അമ്മ പ്രചോദനമായി, ഓട്ടിസം ബാധിച്ച കുട്ടികളെ സഹായിക്കാൻ സ്റ്റാർട്ടപ് ഒരുക്കി മകനും സുഹൃത്തും

HIGHLIGHTS
  • ഇന്ന് ലോക ഓട്ടിസം ബോധവൽക്കരണ ദിനം
  • രണ്ടുതരം ഉൽപന്നങ്ങളാണുള്ളത്.
autism
SHARE

തിരുവനന്തപുരം∙ ഓട്ടിസം ബാധിച്ച കുട്ടികൾക്കു നേർക്കൊരു പന്തെറിഞ്ഞാൽ അവർക്കു പിടിക്കാൻ കഴിയില്ല. തുമ്പിയെ പിടിക്കാനായേക്കില്ല. ചിലപ്പോൾ നിറങ്ങൾ പോലും തിരിച്ചറിയാൻ കഴിയില്ല. എന്നാൽ നിരന്തര പരിശീലനത്തിലൂടെ അവർ ഇവയെല്ലാം സ്വായത്തമാക്കി വിജയികളാകും. അതിനു പ്രാപ്തമാക്കുന്ന വെർച്വൽ റിയാലിറ്റി ചികിത്സാരീതി തിരുവനന്തപുരം സ്വദേശികളുടെ സ്റ്റാർട്ടപ് സംരംഭമായി പുറത്തുവന്നു. തൃശൂരിൽ സാമൂഹിക സുരക്ഷാ മിഷനു കീഴിലെ റീജനൽ ഓട്ടിസം റിസർച് ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിൽ ഉൾപ്പെടെ വിജയകരമായി ഇതു പ്രവർത്തിക്കുന്നു. സ്വന്തം അമ്മയിൽനിന്നു പ്രചോദനമുൾക്കൊണ്ടാണ് ടെക്നോപാർക്കിലെ എംബ്രൈറ്റ് ഇൻഫൊ ടെക് സിഇഒ കേശവദാസപുരം സ്വദേശി എ.ആർ.സത്യനാരായണൻ (34) കോളജിലെ സഹപാഠി പട്ടം സ്വദേശി ബോബിൻ ചന്ദ്ര (34)യുമായി ചേർന്ന് ‘ഓട്ടി കെയർ’ എന്ന സ്റ്റാർട്ടപ് ഉൽപന്നം വികസിപ്പിച്ചെടുത്തത്.

നാഡീസംബന്ധമായ അസുഖങ്ങളുള്ള രോഗികളെ ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനു സഹായിക്കുന്ന ഭാഷാവിദഗ്ധയായി സേവനം ചെയ്യുകയാണു സത്യനാരായണന്റെ അമ്മ രമാബായി. ഓട്ടിസം ബാധിച്ച ഒട്ടേറെ കുട്ടികളെ ആശയവിനിമയത്തിലും സംവേദനത്തിലും മറ്റു കുട്ടികൾക്കൊപ്പമെത്തിക്കാൻ അമ്മ നടത്തുന്ന പരിശ്രമം എപ്പോഴും കാണുന്നതാണ്. ഇതിനുള്ള എളുപ്പ വഴിയെന്തെന്ന ചിന്തയാണു രണ്ടു വർഷം മുൻപു സത്യനാരായണനെ സുഹൃത്ത് ബോബിനൊപ്പം ‘ഓട്ടി കെയറി’ലേക്കു നയിച്ചത്.

രണ്ടുതരം ഉൽപന്നങ്ങളാണുള്ളത്. ഹെഡ്സെറ്റ് ഉപയോഗിച്ച് ത്രീഡി ലോകത്ത് കുട്ടിയെ എത്തിക്കുന്നതാണ് ആദ്യത്തെ രീതി. ആ ലോകത്തെ ഓരോ കൗതുകവും അതിനോടുള്ള പെരുമാറ്റ രീതിയുമെല്ലാം മറ്റൊരു കുട്ടി ചെവിയിൽ പറഞ്ഞു കൊടുക്കുന്നതായി അനുഭവപ്പെടും. മെല്ലെ മെല്ലെ ആ കാഴ്ചകളോടു പ്രതികരിച്ചു തുടങ്ങും. കണ്ണൂർ, മലപ്പുറം, കാസർകോട് ജില്ലകളിൽ പഞ്ചായത്തുകൾ നടത്തുന്ന ആറു ബഡ്സ് സ്കൂളുകളിൽ നൂറിലേറെ കുട്ടികൾ ഈ ഉൽപന്നം ഉപയോഗിക്കുന്നുണ്ട്. കുറേക്കൂടി അഡ്വാൻസ്ഡ് ആയ വേർഷൻ ആണു രണ്ടാമത്തേത്. ഒരു പ്രൊജക്ടർ മുറിയിലാണു കുട്ടിയെ ഇരുത്തുക. അവിടെ ഭിത്തികളിൽ പ്രൊജക്ടർ ഉപയോഗിച്ചു പൂന്തോട്ടമോ മൈതാനമോ, ഷോപ്പിങ് മാളോ ഒരുക്കാം. കുട്ടിക്കു വെർച്വൽ പൂന്തോട്ടത്തിലെ പൂമ്പാറ്റയെ പിടിക്കാനോ, പൂവിൽ ഉമ്മവയ്ക്കാനോ ഒക്കെ കഴിയും. ഒരേസമയം ആറോ, ഏഴോ കുട്ടികൾക്ക് പങ്കാളിയാകാം. റീജനൽ ഓട്ടിസം റിസർച് ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിൽ തെറപ്പിയുടെ ഭാഗമായാണ് ഇതുപയോഗിക്കുന്നത്. 

എ.ആർ.സത്യനാരായണൻ, ബോബിൻ ചന്ദ്ര
എ.ആർ.സത്യനാരായണൻ, ബോബിൻ ചന്ദ്ര

എംജി സർവകലാശാലയിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സെന്ററിലും ഇതുണ്ട്.

കോവിഡ് കാലത്ത് അടച്ചിട്ട ബഡ്സ് സ്കൂളുകൾ തുറക്കാനിരിക്കുന്നതേയുള്ളൂ. അപ്പോഴേക്കും കൂടുതൽ കുട്ടികളിലേക്ക് എത്തിക്കാനുള്ള തയാറെടുപ്പിലാണ്. ഓട്ടിസം ബാധിച്ച കുട്ടികൾ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രശ്നമാണ് ഒരു വസ്തുവിലും നോട്ടം കേന്ദ്രീകരിക്കാൻ കഴിയില്ല എന്നത്. ഇതിനെ മറികടക്കാനുള്ള ഐ ട്രാക്കിങ് ഉപകരണം അടുത്തുതന്നെ പുറത്തിറക്കും.

Content Summary : Inspiration from mom man and his friends starts Auti Care Startup

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA