ADVERTISEMENT

യുവതലമുറ ഇന്റർനെറ്റ്, മൊബൈൽ സാങ്കേതികവിദ്യയുടെയും പഠനത്തിന്റെയും ലോകത്ത് കുരുങ്ങിക്കിടക്കുകയാണെന്നും അവർക്ക് മറ്റൊന്നിനെക്കുറിച്ചും ചിന്തയില്ലെന്നുമുള്ള തെറ്റിദ്ധാരണ ശക്തമായ കാലമാണിത്. എന്നാൽ മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്‌കൂളിലെ വിദ്യാർഥികളായ നോയൽ സിവിയും (Noel Sivy)  ഹീരാ നന്ദനയും (Heera Nandana)  ആ തെറ്റിദ്ധാരണ മാറ്റാനുള്ള ശ്രമത്തിലാണ്. ഇത്തവണ ദേശീയ ബാലശാസ്ത്ര കോൺഗ്രസിലേക്കു (Bala Sasthra Congress) കേരളത്തെ പ്രതിനിധീകരിച്ചു പോകുന്നത് ഈ ശാസ്ത്രപ്രതിഭകളാണ്. ഇരുവരും തേനീച്ചകൃഷിയെ (Apiculture) സമഗ്രമായി പഠിച്ച് തേനീച്ച കർഷകർക്ക് ഉപയോഗപ്രദമായ കാര്യങ്ങൾ കണ്ടെത്തിയാണ് ഈ അവസരം നേടിയെടുത്തത്.

 

കോട്ടയം മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണു ഹീരാ നന്ദന, പത്താംക്ലാസ് വിദ്യാർഥിയാണു നോയൽ സിവി. 2022 ഫെബ്രുവരിയിൽ ഗുജറാത്തിൽ നടക്കുന്ന ബാലശാസ്ത്ര കോൺഫറൻസിലാണ് ഇവർ പങ്കെടുത്ത് പ്രബന്ധം അവതരിപ്പിക്കുക. സീനിയർ വിഭാഗത്തിലാണ് ഇവരുടെ പ്രാതിനിധ്യം.

national-children-s-science-congress-jobin
ജോബിൻ

 

തേനീച്ചകളുടെ തേൻ ഉത്പാദനത്തിൽ തേനീച്ചക്കോളനിയുടെ പ്രവേശനകവാടത്തിന്റെ ദിശയ്ക്ക് പ്രാധാന്യമുണ്ടെന്നാണ് ഈ വിദ്യാർഥികൾ നിരന്തര നിരീക്ഷണത്തിലൂടെയും ഗവേഷണത്തിലൂടെയും കണ്ടെത്തിയത്. പ്രവേശന കവാടത്തിൽ രാവിലെ സൂര്യപ്രകാശം പതിക്കുന്ന സമയം തേൻശേഖരണത്തിൽ വ്യക്തമായ സ്വാധീനം ചെലുത്തുന്നുണ്ടത്രേ. പ്രകൃതിദത്തമായി കൂട് സ്ഥാപിച്ചു വളരുന്ന തേനീച്ചകൾ ഉത്പാദിപ്പിക്കുന്നതിനെക്കാൾ കുറഞ്ഞ അളവിലാണ് ഫാമുകളിലും മറ്റും പെട്ടികളിൽ വളർത്തുന്ന തേനീച്ചകളുടെ കോളനികളിൽ നിന്നു തേൻ ലഭിക്കുന്നത്. എന്നാൽ കിഴക്ക്, തെക്കുകിഴക്ക് ദിശകൾക്കിടയിൽ പ്രവേശന കവാടം വരുന്ന രീതിയിൽ കോളനികൾ സ്ഥാപിച്ചാൽ മറ്റു ദിശയിൽ സ്ഥാപിക്കുന്നതിനേക്കാൾ ഇരട്ടിയോളം തേൻ ഉത്പാദിപ്പിക്കാമെന്ന് ഇവർ കണ്ടെത്തി. തേനീച്ച കർഷകർക്കും കൃഷിക്കും വളരെയേറെ ഉപകാരപ്രദമായ ഒരു കണ്ടെത്തലാണ് ഇത്.

national-children-s-science-congress-heera-nandana-family
ഹീരാ നന്ദനയും കുടുംബവും

 

മരങ്ങാട്ടുപിള്ളി പുല്ലന്താനിക്കൽ വീട്ടിൽ സിവി മാനുവലിന്റെയും ജെയിൻസ് സി.കുര്യന്റെയും മകനാണ് നോയൽ സിവി. പ്ലാശനാൽ സെന്റ് ആന്‌റണീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകനാണു സിവി. സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂളിലെ അധ്യാപികയാണു ജെയിൻസ്. നേരത്തെ തന്നെ തേനീച്ചവളർത്തലിൽ നോയലിനു വലിയ താൽപര്യമുണ്ടായിരുന്നെന്നു ജെയിൻസ് പറയുന്നു. റബർ തോട്ടത്തിൽ ചെറിയ പെട്ടികളും കൂടുകളും വാങ്ങി തേനീച്ചകളെ വളർത്തിയിരുന്നു. ഇതോടൊപ്പം തന്നെ മീൻവളർത്തൽ, പച്ചക്കറി കൃഷി എന്നിവയിലും നോയൽ ഏർപെട്ടിരുന്നു. വീട്ടിലെ ടാങ്കിൽ നാൽപതോളം തിലാപ്പിയ മത്സ്യങ്ങളെ വളർത്തുന്നുണ്ട്. പത്താംക്ലാസ് വിദ്യാർഥിയായതിനാൽ പഠിക്കാനേറെയുണ്ടെങ്കിലും കൃഷിക്കാര്യങ്ങളിൽ യാതൊരു മുടക്കവും നോയൽ വരുത്താറില്ല.

 

മരങ്ങാട്ടുപിള്ളി ആന്തൂർ പ്ലാക്കൂട്ടത്തിൽ ബിസിനസുകാരനായ പി.എസ്.സുനിലിന്റെയും തലയോലപ്പറമ്പ് ഗവൺമെന്റ് സ്‌കൂൾ അധ്യാപിക രാജിമോളുടെയും മകളാണു ഹീരാനന്ദന. ഹീരയ്ക്കും തേനീച്ചകൃഷിയോട് കുട്ടിക്കാലം മുതൽ വലിയ താൽപര്യമാണ്. യുപി സ്‌കൂളിൽ പഠിക്കുന്ന വേളയിൽ, തേനീച്ചകളുടെ കൂടുതൽ കോളനികൾ എങ്ങനെ കുറഞ്ഞ ചെലവിൽ നടപ്പാക്കാം എന്ന വിഷയത്തിൽ ഹീര ഒരു പഠനം നടത്തിയിരുന്നു. ജില്ലാതലത്തിൽ ഈ പ്രോജക്ടിന് ഒന്നാം സ്ഥാനം ലഭിച്ചു. ഹീരയുടെ വീട്ടിൽ പണ്ടുമുതൽ തന്നെ തേനീച്ചക്കൃഷി നടത്തുന്നുണ്ട്. ഇപ്പോഴുമുണ്ട്. ഇതു കൂടാതെ പച്ചക്കറി, അലങ്കാര സസ്യക്കൃഷി എന്നിവയും ഹീര നടത്തുന്നുണ്ട്. പ്രസംഗമൽസരം, കവിതാലാപനം, വിവിധ കലാമൽസരങ്ങൾ, ക്വിസ് മൽസരം തുടങ്ങിയവയിലും കോട്ടയത്ത് നടന്ന സയൻസ് ഫെസ്റ്റിവലിലും സമ്മാനങ്ങൾ നേടിയിട്ടുള്ള ഹീരയ്ക്ക് ഭാവിയിൽ കെഎഎസ് നേടി അഡ്മിനിസ്‌ട്രേറ്റീവ് തലത്തിൽ പ്രവർത്തിക്കണമെന്നാണ് ആഗ്രഹം.

 

നോയലിന്റെയും ഹീരയുടെയും അധ്യാപകനായ ജോബിനാണു കുട്ടികൾക്ക് പ്രോജക്ടിനു നേതൃത്വവും മാർഗനിർദേശവും നൽകിയത്. ഫിസിക്‌സ് അധ്യാപകനാണെങ്കിലും കൃഷിയിൽ വളരെ കമ്പമാണ് ഈ അധ്യാപകന്. ഇദ്ദേഹവും വീട്ടിൽ തേനീച്ചവളർത്തൽ നടത്തുന്നുണ്ടായിരുന്നു. ഏതെല്ലാം സസ്യങ്ങൾ വളർത്തിയാൽ തേനീച്ചകൾക്ക് കൂടുതൽ പ്രയോജനം ലഭിക്കുമെന്നൊക്കെ ഇദ്ദേഹം ഗവേഷണം നടത്തിയിരുന്നു. ജോബിന്റെ മാർഗനിർദേശപ്രകാരമാണ് കുട്ടികൾ വിവിധയിടങ്ങളിൽ തേനീച്ചക്കൂടുകളൊരുക്കി പരീക്ഷണം നടത്തിയത്. തേനീച്ചക്കർഷകരുടെ സഹായവും ഇവർക്കു ലഭിച്ചു.

 

തുടർച്ചയായി നാലാം തവണയാണ് മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്‌കൂളിലെ വിദ്യാർഥികൾ ബാലശാസ്ത്ര കോൺഗ്രസ് ദേശീയതലത്തിലേക്കു തിരഞ്ഞെടുക്കപ്പെടുന്നത്. കുട്ടികളിൽ സംരംഭകത്വവും ആശയസമ്പന്നതയും വളർത്തുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. അതോടൊപ്പം തന്നെ തദ്ദേശീയമായ പ്രശ്‌നങ്ങൾക്ക് കുട്ടികളിൽ നിന്ന് എന്തുപരിഹാരങ്ങൾ ലഭിക്കുമെന്ന ചിന്തയും ഈ ശാസ്‌ത്രോത്സവത്തിനുണ്ട്.

 

Content Summary : Heera Nandana and Noel Sivy to represent Kerala in Bala Sasthra Congress 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com