പെരുമാറ്റത്തെ സ്വാധീനിക്കുന്ന സോഷ്യൽ മെമ്മറി, ഓർമകൾക്കു പിന്നിലെ ശാസ്ത്ര രഹസ്യം വെളിപ്പെടുത്തി ഗവേഷക...

HIGHLIGHTS
  • ന്യൂറോൺസിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാനേറെയിഷ്ടം
  • സോഷ്യൽ മെമ്മറി പെരുമാറ്റത്തെ നിയന്ത്രിക്കുന്നു
amrutha-binoyi
അമൃത ബിനോയ് (ഇടത്), മസ്തി‌ഷ്കത്തിന്റെ സ്‌കാനിങ് ചിത്രം Photo Credit: Shutterstock)
SHARE

അൽസ്‌ഹൈമേഴ്സ്, മറവിരോഗങ്ങൾ, പെരുമാറ്റ വൈകല്യം ഇവയുടെയൊക്കെ ചികിത്സയ്ക്കു വഴികാട്ടുന്ന കണ്ടുപിടിത്തവുമായി അമൃത ബിനോയിയെന്ന മലയാളി പെൺകുട്ടിയും സംഘവും അങ്ങ് സിംഗപ്പൂരിൽ വിജയത്തിന്റെ വെന്നിക്കൊടി നാട്ടിയിരിക്കുന്നു. സാമൂഹിക പെരുമാറ്റങ്ങളും അനുഭവങ്ങളും ഓർമകളായി രേഖപ്പെടുത്തി സമൂഹവുമായുള്ള ഇടപെടൽ നിയന്ത്രിക്കുന്ന മസ്തിഷ്ക–രാസസംവേദന സംവിധാനത്തിന്റെ കണ്ടെത്തലാണ് അമൃത ബിനോയിയും സംഘവും നടത്തിയിരിക്കുന്നത്.എന്താണ് തന്റെ കണ്ടുപിടിത്തമെന്നും അതിന്റെ പ്രത്യേകതയെന്തെന്നും അമൃത പറയുന്നു... 

ഹിപ്പോകാംപൽ സിഎ2വുമായി ബന്ധപ്പെട്ട് അമൃത ബിനോയ് ഉൾപ്പെടെയുള്ള സംഘത്തിന്റെ കണ്ടെത്തൽ ലളിതമായി എങ്ങനെ പറയാം? 

സിഎ 2 മസ്തിഷ്ക മേഖലയിലെ ഓർമരൂപീകരണ ത്തിന് ‘അസെറ്റൈൽക്കോളിൻ’ എന്ന ന്യൂറോട്രാൻസ്മിറ്ററിന്റെ സഹായത്തോടെ യുള്ള ഒരു നൂതന വിവര വിശകലന സംവിധാനമാണ് ഞങ്ങളുടെ പഠനം വിവരിക്കുന്നത്. മാറുന്ന ബാഹ്യപരിസ്ഥിതികളോടും പെരുമാറ്റ രീതികളോടും പ്രതികരിച്ച് നമ്മുടെ തലച്ചോറിന്റെ നാഡീകോശങ്ങൾ പുറപ്പെടുവിക്കുന്ന രാസപദാർഥങ്ങളാണ് ന്യൂറോട്രാൻസ്മിറ്ററുകൾ. ഓർമകളെയും പെരുമാറ്റത്തെയും രൂപപ്പെടുത്തുന്ന ന്യൂറോണുകളുടെ പ്രതികരണങ്ങളെ നിയന്ത്രിക്കുന്നതിൽ ന്യൂറോട്രാൻസ്മിറ്ററുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഗവേഷണ വിഷയമായ തലച്ചോറിലെ ‘സിഎ ടു’ എന്ന ഭാഗം ഓർമരൂപീകരണത്തിനു നിർണായകമായ മസ്തിഷ്ക ഭാഗമാണ്. തലച്ചോറിനുള്ളിലെ ഈ ചെറിയ മേഖല എങ്ങനെ ഓർമകൾ രൂപപ്പെടുത്തുന്നു എന്നതു സംബന്ധിച്ചായിരുന്നു ഞങ്ങളുടെ പഠനം. 

