ഇംഗ്ലീഷ് വിക്കി സംസാരിച്ചിരുന്ന ശരാശരിക്കാരൻ സിവിൽ സർവീസ് നേടി; ഈ കുറവുകൾ തന്നെയാണ് എന്നെ ഞാനാക്കുന്നതെന്ന് ലിപിൻ രാജ്

HIGHLIGHTS
  • പത്താം ക്ലാസ് മോഡൽ പരീക്ഷയിൽ കണക്കിന് എനിക്കു കിട്ടിയത് 13 മാർക്കു മാത്രം
success-story-of-lipin-raj-m-p-tips-to-crack-civil-services
എം.പി. ലിപിൻ രാജ്
SHARE

24 ഇന്ത്യൻ സർവീസുകളിലേക്ക് ഏഴു ലക്ഷത്തിലധികം പേരിൽ നിന്ന് ആയിരം പേരെ കണ്ടെത്തുന്ന പ്രസ്റ്റീജസ് പരീക്ഷ. ഒരു സർക്കാർ സ്കൂളിൽ മലയാളം മീഡിയത്തില്‍ പഠിച്ച ഞാൻ അതെഴുതി പാസായി. ഇംഗ്ലീഷ് വിക്കി വിക്കിയാണു ഞാൻ പറഞ്ഞിരുന്നത്. പത്താം ക്ലാസ് മോഡൽ പരീക്ഷയിൽ കണക്കിന് എനിക്കു കിട്ടിയത് 13 മാർക്കു മാത്രം. എന്റെ ഗ്രാമത്തിലേക്കുണ്ടായിരുന്നത് അന്ന് ഒരു മൺപാത.

പ്രിലിമിനറി മെയിൻസ്, ഇന്റർവ്യൂ എന്നിങ്ങനെ മൂന്നു ഘട്ടങ്ങളായിട്ടാണ് വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന സിവിൽസർവീസ് പരീക്ഷ (Civil Service Examinations). മെയിൻ പരീക്ഷയിലെ വിവരണാത്മക എഴുത്താണ് പരീക്ഷയുടെ ഗതി നിർണയിക്കുക. പ്രത്യേകിച്ചു ജനറൽ സ്റ്റഡീസ് പേപ്പറുകൾക്ക് വാങ്ങുന്ന മാർക്ക്. മുൻപ് ഓപ്ഷണൽ വിഷയങ്ങളുടെ മാർക്കായിരുന്നു അവസാനറാങ്കിന്റെ ഗതി നിശ്ചയിച്ചിരുന്നതെങ്കിൽ ഇപ്പോൾ ഇന്റർവ്യൂ മാർക്കാണ് തൽസ്ഥാനത്ത്. എങ്കിലും പരീക്ഷ എഴുതുന്ന ലക്ഷക്കണക്കിനു പേരെ പിന്തള്ളി മെയിൻസ് പരീക്ഷയിൽ എത്തിച്ചേരാനുള്ള പ്രിലിമിനറി തന്നെയാണ് ഇപ്പോഴും കീറാമുട്ടി. ആദ്യഘട്ടത്തിൽ പ്രിലിമിനറിയിൽ സമയമാനേജ്മെന്റ് (Time Management), കൃത്യത, നെഗറ്റീവ് മാർക്കിങ്, അടിസ്ഥാന അറിവ് എന്നിവ പരിശോധിക്കുമ്പോൾ മെയിൻസിൽ ആഴത്തിലുള്ള അറിവുകൾ പ്രകടിപ്പിക്കുന്ന രീതി, അപഗ്രഥിക്കാനുള്ള കഴിവ്, നിരീക്ഷണ പാടവം എന്നിവയും ഇന്റര്‍വ്യൂവിൽ വ്യക്തിത്വവും അവതരണ– പ്രകടന രീതികളും സാഹചര്യങ്ങളെ നേരിടാനുള്ള ചാതുര്യവും പരീക്ഷിക്കപ്പെടും. 

പത്രങ്ങൾ, മറ്റു പ്രസിദ്ധീകരണങ്ങൾ, വിവിധ മത്സരപരീക്ഷാ വെബ്സൈറ്റുകൾ, യുട്യൂബ് വിഡിയോകൾ, ഓൺലൈൻ മോക്ക് ടെസ്റ്റുകള്‍, ഫെയ്സ്ബുക്, മൈക്രോസോഫ്റ്റ് വേര്‍‍ഡ് എന്നിവയൊക്കെ ഞാൻ ഈ പരീക്ഷാതയാറെടുപ്പിന്റെ ഭാഗമാക്കി മാറ്റിയിരുന്നു. ഡയറിയിൽ ചെറു കുറിപ്പുകൾ എഴുതുന്നതിനു പകരം അവയെ ഒരു വേർഡ് ഫയലിലാക്കി ജി– മെയിലിൽ സൂക്ഷിക്കുന്നത് മറ്റൊരു എളുപ്പവഴിയാണ്. ഒരു ലാപ്ടോപ്പും ഇന്റർനെറ്റ് കണക്ഷനും തയാറെടുപ്പിനെ കൂടുതൽ സുഗമമാക്കും. 

profile-success-story-of-lipin-raj-m-p-tips-to-crack-civil-services
എം.പി. ലിപിൻ രാജ്

എഴുത്തു പരീക്ഷയുടെ മാധ്യമം മാത്രമല്ല വേണമെങ്കിൽ ഇന്റർവ്യൂവും മലയാളത്തിൽ നേരിടാം. നല്ല ഒരു ഇയർബുക്ക് സന്തതസഹചാരിയായിരിക്കണം. സിവിൽ സർവീസ് സംബന്ധിയായ ധാരാളം ഇംഗ്ലീഷ് പുസ്തകങ്ങളും കാണുന്ന മത്സരപരീക്ഷാ മാസികളും വാങ്ങിക്കൂട്ടരുത്. സാധാരണ എൻസിഇആർറ്റി ഇംഗ്ലീഷ് പുസ്തകങ്ങളിൽ നിന്നു തുടങ്ങുക. 

സിലബസാണ് ബൈബിൾ. സിലബസ് ആരും വായിക്കാൻ ശ്രമിക്കാത്തതാണ് ഭൂരിഭാഗം പരാജയങ്ങൾക്കും കാരണം. ഒരിക്കൽ തോറ്റു പോയാൽ വീണ്ടും ശ്രമിക്കാതെ വേഗം പിൻമാറുന്നത് രണ്ടാമത്തെ പ്രധാന കാരണം. ഈ പരീക്ഷ ഓരോ വർഷവും മാറ്റങ്ങൾക്കു വിധേയമാണ്. എന്നാൽ ഒരിക്കലും മാറാത്ത ഒരു തരത്തിലും ഒഴിവാക്കാൻ കഴിയാത്ത ചില മേഖലകളുണ്ട് അവ ഇവയാണ്. 

∙ഇന്ത്യൻ ചരിത്രത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യസമരം.

∙ഇന്ത്യൻ സാമ്പത്തികശാസ്ത്രത്തിൽ ഇന്ത്യൻ ബജറ്റും സാമ്പത്തിക സർവേയും.

∙ഇന്ത്യൻ ഭരണഘടനയിൽ മൗലികാവകാശങ്ങളും മൗലിക ചുമതലകളും. 

∙പ്രകൃതിപഠനത്തിൽ ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും.

∙ഇന്ത്യന്‍ ഭൂമിശാസ്ത്രത്തിൽ വനസമ്പത്തും പ്രകൃതി വിഭവങ്ങളും.

∙നൈതികതയും ഭരണനിർവഹണവും (Ethics & Integrity) കേസ് സ്റ്റഡി ചോദ്യങ്ങൾ.

ഒരിക്കലും മാറ്റാൻ കഴിയാത്ത ചില പുസ്തകങ്ങളുണ്ട്. അവ 

∙ഇന്ത്യന്‍ പൊളിറ്റിക്സ്:ലക്ഷ്മികാന്ത്

∙ഇന്ത്യൻ ഹിസ്റ്ററി: കൃഷ്ണറെഡ്ഡി

∙ഇന്ത്യൻ ജിയോഗ്രഫി : ജി. സി. ലിയോങ് /  മജീദ് ഹുസൈന്‍

∙ഇന്ത്യൻ ഇക്കണോമി : രമേഷ് സിങ് ദത്ത് & സുന്ദരം 

∙ഇന്ത്യന്‍ കല & സംസ്കാരം : നിതിൻ സിങ്ഘാനിയ ഇങ്ങനെയുള്ള പുസ്തകങ്ങളുടെ ലിസ്റ്റ് ശേഖരിക്കുക. നിലവിൽ ഒട്ടേറെ ആപ്പുകളും വെബ്സൈറ്റുകളും ഓൺലൈൻ പഠനഗ്രൂപ്പുകളും ടെലിഗ്രാം ഗ്രൂപ്പുകളും ഉണ്ടെങ്കിലും അവ ശ്രദ്ധയോടെ തിരഞ്ഞെടുക്കുക.

ആദ്യ തവണ തോറ്റ് പുറത്താകുമ്പോൾ ഞാൻ വീണ്ടും പരീക്ഷ എഴുതേണ്ട എന്ന് നിശ്ചയിച്ചു. ഗ്രാമീണമായ ചുറ്റുപാട്, മലയാളം മീഡിയത്തിൽ പഠിച്ചത്, ഗവ. സ്കൂളിൽ പഠിച്ചത്, ശരാശരി മാർക്ക് വാങ്ങിയ, വലിയ സാമ്പത്തികപശ്ചാത്തലം ഒന്നുമില്ലാത്തത്, ഉയർന്ന സ്ഥാപനങ്ങളിൽ നിന്നു പഠിച്ചിറങ്ങാൻ കഴിയാത്തത് എന്നിങ്ങനെ ഒട്ടേറെ ഒഴിവുകഴിവുകൾ ഞാൻ തന്നെ കണ്ടെത്തി. അതിനു ശേഷം ഞാനൊരു നീണ്ട യാത്ര പോയി. ഒട്ടേറെ ജീവിതങ്ങൾ കണ്ട്, തിരികെ വന്നപ്പോൾ തിരിച്ചറിവുണ്ടായി. ഈ കുറവുകൾ തന്നെയാണ് എന്നെ ഞാനാക്കുന്നത്. സിവിൽ സർവീസ് എന്ന അടക്കാനാവാത്ത ലക്ഷ്യത്തിനു വേണ്ടിയാണ് വീടിനു അടുത്തു കിട്ടിയ സ്റ്റേറ്റ് ബാങ്കിലെ ജോലി വലിച്ചെറിഞ്ഞ്, കൊച്ചിയിലേക്കു പോയത്. അവിടെ നിന്ന് ഡൽഹിയിലേക്ക്, ഉത്തരേന്ത്യൻ നഗരങ്ങളിലേക്കു പോയ ഓരോ യാത്രയും എന്നിലെ ആവേശം ഇരട്ടിപ്പിച്ചു. ഗംഗയുടെയും യമുനയുടെയും തീരത്തും ജെഎൻയുവിന്റെ ഹോസ്റ്റിലുകളിലും ഞാൻ അറിവും അതു നൽകുന്നവരെയും തേടി അലഞ്ഞിട്ടുണ്ട്; അവർക്കു വേണ്ടി മണിക്കൂറുകളോളം കാത്തിരുന്നിട്ടുണ്ട്. യാത്ര കഴിഞ്ഞു മോക്ക് ടെസ്റ്റുകൾ എഴുതി സ്വയം വിലയിരുത്തി. എഴുതിയ ഓരോ പരീക്ഷയിൽ നിന്നും ഞാൻ ഊർജം കണ്ടെത്തി. ആ ഊർജമാണ് രണ്ടാം തവണ വിജയമായി തിരികെ വന്നത്. 

(സിവിൽ സെർവന്റും എഴുത്തുകാരനുമാണ് േലഖകൻ. മനോരമ ബുക്സ് പ്രസിദ്ധീകരിച്ച ‘തീൻമേശക്കുറിമാനം’ എന്ന കൃതി ശ്രദ്ധേയമാണ്).

Content Summary : Success story of Civil Servant M. P. Lipin Raj 

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA