ADVERTISEMENT

തലശ്ശേരിയിലെ ആറു മക്കളുള്ള ഒരു കുടുംബം. ഏറ്റവും ഇളയവന് അഞ്ചു വയസ്സുള്ളപ്പോൾ പിതാവ് മരിക്കുന്നു. മക്കളെ നന്നായി പഠിപ്പിക്കണമെന്ന് മാതാവിന് ആഗ്രഹമുണ്ട്. പക്ഷേ, അതിനുള്ള ശേഷി വീട്ടിലില്ല. ഒടുവിൽ ഏറ്റവും ഇളയ മകനെ തലശ്ശേരിയിലെതന്നെ ഒരു അനാഥാലയലത്തിലേക്കു മാറ്റി. 

 

മാതാവും മറ്റു മക്കളും പലപല ജോലികൾ ചെയ്തു കുടുംബം മുന്നോട്ടു കൊണ്ടുപോയി. അനാഥാലയത്തോടു ചേർന്നുള്ള സ്കൂളിൽ ആ അഞ്ചു വയസ്സുകാരൻ പഠിച്ചു. ഒരിക്കൽ വളരെ ചെറുപ്പക്കാരനായ ഒരു ഐഎഎസ് ഓഫിസർ ആ അനാഥാലയം സന്ദർശിച്ചു. ചുറുചുറുക്കുള്ള ആ ഓഫിസറെ കണ്ടപ്പോൾ ആ കുട്ടിയിൽ വല്ലാത്തൊരു ഉണർവ് ബാധിച്ചു. സർക്കാർ ഉദ്യോഗസ്ഥനാകണമെന്നും ഐഎഎസിനുവേണ്ടി ശ്രമിക്കണമെന്നുമുള്ള പ്രേരണ അവനിൽ മുളയിട്ടു. അക്കാലത്തു വളരെ ജൂനിയർ സിവിൽ സർവീസ് ഓഫിസറായിരുന്ന അമിതാഭ് കാന്ത് 

(Amitabh Kant) (ഇപ്പോഴത്തെ നിതി ആയോഗ് സിഇഒ) ആയിരുന്നു അന്ന് അനാഥാലയത്തിലെത്തിയ ആ ഐഎഎസ് ഓഫിസർ. അദ്ദേഹമറിയാതെ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ജോലിയെയും ആ കൊച്ചുകുട്ടി ആരാധിച്ചു, ആവേശപൂർവം മനസ്സിൽ സൂക്ഷിച്ചു. 

 

b-abdul-nasar-civil-servant-achievers
ബി.അബ്ദുൽ നാസർ. Photo Credit : Facebook / Kollam District Collector

അനാഥാലയത്തിലെ അവന്റെ ജീവിതം 12 വർഷം തുടർന്നു. പല തവണ അവിടെനിന്ന് ഓടിപ്പോയി. കണ്ണൂരിലെ ഹോട്ടലിൽ ചെറിയ ജോലികൾ ചെയ്തു. അവിടെ വഴക്കുകേട്ട് മനസ്സു മടുത്ത് വീണ്ടും അനാഥാലയത്തിലേക്കു മടങ്ങി. ഇടക്കാലത്ത് ടെലിഫോൺ ബൂത്തിലെ ജോലിയും പത്രവിതരണവുമൊക്കെ ചെയ്തു. വിദ്യാഭ്യാസം തുടരണോ എന്ന ചിന്ത അവനു പലപ്പോഴുമുണ്ടായി. അപ്പോഴൊക്കെ ശക്തി പകർന്നത് മാതാവും സഹോദരങ്ങളുമായിരുന്നു. 

 

ഇംഗ്ലിഷിൽ എംഎ പൂർത്തിയാക്കി പിഎസ്‌സി ജോലിക്കായി പരിശ്രമിച്ച ആ യുവാവ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായി ജോലിക്കു കയറി. പിന്നീടു ഡപ്യൂട്ടി കലക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചപ്പോഴും ശ്രമം ഉപേക്ഷിച്ചില്ല. കിട്ടുമെന്ന വിശ്വാസമേ ഇല്ലാതെ എഴുതിയ ആ പരീക്ഷയിൽ വിജയിക്കുന്നു. 2006 ൽ ഡപ്യൂട്ടി കലക്ടറായി സർവീസിൽ. 2017 ൽ ഐഎഎസ് കൺഫർ ചെയ്തു കിട്ടുന്നു. മാതാവിന്റെ വലിയ ആഗ്രഹത്തിലേക്കു മകൻ എത്തുമ്പോഴേക്ക് അവർ ഈ ലോകത്തില്ലായിരുന്നു. 

 

വേദനയുടെ, കഷ്ടപ്പാടിന്റെ, കഠിനാധ്വാനത്തിന്റെ തീച്ചൂളകളിലൂടെ കടന്നുവന്ന ഈ കഥയിലെ നായകൻ ബി.അബ്ദുൽ നാസർ (B Abdul Nasar). കൊല്ലം ജില്ലാ കലക്ടറുടേതടക്കം വിവിധ പദവികളിലെത്തിയ, ഇപ്പോൾ തൊഴിലുറപ്പു പദ്ധതി ഡയറക്ടർ ആയ ഐഎഎസ് ഓഫിസർ. വളരെ നല്ല സൗകര്യങ്ങളുള്ളവർക്കേ പഠിക്കാൻ സാധിക്കൂ എന്നു ചിന്തിക്കുന്നവർ കുറവല്ല. അനാഥാലയങ്ങളിലടക്കം വളരുന്നവർക്ക് ജീവിതത്തിന്റെ പടവുകൾ കയറിപ്പോകാൻ എളുപ്പമായിരിക്കില്ല. പക്ഷേ, അതിനുള്ള ആത്മവിശ്വാസവും ദൃഢനിശ്ചയവുമുണ്ടെങ്കിൽ അതു നേടാം. പണ്ട് അമിതാഭ് കാന്തിനെ കണ്ടപ്പോൾ അബ്ദുൽ നാസറിന്റെ ഉള്ളിൽ നിറഞ്ഞത് അത്തരമൊരു ഊർജമായിരുന്നു. 

അവസരങ്ങൾ പലതും ജീവിതത്തിലൂടെ കടന്നുപോകും. അതിൽ ചിലതു നമ്മെ വഴിത്തിരിവുകളിലേക്കു നയിക്കും. താനേ അതു സംഭവിക്കില്ല. അതിനു നമ്മുടെ മനസ്സിനെ നമ്മൾ പരുവപ്പെടുത്തണം. സുഖമുള്ള അനുഭവങ്ങളേക്കാൾ, കഠിനമായ അനുഭവങ്ങളായിരിക്കും പലപ്പോഴും അതിനു പിൻബലമാവുക. പക്ഷേ, കഠിനമായ അനുഭവങ്ങൾക്കു മുന്നിൽ തളർന്നുവീണാൽ മുന്നോട്ടു നടക്കാനാവില്ല. സംശയം വേണ്ട, നമ്മുടെയൊക്കെ ജീവിതവിജയത്തിൽ അവനവന്റെ പങ്കു തന്നെയാണ് ഏറ്റവും വലുത്. 

 

Content Summary : Vijayatheerangal Column - Inspiring story of B Abdul Nasar IAS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com