ഒരു പെൺകുഞ്ഞു പിറന്നപ്പോൾ നല്ല വെളിച്ചവും തെളിച്ചവുമുള്ളൊരു പേരു നൽകിയാണ് അച്ഛനമ്മാർ അവളെ ജീവിതത്തിലേക്ക് വരവേറ്റത്. ‘രശ്മി’ എന്ന പേര് അന്വർഥമാക്കി തന്റെ കുസൃതികളാൽ ആ വീട്ടിൽ അവൾ പ്രകാശം നിറച്ചു. ആ കുഞ്ഞുജീവിതത്തിന് കണ്ണുതട്ടിയതുപോലെ മൂന്നാം വയസ്സിൽ ദുർവിധി അവളുടെ ജീവിതത്തിലേക്കൊന്നെത്തി നോക്കി. ന്യുമോണിയയുടെ രൂപത്തിലെത്തിയ ആ നിർഭാഗ്യം തിരികെപ്പോയത് അവളുടെ കേൾവിശക്തിയും സംസാരശേഷിയും തട്ടിപ്പറിച്ചുകൊണ്ടായിരുന്നു. പക്ഷേ തങ്ങളുടെ ‘പ്രകാശത്തിന്’ തരിമ്പുപോലും മങ്ങലേൽക്കാൻ ആ അച്ഛനമ്മമാർ അനുവദിച്ചില്ല. വിദഗ്ധചികിൽസ കൊണ്ടും പ്രോൽസാഹനവും പ്രാർഥനയും കൊണ്ടും അവർ മകളുടെ സംസാരശേഷിയെ ഭാഗികമായി തിരിച്ചു പിടിച്ചു അവരുടെ ആ ശ്രമങ്ങൾക്ക് അവൾ മറുപടി നൽകിയത് പ്രകാശഭരിതമായ വിജയങ്ങൾ കൊണ്ടായിരുന്നു. തന്റെ പരിമിതികളെ അതിജീവിച്ച് റാങ്കുകളിലൂടെ അക്കാദമിക മികവ് പുലർത്തിയ ആ പെൺകുട്ടി ഇന്നൊരു ദേശീയ പുരസ്കാര ജേതാവാണ്. കഠിനാധ്വാനവും അർപ്പണബോധവും കൊണ്ട് ഔദ്യോഗിക വഴിയിൽ അവൾ പുതിയ ചരിത്രമെഴുതുമ്പോൾ, പ്രതിസന്ധികളിൽ തളരുന്നവർക്ക് പാഠവും പ്രചോദനവുമാകുമ്പോൾ, അഭിമാനത്തോടെ ചേർത്തുപിടിച്ച് കുടുംബവുമൊപ്പമുണ്ട്.
HIGHLIGHTS
- 3–ാം വയസ്സിൽ ന്യുമോണിയ കവർന്നത് കേൾവിശക്തിയും സംസാരശേഷിയും
- 2020 ലെ മികച്ച ഭിന്നശേഷി ജീവനക്കാർക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി