ADVERTISEMENT

 

ലോകകോടീശ്വരന്മാരിൽ ഒരാളാണ് അമേരിക്കയിലെ വാരൻ ബഫറ്റ്. (Warren Buffet) വേഷം മാറി സാധാരണക്കാരുടെ ഇടയിലൂടെ സഞ്ചരിച്ച്, അർഹതപ്പെട്ടവരെ സഹായിക്കുന്നത് അദ്ദേഹത്തിന്റെ പതിവായിരുന്നു. അതിൽ അദ്ദേഹം രസം കണ്ടെത്തി. 

 

ഒരിക്കൽ ഒരു പാർക്കിലൂടെ നടക്കുമ്പോൾ ഒരു ബെഞ്ചിൽ  വിഷാദമൂകനായി ഒരു ചെറുപ്പക്കാരൻ ഇരിക്കുന്നു. ബഫറ്റ് അയാളുടെ അരികിൽ ചെന്നിരുന്ന് ചോദിച്ചു: ‘‘മോനെ, എന്താ നിന്റെ പ്രശ്നം?’’

 

ചെറുപ്പക്കാരൻ മുഖം തിരിച്ചു മിണ്ടാതിരുന്നു. ബഫറ്റ് അയാളോടു ചേർന്നിരുന്നു കുശലാന്വേഷണം തുടർന്നു. ഒടുവിൽ യുവാവു മനസ്സു തുറന്നു. ‘എല്ലാം കൈവിട്ടു പോകുന്നു. ബിസിനസ്സ് പൊളിയുന്നു. കടക്കെണിയിലായതിനാൽ മരണം മാത്രമാണ് ഇനി പോംവഴി.’

 

‘‘ഇത്രയേയുള്ളൂ നിന്റെ പ്രശ്നം. പരിഹാരമുണ്ടാക്കാം.’’

 

അത്രയും പറഞ്ഞ് ബഫറ്റ് പോക്കറ്റിൽ നിന്നു ചെക്ക് ബുക്കെടുത്ത് നല്ലൊരു തുകയെഴുതി ചെറുപ്പക്കാരന്റെ പോക്കറ്റിൽ വച്ചു കൊടുത്തു. ‘‘അടുത്ത വർഷം ഇതേ സമയത്ത് ഇതേ സ്ഥലത്ത് നമുക്കു വീണ്ടും കാണാം.’’ ബഫറ്റ് നടന്നകന്നു. യുവാവിനു പ്രതീക്ഷയായി പിറ്റന്നു മുതൽ വർധിത വീര്യത്തോെട അയാൾ കർമരംഗത്തിറങ്ങി. പണം കയ്യിലുണ്ടല്ലോ എന്ന ആത്മവിശ്വാസത്തോടെ പ്രവർത്തനം ഊർജിതമാക്കി. ഒന്നും ഇനി പേടിക്കാനില്ലെന്ന ധൈര്യം അയാളെ എല്ലാം തിരിച്ചു പിടിക്കാൻ സഹായിച്ചു. ചെക്ക് ആവശ്യം വരുമ്പോൾ മാറ്റാനായി മാറ്റി വച്ചു. ഒരു വർഷം കടന്നുപോയതു പെട്ടെന്നായിരുന്നു. നിശ്ചിത ദിവസം മാറാത്ത ചെക്കുമായി തന്നെ സഹായിക്കാൻ മനസ്സു കാണിച്ച മാന്യവയോധികനെ കാണാനെത്തി. ബഫറ്റ് കൃത്യസമയത്തു തന്നെ പാർക്കിലെ അതേ ബഞ്ചിൽ പുഞ്ചിരി തൂകി ഇരിപ്പുണ്ടായിരുന്നു. ചെറുപ്പക്കാരൻ നന്ദി പറഞ്ഞശേഷം അതേ ചെക്ക് അതേപോലെ തന്നെ തിരിച്ചു നൽകി. 

 

ബഫറ്റ് പറഞ്ഞു:‘‘എന്റെ പേരു പറഞ്ഞാൽ നീ എന്നെ അറിയും. വാരന്‍ ബഫറ്റ്.’’ അതു കേട്ടതോടെ യുവാവ് അമ്പരന്നു നിന്നു. ബഫറ്റ് തുടർന്നു. ‘നിനക്ക് ഞാൻ അന്നു തന്നതു പണമല്ല. ആത്മധൈര്യമാണ്. നിനക്ക് അപ്പോൾ വേണ്ടിയിരുന്നത് അതു തന്നെയായിരുന്നു.’

 

(ബഫറ്റിന്റെ ജീവിതക്കുറിപ്പില്‍ നിന്ന്)

 

Content Summary : Warren Buffet Motivation - If you can visualize something, you can achieve it

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com