ADVERTISEMENT

സിനിമയിൽ കാണുന്നതു പോലെ നിറംപിടിപിച്ച അധികാരപ്രകടനവും വീരസാഹസികതകളുമല്ല സിവിൽ സർവീസെന്നാണ് ഇത്തവണ സിവിൽ സർവീസ് പരീക്ഷയിൽ 63ാം റാങ്ക് നേടിയ തിരുവനന്തപുരം സ്വദേശിനിയായ ദീന ദസ്തഗീറിന്റെ അഭിപ്രായം. സിവിൽ സർവീസ് പരീക്ഷയെക്കുറിച്ച് പുതിയ കാലത്തെ ഉദ്യോഗാർഥികൾ പുലർത്തുന്ന മാറിയ കാഴ്ചപ്പാടിന്റെ ഉദാഹരണമാണ് ഈ റാങ്ക് ജേതാവ്. സിവിൽ സർവീസിനെ ജനസേവനത്തിനുള്ള മികച്ച മാർഗമായാണു ദീന വിലയിരുത്തുന്നത്. ഐഎഫ്എസ് തിരഞ്ഞെടുക്കാനുള്ള അവസരമുണ്ടെങ്കിലും ഐഎഎസ് തന്നെ തിരഞ്ഞെടുക്കാനാണു ദീനയുടെ തീരുമാനം.

 

തിരുവനന്തപുരം പൂജപ്പുര എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വിമനിൽ നിന്നു 2016ൽ ഇലക്ട്രോണിക്‌സ് എൻജിനീയറിങ്ങിൽ ബിരുദം നേടിയ ദീനയെത്തേടി പ്ലേസ്‌മെന്‌റ് വഴി സ്വകാര്യ സ്ഥാപനത്തിൽ ജോലിയെത്തിയെങ്കിലും സിവിൽ സർവീസിനു തയാറെടുക്കാനായിരുന്നു തീരുമാനം. ആ ദൃഢനിശ്ചയമാണ് ഇപ്പോൾ പരീക്ഷാഫലത്തിന്റെ രൂപത്തിൽ പൂവണിഞ്ഞിരിക്കുന്നത്.

 

deena

2018ൽ ആദ്യം സിവിൽ സർവീസ് പരീക്ഷ എഴുതിയെങ്കിലും വിജയിക്കാനായില്ല. തുടർന്ന് 2019ലും ഇന്റർവ്യൂ ഘട്ടം വരെ പോയെങ്കിലം വിജയം സാധ്യമായില്ല. ആദ്യമൊരു നിരാശ തോന്നിയെങ്കിലും പിന്നീട് പഠനരീതിയിലെ കുഴപ്പങ്ങൾ തിരിച്ചറിഞ്ഞു പരിഹരിച്ചു വിജയം സാധ്യമാക്കിയെന്നു ദീന പറയുന്നു. മെയിൻസ് പരീക്ഷയുടെ എഴുത്ത് മെച്ചപ്പെടുത്തുകയും പേഴ്‌സണാലിറ്റി പരീക്ഷയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കി തയാറെടുക്കുകയും ചെയ്തു.

 

കൂടുതലും സ്വയംപഠനമാണു സിവിൽ സർവീസിനായി ദീന അവലംബിച്ചത്. മെയിൻസിൽ തന്റെ ഓപ്ഷനൽ വിഷയമായ ജ്യോഗ്രഫിക്കായി ഡൽഹി എജ്യുകെമിയിലെ ഷബീർ എന്ന അധ്യാപകന്റെ സഹായം തേടി. പ്രകൃതി സ്‌നേഹിയായ ദീനയ്ക്ക് നേരത്തെ തന്നെ ജ്യോഗ്രഫി ഇഷ്ടമായിരുന്നു. അതിനാൽ തന്നെ യാതൊരു സന്ദേഹവുമില്ലാതെ ഈ വിഷയം ഓപ്ഷനലായി തിരഞ്ഞെടുത്തു.

 

പഠിക്കാം ആശങ്കയില്ലാതെ

സിവിൽ സർവീസ് തയാറെടുപ്പിൽ മോക്ക്‌ടെസ്റ്റുകൾക്ക് വലിയ പ്രാധാന്യമുണ്ടെന്നു ദീന പറയുന്നു.ഓരോ പരീക്ഷകളും വിഷയങ്ങളിലുള്ള നമ്മുടെ ശക്തിയെയും ദൗർബല്യത്തെയും വെളിവാക്കിത്തരും. സിലബസിന്റെ നല്ലൊരു ശതമാനം കവർ ചെയ്ത ശേഷം മോക്ക് ടെസ്റ്റുകളിലേക്കു കടക്കുന്നതാണ് അഭികാമ്യമെന്നും ദീന പറയുന്നു. 

