വാതപ്പനി വേട്ടയാടി, ഇംഗ്ലിഷ് അറിയാതെ കുഴങ്ങി; തളരാതെ പോരാടി സുരഭി നേടി സിവിൽ സർവീസിൽ 50–ാം റാങ്ക്

HIGHLIGHTS
  • ഇംഗ്ലിഷ് അറിയാത്തൊരു കുട്ടി സിവിൽ സർവീസിൽ 50–ാം റാങ്കിലെത്തിയതെങ്ങനെ?
career-success-story-surabhi-gautam-ias-officer
SHARE

2016 ലെ സിവിൽ സർവീസ് പരീക്ഷയിൽ 50–ാം റാങ്ക് നേടിയ സുരഭി ഗൗതമിനെക്കുറിച്ച്  (Surabhi Gautam) അധികമൊന്നും നമുക്കറിയില്ല. മധ്യപ്രദേശിലെ സത്‌ന ജില്ലയിൽ അന്ധാര എന്ന ഒരു കൊച്ചുഗ്രാമത്തിലാണു സുരഭിയുടെ ജനനവും പഠനവും വളർച്ചയുമൊക്കെ. അച്ഛൻ അവിടത്തെ കോടതിയിൽ അഭിഭാഷകൻ, അമ്മ സ്കൂൾ അധ്യാപിക. 

പഠിച്ചതെല്ലാം സർക്കാർ സ്കൂളുകളിൽ ഹിന്ദി മീഡിയത്തിൽ. പത്താം ക്ലാസിൽ 93% മാർക്ക്. കണക്കിനും സയൻസിനും മുഴുവൻ മാർക്ക് നേടി. പക്ഷേ, പന്ത്രണ്ടാം ക്ലാസ് പരീക്ഷാസമയത്ത് അസുഖങ്ങൾ സുരഭിയെ തളർത്തി. റുമാറ്റിക് ഫീവർ (വാതപ്പനി) ബാധിച്ച് അവശയായിരുന്നു, അക്കാലത്തു സുരഭി. 15 ദിവസത്തിലൊരിക്കൽ കുത്തിവയ്പ് എടുക്കണം. കൃത്യമായ ഇടവേളയിൽ ഗ്രാമത്തിൽനിന്നു ജബൽപുർ നഗരത്തിലേക്കു പോകണം. 

തളരാതെ സുരഭി പ്ലസ് ടു പൂർത്തിയാക്കി. എൻജിനീയറിങ് എൻട്രൻസ് പരീക്ഷ എഴുതുന്നു. മികച്ച റാങ്കോടെ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ബ്രാഞ്ചിൽ ഭോപാലിലെ എൻജിനീയറിങ് കോളജിൽ പ്രവേശനം നേടുന്നു. അവിടെ ചെല്ലുമ്പോഴാണു പ്രശ്നം. ക്ലാസുകളെല്ലാം ഇംഗ്ലിഷിലാണ്. എല്ലാവരും ഇംഗ്ലിഷിലാണു സംസാരിക്കുന്നത്. ഹിന്ദി മാധ്യമത്തിൽ പഠിച്ചുവന്ന സുരഭിക്ക് അതൊന്നും പിന്തുടരാൻ കഴിയുന്നില്ല. 

കുറച്ചു ദിവസം സുരഭി നിരാശയുടെ പിടിയിലകപ്പെട്ടെങ്കിലും., ഭാഷാപ്രശ്നം എന്നെ പിറകിലാക്കില്ലെന്ന ഉറച്ച തീരുമാനത്തോടെ മുന്നേറാൻ വൈകാതെ ശ്രമം തുടങ്ങി. ഇംഗ്ലിഷ് പ്രത്യേകം പഠിക്കാൻ തുടങ്ങി. ദിവസേന 10 ഇംഗ്ലിഷ് വാക്കുകൾ പഠിച്ചു. പലതവണ ആവർത്തിച്ചു പഠിച്ചു. അതിന്റെ അർഥമെഴുതിപ്പഠിച്ചു. ഇംഗ്ലിഷിൽ പറയുന്നതും സംസാരിക്കുന്നതും കേട്ട് സ്വായത്തമാക്കി സ്വന്തം ഭാഷാപ്രയോഗങ്ങൾ വളർത്തി. 

ആദ്യ സെമസ്റ്ററിൽ കോളജ് ചാൻസലറുടെ അവാർഡ് സുരഭിക്കായിരുന്നു! എൻജിനീയറിങ് പഠനത്തിൽ പിന്നെയങ്ങോട്ട് അടിവച്ചടിവച്ചു കയറാൻ സുരഭിക്കു ബുദ്ധിമുട്ടുണ്ടായില്ല. യൂണിവേഴ്സിറ്റിയിലെ ഒന്നാം റാങ്കോടെ എൻജിനീയറിങ് പൂർത്തിയാക്കിയ ഉടൻ ടാറ്റ കൺസൽറ്റൻസി സർവീസിൽ ജോലി കിട്ടിയെങ്കിലും മത്സരപ്പരീക്ഷകളിൽ പരീക്ഷണം നടത്താനാണു സുരഭി തീരുമാനിച്ചത്. ഐഎസ്ആർഒ, ബിഎആർസി, സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ, ഡൽഹി പൊലീസ് എന്നിങ്ങനെ എഴുതിയ പരീക്ഷകളിലെല്ലാം സിലക്‌ഷൻ കിട്ടി. 

2013 ൽ ടോപ് റാങ്കോടെ ഇന്ത്യൻ എൻജിനീയറിങ് സർവീസ് സിലക്‌ഷൻ. 2016 ൽ ആദ്യ പരിശ്രമത്തിൽത്തന്നെ ഐഎഎസിലേക്കുമെത്തി. ഗുജറാത്ത് കേഡർ ഓഫിസറാണു സുരഭി ഇപ്പോൾ. 

തീർത്തും ഗ്രാമീണമായൊരു ജീവിതത്തിൽനിന്ന് സ്വപ്നസമാനമായ കരിയറിലേക്കു സുരഭി നടന്നുകയറിയത് ഒട്ടം അനായാസമായിരുന്നില്ല. എല്ലാ സൗകര്യങ്ങളോടെയും പഠിച്ചു വളരുന്ന ആയിരക്കണക്കിനു കുട്ടികൾക്കു കഴിയാതെപോകുന്നതാണ്, സിവിൽ സർവീസിൽ ദേശീയതലത്തിലെ ആദ്യ 50 പേരിൽ ഒരാളാവുക എന്നത്. യുട്യൂബിൽ സുരഭി സംസാരിക്കുന്ന വിഡിയോ കണ്ടാൽ, ഇംഗ്ലിഷ് മീഡിയം സ്കൂളിൽ പഠിക്കാത്ത ഒരാളാണെന്നോ വളരെ വൈകി കഷ്ടപ്പെട്ട് ഇംഗ്ലിഷ് സ്വായത്തമാക്കിയ ആളാണെന്നോ തോന്നില്ല. 

തളർത്താൻ തടസ്സങ്ങൾ പലതും നമ്മുടെ മുന്നിൽ വന്നുനിൽക്കും. പക്ഷേ, അവയെ ക്ഷമാപൂർവം മാറ്റി മുന്നോട്ടുപോകാൻ നമുക്ക് എത്രത്തോളം കഴിയുമെന്നതാണു ജീവിതത്തിലെ വിജയങ്ങൾ നിർണയിക്കുന്നത്. ഇല്ലാത്ത തടസ്സങ്ങളെ വാദങ്ങളാക്കി ഉയർത്തി തന്റെ ‘വിധി’യെന്നു വരുത്തുന്ന ധാരാളം പേർ, സുരഭിയുടെ ജീവിതത്തിലേക്കു നോക്കുക. തളർന്നുവീഴാൻ എത്രയെത്ര കാരണങ്ങൾ ആ ചെറുപ്പക്കാരിക്കു മുന്നിലുണ്ടായിരുന്നു?! 

Content Summary : Vijayatheerangal Column - Surabhi Gautam, who overcame all odds to secure All Indian Rank 50 in UPSC exams

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS