ADVERTISEMENT

ഒറ്റയടിക്കു ബിടെക് പാസാകാത്തയാൾ, സപ്ലിമെന്ററി പഠനകാലം ജീവിതത്തെ വിജയത്തിലേക്കു വഴിതിരിച്ചുവിട്ടതു വായിക്കുക... 

 

1989 ൽ തിരുവനന്തപുരത്തെ വെഞ്ഞാറമൂട്ടിലാണ് എ.എം.സഫീർ  (Zafer Ameer) ജനിച്ചത്. വെഞ്ഞാറമൂട് ഗവ. ഹൈസ്കൂളിൽ പഠനശേഷം നാട്ടിലെതന്നെ മുസ്‌ലിം അസോസിയേഷൻ എൻജിനീയറിങ് കോളജിൽ കംപ്യൂട്ടർ സയൻസ് ബിടെക്കിനു ചേർന്നു. 2011 ൽ കോഴ്സ് പൂർത്തിയാക്കിയെങ്കിലും ചില പേപ്പറുകൾ പാസാകാത്തതിനാൽ 2012 ലാണ് ബിടെക് ബിരുദം ലഭിക്കുന്നത്. 

 

‘സപ്ലി’ പേപ്പറുകൾ പിറകോട്ടു വലിച്ച ആ ഒരു വർഷം സഫീറിന്റെ ജീവിതം മാറ്റിമറിക്കുകയായിരുന്നു. പാസാകാനുള്ള പേപ്പറുകൾക്കു തയാറെടുക്കുന്നതിനൊപ്പം, എന്തെങ്കിലും ജോലി ചെയ്യാമെന്നു സഫീർ തീരുമാനിച്ചു. ‘ഹെൽത്ത് ആക്‌ഷൻ ഫോർ പീപ്പിൾ’ എന്ന സർക്കാർ ഇതര സംഘടനയാണ് അതിനു വഴിയൊരുക്കിയത്. എൻഎസ്എസിലൂടെയും മറ്റും കോളജിൽത്തന്നെ സാമൂഹിക ഇടപെടലിൽ സജീവമായിരുന്നു സഫീർ. ഒരർഥത്തിൽ എല്ലാ പേപ്പറും പാസാകാതിരുന്നതിനു കാരണവും ഇതൊക്കെയാവാം. 

 

sanchi-co-founder-zafer-ameer-products

ഹെൽത്ത് ആക്‌ഷൻ ഫോർ പീപ്പിളിൽ ഒരു വർഷം പ്രോജക്ട് അസിസ്റ്റന്റായി പ്രവർത്തിച്ചു. എൻജിനീയറിങ് പൂർത്തിയാക്കിയശേഷം കേരള സർവകലാശാലയ്ക്കു കീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരളയിൽ എംബിഎയ്ക്കു ചേർന്നു. പ്രവേശനപ്പരീക്ഷയിൽ 17–ാം റാങ്കായിരുന്നു. പക്ഷേ, സാമ്പത്തികപ്രയാസങ്ങൾ കാരണം 6 മാസത്തിനകം സഫീറിന് ആ കോഴ്സ് വിടേണ്ടിവന്നു. ടെക്നോപാർക്കിലെ ചെറിയൊരു കമ്പനിയിൽ ജോലിക്കു കയറി. 2014 ൽ Alliance എന്ന ടെക്നോപാർക്കിലെ അറിയപ്പെടുന്ന കമ്പനിയിലേക്കു മാറി. 

 

ഹെൽത്ത് ആക്‌ഷനിലെ ജോലിക്കാലത്തുതന്നെ, പലരിൽനിന്നും തുണിസഞ്ചി ഉണ്ടാക്കിച്ച് വിൽപന നടത്തിവന്നിരുന്നു, സഫീർ. തിരുവനന്തപുരത്തെ രാജ്യാന്തര ചലച്ചിത്രോത്സവത്തിലൊക്കെ ഇതു നല്ല രീതിയിൽ നടപ്പാക്കി. Alliance ൽ ചേർന്നുകഴിഞ്ഞും, കുടുംബശ്രീകളിൽനിന്നു ബാഗുകൾ ശേഖരിച്ച് വിതരണം സഫീർ നടത്തിവന്നു. 

