ADVERTISEMENT

എഡബ്ല്യുഎസ് സ്റ്റുഡിയോ ലാബ്സ് സംഘടിപ്പിക്കുന്ന പ്രശസ്തമായ രാജ്യാന്തര ഹാക്കത്തണിൽ രണ്ടാം സ്ഥാനം നേടി മലയാളിയുടെ സംഘം. ഇത്തവണ ഓൺലൈനായി നടത്തിയ ഹാക്കത്തണിൽ വിജയിച്ച ഒരേയൊരു ഇന്ത്യൻ സംഘത്തിലാണ് കായംകുളം സ്വദേശിനിയായ സൂര്യ രമണൻ ഉൾപ്പെട്ടത്. ജാർഖണ്ഡിൽ തെനുഘാട് വിദ്യുത് നിഗമിൽ ഉദ്യോഗസ്ഥനായ കായംകുളം ഭരണിക്കാവ് പുത്തൻപുരയിൽ പി.ആർ.രമണന്റെയും സുധ രമണന്റെയും മകളാണു സൂര്യ.

 

വരിഷ്ട് എന്നു പേരായ ടീമാണ് ഹാക്കത്തണിൽ വിജയിച്ചത്. സമ്മാനത്തുകയായി ഏകദേശം 7.6 ലക്ഷം രൂപ ഇവർക്കു ലഭിച്ചു.ഈ പ്രത്യേക പ്രോജക്ടിൽ സൂര്യയാണു ടീമിനെ നയിച്ചത്. അതിനാൽ അധിക ക്രെഡിറ്റായി 500 ‍ഡോളർ കൂടി സൂര്യയ്ക്ക് ലഭിച്ചു. വോളണ്ടറി അസോസിയേഷൻ ഓഫ് റിസർച്ചേഴ്സ് ഇൻ സയൻസ് ആൻഡ് ടെക്നോളജി ആൻഡ് ഹോംലാൻഡ് സെക്യൂരിറ്റി എന്നാണു വരിഷ്ടിന്റെ പൂർണരൂപം.

 

കേണൽ റിതേഷ് കുമാറാണു വരിഷ്ട് ടീമിന്റെ ലീഡർ. ബെംഗളൂരു ഐഐഎമ്മിന്റെ ആർട്ടിഫിഷൽ ഇന്റലിജൻസ് വിഭാഗം മേധാവി ഡോ. അശുതോഷ് മിശ്ര, റൂർക്കി ഐഐടിയിലെ പ്രഫസറായ ഡോ. രാം സതീഷ്, ലക്നൗ ഇഫ്ളുവിലെ പ്രഫസറായ ഡോ. വിജയ, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ നിന്നു ഗവേഷണം പൂർത്തീകരിച്ച ടാനിയ ബിശ്വാസ്, കോട്ടയം ആർഐടിയിൽ നിന്നു വിദ്യാഭ്യാസം നേടി ഇപ്പോൾ കോഗ്നിസെന്റിൽ ജോലി നോക്കുന്ന അക്സ തോമസ്, ഭുവനേശ്വർ ഐടിഇആറിലെ വിദ്യാർഥിയായിരുന്ന ശുഭാംഗി പിള്ളൈ എന്നിവരായിരുന്നു വരിഷ്ട് സംഘാംഗങ്ങൾ.

 

surya

ദുരന്തനിവാരണത്തിനുള്ള സാങ്കേതിക വിദ്യകൾ ക്ഷണിച്ചുകൊണ്ടായിരുന്നു എഡബ്ല്യുഎസ് ഡിസാസ്റ്റർ റെസ്പോൺസ് ഹാക്ക്തൺ നടത്തിയത്. ഇടിവെട്ടും മഴയും പ്രവചിക്കുന്ന മെഷീൻ ലേണിങ് ഉപയോഗിച്ചുള്ള സംവിധാനമാണ് സൂര്യയുടെ സംഘം വികസിപ്പിച്ചത്. വർഷം തോറും കാൽ ലക്ഷത്തോളം ജീവനുകൾ ഇടിമിന്നലേറ്റു നഷ്ടപ്പെടുന്നെന്നാണു കണക്ക്. ഇതു പരിഗണിച്ചാണ് ഇടിമിന്നലുകളെക്കുറിച്ചു ശ്രദ്ധ കേന്ദ്രീകരിക്കാൻ വരിഷ്ട് സംഘം തീരുമാനിച്ചത്.

 

വർഷങ്ങളോളമുള്ള ഓപ്പൺ സോഴ്സ് ഡേറ്റ ശേഖരിച്ചാണു സംഘം മെഷീൻ ലേണിങ് സംവിധാനത്തിന്റെ വികസനത്തിനു തുടക്കമിട്ടത്. വായുവിന്റെ വേഗം, ദിശ, താപനില തുടങ്ങിയവയായിരുന്നു ഡേറ്റയിലുണ്ടായിരുന്നത്.  ഇന്ത്യ, യുഎസ് എന്നിവിടങ്ങളിലെ വിവരങ്ങളാണു ശേഖരിച്ചത്. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ എവിടെയെങ്കിലും ഇടിമിന്നൽ ഉണ്ടാകാൻ സാധ്യതയുണ്ടോയെന്ന് പ്രവചിക്കാൻ ഇതുവഴി സാധിക്കും. ഭാവിയിൽ വിവിധ സർക്കാർ സംഘടനകൾ, സന്നദ്ധസംഘടനകൾ എന്നിവയുമായി സഹകരിച്ച് പ്രവർത്തിക്കാനും ഈ സംഘത്തിന് താൽപര്യമുണ്ട്.

 

നിലവിൽ വരിഷ്ടിനായി വീട്ടിലിരുന്ന് വർക് ഫ്രം ഹോം രീതിയിലാണു സൂര്യ പ്രവർത്തിക്കുന്നത്. താമസിയാതെ ഡൽഹിയിലേക്കു ജോലിസ്ഥലം മാറുമെന്ന് സൂര്യ പറയുന്നു. 

 

പിതാവിന്റെ ജോലിസ്ഥലം ജാർഖണ്ഡിലായിരുന്നതിനാൽ റാഞ്ചിയിലെ ഹൽഹുന്ദിലുള്ള ഐസിഎസ്‌ഇ സ്കൂളിലായിരുന്നു സൂര്യയുടെ സ്കൂൾ പഠനം.പിന്നീട് കുസാറ്റിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് പഠനം, തുടർന്ന് ബെംഗളൂരുവിൽ സെന്റെലോൺ എന്ന സ്റ്റാർട്ടപ്പിൽ ജോലി ചെയ്തു. കോളജിൽ പഠിക്കുന്ന സമയത്ത് ഒട്ടേറെ ഹാക്കത്തൺ മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. ഇന്ത്യയിലെ ടോപ് 100 കോഡർ എന്ന പട്ടികയിലും ഉൾപ്പെട്ടു. ജൻഡർ വയലൻസിനെ എതിർത്തുകൊണ്ടുള്ള ഹാക്കത്തണിലും സമ്മാനം നേടിയിരുന്നു.ലിങ്ക‍ഡ് ഇൻ വഴിയാണു കേണൽ റിതേഷ്കുമാർ സൂര്യയെ വരിഷ്ടിലേക്കു ക്ഷണിച്ചത്.

 

Content Summary: Success Story Of Surya Ramanan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com