 

സിവിൽസർവീസ് തയാറെടുക്കുന്ന വിദ്യാർഥികളിൽ പലരും പരീക്ഷയുടെ ബൃഹത്തായ സിലബസ് കണ്ട് ഭയപ്പെടുകയും ഇവയൊക്കെ തനിക്ക് ഓർമയിൽ സൂക്ഷിക്കാൻ കഴിയുമോയെന്ന് സംശയിക്കുകയും ചെയ്യും. എന്നാൽ ഇതിൽ ഭയപ്പെടേണ്ട കാര്യമില്ലെന്നാണു ഭാവി പരീക്ഷാർഥികൾക്കായി ദീന നൽകുന്ന ഉപദേശം. പഠനത്തോടൊപ്പം തന്നെ പ്രധാനപ്പെട്ടതാണു റിവിഷനും. പഠിക്കുന്ന കാര്യങ്ങൾ റിവിഷൻ വഴി മനസ്സിൽ ഉറപ്പിക്കുന്നതും മോക്ക്‌ടെസ്റ്റുകൾ വഴി സ്വയം പരിശോധിക്കുന്നതും പരീക്ഷയിൽ ഉന്നതമായ കയ്യടക്കം വിദ്യാർഥികൾക്കു നൽകും. തിരുവനന്തപുരം ഫോർച്ച്യൂൺ ഐഎഎസ്സിലെ ഗൈഡൻസും ഉപകാരപ്പെട്ടതായി ദീന പറയുന്നു.

 

 

പഠനം കഴിഞ്ഞാൽ ദീനയുടെ ഏറ്റവും ഇഷ്ടമുള്ള ഹോബി സംഗീതം ആസ്വദിക്കലാണ്. സോഷ്യൽ മീഡിയയും പഠനത്തിൽ സഹായിച്ചെന്നു ദീന പറയുന്നു. ട്വിറ്ററാണ് ദീന ഏറ്റവും കൂടുതൽ സമയം ചെലവഴിച്ച സമൂഹമാധ്യമം. ട്വിറ്ററിൽ നിന്നു കറന്റ് അഫയേഴ്‌സ് ഉൾപ്പെടെ കാര്യങ്ങൾ പഠിക്കാനായെന്നും ദീന പറയുന്നു. 

 

ദമാമിലെ സ്വപ്നം

തിരുവനന്തപുരം സ്വദേശികളായ മുഹമ്മദ് അബ്ദുൽ ഖാദർ ദസ്തഗീറിന്റെയും ശർമിള ദസ്തഗീറിന്റെയും മകളാണു ദീന. ഏക സഹോദരൻ ഫഹീം കൊല്ലം ടികെഎം എൻജിനീയറിങ് കോളജിലെ ബിരുദപഠനത്തിനു ശേഷം വിദേശത്തേക്ക് ഉപരിപഠനത്തിനായി പോകാനൊരുങ്ങുകയാണ്.

 

സൗദിയിലെ കിങ് ഫഹദ് സർവകലാശാലയിലെ റിസർച് സയന്റിസ്റ്റാണു ദീനയുടെ പിതാവായ മുഹമ്മദ് അബ്ദുൽ ഖാദർ ദസ്തഗീർ. ജീവിതത്തിന്റെ 17 വർഷങ്ങൾ ദീന ചെലവിട്ടത് സൗദിയിലാണ്. ഇവിടത്തെ ദമാം ഇന്ത്യൻ സ്‌കൂളിൽ നിന്നായിരുന്നു വിദ്യാഭ്യാസം. 

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പഠിക്കുന്നിടമാണ് ദമാം ഇന്ത്യൻ സ്‌കൂൾ. ഒരു മിനി ഇന്ത്യ എന്നു ദീന തന്നെ പറയുന്നു. ഈ സ്‌കൂളിലെ പാൻ ഇന്ത്യൻ പഠനാന്തരീക്ഷം ഇന്ത്യയെക്കുറിച്ചുള്ള ഒരു ചിത്രം ദീനയ്ക്കു നൽകി. പ്രവാസിയായി ജീവിക്കുമ്പോഴും ഇന്ത്യയിലേക്കു മടങ്ങാനും ഇന്ത്യക്കാർകകിടയിൽ ജോലി ചെയ്യാനുമായിരുന്നു ദീനയ്ക്കു താൽപര്യം. സിവിൽ സർവീസ് ഇതിനുള്ള മികച്ച ഒരവസരമായി ഈ യുവ പരീക്ഷാർഥി കരുതുന്നു. കഴിഞ്ഞ വർഷം സർവീസിൽ കയറണമെന്നായിരുന്നു ആഗ്രഹം. അങ്ങനെയായിരുന്നെങ്കിൽ കോവിഡ് സമയത്ത് ജനങ്ങൾക്ക് സഹായം നൽകാൻ കഴിഞ്ഞേനെയെന്ന് ദീന പറയുന്നു. നിലവിൽ പരിശീലനം തുടങ്ങിയിട്ടില്ല. ഏതു കേഡറിലായാലും ജോലി ചെയ്യാൻ തനിക്കു താൽപര്യം തന്നെയെന്നു ദീന പറയുന്നു.

English Summary: Civil Service Success Story Of Dheenah Dastageer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com