 

തിരുവനന്തപുരം നഗരം പ്ലാസ്റ്റിക് രഹിതമാക്കാനുള്ള നഗരസഭയുടെ ആലോചന വന്നത് 2016 ലാണ്. 3 മാസത്തിനകം ഈ ലക്ഷ്യം നടപ്പാക്കാനായിരുന്നു ഉദ്ദേശ്യം. ആ ഉദ്യമത്തിൽ സഫീർ മുഖ്യ പങ്കാളിയായി. വലിയൊരു ലക്ഷ്യം വിജയിപ്പിക്കാനുള്ള മുന്നേറ്റത്തിനായി ടെക്നോപാർക്കിലെ ജോലി ഉപേക്ഷിച്ചു. തമിഴ്നാട്ടിൽ പോയി ധാരാളമായി തുണിസഞ്ചികൾ ശേഖരിച്ച് തിരുവനന്തപുരത്തെത്തിച്ചു വിറ്റുതുടങ്ങി. മാസം ഒരു ലക്ഷം തുണിസഞ്ചികൾ വരെ വിൽക്കാൻ കഴിഞ്ഞു. 

 

Sanchi Bags എന്ന പേരിൽ കമ്പനി തുടങ്ങി സ്പെഷലൈസ്ഡ് ബാഗുകൾ നിർമിക്കാൻ സഫീർ തുടക്കമിട്ടു. പണ്ട് ചലച്ചിത്രോത്സവ വേദിക്കു പുറത്ത് സഞ്ചി വിറ്റ് പൈസയുണ്ടാക്കിയ സഫീറിന്റെ സ്പെഷലൈസ്ഡ് ബാഗുകൾ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ 25–ാം വർഷത്തിൽ ഔദ്യോഗിക ഡെലിഗേറ്റ് ബാഗായി! സഫീറിന്റെ മാതാപിതാക്കൾ തന്നെയാണ് വെഞ്ഞാറമൂടിലെ യൂണിറ്റിൽ ബാഗുകൾ കട്ട് ചെയ്തു തയാറാക്കുന്നത്. തുന്നിക്കൊടുക്കുന്നതു നാട്ടിലെ കുടുംബശ്രീ യൂണിറ്റുകാർ. വിത്തുനിറച്ച പേനകളും നിർമിച്ചുതുടങ്ങി. അതിന്റെ നിർമാണം ഭിന്നശേഷിക്കാരെ ഏൽപിച്ചു. 

 

ബിടെക് പാസായവൻ സഞ്ചി വിൽക്കാൻ നടക്കുന്നു എന്നൊക്കെ പലരും കളിയാക്കി. പക്ഷേ, സഫീറും മാതാപിതാക്കളും എംടെക് പാസായ ഭാര്യ ആതിരയുമൊക്കെ സഞ്ചിയിലെ വിജയഗാഥ സജീവമായി തുടർന്നു. തിരുവനന്തപുരത്തു പനവിള ജംക്‌ഷനിലെ സഫീറിന്റെ സ്ഥാപനത്തിൽ ചെന്നാൽ വൈവിധ്യങ്ങൾ ധാരാളം കാണാം. അതിൽ പലതും കടയിൽ വരുന്നവർ നിർമിച്ചു കൊടുക്കുന്നതാണ്. ചില പ്രത്യേക ഇനം സോപ്പുകൾ, പെബിൾസ് കൊണ്ടുള്ള കലാരൂപങ്ങൾ... ഇവയെല്ലാം അവിടെയുണ്ട്. 

 

സഫീറും കുടുംബവും ഒരു ബിസിനസ് നടത്തുന്നു എന്ന് ഒറ്റ പക്ഷത്തുനിന്നു മാത്രം ഈ വിജയവഴിയെ കാണരുത്. ഇതിലൊരു സാമൂഹികവശമുണ്ട്. അതിലേറെ, പരാജയം വിജയത്തിനുള്ള അവസരമാക്കി മാറ്റിയയാളാണ്. നഷ്ടങ്ങൾ താൽക്കാലികമാണെന്നു വിശ്വസിക്കുന്നു. അവിടെ തളർന്നിരിക്കാതെ, നേട്ടങ്ങളിലേക്ക് ആവേശപൂർവം ചുവടുവയ്ക്കുക–മുപ്പത്തിരണ്ടുകാരൻ സഫീർ പകരുന്ന ജീവിതപാഠം ഇതാണ്. 

 

Content Summary: Vijayatheerangal - The success story of Zafer Ameer, co-founder of Sanchi Bags

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com