ADVERTISEMENT

ഐഎഎസ് ഓഫിസറാകണമെന്നാണ് ആഗ്രഹമെന്ന് അഖിലേഷ് രാജ് പറയുമ്പോൾ, ഒരു എട്ടാംക്ലാസുകാരന്റെ കുട്ടിക്കൗതുകമല്ല, ഉൾക്കാഴ്ചയുടെ കരുത്താണ് ആ വാക്കുകളിൽ പ്രതിഫലിക്കുന്നത്. ഐഎഎസ് ഓഫിസറാകാൻ കാഴ്ചപരിമിതി ഒരു തടസ്സമേയല്ല എന്ന വ്യക്തമായ ധാരണയോടെയാണ് ആ കൗമാരക്കാരൻ തന്റെ സ്വപ്നങ്ങളെക്കുറിച്ച്, വിദ്യാലയങ്ങളെക്കുറിച്ച്, ഇഷ്ടങ്ങളെക്കുറിച്ച് മനോരമ ഓൺലൈൻ വായനക്കാരോടു പറയുന്നത്. സംസ്ഥാന സർക്കാരിന്റെ ‘ഉജ്ജ്വലബാല്യം പുരസ്കാരം’ കരസ്ഥമാക്കിയ സന്തോഷം അഖിലേഷ് പങ്കുവയ്ക്കുന്നതിങ്ങനെ: 

 

സംസ്ഥാന സർക്കാറിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം സ്വന്തമാക്കിയ ഈ അവസരത്തിൽ എന്താണ് പറയാനുള്ളത്?

 

വളരെയധികം സന്തോഷം തോന്നുന്നുണ്ട്. ഡിസെബിലിറ്റി വിഭാഗത്തിൽ എനിക്കു ലഭിച്ച ഈ പുരസ്കാരം എന്നെപ്പോലെയുള്ള മറ്റു കുട്ടികൾക്ക്  തീർച്ചയായും പ്രചോദനമാകും എന്ന കാര്യമോർക്കുമ്പോൾ എനിക്കൊരുപാട് സന്തോഷമുണ്ട്.

 

പഠിത്തത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവു പുലർത്തുന്ന വിദ്യാർഥിയാണല്ലോ. എങ്ങനെയാണ് തയാറെടുപ്പുകൾ?

 

ഒന്നു മുതൽ ആറുവരെ ഞാൻ ഒളശ്ശ അന്ധവിദ്യാലയത്തിലാണ് പഠിച്ചത്. പഠനത്തോ‌ടൊപ്പം കലാപരമായ പരിശീലനവും അവിടെനിന്നു ലഭിച്ചിരുന്നു. തുടർച്ചയായ പരിശീലനത്തിലൂടെ എന്നിലെ ചെറിയ കഴിവുകളെ വളർത്തിയെടുക്കാൻ ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു. കുടുംബവും അധ്യാപകരും എല്ലാ പിന്തുണയും നൽകി ഒപ്പമുള്ളതിനാൽ പഠനവും പാഠ്യേതരപ്രവർത്തനങ്ങളും നല്ലരീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുന്നുണ്ട്.

akhilesh-raj-001
അഖിലേഷ് രാജ്

 

കുടുംബത്തിലാർക്കെങ്കിലും സംഗീത പാരമ്പര്യമുണ്ടോ? സംഗീതത്തോട് അഭിരുചി തോന്നിയത് എങ്ങനെയാണ്?

 

സംഗീതമേഖലയുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്ന ആരുംതന്നെ കുടുംബത്തിലില്ല. പക്ഷേ അച്ഛനമ്മാർ നല്ല സംഗീതാസ്വാദകരാണ്. സംഗീതത്തെ ആസ്വദിക്കാനും ഉൾക്കൊള്ളുവാനും ഇരുവർക്കും നല്ല താൽപര്യമുണ്ട്. അവരുടെ ആ താൽപര്യമാണ് എനിക്ക് സംഗീതത്തോട് അഭിരുചി തോന്നാനുള്ള കാരണമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

 

സ്പെഷൽ സ്കൂൾ കലോൽസവത്തിൽ ഏറെ സമ്മാനങ്ങൾ നേടിയിട്ടില്ലേ. ആ അനുഭവത്തെക്കുറിച്ച് പങ്കുവയ്ക്കാമോ?

 

ഓരോ സ്പെഷൽ കലോൽസവമെത്തുമ്പോഴും ഗ്രൂപ്പ് ഇനങ്ങളിലും വ്യക്തിഗത ഇനങ്ങളിലുമുള്ള മൽസരങ്ങളിൽ പങ്കെടുക്കാൻ ശ്രദ്ധിക്കാറുണ്ട്. മൽസരത്തിൽ വിജയിക്കുമ്പോൾ ലഭിക്കുന്ന അംഗീകാരങ്ങൾ ഏറ‌െ സന്തോഷിപ്പിക്കാറുമുണ്ട്. തു‌ടർന്നും മൽസരങ്ങളിൽ പങ്കെടുക്കാനുള്ള ആഗ്രഹവും ഊർജവും ലഭിക്കുന്നത് അത്തരം അംഗീകാരങ്ങളിൽ നിന്നാണ്.

 

ഓടക്കുഴൽ വായന യുട്യൂബിൽനിന്ന് കേട്ടാണോ പഠിച്ചിരുന്നത്? ഒരു ഗുരുവിന് കീഴിൽ ഓടക്കുഴൽ വായന അഭ്യസിക്കണമെന്ന ആഗ്രഹമുണ്ടോ?

Ujwala Balyam Award Winner Akhilesh Raj With His Family
അഖിിലേഷ് രാജ് കുടുംബത്തോടൊപ്പം

 

ഓ‌ടക്കുഴൽ വായന അഭ്യസിക്കുന്നത് ഓൺലൈനിലൂടെയാണ്. അച്ഛന്റെ സഹായത്തോടെ പല ഗുരുക്കന്മാരുടെയും ക്ലാസുകൾ ഓൺലൈനായി കേൾക്കുകയും അതിൽ നിർദേശിക്കുന്നതുപോലെ പരിശീലിക്കുകയുമാണ് ചെയ്യുന്നത്. തീർച്ചയായും ഒരു ഗുരുവിനു കീഴിൽ ഓടക്കുഴൽവായന അഭ്യസിക്കണമെന്ന ആഗ്രഹമുണ്ട്.

 

ആറാംക്ലാസ് വരെ ഒളശ്ശ അന്ധവിദ്യാലയത്തിലായിരുന്നില്ലേ. അവിടുത്തെ പഠനവുമായി ബന്ധപ്പെട്ട ഓർമകൾ പങ്കുവയ്ക്കാമോ?

 

ഇപ്പോൾ ഞാൻ പഠിക്കുന്നത് സാധാരണ സ്കൂളിലാണ്. അങ്ങനെയൊരവസരം ഇപ്പോൾ ലഭിച്ചതുതന്നെ ഒളശ്ശയിൽനിന്നു സ്വായത്തമാക്കിയ ബ്രെയിൻ ലിപിയുടെ പരിശീലനം കൊണ്ടാണ്. അതിനു കാരണക്കാരായ എല്ലാ ഗുരുക്കന്മാരെയും ഈ അവസരത്തിൽ ഞാൻ നന്ദിയോടെ ഓർക്കുന്നു. ഒപ്പം കലാപരമായ എല്ലാ പ്രോത്സാഹനത്തിന്റെയും തുടക്കവും അവി‌‌ടെ നിന്നുതന്നെയായിരുന്നെന്ന് ഞാൻ സന്തോഷത്തോടെ പറയട്ടെ. അതെല്ലാം എന്റെ ഭാഗ്യമായി കരുതുന്നു.

 

മൂന്നു ഭാഷകളിൽ ടൈപ് ചെയ്യാനറിയാം എങ്ങനെയാണ് ആ സ്കിൽ നേടിയെടുത്തത്?

 

കാഴ്ചപരിമിതിയുള്ളവർക്കായി പ്രത്യേകം ടോക്സോഫ്റ്റ്‌വെയർ വികസിപ്പിച്ചിട്ടുണ്ട്. അത്തരം സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെയുള്ള പരിശീലനമാണ് മൂന്നു ഭാഷകളിൽ ടൈപ്പ് ചെയ്യാൻ എന്നെ സഹായിക്കുന്നത്.

 

കോവിഡിനു ശേഷം ദീർഘനാളത്തെ ഇടവേള കഴിഞ്ഞ് പുതിയ സ്കൂളിലെത്തിയിരിക്കുകയാണ്. പുതിയ ചുറ്റുപാടിനെക്കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവയ്ക്കാമോ?

 

നെടുംകുന്നം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ഏഴാംക്ലാസിൽ ചേരുകയും നിർഭാഗ്യവശാൽ കോവിഡിന്റെ സാഹചര്യത്തിൽ സ്കൂളിൽ പോകാൻ സാധിക്കാതെ വരുകയും ചെയ്തു. എന്നിരുന്നാലും അധ്യാപകർ ഓൺലൈൻ ക്ലാസിലൂടെ എനിക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു തന്നു. ഇപ്പോൾ എട്ടാം ക്ലാസിൽ സ്കൂളിൽ പോകാൻ തുടങ്ങി. പഠനം നല്ലരീതിയിൽ കൊണ്ടുപോകാനായി അധ്യാപകരുടെയും കൂട്ടുകാരുടെയും എല്ലാ സഹായവും ലഭിക്കുന്നതിൽ എനിക്കൊരുപാട് സന്തോഷമുണ്ട്.

 

നാടിന് അഭിമാനം നൽകിയ, ഒരുപാട് കുട്ടികൾക്ക് പ്രചോദനമേകിയ കാര്യമാണ് അഖിലേഷിന്റെ വിജയം. വിദ്യാർഥികളോട്, കൂട്ടുകാരോട് അഖിലേഷിന് പറയാനുള്ളതെന്താണ്?

 

എല്ലാ കുട്ടികളിലും എന്തെങ്കിലും രീതിയിലുള്ള കഴിവുകളുണ്ട്. പഠനത്തോടൊപ്പം അത്തരം കഴിവുകൾ വളർത്തിയെടുക്കാൻ സ്വയം മുന്നോട്ടുവരുകയും പ്രയത്നിക്കുകയും ചെയ്യേണ്ടതുണ്ട്. മാതാപിതാക്കളുടെയും അധ്യാപകരുടെയും സമൂഹത്തിന്റെയും പിന്തുണയും അതിനാവശ്യമാണ്.

 

അഖിലേഷിന്റെ വളർച്ചയുടെ ഓരോ ചുവടിലും താങ്ങായി നിന്ന അച്ഛനമ്മമാരെക്കുറിച്ച്, കുടുംബാംഗങ്ങളെക്കുറിച്ച്, അധ്യാപകരെക്കുറിച്ച് മനോരമ ഓൺലൈൻ വായനക്കാരോട് പറയാമോ?

അച്ഛൻ ആർ. രാജേഷ്, അമ്മ വി.എസ് അഞ്ജുമോൾ രണ്ടാംക്ലാസുകാരിയായ അനിയത്തി ഗൗരിനന്ദ എന്നിവരടങ്ങിയതാണ് എന്റെ കുടുംബം. എന്റെ പരിമിതിയെ അതിജീവിച്ച് സമൂഹത്തിലെ മറ്റു കുട്ടികളോടൊപ്പം വളരാൻ അവസരം നൽകിയ മാതാപിതാക്കളോടാണ് ഞാൻ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത്. ഇതുവരെയെത്തിയ നാൾവഴികളിൽ എന്നെ സഹായിച്ച, പരിശീലിപ്പിച്ച, പഠിപ്പിച്ച എല്ലാ ഗുരുജനങ്ങളെയും ഈ അവസരത്തിൽ ഞാൻ നന്ദിയോടെ ഓർക്കുന്നു.

 

ജീവിതത്തിൽ ഒരുപാട് അഭിമാനം തോന്നിയ നിമിഷങ്ങളെക്കുറിച്ച് പറയാമോ?

 

സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വലബാല്യം പുരസ്കാരം ലഭിച്ച നിമിഷമാണ് എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും  കൂടുതൽ അഭിമാനത്തോടെ ഓർക്കുന്ന ദിവസം.

 

ഏതുമേഖലയിൽ തുടർ പഠനം നടത്താനാണ് ആഗ്രഹം?

 

കാഴ്ചപരിമിതി സിവിൽസർവീസിന് ഒരിക്കലും ഒരു തടസ്സമല്ലെന്ന് പല പ്രതിഭാശാലികളും തെളിയിച്ചിട്ടുണ്ട്. അവരുടെ പാത പിന്തുടരാനാണ് ഞാൻ ആഗ്രഹിക്കുന്നത്. സിവിൽ സർവീസ് എന്ന ലക്ഷ്യത്തോടൊപ്പം കലയും മുന്നോട്ടു കൊണ്ടുപോകണമെന്നാണ് എന്റെ ആഗ്രഹം.

 

ജീവിതത്തിൽ പ്രതിസന്ധികൾ വരുമ്പോൾ തളരാതെ മുന്നോട്ടു പോകണമെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചയാളാണ് അഖിലേഷ്. പോസിറ്റീവ് മനോഭാവത്തോടെ മുന്നോട്ടുപോകാൻ കരുത്തുലഭിച്ചതെങ്ങനെയാണ്?

 

എന്റെ അച്ഛൻ എന്നോടു പറ‍ഞ്ഞ വാക്കുകളിലൂടെയാണ് ഈ ചോദ്യത്തിന് മറുപടി പറയാൻ ഞാൻ ആഗ്രഹിക്കുന്നത്. ‘‘ഏതെങ്കിലും രീതിയിലുള്ള പ്രതിസന്ധിഘട്ടത്തിൽ നിന്റെ പരിമിതിയാണ് അതിന്റെ കാരണമെന്ന ചിന്ത ഒരിക്കലും ഉണ്ടാവരുത്’’ ആ വാക്കുകളാണ് തളരാതെ മുന്നോട്ടു പോകാനുള്ള എന്റെ ഊർജ്ജം.

 

പുതിയതായി എന്തൊക്കെ കാര്യങ്ങൾ പഠിക്കാനാണ് ആഗ്രഹിക്കുന്നത്?

 

ഈ കംപ്യൂട്ടർ യുഗത്തിൽ അതുസംബന്ധിച്ചുള്ള കൂടുതൽ കാര്യങ്ങൾ അറിയുവാനും പഠിക്കുവാനുമാണ് ഞാൻ ആഗ്രഹിക്കുന്നത്. കലാപരമായി ഞാൻ പരിശീലിച്ചു വരുന്ന എല്ലാ ഉപകരണങ്ങളെപ്പറ്റിയും കൂടുതൽ ആധികാരികമായി പഠിക്കാനും എനിക്കാഗ്രഹമുണ്ട്.

 

കൃത്യമായ ലക്ഷ്യബോധത്തോടെ അഖിലേഷ് പഠനം തുടരുകയാണ്. മുന്നോട്ടുള്ള ജീവിതത്തിൽ എത്ര തിരക്കുണ്ടായാലും ഏറെ പ്രിയപ്പെട്ട കലകളെയും ചേർത്തുപിടിക്കുമെന്ന ഉറപ്പോടെ...

 

Content Summary : Ujwala Balyam Award Winner Akhilesh Raj Talks About His Dream

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com