ഈ മേഖലയിലെ വിസ്മയകരമായ ഒരു കാര്യം, ഈ മേഖലയിലെ ന്യൂറോണുകൾ മറ്റ് മസ്തിഷ്ക മേഖലകളെ അപേക്ഷിച്ച് ഓർമരൂപീകരണത്തിന്റെ ബഹുമുഖ സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്നു എന്നതാണ്. പ്രത്യേകിച്ചും ‘സിനാപ്റ്റിക് പ്ലാസ്റ്റിസിറ്റി’ എന്നു വിളിക്കപ്പെടുന്ന പ്രതിഭാസം സിഎ 2 ന്യൂറോണുകളിൽ മറ്റു മേഖലകളെ അപേക്ഷിച്ചു സാധാരണഗതിയിൽ കുറവായി കാണപ്പെടുന്നു. ന്യൂറോ ട്രാൻസ്മിറ്ററുകൾ വഴി ഒരു നാഡീകോശത്തിൽ നിന്നു മറ്റൊന്നിലേക്കു വൈദ്യുത സംവേദനങ്ങൾ കൈമാറുന്ന ജംക്‌ഷനുകളാണ് സിനാപ്സുകൾ. ഉത്തേജനങ്ങ ളോടുള്ള പ്രതികരണമായി ന്യൂറോണുകൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുകയോ ദുർബലപ്പെടുകയോ ചെയ്യുകയും അതുവഴി ഓർമകൾ സൃഷ്ടിക്കാനുള്ള കഴിവ് നൽകുകയും ചെയ്യുന്ന പ്രതിഭാസമാണ് ‘സിനാപ്റ്റിക് പ്ലാസ്റ്റിസിറ്റി’. 

അസെറ്റൈൽക്കോളിൻ എന്ന രാസവസ്തുവിനെ ബന്ധിപ്പിക്കുന്ന റിസപ്റ്ററുകളുടെ ഉത്തേജനം സിഎ2 ന്യൂറോണുകളുടെ സിനാപ്റ്റിക് പ്രതികരണങ്ങൾ കുറയുന്നതിനു കാരണമായി ഞങ്ങൾ കണ്ടെത്തി. എന്നാൽ ഇതുതന്നെ പിന്നീട് ന്യൂറോണുകളുടെ ഓർമരൂപീകരണത്തിനു സമാനമായ ഉയർന്ന സിനാപ്റ്റിക് പ്രതികരണത്തിനു വഴിതെളിക്കുന്നതും കണ്ടു. ന്യൂറോണുകളുടെ പ്രവർത്തനത്തിന്റെ മുൻകാല ചരിത്രത്തെ അടിസ്ഥാനമാക്കിയുള്ള സിനാപ്റ്റിക് വിവരവിശകലന നിയമങ്ങളുടെ ഇത്തരം പരിഷ്കരണങ്ങളെ  ‘മെറ്റാപ്ലാസ്റ്റിസിറ്റി’ എന്നു വിളിക്കുന്നു. ഈ കണ്ടെത്തലുകൾ സിഎ 2 മേഖലയിലെ ഓർമരൂപീകരണം നിയന്ത്രിക്കുന്ന അടിസ്ഥാന പ്രക്രിയയെക്കുറിച്ചുള്ള അറിവ് വർധിപ്പിക്കുന്നു. 

തലച്ചോറിലെ ഹിപ്പോകംപസിലേക്കു അസെറ്റൈൽക്കോളിൻ കൂടുതലായി പ്രവഹിക്കുന്നത് ഉണർന്നിരിക്കുമ്പോഴും ഉറങ്ങുമ്പോഴുമുള്ള പ്രത്യേക പെരുമാറ്റ അവസ്ഥകളോടുള്ള പ്രതികരണമായിട്ടാണ്. ഇത് ഹിപ്പോകാംപസിലെ ഉപമേഖലയായ സിഎ2 ന്യൂറോണുകളിൽ പ്ലാസ്റ്റിസിറ്റി ഉളവാക്കാനും അതുവഴി വിവിധ സാമൂഹിക ചുറ്റുപാടുകളിൽ വിഹരിക്കുമ്പോൾ നാം നേടുന്ന ഓർമകൾ രൂപീകരിക്കുന്നതിനും കാരണമായേക്കാം.  

ഈ ഭാഗം ഇത്രനാളും തിരിച്ചറിയപ്പെടാതെ പോയതെന്താണ്?

സിഎ 2 മേഖല ഹിപ്പോകാംപസിലെ മറ്റു മേഖലകളെ അപേക്ഷിച്ചു വളരെ ചെറുതാണ്. അതുകൊണ്ടു തന്നെ, ഈ മേഖലയിലെ ന്യൂറോണുകൾക്ക് ഓർമരൂപീകരണത്തിൽ കാര്യമായ പങ്കുണ്ടെന്നു ഗവേഷകർ കരുതിയിരുന്നില്ല. ഹിപ്പോകാംപസിലെ സിഎ1, സിഎ3 മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു കൂടുതൽ ഗവേഷണങ്ങൾ നടന്നിരുന്നത്. എന്നാൽ 2000 മുതൽ സിഎ2 മേഖല കേന്ദ്രീകരിച്ചുള്ള പഠനങ്ങൾ ശ്രദ്ധയാകർഷിച്ചു തുടങ്ങി. ഇതിനു പ്രധാന കാരണം സിഎ2 ന്യൂറോണുകൾ സോഷ്യൽ മെമ്മറി രേഖപ്പെടുത്തുന്നു എന്ന കണ്ടുപിടിത്തമാണ്. കൂടാതെ സിഎ2 ന്യൂറോണുകൾ സിഎ1, സിഎ3 എന്നീ ഉപമേഖലകളെ അപേക്ഷിച്ചു വ്യത്യസ്തമായ ജീനുകളും പ്രോട്ടീനുകളും എക്സ്പ്രസ് ചെയ്യുന്നതായും കാണപ്പെട്ടു. 

ഇതേ തുടർന്ന് ശാസ്ത്രലോകം സിഎ 2 ന്യൂറോണുകളുടെ പ്രവർത്തനങ്ങളിലെ പ്രത്യേകതയും സ്കിസോഫ്രേനിയ തുടങ്ങിയ രോഗാവസ്ഥകളിൽ സിഐ2 ന്യൂറോണുകളിൽ ഉണ്ടാകുന്ന തകരാറുകളെക്കുറിച്ചും കൂടുതൽ പഠനം തുടങ്ങി. ഇത്തരം ഗവേഷണങ്ങൾ ലോകത്തിന്റെ പലഭാഗത്തും ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. സിഎ2 ന്യൂറോണുകൾ സോഷ്യൽ മെമ്മറിക്ക് അത്യന്താപേക്ഷിതമാണെങ്കിൽ സിഎ1, സിഎ3 ന്യൂറോണുകൾ സ്പെഷൽ മെമ്മറി, എപ്പിസോഡിക് മെമ്മറി, ഡിക്ലറേറ്റീവ് മെമ്മറി എന്നിവയ്ക്ക് കൂടുതൽ ആവശ്യമാണ്. 

Memories

ഉദാഹരണത്തിന് നമ്മൾ സഞ്ചരിച്ച വഴികളെക്കുറിച്ചുള്ള ഓർമകൾ, നമ്മൾ പഠിച്ച വസ്തുതളെയും വിവരങ്ങളെയും കുറിച്ചുള്ള ഓർമകൾ, നമ്മുടെ ജീവിതത്തിൽ നടന്ന സംഭവങ്ങൾ അവ എപ്പോഴാണ് നടന്നത് എന്നതു സംബന്ധിച്ച ഓർമകൾ തുടങ്ങിയവ രേഖപ്പെടുത്തുന്നതിൽ സിഎ1, സിഎ3 ന്യൂറോണുകൾ പ്രധാന പങ്ക് വഹിക്കുന്നു. എന്നാൽ അദ്ഭുതകരമായ കാര്യം ഹിപ്പോകാംപസിലെ ഒട്ടുമിക്ക മേഖലകളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു എന്നതാണ്. അതുകൊണ്ടു തന്നെ സിഎ1 ന്യൂറോണുകളുടെ പ്രവർത്തത്തിന് സിഎ3, സിഎ2 ന്യൂറോണുകളുടെ സംവേദനം ആവശ്യമാണ്.  

ഓർമകൾ എങ്ങനെയാണ് ഉണ്ടാകുന്നത്?

തലച്ചോറിലെ വിവിധ ഭാഗങ്ങൾ, ഉദാഹരണത്തിന് ഹിപ്പോകാംപസ്, നിയോകോർടെക്സ്, അമിഗഡ്ല, സെറിബെല്ലം, ബേസൽ ഗാംഗ്ലിയ, പ്രീഫോണ്ടൽ കോർടെക്സ് തുടങ്ങിയ ഭാഗങ്ങളിലെ നാഡീകോശങ്ങൾ വൈവിധ്യമാർന്ന ഓർമകളെ രേഖപ്പെടുത്തുന്നു. നാം നിത്യജീവിതത്തിൽ കാണുകയും കേൾക്കുകയും അനുഭവിക്കുകയും ചെയ്യുന്ന കാര്യങ്ങൾ നമ്മുടെ ശരീരത്തിലെ നാഡീകോശങ്ങളെ ഉത്തേജിപ്പിക്കുന്നു. പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന നാഡീകോശങ്ങൾ തമ്മിലുള്ള വൈദ്യുത സംവേദനം വഴി ഈ സിഗ്നലുകൾ മസ്തിഷ്കത്തിലെ നാഡീകോശങ്ങളിൽ എത്തുകയും വിവിധതരം ഉത്തേജകങ്ങൾ പലതരം ഓർമകളായി പലതരം നാഡീകോശങ്ങളിൽ രേഖപ്പെടുകയും ചെയ്യുന്നു. 

ഇതേ കാര്യങ്ങൾ നാം വീണ്ടും അനുഭവിക്കുമ്പോൾ ആ ഓർമകൾ രേഖപ്പെടുത്തിയ അതേ നീഡാകോശങ്ങൾ വീണ്ടും ഉത്തേജിക്കപ്പെടുകയും അതു വഴി അതേകാര്യം വീണ്ടും ഓർത്തെടുക്കാൻ നമുക്ക് സാധിക്കുകയും ചെയ്യുന്നു. ഓർമകൾ വീണ്ടും വീണ്ടും പുതുക്കുമ്പോൾ ‘സിനാപ്റ്റിക് പ്ലാസ്റ്റിസിറ്റി’ വഴി നാഡീകോശങ്ങൾ തമ്മിൽ  വീണ്ടും ഉത്തേജിക്കപ്പെടാനുള്ള സാധ്യത വർധിക്കുകയും ചെയ്യുന്നു. ഇതുവഴി ഓർമ ശക്തിപ്പെടുന്നു. 

സോഷ്യൽ മെമ്മറി എന്നാൽ എന്ത്? മറ്റ് ഓർമകളിൽ നിന്ന് അതെങ്ങനെ വ്യത്യാസപ്പെടുന്നു? 

ഒരാളെ നാം ആദ്യം പരിചയപ്പെടുമ്പോൾ അവരെപ്പറ്റിയുള്ള ഓർമ നമ്മുടെ തലച്ചോറിലെ ചില നാഡീകോശങ്ങളിൽ രേഖപ്പെടുത്തുന്നു. ആ വ്യക്തിയെ നാം വീണ്ടും കണ്ടുമുട്ടുമ്പോൾ ആ വ്യക്തി അപരിചിതനായിരിക്കില്ല. കാരണം ആ വ്യക്തിയെക്കുറിച്ചുള്ള ഓർമകൾ രേഖപ്പെടുത്തിയ അതേ നാഡീകോശങ്ങൾ വീണ്ടും ആക്റ്റിവ് ആകുന്നു. ഇങ്ങനെ വിവിധതരം സാമൂഹിക ചുറ്റുപാടുകളിൽ വിഹരിക്കുമ്പോൾ നാം നേടുന്ന ഓർമകളെ സോഷ്യൽ മെമ്മറി എന്നു വിളിക്കുന്നു. 

ഇത്തരം ഓർമകൾ നാം പോയ സ്ഥലങ്ങളെക്കുറിച്ചുള്ള ഓർമകളെയോ നാം പഠിച്ച വസ്തുതകളെക്കുറിച്ചുള്ള ഓർമകളിൽ നിന്നോ വ്യത്യസ്തമാണ്. സാമൂഹിക ഇടപെടലിലൂടെയാണു സോഷ്യൽ മെമ്മറി ഉണ്ടാകുന്നത്. ഒരു വ്യക്തിയെക്കുറിച്ചുള്ള നമ്മുടെ ഓർമ അവരെക്കുറിച്ചുള്ള ധാരണ രൂപീകരിക്കുന്നതിനും അവരോട് എങ്ങനെ പെരുമാറണം എന്നതിനെയും സ്വാധീനിക്കുന്നു. അതുകൊണ്ടു തന്നെ സോഷ്യൽ മെമ്മറി നമ്മുടെ പെരുമാറ്റത്തെയും നിയന്ത്രിക്കുന്നു. 

നാട്ടിൽ എവിടെയാണ് പഠിച്ചത്. എങ്ങനെയാണ് ഇങ്ങനെയൊരു ഗവേഷണത്തിലേക്ക് തിരിഞ്ഞത്?

നാട്ടിൽ സ്കൂൾ കാലയളവെല്ലാം കളമശ്ശേരിയിലെ രാജഗിരി പബ്ലിക് സ്‌കൂളിലായിരുന്നു. തുടർന്ന് കൽക്കത്ത സർവകലാശാലയിലെ സെന്റ് സേവിയേഴ്‌സ് കോളേജിൽ അഞ്ചു വർഷത്തെ ഇന്റഗ്രേറ്റഡ് എം എസ് സി ബയോടെക്നോളജി പഠനം. സെന്റ് സേവിയേഴ്സിലെ പഠനമാണ്  എനിക്കു ഗവേഷണപഠനത്തിന് പോകാൻ   കൂടുതൽ ദിശാബോധം നൽകിയത്. ജീവശാസ്ത്ര ഗവേഷണവുമായി ബന്ധപെട്ടു വിവിധ വിഷയങ്ങൾ പാഠ്യഭാഗങ്ങളായി ഉണ്ടായിരുന്നെങ്കിലും മസ്തിഷ്ക കോശങ്ങളായ ന്യൂറോൻസിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച വിഷയങ്ങളാണ് എനിക്കു കൂടുതൽ ഇഷ്ടമുണ്ടായിരുന്നത്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനും ഈ മേഖലയിൽ എങ്ങനെയാണ് ഗവേഷണം നടക്കുന്നത് എന്നു മനസിലാക്കുവാനും കോളേജ് അവധിക്കാലങ്ങളിൽ ഞാൻ വിവിധ റിസർച്ച് ഇൻസ്റ്റിട്യൂട്ടുകളിൽ ഇന്റേൺഷിപ് ചെയ്തിട്ടുണ്ട്. 

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ ഡോ. ആർ വി ഓംകുമാറാണ് എനിക്ക് ഒരു അവധികാലം തന്റെ ലാബിൽ ഇന്റേൺഷിപ് ചെയ്യാൻ അവസരം തന്നത്. ഈ ഇന്റേൺഷിപ് എന്നെ ന്യൂറോസയൻസ് ഗവേഷണം സീരിയസായി കൊണ്ടുപോകാൻ പ്രചോദനം നൽകി. ഈ ലക്ഷ്യത്തിലെത്താൻ ഞാൻ തുടർന്നു പരിശ്രമിച്ചു. ഇതിനിടയിൽ കണ്ടുമുട്ടിയ കൊച്ചിൻ സർവകലാശാലയിലെ പ്രൊഫസർ ഡോ എസ് പ്രതാപൻ, ഐസിഎആറിലെ ഡോ. പി. ടി  ലക്ഷ്മണൻ, കൊച്ചിൻ സർവകലാശാലയിലെ ബയോടെക്നോളജി വിഭാഗം മേധാവിയായിരുന്ന പരേതനായ ഡോ. സി. എസ് പൗലോസ് എന്നിവർ പ്രചോദനമായിട്ടുണ്ട്.

എംഎസ്‌സി പഠനത്തിന്റെ ഭാഗമായ ഫൈനൽ പ്രൊജക്റ്റ് ചെയ്യാൻ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസേർച്ചിന്റെ ജീവശാസ്ത്ര ഗവേഷണവുമായി ബന്ധപ്പെട്ട ബാംഗ്ലൂരിലെ നാഷനൽ സെന്റർ ഫോർ ബയോളോജിക്കൽ സയൻസിലെ പ്രൊഫസർ ഗെയ്‌തി ഹസ്സന്റെ ലാബിൽ അവസരം ലഭിച്ചു. ഇന്ത്യയിലെ ജീവശാസ്ത്ര ഗവേഷണത്തിൽ ഏറ്റവും മികവുറ്റ റിസർച്ച് ഇൻസ്റിറ്റ്‌സിൽ ഒന്നാണ് എൻസിബിഎസ്. ഇവിടെയുള്ള ഗവേഷണാ ന്തരീക്ഷവും ഗവേഷണവിദ്യാര്ഥികളുടെ സമർപ്പണബോധവും എന്നെ വളരെ സ്വാധീനിച്ചിട്ടുണ്ട്. തുടർന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഡോ. ഉപേന്ദ്ര നൊങ്തൊമ്പയുടെ കീഴിലും ഒരു ഇന്റേൺഷിപ് ചെയ്യാൻ സാധിച്ചു.

എംഎസ്‌സി പഠനശേഷമുള്ള പിഎച്ച്ഡി അഡ്മിഷൻ അമേരിക്കയിലെ ചില സർവകലാശാലകളിലും പിന്നെ നാഷനൽ യൂനിവേഴ്സിറ്റി ഓഫ് സിംഗപ്പൂരിലെ സ്കൂൾ ഓഫ് മെഡിസിനിലും ലഭിച്ചു. എൻയുഎസിലെ  സ്കൂൾ ഓഫ് മെഡിസിൻ ഫിസിയോളജി വിഭാഗം അസോഷ്യേറ്റ് പ്രൊഫസറും മലയാളിയുമായ ഡോ. സജികുമാർ ശ്രീധരന്റെ നേതൃത്വത്തിൽ 2016-ൽ പിഎച്ച്ഡി ഗവേഷണം ആരംഭിച്ചു. ഓർമയുടെ തന്മാത്ര ശാസ്ത്രവുമായി ബന്ധപ്പെട്ടുള്ള ഗവേഷണങ്ങളിൽ രണ്ടു പതിറ്റാണ്ടിലേറെയായി ഗവേഷണരംഗത്തുള്ള ശാസ്ത്രജ്ഞനാണ് ഡോ സജികുമാർ. അദ്ദേഹത്തിന്റെ ഗവേഷണമേഖല ഓർമരൂപീകരണത്തിനു നിർണായകമായ മസ്തിഷ്കഭാഗം ഹിപ്പോകാമ്പസിലെ വിവര വിശകലന പ്രക്രിയകളെകുറിച്ചുള്ള ജീവശാസ്ത്രമായിരുന്നു.  

അദ്ദേഹത്തിന്റെ പഠനമേഖല എൻയുഎസിൽ പഠിക്കാനുള്ള എന്റെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. ഹിപ്പോകാമ്പസിലെ സിഎ2 മേഖലയിലെ കുറിച്ചും അതിലെ ഗവേഷണസാധ്യതകളെക്കുറിച്ചുമെല്ലാം എനിക്കു അറിവു പകർന്നു തന്നത് ഡോ. സജികുമാറാണ്.  ഗവേഷണം നന്നായി പൂർത്തിയാക്കാൻ  ഡോ സജികുമാറിന്റെ പിന്തുണയും  നിർദ്ദേശങ്ങളും നിർണായകമായിരുന്നു. കൂടാതെ പിഎച്ച്ഡി പഠന കാലയളവിൽത്തന്നെ കേംബ്രിജ് സർവകലാശാല പോലുള്ള ലോകത്തിലെ തന്നെ മികച്ച റിസർച്ച് ഇൻസ്റിറ്റ്യൂട്ടുകൾ  സന്ദർശിക്കുവാനും അവിടുത്തെ ശാസ്ത്രജ്ഞരുമായി   ആശയങ്ങൾ പങ്കുവെക്കാനുമുള്ള അവസരങ്ങൾ ഡോ. സജികുമാർ തന്നു. ഈ വർഷം ഞാൻ എൻയുഎസിലെ പിഎച്ച്ഡി ഗവേഷണം പൂർത്തിയാക്കി. 

കൊച്ചി പാലാരിവട്ടത്താണ്  എന്റെ വീട്. അമ്മ മിനി മാത്യു കൊച്ചിയിൽ സ്റ്റേറ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥയാണ്. അച്ഛൻ അഡ്വ. ബിനോയ് തോമസ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമായി പ്രാക്ടീസ് ചെയുന്നു. ജ്യേഷ്ഠൻ തോമസ് കൊച്ചിൻ സർവകലാശാലയിലെ ഫോട്ടോണിക്‌സ് ബിരുദാനന്തരബിരുദത്തിനു ശേഷം യുകെയിലെ സ്ട്രാത്‌ക്ലൈഡ് സർവകലാശാലയിൽനിന്ന് ഇലക്ട്രോണിക്സ് ആൻഡ് ഇലെക്ട്രിക്കൽ എഞ്ചിനീറിങ്ങിൽ പിഎച്ച്ഡി പഠനവും ജർമനിയിലെ നാഷണൽ മെട്രോളജി ഇൻസ്റ്റിട്യൂട്ടിലെ പോസ്റ്റഡോക്ടറൽ ഗവേഷണവും  പൂർത്തിയാക്കിയ സയന്റിസ്റ്റാണ്. ശാസ്ത്രഗവേഷണത്തിലേക്ക് തിരിയാൻ ജ്യേഷ്ഠൻ എന്നെ ഏറെ സ്വാധീനിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഭർത്താവ് നോബിൾ ടോമി പടിയറ മുണ്ടക്കയം സ്വദേശിയാണ്. ഇപ്പോൾ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂരിൽനിന്നു ബിരുദാനന്തര ബിരുദം പൂർത്തിയാക്കി.

എന്താണ് അടുത്ത ലക്ഷ്യം?

മനുഷ്യ മസ്തിഷ്കത്തിലെ വിവര വിശകലന പ്രക്രിയകളെ കുറിച്ചുള്ള അറിവു ഇപ്പോഴും വളരെ പരിമിതമാണ്. ലോകത്തിലെ വിവിധ ഭാഗങ്ങളിലുമുള്ള ശാസ്ത്രജ്ഞർ ഇതു സംബന്ധിച്ച ഗവേഷണങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു. തുടർന്നുള്ള ഗവേഷണങ്ങളിൽ ഇതു കൂടുതൽ പഠിക്കാൻ ഞാൻ ആഗഹിക്കുന്നു. ഇതിന്റെ അടുത്ത പടിയായി പോസ്റ്റ്ഡോക്ടറൽ ഗവേഷണങ്ങൾ ചെയ്യാൻ ഇപ്പോൾ തയ്യാറെടുക്കുന്നു. 

എന്നെ പോലെ അല്ലെങ്കിൽ എന്നേക്കാൾ കഴിവുള്ള മറ്റുപല കുട്ടികളും  ഇന്ത്യയിലും വിദേശത്തുമായി ജീവശാസ്ത്ര ഗവേഷണങ്ങളിൽ  ഏർപ്പെടുന്നവരായുണ്ട്. എന്റെ ഈ എളിയ നേട്ടവുമായി സംബന്ധിച്ച ഈ അഭിമുഖം കൂടുതൽ പേരെ ന്യൂറോസയനസ്  ഗവേഷണവും അതിന്റെ സാധ്യതകളെയും കുറിച്ച് മനസിലാക്കാനും  ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾക്ക് ഗവേഷണപഠനത്തിനുള്ള  പ്രചോദനം നൽകാനും  സഹായകമാകുമെന്നു ഞാൻ കരുതുന്നു.

Content Summary : Research Scholar Amritha Reveals Secret About Memories

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA