ADVERTISEMENT

ബിടെക് എന്ന ഡിഗ്രി, ഒരു കാലത്ത് എൻജിനീയറിങ് മേഖലയിലേക്കൊരു താക്കോലായിരുന്നു. എന്നാൽ പിൽക്കാലത്ത് വിവിധ മേഖലകളിൽ ബിടെക് ബിരുദം നേടിയവർ തങ്ങളുടെ സാന്നിധ്യം അറിയിച്ചു. ഇത്തരത്തിലെ ഒരു മേഖലാമാറ്റത്തിന്റെ തിളക്കമാർന്ന കഥയാണ് മലയാളിയായ അനീഷ് എസ്. ചാക്കോയ്ക്ക് പറയാനുള്ളത്. നേവൽ ആർക്കിടെക്ചർ വിജയകരമായി പൂർത്തീകരിച്ച് ജോലി നേടിയ ശേഷവും തന്റെ താൽപര്യം തിരിച്ചറിഞ്ഞു പബ്ലിക് പോളിസി, സോഷ്യൽ ഡവലപ്മെന്റ് സെക്ടർ എന്നിവയിൽ നടത്തിയ പരിശീലനവും അന്വേഷണങ്ങളും വിശ്വപ്രസിദ്ധമായ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലാണ് അനീഷിനെ എത്തിച്ചത്.

ഹൈദരാബാദിലെ മൗലാലിയിലുള്ള എസ്പി നഗറിൽ താമസിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോമാഗ്നറ്റിസത്തിലെ ശാസ്ത്രജ്ഞനായ എസ്.ടി.ചാക്കോയുടെയും ഐടി കമ്പനിയിലെ ബിസിനസ് പ്രോസസ് കൺസൽറ്റന്റായ മിനി എസ് ചാക്കോയുടെയും  മകനാണ് അനീഷ്. കേരളത്തിൽ തിരുവല്ല അമിച്ചക്കരി തുരുത്തിശേരിൽ കുടുംബാംഗമാണ്.

ഹൈദ‌രാബാദിലെ അറ്റോമിക് എനർജി സെൻട്രൽ സ്കൂളിലെ പഠനത്തിനു ശേഷം ആന്ധ്രയിലെ വിശാഖപട്ടണത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി അഥവാ ഐഎംയുവിൽ നിന്നാണ് അനീഷ് നേവൽ ആർക്കിടെക്ചർ ആൻഡ് ഓഷ്യൻ എൻജിനീയറിങ്ങിൽ ബിടെക് ബിരുദം നേടിയത്. 

Anish-S-Chacko

എന്തു കൊണ്ട് ഇക്കണോമിക്സിലും പബ്ലിക് പോളിസിയിലുമൊക്കെ ഇത്ര താൽപര്യമുണ്ടായിട്ടും നേവൽ ആർക്കിടെക്ചർ പോലെ തീർത്തും വ്യത്യസ്തമായ ഒരു മേഖലയിൽ പോയി ബിരുദമെടുത്തു എന്നു ചോദിച്ചാൽ കൃത്യമായി അനീഷിന് ഉത്തരമുണ്ട്. പത്തു വർഷങ്ങൾക്ക് മുൻപ് കാര്യങ്ങൾ ഇന്നത്തേതു പോലെയായിരുന്നില്ല. ഒരു വിദ്യാർഥിക്കു ലഭിക്കാവുന്ന വിവിധ കരിയർ ഓപ്ഷനുകളേക്കുറിച്ചുള്ള അറിവുകൾ കുറവായിരുന്നു. മാത്രമല്ല മിക്ക വിദ്യാർഥികളുടെയും റോൾ മോഡലുകൾ എൻജിനീയറിങ്, മെഡിസിൻ ബിരുദം നേടിയവരായിരുന്നു. തന്റെ അടുത്ത പരിചയക്കാരിൽ ആർക്കും തന്നെ ഇക്കണോമിക്സോ പബ്ലിക് പോളിസിയോ പോലുള്ള ബിരുദങ്ങൾ ഉണ്ടായിരുന്നില്ലെന്ന് അനീഷ് പറയുന്നു. സമൂഹവും പൊതുവേ എൻജിനീയർമാർക്കും ഡോക്ടർമാർക്കും വലിയ സ്ഥാനം നൽകി. അതിനാലാണ് ഐഐടി ജെഇഇ എഴുതി താൻ ഐഎംയുവിൽ അഡ്മിഷൻ നേടിയതെന്ന് അനീഷ് പറയുന്നു. അക്കാലത്ത് ഐഐടി ജെഇഇ പരീക്ഷ വഴിയായിരുന്നു ഐഎംയുവിയിൽ അഡ്മിഷൻ നൽകിയിരുന്നത്.

തുടർന്ന് ക്യാംപസ് പ്ലേസ്മെന്റ് വഴി ഹെക്സഗൺ എബി എന്ന സ്വീഡിഷ് ഷിപ്പിങ് കമ്പനിയിൽ ജോലി നേടി. എന്നാൽ പൊതുമേഖലയിൽ സോഷ്യൽ ഡവലപ്മെന്റ് സെക്ടറിലുള്ള ജോലികളോടുള്ള തന്റെ താൽപര്യം അക്കാലത്ത് അനീഷ് തിരിച്ചറിഞ്ഞു. അതിനാൽ ഹെക്സഗണിലെ ജോലിയിൽ  തുടരുമ്പോൾ തന്നെ  യുണൈറ്റഡ് വേ ഓഫ് ഹൈദരാബാദ് എന്ന നോൺ പ്രോഫിറ്റ് എൻജിഒ സ്ഥാപനത്തിൽ ഓപ്പറേഷൻസ് വിഭാഗം സീനിയർ മാനേജരായി അനീഷ് ജോലി നോക്കി. അനീഷിന്റെ താൽപര്യം തിരിച്ചറിഞ്ഞ മാതൃസ്ഥാപനമായ ഹെക്സഗൺ എബി ഇതിനുള്ള സമയക്രമവും സൗകര്യങ്ങളും ചെയ്തു നൽകി.

സോഷ്യൽ ഡവലപ്മെന്റ് സെക്ടറിൽ ജോലി ചെയ്യാൻ തുടങ്ങിയ ശേഷമാണ് പബ്ലിക് പോളിസിയെക്കുറിച്ച് അനീഷിന് അവബോധമുണ്ടായത്. യുണൈറ്റഡ് വേ ഓഫ് ഹൈദരാബാദിലെ മെന്ററും സിഇഓയും ഇതു സൃഷ്ടിക്കുന്നതിൽ വലിയ പങ്കു വഹിച്ചു.  പബ്ലിക് പോളിസിയിൽ അക്കാദമിക ബിരുദം വേണമെന്ന ചിന്ത അനീഷിന് അപ്പോഴാണുണ്ടായത്. 

വിവിധ പബ്ലിക് പോളിസി പ്രോഗ്രാമുകൾക്കായി അനീഷ് അപേക്ഷ നൽകി. നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി (ബെംഗളൂരു), ഇന്ത്യൻ സ്കൂൾ ഓഫ് പബ്ലിക് പോളിസി (ഡൽഹി) എന്നിവിടങ്ങളിൽ നിന്ന് പബ്ലിക് പോളിസിയിൽ മാസ്റ്റേഴ്സ് ബിരുദത്തിന് അനീഷിന് ഓഫറുകൾ വന്നിരുന്നു.

ഇതിനിടെ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിന്റെ രണ്ടു വർഷ മാസ്റ്റേഴ്സ് പ്രോഗ്രാമിന് 2019ൽ അപേക്ഷിച്ചു. എൻജിനീയറിങ് പശ്ചാത്തലമുള്ളതിനാൽ തനിക്ക് ഈ പ്രോഗ്രാമിൽ അഡ്മിഷൻ ലഭിക്കുമോയെന്ന് അനീഷിന് സംശയമുണ്ടായിരുന്നു. ഏതായാലും ഇന്ത്യൻ സ്കൂൾ ഓഫ് പബ്ലിക് പോളിസിയിൽ അഡ്മിഷനെടുത്തു കോഴ്സ് തുടങ്ങിയ കാലത്ത് തന്നെ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ അഡ്മിഷൻ ഓഫർ ലഭിച്ചു. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലെ തന്റെ സഹപാഠികൾക്കെല്ലാം ഒന്നുകിൽ ഇക്കണോമിക്സ് അല്ലെങ്കിൽ സോഷ്യൽ സയൻസ് ബിരുദങ്ങളാണ് ഉണ്ടായിരുന്നതെന്ന് അനീഷ് പറയുന്നു.

2021ൽ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നു മാസ്റ്റേഴ്സ് ഇൻ പബ്ലിക് പോളിസി, ഇക്കണോമിക് പോളിസിയിൽ സ്പെഷലൈസേഷനോടെ അനീഷ് വിജയകരമായി പൂർത്തീകരിച്ചു. ഇപ്പോൾ നെസ്റ്റ എന്ന സ്ഥാപനത്തിലാണ് അനീഷ് ജോലി നോക്കുന്നത്. ബ്രിട്ടിഷ് സർക്കാരിനും മറ്റു ബ്രിട്ടിഷ് പൊതുമേഖലാ സ്ഥാപനങ്ങൾക്കുമൊക്കെ നയതന്ത്ര, പോളിസി ഉപദേശങ്ങളും കൺസൽറ്റിങ്ങും നൽകുന്ന സ്ഥാപനമാണു നെസ്റ്റ.ചെന്നൈയിലെ ഓസ്ട്രേലിയൻ ഹൈക്കമ്മിഷനിൽ നിന്നും ദക്ഷിണേന്ത്യയിലെ സ്ട്രാറ്റജിക് ഇൻവെസ്റ്റ്മെന്റിൽ പോളിസി അനലിസ്റ്റായും അനീഷിന് ഓഫർ ലഭിച്ചിരുന്നു.

ബിരുദതലത്തിലെ അക്കാദമിക ഡിഗ്രികളോ മേഖലകളോ ഒരു വിഷയത്തിലാണെങ്കിൽ പോലും ഭാവിയിൽ വ്യത്യസ്തമായ കരിയർ മേഖലകളിൽ വിജയം വരിക്കാം എന്നതിന്റെ ഉദാഹരണമാണ് അനീഷിന്റെ പാത. പബ്ലിക് പോളിസി പോലുള്ള കോഴ്സുകൾക്ക് ഐക്യരാഷ്ട്ര സംഘടന മുതൽ വേൾഡ് ബാങ്ക്, ഐഎംഎഫ്, വിവിധ കൺസൽറ്റൻസികൾ, എൻജിഓകൾ തുടങ്ങിയവയിൽ വരെ അവസരങ്ങളുണ്ട്.

Content Summary: Success Story Of Aneesh Chacko

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com