ADVERTISEMENT

ഓട്ടിസം സ്പെക്ട്രത്തിന്റെ ഭാഗമായ ആസ്പെർജേഴ്സ് സിൻഡ്രോം ഉള്ള മകൻ സിദ്ധാർത്ഥിന്റെ ബിരുദ വിജയവും അതിലേക്കുള്ള നിണ്ട യാത്രയേക്കുറിച്ചും മുരളി തുമ്മാരുകുടി സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു: ശരിയായ പിന്തുണ നൽകിയാൽ കുഞ്ഞുങ്ങൾക്കു നമ്മൾ ചിന്തിക്കുന്നതിലപ്പുറം വളരാൻ പറ്റും എന്നുള്ളതിന്റെ അടയാളപ്പെടുത്തൽ കൂടിയാണ് സിദ്ധാർത്ഥിന്റെ യാത്ര...

മുരളി തുമ്മാരുകുടിയുടെ കുറിപ്പിന്റെ പൂർണരൂപം;

ഓട്ടിസം സ്പെക്ട്രത്തിന്റെ ഭാഗമായ ആസ്പെർജേഴ്സ് സിൻഡ്രോം ഉള്ള സിദ്ധാർത്ഥിന്റെ വളർച്ചയുടെ ഓരോ സമയത്തും അത് ഞാൻ നിങ്ങളുമായി പങ്കുവച്ചിട്ടുണ്ട്. 

ഇന്ന് സിദ്ധാർത്ഥിന്റെ ബി. കോം. അവസാന സെമസ്റ്റർ റിസൾട്ട് വന്നു. എല്ലാ വിഷയത്തിനും പാസ്സായിട്ടുണ്ട്. ഡാറ്റാബേസ് മാനേജ്‌മന്റ് ഉൾപ്പടെ ചില വിഷയങ്ങൾക്ക് എ ഗ്രേഡ് ഉണ്ട്. മുൻപുള്ള എല്ലാ സെമസ്റ്ററുകളും പാസ്സായതാണ്. സിദ്ധാർത്ഥ്  ബിരുദധാരി ആവുകയാണ്.

ഇരുപത്തൊന്നു വയസ്സാകുന്ന ഒരാൾ ബിരുദധാരിയാകുന്നത് സാധാരണ ഗതിയിൽ ഒരു സംഭവമല്ല. പക്ഷെ സിദ്ധാർത്ഥ് സാധാരണ ഒരാൾ അല്ല എന്ന് നിങ്ങൾക്ക് അറിയാമല്ലോ. ഓട്ടിസം സ്പെക്ട്രത്തിന്റെ ഭാഗമായ ആസ്പെർജേഴ്സ് സിൻഡ്രോം ഉള്ള സിദ്ധാർത്ഥിന്റെ വളർച്ചയുടെ ഓരോ സമയത്തും അത് ഞാൻ നിങ്ങളുമായി പങ്കുവച്ചിട്ടുണ്ട്. അതിനോട് നിങ്ങൾ കാണിച്ച അനുഭാവപൂർണമായ സമീപനം ഞങ്ങൾക്ക് സമാധാനവും ആത്മവിശ്വാസവും നൽകിയിട്ടുണ്ട്.  അതുകൊണ്ടാണ് വ്യക്തിപരമായ ഈ സന്തോഷം വായനക്കാരോട് പങ്കുവയ്ക്കുന്നത്.

സിദ്ധാർത്ഥ് ബിരുദധാരി ആകുമെന്ന് പോയിട്ട് പത്താം ക്ലാസ് പാസ്സാകുമെന്ന് പോലും ആരും ഒരുകാലത്ത് കരുതിയിരുന്നില്ല. ഓട്ടിസത്തിന്റെ പല ലക്ഷണങ്ങളും തീവ്രമായി  പ്രകടിപ്പിക്കുകയും സംസാരം ഒട്ടും തന്നെ ഇല്ലാതിരിക്കുകയും ചെയ്യുന്ന കാലത്താണ് ഒന്നാം ക്ലാസ് അഡ്മിഷൻ വരുന്നത്. സർക്കാർ സ്‌കൂളുകൾ ഉൾപ്പടെ അനവധി സ്‌കൂളുകളിൽ അഡ്മിഷന് ശ്രമിച്ചു, നടന്നില്ല. ഒടുവിലാണ് ചോയ്‌സ് സ്‌കൂളിൽ ഒരു ഡിവിഷനിൽ ഭിന്നശേഷിയുള്ള ഒരു കുട്ടിയെ അനുവദിക്കാറുണ്ടെന്ന് അറിഞ്ഞത്. ഭാഗ്യത്തിന് ആ സ്ലോട്ട് സിദ്ധാർത്ഥിന് കിട്ടി. കൂട്ടത്തിൽ ഒരു ഇൻ ക്ലാസ് അസിസ്റ്റന്റ് കൂടി ഉണ്ടെങ്കിൽ മാത്രമേ ഇത്തരം കുട്ടികൾക്ക് ക്ലാസ് അറ്റൻഡ് ചെയ്യാൻ പറ്റൂ. അപ്പോൾ അതിനായി പ്രത്യേകം ഒരാളെ നിയമിച്ചു. അവർ ഇല്ലാത്ത ദിവസങ്ങളിൽ സിദ്ധാർത്ഥിന്റെ അമ്മയോ മുത്തച്ഛനോ ക്ലാസിൽ ഇരുന്നു. 

ആരോടും സംസാരിക്കാതെ കൂട്ടത്തിൽ മുതിർന്ന ഒരു ആളുമൊക്കെയായി ക്ലാസിൽ വരുന്ന കുട്ടിയോട് മറ്റു കുട്ടികൾ അധികം കൂട്ട് കൂടിയില്ല. ശ്രീലങ്കയിൽ നിന്നുണ്ടായിരുന്ന ഒരു കുട്ടിയല്ലാതെ ആരും തന്നെ സിദ്ധാർത്ഥിനെ ഒരു ബർത്ത് ഡേക്ക് വിളിച്ച ഓർമ്മ തന്നെയില്ല. പക്ഷേ ക്ലാസിൽ പഠിപ്പിച്ച കാര്യങ്ങൾ പഠിക്കാനും അത് പരീക്ഷയ്ക്ക് എഴുതിവയ്ക്കാനും അന്നേ അവന് താല്പര്യമുണ്ടായിരുന്നു. പതുക്കെപ്പതുക്കെ ഭാഷയുടെയും സംസാരത്തിന്റെയും  ബുദ്ധിമുട്ടുകളെ അതിജീവിച്ചു. പത്താം ക്ലാസ് ആയപ്പോൾ ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ അധികം സമയം ലഭിക്കുമെന്നും വേണമെങ്കിൽ സ്ക്രൈബിനെ വച്ച് എഴുതിക്കാം എന്നുമൊക്കെ അധ്യാപകർ പറഞ്ഞിരുന്നു. പക്ഷെ അത് വേണ്ട, സ്വയം എഴുതി അതനുസരിച്ചു കിട്ടുന്ന മാർക്ക് മതി എന്നതായിരുന്നു ഞങ്ങളുടെ തീരുമാനം.

രണ്ടു വയസ്സ് തൊട്ടുതന്നെ സിദ്ധാർത്ഥിന് വരക്കാനുള്ള കഴിവുണ്ടെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. സംസാരം ശരിയാക്കുന്നതിന്റെയും സ്‌കൂളിൽ ചേർത്ത് സാധാരണ സിലബസ് സംവിധാനങ്ങൾക്കുള്ളിൽ പഠിപ്പിക്കുന്നതിന്റെയും തിരക്കിൽ ആ വിഷയത്തിനു മനഃപൂർവ്വം പ്രാധാന്യം കൊടുത്തില്ല. ഒൻപതാം ക്ലാസിൽ എത്തിയതോടെയാണ് ഡ്രോയിങ്ങ് ഒരു വിഷയമായി എടുക്കാമെന്ന സ്ഥിതി വന്നത്. അത് വലിയ ആശ്വാസമായി എന്ന് മാത്രമല്ല താൻ വരച്ച ചിത്രങ്ങൾ മറ്റുള്ളവർ കണ്ട് അഭിനന്ദിക്കാൻ തുടങ്ങിയത് സിദ്ധാർത്ഥിന് വലിയ ആത്മവിശ്വാസം നൽകി.

സിദ്ധാർത്ഥ് സ്‌കൂൾ പാസ്സായതോടെ  സിദ്ധാർത്ഥിനെ പറ്റിയുള്ള പ്രതീക്ഷകളും വർദ്ധിക്കാൻ തുടങ്ങി. എറണാകുളത്തും ന്യൂ ഡൽഹിയിലും പെയിന്റിങ് എക്സിബിഷൻ നടത്തിയതോടെ കൂടുതൽ ആളുകൾ സിദ്ധാർത്ഥിനെ പറ്റിയും ആസ്പെർജേഴ്‌സിനെ പറ്റിയും അറിഞ്ഞു. കോളേജ് അഡ്മിഷന് സമയം ആയപ്പോൾ കേരളത്തിലെ തന്നെ ഏറ്റവും നല്ല കോളേജുകളിൽ ഒന്നായ എറണാകുളത്തെ സേക്രഡ് ഹാർട്ട് കോളേജിൽ ബി. കോമിന് അഡ്മിഷൻ നല്കാൻ പ്രിൻസിപ്പൽ  ഫാദർ പ്രശാന്ത് സന്തോഷപൂർവ്വം സമ്മതിച്ചു.

മൂന്നു വർഷത്തെ ഡിഗ്രിയുടെ ആദ്യവും അവസാനവും മാത്രമേ സിദ്ധാർത്ഥിന് കോളേജിൽ പോകാൻ സാധിച്ചുള്ളൂ. കോവിഡ് കാരണം രണ്ടു വർഷം പഠനം ഓൺലൈൻ ആയി. ഇത്തരത്തിലുള്ള മാറിയ സാഹചര്യം എന്തൊക്ക പുതിയ വെല്ലുവിളികൾ സിദ്ധാർത്ഥിന് ഉണ്ടാക്കുമെന്ന് സംശയം ഉണ്ടായിരുന്നു. പക്ഷെ ഓരോ സെമസ്റ്റർ കഴിയുമ്പോഴും പടിപടിയായി പ്രകടനം നന്നായി വരുന്ന രീതിയാണ് ഞങ്ങൾ കണ്ടത്. സിദ്ധാർത്ഥിന്റെ അധ്യാപകരും സഹപാഠികളും  നന്നായി സഹായിച്ചു, സഹകരിച്ചു. എന്താവശ്യം വരുമ്പോഴും പ്രിൻസിപ്പലും അനധ്യാപകരും കൂടെയുണ്ടായിരുന്നു.

സിദ്ധാർത്ഥിന്റെ വിജയത്തിന്റെ പിന്നിൽ മറ്റൊരു സംഘം കൂടിയുണ്ട്. മുന്നിൽ അമ്മ തന്നെ. ഓരോ ദിവസവും പുരോഗതി നിരീക്ഷിക്കുകയും വേണ്ടപ്പോൾ  അധ്യാപകരുമായി ബന്ധപ്പെടുകയും ചെയ്തുകൊണ്ട് അമ്മ നൂറു ശതമാനം സിദ്ധാർഥിന് പിന്തുണ നൽകി. ആവശ്യമുള്ള വിഷയങ്ങൾക്കൊക്കെ ഓൺലൈൻ ആയും അല്ലാതെയും ട്യൂഷൻ നൽകിയ സ്മിതേഷ്, സുനിൽ എന്നീ അധ്യാപകർ വലിയ സഹായമായി. സിദ്ധാർത്ഥിന്റെ  സാരഥിയായ സിരിഷ്, കുടുംബ സുഹൃത്ത് ബിന്ദുവും കുടുംബവും എപ്പോഴും കൂടെയുള്ള ഡോക്ടർ മനുവും H4H ഗ്രൂപ്പ്, ഇവരോടൊക്കെയുള്ള കടപ്പാട് വലുതാണ്.

സിദ്ധാർത്ഥിനെ സി. എ.ക്ക് വിടണമെന്നും അതൊക്കെ അവൻ പാസ്സായി എടുത്തോളും എന്നുമാണ് സ്മിതേഷിന്റെ ഉപദേശം. ഒന്നാം ക്ലാസിൽ അഡ്മിഷൻ കിട്ടാതിരുന്ന കുട്ടിയിൽ നിന്നും ഇതിലേക്കുള്ള ദൂരം ഏറെ വലുതാണ്. സിദ്ധാർത്ഥിന്  ഇനിയും പഠിക്കാൻ സാധിക്കും എന്ന് തന്നെയാണ് ഞങ്ങളുടെയും വിശ്വാസം, എന്നാലും ആദ്യമായി  സിദ്ധാർത്ഥിന് എന്തെങ്കിലും ജോലി സംഘടിപ്പിക്കണം എന്നാണ് ആഗ്രഹം. പഠനത്തിനിടക്ക് ഒരു ഇന്റേൺഷിപ്പ് ചെയ്തിരുന്നു, നന്നായി ചെയ്തു എന്നാണ് സൂപ്പർവൈസർ പറഞ്ഞത്, പക്ഷെ കൊറോണ കാരണം ഓഫിസിൽ പോകുന്നത് വെട്ടി ചുരുക്കേണ്ടി വന്നു. ഇനി ട്രെയിനിയായി എവിടെയെങ്കിലും കയറി തൊഴിൽ ജീവിത യാത്ര തുടങ്ങണം. മറ്റുള്ള ലൈഫ് സ്കില്ലുകൾ  ഞങ്ങൾ സിദ്ധാർത്ഥിനെ പഠിപ്പിക്കുന്നുണ്ട്, പാചകം മുതൽ പണം കൈകാര്യം ചെയ്യുന്നത് വരെ. പണത്തിനുള്ള അത്യാവശ്യമല്ല, സ്വന്തമായി ജോലി ചെയ്ത് ശമ്പളം മേടിച്ചു തുടങ്ങിയാൽ പിന്നെ ഞങ്ങൾ ഇല്ലാത്ത കാലത്തും സിദ്ധാർത്ഥിന്റെ കാര്യങ്ങൾ നടക്കുമെന്ന വിശ്വാസം ഉണ്ടാകുമല്ലോ. പുതിയ ജനറേഷൻ കമ്പനികളിൽ  ഓട്ടിസ്റ്റിക് ആയവർക്ക് വേണ്ടി തൊഴിലുകൾ ഉണ്ടെന്ന് വായിക്കുന്നുണ്ട്. നിങ്ങളുടെ നേരിട്ടുള്ള അറിവിൽ ഉണ്ടെങ്കിൽ പറയുമല്ലോ.

സിദ്ധാർത്ഥിന്റെ യാത്രയും വിജയങ്ങളും ഞങ്ങൾ മാതാപിതാക്കൾക്ക് ഏറെ അഭിമാനവും ആത്മവിശ്വാസവും നൽകുന്ന ഒന്നാണ്. പക്ഷെ ശരിയായ പിന്തുണ നൽകിയാൽ നമ്മുടെ ചുറ്റുമുള്ള അനവധി കുഞ്ഞുങ്ങൾക്കു നമ്മൾ ചിന്തിക്കുന്നതിലപ്പുറം വളരാൻ പറ്റും എന്നുള്ളതിന്റെ അടയാളപ്പെടുത്തൽ കൂടിയാണ് സിദ്ധാർത്ഥിന്റെ യാത്ര. ഓട്ടിസ്റ്റിക് ആയ കുട്ടികളെ സാധാരണ കുട്ടികളോടൊപ്പം ക്ലാസ് റൂമിൽ ഇരുത്തി പഠിപ്പിക്കുന്ന സ്‌കൂളുകൾ ഇന്നും കേരളത്തിൽ അധികമില്ല, ഇത്തരം കുട്ടികളെ പറ്റി സമൂഹത്തിന്  ആരും ബോധവൽക്കരണം നൽകുന്നില്ല. ഓട്ടിസ്റ്റിക് ആയ കുട്ടികളെ പറ്റി ചിലപ്പോഴെങ്കിലും ശുദ്ധ മണ്ടത്തരം പറയുന്നവരെ നമ്മൾ കാണുന്നു. ഓട്ടിസ്റ്റിക് ആയ കുട്ടികളെ "തല്ലി ശരിയാക്കാൻ" പാഠങ്ങൾ നൽകുന്നതിനെ പറ്റി ഞങ്ങൾ വായിക്കുന്നു. ഇതൊക്കെ തെറ്റാണെന്നും ഓട്ടിസം ഒരു രോഗമല്ല എന്നും, അവരല്ല സമൂഹത്തിന്റെ അവരോടുള്ള സമീപനമാണ് മാറേണ്ടതെന്നും ഉള്ള സന്ദേശം കൂടിയാണ് സിദ്ധാർത്ഥിന്റെ വിജയം നമുക്ക് നൽകുന്നത്. സിദ്ധാർത്ഥിന്റെ അവസരങ്ങൾ  ഭിന്നശേഷിയുള്ള ഓരോ വിദ്യാർത്ഥിക്കും ഉണ്ടാകണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. അവസരം കിട്ടിയാൽ അവർ ഓരോരുത്തരും സമൂഹത്തിന് അവരുടെ കഴിവുകൾ സംഭാവന ചെയ്യുന്ന പൗരന്മാരായി വളരും. അതവരുടെ അവകാശമാണ്.

സിദ്ധാർത്ഥിനെ എല്ലാ കാലവും പിന്തുണച്ച എന്റെ വായനക്കാർക്ക് അകമഴിഞ്ഞ നന്ദി! 

English Summary : Muralee Thummarukudy about the success story of son Siddharth Muraly.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com