ADVERTISEMENT

ആലുവ–മൂന്നാർ റോഡിൽ ചെറുകുന്നം കവലയിൽ മോഡേൺ മേക്കപ്പ് സലൂൺ എന്നൊരു ബാർബർ ഷോപ്പുണ്ട്. ഇവിടെ മുടി വെട്ടുന്നയാളുടെ പേരാണു ഡോ.ജെറ്റിഷ് ശിവദാസ്. കോളജ് അധ്യാപകനും ചലച്ചിത്ര ഗാനരചയിതാവുമാണ്. റെഗുലർ കോളജ് പഠനമില്ലാതെ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയെന്ന സവിശേഷതയുമുണ്ട്. പ്രതിസന്ധികളുടെയും ദുരിതങ്ങളുടെയും പുഴ നീന്തിക്കടന്നാണു ജെറ്റിഷ് ശിവദാസ് ഒടുവിൽ ഡോ.ജെറ്റിഷ് ശിവദാസായത്. ഡോക്ടറേറ്റ് നേടിയെങ്കിലും ബാർബർ ഷോപ്പിലെ ജോലിക്കു മുടക്കമില്ല. കുറുപ്പംപടി സെന്റ് കുര്യാക്കോസ് കോളജിലെ മലയാള അധ്യാപക വേഷം അഴിച്ചു വൈകിട്ടു പോകുന്നതു ചെറുകുന്നത്തെ ബാർബർ ഷോപ്പിലേക്കാണ്. 

 

പ്രതിസന്ധിയുടെ പുഴ

ജെറ്റിഷിന്റെ കുടുംബം പൂയംകുട്ടി മണികണ്ഠൻചാലിൽ നിന്നു കോട്ടപ്പടിയിലേക്കു ചേക്കേറിയതാണ്. ഒൻപതാം ക്ലാസിൽ പഠനം മുടങ്ങിയ സമയത്തായിരുന്നു മാറ്റം. സ്കൂളിലേക്കുള്ള യാത്രയിൽ ആദ്യം നേരിട്ട പ്രതിസന്ധിയായിരുന്നു പുഴ. പിന്നെ പനിയും ശ്വാസകോശ സംബന്ധമായ രോഗങ്ങളും. കോട്ടേക്കുടിയിൽ ശിവദാസ്–ശാന്തമ്മ ദമ്പതികളുടെ മകനായ ജെറ്റിഷിന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ പ്രതിസന്ധികൾ തോറ്റു മടങ്ങിയപ്പോൾ  ബിരുദാനന്തര ബിരുദവും കോളജ് അധ്യാപനത്തിനുള്ള  നാഷനൽ എലിജിബിലിറ്റി ടെസ്റ്റും (നെറ്റ്) ഇപ്പോൾ പിഎച്ച്ഡിയും കൈവെള്ളയിലെത്തി. കുട്ടമ്പുഴ ഗവ.എച്ച്എസ്എസിലായിരുന്നു പഠനം. മഴക്കാലത്തു കടത്തുവഞ്ചിയെ ആശ്രയിച്ചായിരുന്നു സ്കൂളിലേക്കുള്ള യാത്ര. പുഴ കടന്നുള്ള യാത്രയിൽ പനിയും ശ്വാസതടസ്സവും കൂട്ടുവന്നപ്പോൾ  മാതാപിതാക്കൾക്കു പേടിച്ചു. പഠനവും ചികിത്സയും ലക്ഷ്യമിട്ടാണു കോട്ടപ്പടിയിലേക്കു താമസം മാറ്റിയത്.  കോട്ടപ്പടി മാർ ഏലിയാസ് സ്കൂളിൽ നിന്ന് എസ്എസ്എൽസി വിജയിച്ചു. 

 

കുലത്തൊഴിലും പഠനവും

പ്ലസ്ടുവിനു പഠിപ്പിക്കാൻ വീട്ടുകാർക്കു താൽപര്യമുണ്ടായിരുന്നില്ല. പകരം അമ്മാവൻ വേണു പയ്യാലിൽ നടത്തിയിരുന്ന സലൂണിലേക്കു  കുലത്തൊഴിൽ പഠിക്കാനാണു വിട്ടത്. കുലത്തൊഴിൽ പഠിക്കുന്നതിനൊപ്പം ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്യൂണിക്കേഷൻ കോഴ്സ് പഠിച്ചു. മുംബൈ ടെക്നിക്കൽ എജ്യുക്കേഷൻ സൊസൈറ്റിയുടെ സാങ്കേതിക പരീക്ഷയും പാസായി. ഇലക്ട്രോണിക്സ് കോഴ്സ് പഠിച്ചതിന്റെ ആത്മവിശ്വാസത്തിൽ കോട്ടപ്പടി കവലയിൽ ടിവി മെക്കാനിക് കട തുടങ്ങി. ഇവിടെയിരുന്നു പഠിച്ചാണു വിദൂര വിദ്യാഭ്യാസത്തിലൂടെ പ്ലസ്ടുവും കാലിക്കറ്റ് സർവകലാശാലയിൽ നിന്നു ചരിത്രത്തിൽ ബിരുദവും നേടിയത്. പത്താം ക്ലാസ് മുതലുള്ള പ്രണയം ബിരുദം പൂർത്തിയായതോടെ വിവാഹത്തിലെത്തി. ബേബിയാണു ഭാര്യ. അശമന്നൂർ ഗവ.യുപിസ്കൂൾ അധ്യാപികയാണ്. ഒൻപതാം ക്ലാസ് വിദ്യാർഥിനി മീനാക്ഷിയും ഒന്നാം ക്ലാസ് വിദ്യാർഥിനി മാളവികയുമാണു മക്കൾ. വിവാഹം കഴിഞ്ഞപ്പോൾ ചെലവു കൂടി. ഇതോടെ ചെറുകുന്നത്ത് സഹോദരൻ  നടത്തിയിരുന്ന സലൂൺ ഏറ്റെടുത്തു. വിദൂര വിദ്യാഭ്യാസത്തിലൂടെ മലയാളത്തിൽ ബിരുദാനന്തര ബിരുദവും  2011ൽ നെറ്റ് യോഗ്യതയും നേടി. തുടർന്നു തൃക്കാക്കര ഭാരത്‌മാത കോളജിൽ ഒരു വർഷം മലയാളം അധ്യാപകനായി. 2012 മുതൽ കുറുപ്പംപടി സെന്റ് കുര്യാക്കോസ് കോളജ് ഓഫ് മാനേജ്മെന്റ് സയൻസിൽ അധ്യാപകനാണ്.

 

ഗവേഷണം തുടങ്ങുന്നു

2014ൽ ആലുവ യുസി കോളജ് വഴി എംജി യൂണിവേഴ്സിറ്റിയിൽ പിഎച്ച്ഡിക്കു റജിസ്റ്റർ ചെയ്തു. 2015ൽ ജൂനിയർ റിസർച് ഫെലോഷിപ്  ലഭിച്ചതു സാമ്പത്തിക തുണയായി. യുസി കോളജിലെ ഡോ.അജു കെ.നാരായണനായിരുന്നു ഗൈഡ്. ഇദ്ദേഹം എംജി സർവകലാശാല സ്കൂൾ ലെറ്റേഴ്സിലേക്കു മാറിയപ്പോൾ 2016 മുതൽ ഗവേഷണം അവിടെയായി. കഴിഞ്ഞ 7നു ‘ശ്രീകുമാരൻ തമ്പിയുടെ ചലച്ചിത്ര ഗാനങ്ങൾ–സംസ്കാരിക വിമർശന പഠനം’ എന്ന വിഷയത്തിൽ പിഎച്ച്ഡി ലഭിച്ചു.

 

Content Summary: Success Story Of Dr. Jettish Sivadas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com