഞ ലിസ്റ്റിൽ നിന്ന് പരമാവധി നിയമനം നടത്തുക എന്നതായിരുന്നു ഞങ്ങളുടെ ആവശ്യം. അടുത്ത ലാസ്റ്റ്ഗ്രേഡ് പരീക്ഷ പോലും നടന്നിട്ടില്ല. അതിനുമുമ്പ് തന്നെ ലിസ്റ്റ് റദ്ദായി. 

പിഎസ്‌സി ഉദ്യോഗാർഥികളോട് എന്താണ് പറയാനുള്ളത്?

ഒരിക്കൽ കിട്ടിയില്ലെന്ന് കരുതി ഉപേക്ഷിക്കരുത്. 30 വയസിന് ശേഷമാണ് ഞാൻ പഠിച്ച് തുടങ്ങിയത്. കഴിഞ്ഞ തവണ ലിസ്റ്റിൽപെട്ടില്ല. പക്ഷെ മനസ്സുമടുക്കാതെ തുടർന്ന് പഠിക്കുകയായിരുന്നു. ജോലി കിട്ടുന്നതുവരെ പഠിക്കുക. നിങ്ങളുടെ സമയമാകുമ്പോൾ ലഭിക്കും. ജോലികിട്ടാൻ യോഗമുള്ളതകൊണ്ടാണ് പഠിക്കാൻ തോന്നുന്നത് എന്നാണ് എനിക്ക് പറയാനുള്ളത്. 

ലയ രാജേഷ്
ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്സ് സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ സമരത്തിനിടെ കൂട്ടുകാരിയുടെ ചാരി പൊട്ടിക്കരയുന്ന ലയ രാജേഷ് (ഫയൽ ചിത്രം)

സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞവരോട്? 

ഞങ്ങളുടെ സമരം ഒരിക്കലും സർക്കാരിന് എതിരായിരുന്നില്ല. യുത്ത് കോൺഗ്രസും ബിജെപിയും ഡിവൈഎഫ്ഐയും എല്ലാം ഞങ്ങളെ ഒരുപാട് സഹായിച്ചു. രാഹുൽ ഗാന്ധി സമരപ്പന്തലിൽ എത്തി. ഗവർണറെ കാണാൻ കൊണ്ടുപോയത് ശോഭാസുരേന്ദ്രൻ ആണ്. ഡിവൈഎഫ്ഐ ആണ് സമരങ്ങൾക്ക് ഞങ്ങൾക്ക് പൂർണപിന്തുണ നൽകിയതും ലിസ്റ്റ് നീട്ടുന്നതിനുള്ള ചർച്ചയിൽ നേതൃത്വം നൽകിയതും. അതുകൊണ്ട് തന്നെ ജോലികിട്ടിയപ്പോൾ ഞാൻ പാർട്ടിഭേദമെന്യേ എല്ലാവരേയും വിളിച്ചു പറഞ്ഞു. സഹായിച്ചവരെ ഒന്നും മറക്കാൻ കഴിയില്ല. 

ലയ രാജേഷ്
ലയ രാജേഷ്

വീട്ടുകാരുടെ പിന്തുണ?

ഭർത്താവിന്റേയും മക്കളുടേയും പൂർണ പിന്തുണ ഉണ്ടായിരുന്നു. ഭർത്താവ് രാജേഷ് ഓട്ടോ ഡ്രൈവറാണ്. മക്കൾ രണ്ടുപേർ ഒമ്പതാക്ലാസിലും ഏഴാം ക്ലാസിലും പഠിക്കുന്നു. അവരെ അമ്മയെ ഏൽപിച്ചാണ് തിരുവനന്തപുരത്തേക്ക് പോയത്. കുട്ടികൾക്ക് ഓൺലൈൻ ക്ലാസൊക്കെ ഉള്ള സമയമായിരുന്നു. എല്ലാവരും ഒപ്പംനിന്നു. തിരുവനന്തപുരത്ത് മുറി എടുത്ത് താമസിച്ചായിരുന്നു ഉദ്യോഗാർഥികൾ സമരത്തിൽ പങ്കെടുത്തത്. 

Content Summary: Laya Rajesh Talks About Her Protest, Dreams And Life

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA