ഔഷധമൂല്യമുള്ള പുതിയ ബാക്ടീരിയ ജനുസ്സ്: കണ്ടെത്തിയത് കുസാറ്റ് ഗവേഷകർ

himadri-sajeevan
ആർട്ടിക്കിലെ ഇന്ത്യൻ ഗവേഷണ കേന്ദ്രം– ഹിമാദ്രി, ഡോ. ടി.പി. സജീവൻ
SHARE

ഉത്തരധ്രുവ ആർട്ടിക് സമുദ്രമേഖലയിൽ നിന്നു വൈദ്യശാസ്ത്ര ഉപയോഗത്തിന് ഉപകരിക്കുന്ന ബാക്ടീരിയയെ കണ്ടെത്തിയിരിക്കുകയാണ് കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ ഗവേഷകർ. കുസാറ്റും നാഷനൽ സെന്‌റർ ഫോർ പോളർ ആൻഡ് ഓഷ്യൻ റിസർചും ചേർന്നുള്ള ഗവേഷണത്തിലാണ് ആർടിക് മേഖലയിൽ നിന്നു പുതിയതരം ബാക്ടീരിയയെ കണ്ടെത്തിയത്. ഇതിനായി സംഘം ആർടിക് സമുദ്രമേഖല സന്ദർശിച്ചു. ആർട്ടിക്കിലെ കോങ്സ്ഫോർഡൻ എന്ന ജലാശയത്തിൽ നിന്നു അടിമണ്ണ് ശേഖരിച്ചാണ് ബാക്ടീരിയയെ വേർതിരിച്ചെടുത്തത്.

നാലു വർഷത്തോളം നീണ്ട ഗവേഷണത്തിനു ശേഷമാണ് കണ്ടെത്തിയത് ഇന്നേവരെ കണ്ടെത്തിയിട്ടില്ലാത്ത പുതിയ ഒരു ജനുസ്സ് ആണെന്ന് സ്ഥിരീകരിക്കുകയും  ഇതിന് റൊസീട്രാൻക്വിലിസ് സെഡിമെനിസ് എന്ന്  പേരു നിർദ്ദേശിക്കുകയും ചെയ്തതെന്ന് കുസാറ്റിനു കീഴിലുള്ള നാഷനൽ സെന്‌റർ ഫോർ അക്വാട്ടിക് അനിമൽ ഹെൽത്തിലെ അസോഷ്യേറ്റ് പ്രഫസറും ഗവേഷണത്തിന്‌റെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററുമായ ഡോ. ടി.പി. സജീവൻ പറഞ്ഞു. ഗോവയിലെ നാഷണൽ സെൻറർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചിലെ ഡോക്ടർ കെ പി കൃഷ്ണനും സഹകരിച്ചാണു ഗവേഷണം.

ഡോ. ടി.പി. സജീവന്റെ ഗവേഷണ ഗൈഡു കൂടിയായ കുസാറ്റിലെ തന്നെ പ്രൊഫസർ.റോസമ്മയോടുള്ള ബഹുമാനാർഥമാണു റൊസീയട്രാൻക്വിലിസ് എന്ന പേരുനൽകിയത്.

ആർട്ടിക് ബാക്ടീരിയകളിൽ നിന്നും ഈ സംഘം നേരത്തെ തന്നെ ഔഷധമൂല്യമുള്ള രാസസംയുക്തങ്ങൾ വേർതിരിച്ചെടുത്തിട്ടുണ്ട്. ലോകപ്രശസ്തമായ പെൻസിലിൻ മരുന്നൊക്കെ ഈവിധം സൂക്ഷ്മജീവികൾ നിന്നും കണ്ടെത്തപ്പെട്ടവയാണ്. എന്നാൽ കാലം പോകവെ  രോഗാണുക്കൾ ഇത്തരം സംയുക്തങ്ങളോട് പ്രതിരോധം സ്ഥാപിച്ചു. ഇതിനാലാണു പുതിയ രാസപദാർത്ഥങ്ങളും അതു ഉൽപ്പാദിപ്പിക്കുന്ന ബാക്ടീരിയകളും മറ്റ് സൂക്ഷ്മാണു ശ്രോതസ്സുകൾ ആവശ്യമായി വരുന്നത്. ആഴക്കടലുകളിൽ ഇത്തരം ബാക്ടീരിയകളുടെ ശ്രോതസ്സുകൾ നിലകൊള്ളുന്നുണ്ട്. പലതിനും അർബുദചികിത്സയിൽ പോലും നിർണായക സ്വാധീനം ചെലുത്താനാകും.

പുതിയ ഗവേഷണ നേട്ടത്തിനു ശേഷം ബയോടെക്‌നോളജി വകുപ്പിന്‌റെ ഫണ്ടിങ് ഗവേഷണത്തിനായി കുസാറ്റ് സംഘം നേടിയിട്ടുണ്ട്. ബ്ലൂ ഇക്കോണമി പദ്ധതിയുടെ കീഴിൽ ഇന്ത്യൻ ആഴക്കടലുകളിലുളള സൂക്ഷ്മജീവികൾ നിന്നും അർബുദ ചികിത്സയ്ക്ക് ആവശ്യമായ പദാർത്ഥങ്ങൾ കണ്ടെത്തുന്നതിനുള്ള  ഗവേഷണം നടത്താനാണു ഫണ്ടിങ്.  ലക്നൗ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻട്രൽ ഡ്രഗ്റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് ഈ ഗവേഷണം.

alesund-base
ഇന്ത്യ ഉൾപ്പെടെ 11 രാജ്യങ്ങളുടെ ഗവേഷണബേസുകൾ സ്ഥിതി ചെയ്യുന്ന ന്യൂ അലെസുണ്ട്

ആർട്ടിക്കിലെ ഗവേഷണം

2014 മുതൽ തന്നെ ഉത്തരധ്രുവമേഖലയിലെ ഗവേഷണങ്ങളിൽ പങ്കാളിയായിരുന്നു  ടി.പി.സജീവൻ പറയുന്നു. ആർട്ടിക്കിലെ ബേസിലേക്കു പോകുന്നതിനായി നോർവേയിൽ നിന്നു ഫ്ലൈറ്റിലേറി സ്വാൽബാദ് എന്ന സ്ഥലത്തെത്തും. ഇവിടെ നിന്നാണ് ബേസിലേക്കു പോകുക. സ്വാൽബാദിൽ നിന്ന് 25 കിലോമീറ്ററോളം അകലെയുള്ള ന്യൂ അലെസുണ്ടിലാണ് ഇന്ത്യ ഉൾപ്പെടെ 11 രാജ്യങ്ങളുടെ ഗവേഷണബേസുകൾ നിലകൊള്ളുന്നത്.1920കളിൽ ഒരു കൽക്കരിഖനി ഇവിടെ സ്ഥിതി ചെയ്തിരുന്നു. പിന്നീട് ഇത് അടച്ചു. ഇതിനു ശേഷം ലോകയുദ്ധ സമയത്ത് കൽക്കരിക്ക് വീണ്ടും ഡിമാൻഡ് കൂടിയതോടെ ഇതു വീണ്ടും തുറന്നു. പിന്നീട് ഒരു സ്ഫോടനത്തെത്തുടർന്ന് ഈ ഖനി അടച്ചു. പിന്നീട് ഇതൊരു സയൻസ് ബേസാക്കി മാറ്റി. വിവിധ രാജ്യങ്ങളിലെ ശാസ്ത്രജ്ഞർ ഗവേഷണങ്ങൾക്കായി ഇവിടെ വരുകയും തമ്പടിക്കുകയും ചെയ്തു.

കോങ്സ്ഫോർഡൻ ജലാശയത്തിൽ ബോട്ടിൽ പോയി 500 മീറ്ററോളം താഴ്ചയിൽ  നിന്നും യന്ത്രസഹായത്തോടെസാംപിളുകൾ ശേഖരിക്കുന്നത്. ഇതാദ്യമായല്ല ഡോ. ടി.പി.സജീവൻ വൈദ്യമൂല്യമുള്ള ബാക്ടീരിയകളെ കണ്ടെത്തുന്നത്. നേരത്തെയുള്ള ഒരു ഗവേഷണത്തിൽ പുതിയ ഒരു സ്പീഷീസിലുള്ള ബാക്ടീരിയയെയും സജീവനും സംഘവും കണ്ടെത്തിയിരുന്നു.

sample-collection
സാംപിളുകൾ ശേഖരിക്കുന്ന ഡോ. കെ പി കൃഷ്ണൻ, ഡോ. ടി.പി.സജീവൻ

സൂക്ഷ്മജീവിയിൽ നിന്നു വേർതിരിച്ച സംയുക്തത്തിൽ കൂടുതൽ ഗവേഷണം നടത്തി സ്ഥിരീകരണം നടത്തിയ ശേഷം പേറ്റന്റുൾപ്പെടെ കാര്യങ്ങളിലേക്കു കടക്കാനാണു ഡോ.ടി.പി.സജീവന്റെ പദ്ധതി. കണ്ണൂർ തവറൂൽ പുതിയിടത്ത്  ഗോവിന്ദൻ നമ്പ്യാരുടെയും ലക്ഷ്മിയുടെയും മകനായി ജനിച്ച സജീവൻ തളിപ്പറമ്പ് സർ സെയ്ത് കോളജിലാണു ഡിഗ്രി പഠനം പൂർത്തിയാക്കിയത്. തുടർന്ന് കുസാറ്റിൽ നിന്നു മറൈൻ ബയോളജിയിൽ എംഎസ്‌സി ചെയ്തു. ഇതിനു ശേഷം ഡോ. റോസമ്മയുടെ കീഴിൽ മറൈൻ മൈക്രോബയോളജിയിൽ പിഎച്ച്ഡി. തുടർന്ന് യുജിസി–രാമൻ ഫെലോഷിപ് നേടി പോസ്റ്റ് ഡോക്ടറൽ പഠനത്തിനായി അമേരിക്കയിലെ ടെക്സസ് സർവകലാശാലയിലേ സൗത്ത് വെസ്റ്റേൺ മെഡിക്കൽ സെൻറർ  പോയി. പ്രൊഫസർ ജോൺ മാക്മില്ലനു കീഴിലായിരുന്നു ഗവേഷണം. കാലിഫോർണിയയിലെ പ്രസിദ്ധമായ സ്ക്രിപ്സ് ഇൻസ്റ്റിറ്റ്യൂഷൻസ് ഓഫ് ഓഷ്യാനോഗ്രഫിയിലെ പ്രൊഫസർ വില്യം ഗർവിക്കിൻറെ ലബോറട്ടറിയിൽ 2016ലും 2019ലും വിസിറ്റിംഗ്  ഗവേഷകനായി. ബാക്ടീരിയകളിൽ നിന്നു കാൻസർ പ്രതിരോധത്തിനുള്ള മരുന്ന് വികസിപ്പിക്കുകയാണ് സജീവന്റെ പ്രധാന ഗവേഷണ മേഖല. ഇദ്ദേഹത്തിന്റെ കീഴിലെ ഗവേഷക വിദ്യാർഥി കളായ ഡോ. ധനീഷ, ഉമർ എന്നിവരും റിസർച്ചിൽ പങ്കാളികളാണ്.

കൊച്ചിയിൽ സോഫ്റ്റ്‌വയർ എൻജിനീയറായ പൂർണിമ സോമനാണു ഭാര്യ. മക്കൾ:കാളിദാസ്, മീനാക്ഷി.

Content Summary: Success Story Of Dr.Sajeevan T.P

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മഞ്ഞിലും മഴയിലും വാഗമണ്ണിലൂടെ രസ്നയ്ക്കൊപ്പം ഒരു കാരവൻ യാത്ര

MORE VIDEOS
FROM ONMANORAMA