ADVERTISEMENT

കോട്ടയ്ക്കൽ ∙ സംസ്ഥാനത്തെ സ്കൂൾ, കോളജ് വിദ്യാർഥികൾക്കിടയിൽ ‘ഗ്രൂപ്പ് ഡൈനാമിക്സ്’ എന്ന ക്ലാസുമായി ഈ കോളജ് അധ്യാപകൻ സഞ്ചാരം തുടങ്ങിയിട്ട് 17  വർഷം കഴിഞ്ഞു. ലക്ഷ്യബോധം, ടീം ബിൽഡിങ്ങ്, മൂല്യബോധം, ഐക്യം, ആശയ വിനിമയ ശേഷി വികസിപ്പിക്കൽ, നേതൃഗുണം വളർത്തൽ, തീരുമാനമെടുക്കാനുള്ള കഴിവും പ്രശ്ന പരിഹരണ ശേഷിയും വർധിപ്പിക്കൽ, സമയനിഷ്ഠ പാലിക്കൽ തുടങ്ങിയ കഴിവുകൾ വിദ്യാർഥികളിൽ സംജാതമാക്കുക എന്നതാണ് മഞ്ചേരി എൻഎസ്എസ് കോളജ് മലയാളം വിഭാഗം മേധാവിയായ ഡോ. സന്തോഷ് കുമാർ വള്ളിക്കാട് ( Dr Santhish Kumar Vallikkad) ഏറ്റെടുത്ത വലിയ ഉദ്യമത്തിനു പിറകിലുള്ളത്.

career-channel-success-story-of-dr-santhosh-kumar-vallikkat-motivation

 

എസ്എസ്എൽസി, പ്ലസ്ടു വിദ്യാർഥികൾക്കും ബിരുദതലം മുതലുള്ള കോളജ് വിദ്യാർഥികൾക്കും ബിഎഡ്, ടിടിസി വിദ്യാർഥികൾക്കുമാണ് പദ്ധതി കൂടുതലായി പ്രയോജനപ്പെടുന്നത്. ഇതിനകം പതിനായിരത്തോളം ക്ലാസുകൾ പിന്നിട്ടപ്പോൾ അധ്യാപകർക്കും ഏറെ ഗുണകരമായി മാറി. 

career-channel-success-story-of-dr-santhosh-kumar-vallikkat

 

പന്തളം എൻഎസ്എസ് ട്രെയിനിങ്ങ് കോളജ്, കോഴിക്കോട് ഗവ. ട്രെയിനിങ്ങ് കോളജ്, തൃശൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് സ്‌റ്റഡീസ്, കോഴിക്കോട് ഫാറൂഖ് ട്രെയിനിങ്ങ് കോളജ്, തൃശൂർ ജെപിഇ ട്രെയിനിങ്ങ് കോളജ്, പെരുമ്പിലാവ് അൻസാർ കോളജ്, മീനങ്ങാടി സെന്റ് ഗ്രിഗോറിയസ് ട്രെയിനിങ്ങ് കോളജ്, ഒറ്റപ്പാലം എൻഎസ് എസ് കോളജ്, വടകര മേഴ്സി കോളജ്, മീനങ്ങാടി ടീച്ചർ എജ്യൂക്കേഷൻ സെന്റർ, മഞ്ചേരി, വടകര, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലെ എഡബ്ല്യൂഎച്ച് കോളജുകൾ, മുക്കം കെഎംസിടി, പഴഞ്ഞി ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പരുതൂർ ഹയർ സെക്കൻഡറി സ്കൂൾ, കൊളത്തൂർ നാഷനൽ ഹൈസ്കൂൾ, പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, എടരിക്കോട് പികെഎം എം ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയ്ക്കൽ ഗവ. രാജാസ് ഹയർസെക്കൻഡറി സ്കൂൾ, കോട്ടൂർ എകെഎം ഹയർ സെക്കൻഡറി സ്കൂൾ, ഫാറൂഖ് ഗവ. ഗണപത് ഹയർ സെക്കൻഡറി സ്കൂൾ, രാമനാട്ടുകര സേവാശ്രമം, രാമനാട്ടുകര ആർഎം ടിടിഐ, തിരൂർ, വയനാട്, കോഴിക്കോട് പാലക്കാട് ഡയറ്റ്, മലപ്പുറം ടിടിഐ, ചേലേമ്പ്ര ദേവകിയമ്മ കോളജ്, തിരുവനന്തപുരം ഗവ.കോളജ് ഓഫ് ടീച്ചർ എജ്യൂക്കേഷൻ, ആതവനാട് മർക്കസ് കോളജ്, ആതവനാട് ബാഫഖി കോളജ്, എടവണ്ണ ഹയർ സെക്കൻഡറി സ്കൂൾ, ചെട്ടിയാംകിണർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ, വാളക്കുളം ഹൈസ്കൂൾ തുടങ്ങിയ ഒട്ടേറെ വിദ്യാലയങ്ങളുടെ അകത്തളങ്ങളിൽ ‘സന്തോഷ് മാഷി’ന്റെ ഘനഗംഭീരമായ ശബ്ദം മുഴങ്ങി.

career-channel-success-story-of-dr-santhosh-kumar-vallikkat-life-skill

 

നാടക പഠനം, കലാപഠനം, സംഗീതം, വ്യക്തിത്വവികസനം, വിദ്യാഭ്യാസ മന:ശാസ്ത്രം എന്നിവ സമന്വയിപ്പിച്ച് സ്വയം രൂപപ്പെടുത്തിയ മൊഡ്യൂൾ ആവശ്യാനുസരണം രൂപഭേദം വരുത്തിയാണ് അവതരിപ്പിക്കുന്നത്. വ്യക്തികൾ സ്വയം മാറ്റത്തിന് വിധേയമാകുന്നതോടെ സമൂഹത്തിന്റെ പൊതുനൻമയും കരുതലും സഹവർത്തിത്വവുമാണ് ലക്ഷ്യമിടുന്നത്. ഈ ക്ലാസുകൾ മാസ്മരിക അനുഭവമാണെന്ന് വിദ്യാർഥികളും അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു.

 

സംസ്ഥാനത്തുടനീളം സ്കൂൾ, കോളജ്  എൻഎസ്എസ് ക്യാംപുകളിൽ റിസോർസ് പഴ്സനായി ക്ലാസുകൾ എടുക്കാറുണ്ട്. എൻസി സി, ജെആർസി, റെഡ് ക്രോസ്, എൻപിസി, തണൽക്കൂട്ട് തുടങ്ങിയ സംവിധാനങ്ങൾക്കു വേണ്ടിയും പരിശീലന ക്ലാസുകളും കൗൺസലിങ്ങും നടത്തുന്നു. കൂടാതെ, കുടുംബശ്രീ, വനിതാ ശിശു വികസന വകുപ്പ്, ഭിന്നശേഷിയുള്ള കുട്ടികൾ എന്നിവർക്കു വേണ്ടിയും പരിശീലന പരിപാടികൾ നടത്താറുണ്ട്.

 

കോട്ടയ്ക്കൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂൾ, പട്ടാമ്പി ഗവ. സംസ്കൃത കോളജ്, കാലിക്കറ്റ് സർവകലാശാല ക്യാംപസ് എന്നിവിടങ്ങളിലായി പഠനം പൂർത്തിയാക്കിയ ഡോ. സന്തോഷ് വള്ളിക്കാട്   ജില്ലയിൽ പിഎസ് സി ഒന്നാം റാങ്കോടെ അധ്യാപക ജോലിയിൽ പ്രവേശിച്ചതാണ്. ജില്ലയിലെ സാഹിത്യ, കലാ മേഖലകളിലെ സ്ഥിരം സാന്നിധ്യവും പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ ജോ.സെക്രട്ടറിയുമാണ്. സ്കൂൾ, കോളജ് കലോത്സവങ്ങളുടെ വിധികർത്താവ്, സാംസ്കാരിക വേദികളിലെ പ്രഭാഷകൻ എന്ന നിലയിലും അറിയപ്പെടുന്നു.

 

അദ്ദേഹമെഴുതിയ ‘പുരാവൃത്തവും കവിതയും’എന്ന ഗ്രന്ഥത്തിന് സാഹിത്യ നിരൂപണത്തിനുള അബുദാബി ശക്തി അവാർഡും തിരുനല്ലൂർ കരുണാകരൻ അവാർഡും ലഭിച്ചിട്ടുണ്ട്. ഒട്ടേറെ പുസ്തകങ്ങൾക്കു അവതാരികയും പഠനങ്ങളുമെഴുതി. ‘കേരളീയം’, ‘മാനവീയം’, ‘കരുണ’", ‘മൈലാഞ്ചി കൈകൾ, ‘പടച്ചോന്റെ ചോറ്’,‘ഇരുട്ട്’ തുടങ്ങിയ നാടകങ്ങളും സംഗീതശിൽപങ്ങളും ഹ്രസ്വചിത്രങ്ങളും രചിച്ചിട്ടുണ്ട് കോട്ടയ്ക്കൽ സ്വദേശിയായ ഡോ. സന്തോഷ് വള്ളിക്കാട്.

 

Content Summary : With 17 years of experience, Dr Santhish Kumar Vallikkad motivates students to harness communication skills

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com