സെറിബ്രൽ പാൾസിയെ തോൽപിച്ച് ആര്യയ്ക്കു വീണ്ടും ജയം

HIGHLIGHTS
  • ആരുടെയൊക്കെയോ ചികിത്സാ പിഴവാണ് ആര്യയെ സെറിബ്രൽ പാൾസി‌ക്കിരയാക്കിയത്
SHARE

ആര്യ രാജ് വീണ്ടും വീണ്ടും തോൽപിക്കുകയാണ്, തന്റെ ജീവിതത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുത്തിയ സെറിബ്രൽ പാൾസിയെ. പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ്, പ്ലസ് ടുവിനു മുഴുവൻ മാർക്ക്, ഇപ്പോഴിതാ ഐസർ എൻട്രൻസ് പരീക്ഷയിൽ പഴ്സൻ വിത് ഡിസബിലിറ്റി (പി‍ഡബ്ല്യുഡി) വിഭാഗത്തിൽ 5–ാം റാങ്ക്. ജൈഇഇയിൽ പിഡബ്ല്യുഡി വിഭാഗത്തിൽ 44–ാം റാങ്കും നേടിയിരുന്നു ആര്യ.

സെറിബ്രൽ പാൾസി

ജനിക്കുമ്പോൾ യാതൊരു പ്രശ്നവുമില്ലായിരുന്നു ആര്യയ്ക്ക്. ഏതാനും ദിവസങ്ങൾക്കകം മഞ്ഞപ്പിത്തം പിടിപെട്ടു. മഞ്ഞപ്പിത്തം ചികിത്സിച്ചു ഭേദമാകാതെ വന്നപ്പോൾ ആശുപത്രി മാറ്റി. അപ്പോഴാണു ബില്ലിറുബിന്റെ അളവു വലിയ തോതിൽ കുറഞ്ഞുവെന്നും മതിയായ ചികിത്സ ലഭിച്ചില്ലെന്നും അച്ഛൻ രാജീവിനും അമ്മ പുഷ്പജയ്ക്കും മനസ്സിലാകുന്നത്. ആരുടെയൊക്കെയോ ചികിത്സാ പിഴവാണ് ആര്യയെ സെറിബ്രൽ പാൾസി‌ക്കിരയാക്കിയത്. ശരീരത്തിന്റെ നിയന്ത്രണം നമ്മുടെ കയ്യിലല്ലാതാകുന്ന അവസ്ഥയിലാണ് ആര്യ. മികച്ച ചികിത്സ ലഭിച്ചാല്‍ സ്ഥിതി മെച്ചപ്പെടുമെന്ന് അമ്മ പുഷ്പജ പറയുന്നു.

arya-raj-02

തളരാതെ മകൾക്കു വേണ്ടി എന്തു സഹായവും ചെയ്യാൻ മാതാപിതാക്കൾ തീരുമാനിച്ചതോടെയാണ് സെറിബ്രൽ പാൾസി തോറ്റുതുടങ്ങിയത്. നടക്കണമെങ്കിൽ ആര്യയ്ക്കു രണ്ടു പേരുടെ സഹായം ആവശ്യമാണ്. രാവിലെ സ്കൂളിൽ കൊണ്ടാക്കുന്നതും വൈകിട്ടു തിരികെ കൊണ്ടുവരുന്നതും രാ‌ജീവും പുഷ്പജയും ചേർന്നാണ്. ഇരുചക്ര വാഹനം മാത്രമെത്തുന്ന വീട്ടിൽ നിന്നു മാതാപിതാക്കളുടെ ഇടയിലായി ബൈക്കിൽ ഇരുത്തിയാണു സ്കൂളിൽ കൊണ്ടുപോകുന്നതും തിരികെ കൊണ്ടുവരുന്നതും. റോഡിൽ നിന്നു 40 മീറ്ററോളം 3 അടി വീതിയുള്ള നടപ്പാത ആയതിനാൽ ഓട്ടോ വിളിച്ചാൽ പോലും രണ്ടു പേരുടെ സഹായം ആവശ്യമാണ്. രണ്ടു പേർക്കു നടക്കാന്‍ കഴിയാത്ത വഴിയിലൂടെ വേണം ആര്യയുമായി പോകാൻ. ഓട്ടോ പോകുന്ന ഒരു റോഡിനായി രാജീവും സമീപത്തെ 4 വീട്ടുകാരും കാത്തിരിക്കാൻ തുടങ്ങിയിട്ടു വർഷങ്ങളായി.

നടക്കാവ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലാണു പത്തു വരെ പഠിച്ചത്. അധ്യാപകരും വിദ്യാർഥികളും സഹായിച്ചതിനാല്‍ ആര്യയുടെ വിദ്യാഭ്യാസം പ്രശ്നമില്ലാതെ തുടർന്നു. പത്തിലും പ്ലസ് ടുവിലും മുഴുവന്‍ മാർക്കും നേടിയാണു വിജയിച്ചത്. മറ്റൊരു വിദ്യാര്‍ഥിയുടെ സഹായത്തോടെയാണ് പരീക്ഷ എഴുതിയത്. മറ്റു മത്സര പരീക്ഷകളിലും ക്വിസ് പരിപാടികളിലും മികച്ച നേട്ടവും ആര്യ സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ ചികിത്സയോ, വഴിയോ ഇതുവരെ ആരും വാഗ്ദാനം പോലും ചെയ്തിട്ടില്ല.

സ്ക്രൈബ്

പത്ത്, പ്ലസ്ടു ഉൾപ്പെടെ എല്ലാ പരീക്ഷകളും സ്ക്രൈബിന്റെ സഹായത്തോടെയാണ് ആര്യ എഴുതിയത്. ശാരീരിക ബുദ്ധിമുട്ടുകൾ കാരണം പരീക്ഷ എഴുതാൻ കഴിയാത്തവർക്കായി കേട്ടെഴുത്തുകാരനെ ഏർപ്പെടുത്തുന്നതിനാണു സ്ക്രൈബ് എന്നു പറയുന്നത്. ഐസറിന്റെ ഹാൾടിക്കറ്റ് വന്നപ്പോഴാണ് അതിൽ സ്ക്രൈബിനെക്കുറിച്ചു പരാമർശിച്ചിട്ടില്ല എന്നു കണ്ടത്. തുടർന്നു ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി വഴി ഐസർ അധികൃതരുമായി ബന്ധപ്പെട്ടു. തുടർന്നാണു സ്ക്രൈബിനെയും അധിക സമയവും അനുവദിച്ചുകൊണ്ടുള്ള അനുമതി ലഭിച്ചത്. ആര്യയ്ക്കു മാത്രമായുള്ള തീരുമാനമായല്ല ഐസർ അധികൃതർ ഇതിനെ കാണുന്നത്. ശാരീരിക പരിമിതികൾ കാരണം പരീക്ഷയെഴുതാൻ കഴിയാത്ത ആർക്കും സ്ക്രൈബിനെ ഉപയോഗിക്കാൻ അനുവദിക്കും. അതിനുള്ള തുടക്കം ആര്യയിൽ നിന്നാണെന്നു മാത്രം.

arya-raj-03

വിഡിയോ കോളിലൂടെയും മറ്റുമാണ് ആര്യയുടെ ശാരീരികാവസ്ഥയും ബുദ്ധിയും അധികൃതർ മനസ്സിലാക്കിയത്. തുടർന്ന് അനുമതി നൽകുകയായിരുന്നു. യാതൊരു എതിർപ്പും കൂടാതെ മകളുടെ പരിമിതികളെ പഠിക്കുകയും അനുമതി നൽകുകയുമാണ് ഐസർ അധികൃതർ ചെയ്തതെന്ന് രാജീവ് പറഞ്ഞു. സാധാരണ ഒരാൾ 1 മിനിറ്റു സംസാരിക്കുന്ന കാര്യം ആര്യയ്ക്കു സംസാരിക്കാൻ 3 മിനിറ്റിലധികം വേണമെന്നതിനാലാണു അധിക സമയം അനുവദിച്ചത്.

ആഗ്രഹം ആസ്ട്രോ ബയോളജി

എൻട്രൻസ് മികച്ച റാങ്കോടെ വിജയിച്ചതിനാൽ ഐസറിൽ ചേരാനാണ് ആര്യയുടെ തീരുമാനം. തിരുവനന്തപുരം ഐസറിൽ ചേരും. പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥ ആയ അമ്മയ്ക്കു മകളുടെ പഠനം കേരളത്തിനു പുറത്താണെങ്കിൽ ഒപ്പം നിൽക്കാൻ കഴിയാത്തതിനാലാണ് തിരുവനന്തപുരം തിരഞ്ഞെടുത്തത്. വസ്ത്രം തനിയെ മാറാൻ പോലും കഴിയാത്ത ആര്യയ്ക്ക് ഒറ്റയ്ക്കു ജീവിക്കാനും കഴിയില്ല.

ഇന്ത്യയിൽ ഇതുവരെ കാര്യമായി ഗവേഷണങ്ങൾ നടക്കാത്ത ആസ്ടോബയോളജി എന്ന വിഷയത്തി‍ൽ കൂടുതൽ പഠിക്കാനാണ് ആര്യയ്ക്കു താൽപര്യം. അന്യഗ്രഹ ജീവന്റെ സാന്നിധ്യമാണ് ആസ്ട്രോ ബയോളജിയിൽ ഗവേഷണം നടക്കുന്ന മേഖല. മികച്ച ചികിത്സയും സൗകര്യങ്ങളും ലഭിച്ചാൽ സ്റ്റീഫൻ ഹോക്കിങ്ങിനെ പോലെ നാളെ ആര്യയെയും ലോകമറിഞ്ഞേക്കാം. ലോകോത്തര ഗവേഷകരുടെ പുസ്കകങ്ങൾ വായിച്ചാണു ആസ്ട്രോളജിയെപ്പറ്റി ആര്യ പഠിക്കുന്നത്. തിരുവനന്തപുരം ഐസറിൽ ചേരാനാണ് ആര്യയ്ക്കും കുടുംബത്തിനും ഇഷ്ടം. സ്റ്റീഫൻ ഹോക്കിങ്ങിന്റെ പുസ്തകം വായിക്കുകയാണ് ആര്യ. കടുപ്പമേറിയ സിദ്ധാന്തങ്ങളാണെങ്കിലും താൽപര്യം അതിനെ അതിജീവിക്കുന്നു. പെട്ടെന്നു പഠനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിക്കുന്നതിനോട് ആര്യയ്ക്കു താൽപര്യമില്ല. കൂടുതൽ പഠിക്കാനും അറിവു നേടാനുമാണ് ആഗ്രഹം. നാളെ ലോകം അറിയപ്പെടുന്ന ആസ്ട്രോ ബയോളജിസ്റ്റാകാം ഇന്നു പരിമിതികളോടു പൊരുതുന്നത്.

arya-raj-04

ചികിത്സ

ചികിത്സയുടെ കാര്യം ചോദിക്കുമ്പോൾ നിരാശയാണു മാതാപിതാക്കളുടെ കണ്ണുകളിൽ കാണുന്നത്. മതിയായ ചികിത്സ ലഭിക്കാതെ വന്നതു കാരണമാണ് സെറിബ്രൽ പാൾസി ഉണ്ടായതു തന്നെ. വിദഗ്ധ ചികിത്സയ്ക്കായി പല ആശുപത്രികളെ സമീപിച്ചിട്ടുണ്ട്. കോവിഡ് കാരണം ഫിസിയോ തെറപ്പിയുള്‍പ്പെടെ മുടങ്ങിയിരിക്കുകയാണ്. പല മികച്ച സ്ഥാപനങ്ങളിലും ചെല്ലുമ്പോൾ വളരെ കുറച്ചു ദിവസത്തെ ചികിത്സയ്ക്കു ശേഷം പറഞ്ഞുവിടുകയാണെന്ന് രാജീവ് പറഞ്ഞു. തൃശൂരിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആന്‍ഡ് റീഹാബിലിറ്റേഷനില്‍ നിന്നാണ് ഏറ്റവും മോശം അനുഭവം ഉണ്ടായതെന്നു രാജീവ് ഓർക്കുന്നു. പുരുഷന്മാർ മാത്രമുള്ള വാർ‍ഡിൽ അറ്റാച്ച്ഡ് ബാത്റൂം പോലുമില്ലാത്ത മുറിക്ക് 39,000 രൂപ വാടക നൽകി നിന്നാൽ ചികിത്സിക്കാം എന്ന തരത്തിലാണ് അധികൃതർ സംസാരിച്ചത്. അടുത്ത് വാടക വീട്ടിൽ താമസിച്ചു ചികിത്സിക്കാം എന്നു പറഞ്ഞെങ്കിലും സമയമുണ്ടെങ്കിൽ ഫിസിയോ ചെയ്യാം എന്നായിരുന്നു മറുപടി.

എപ്പോഴും ആരെങ്കിലും ഒരാൾ മകൾക്കൊപ്പം വീട്ടിലുണ്ടാകണം. അതിനാൽ മിക്ക ദിവസവും മകള്‍ക്കു കൂട്ടിരിക്കുകയാണ് ഇന്റീരിയർ ഡിസൈനറായ രാജീവ്. പുഷ്പജയ്ക്ക് ഒഴിവുള്ള ദിവസങ്ങളിൽ മാത്രമാണു രാജീവ് ജോലിക്കു പോകുന്നത്. ഓരോ നേട്ടവും ആര്യയ്ക്കു പ്രചോദനമാണ്. അതിലാണ് ഈ പെൺകുട്ടി സന്തോഷം കണ്ടെത്തുന്നത്. നാളത്തെ ശാസ്ത്ര പ്രതിഭ പക്ഷേ ഇപ്പോൾ ആവശ്യപ്പെടുന്നത് ചികിത്സയാണ്. 3 മാസമെങ്കിലും അടുപ്പിച്ചു ഫിസിയോതെറപ്പി ചെയ്താൽ നല്ല മാറ്റമുണ്ടാകുമെന്നും കോളജിൽ പോകാൻ സഹായിക്കുമെന്നും അമ്മ പറയുന്നു. സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യാനുള്ള ശേഷിയിലേക്ക് മകളെ ഭേദപ്പെടുത്തുകയാണു രാജീവിന്റെയും ലക്ഷ്യം.

Content Summary: Success Story of Arya Raj

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS