ADVERTISEMENT

അഭിപ്രായങ്ങൾ കേട്ടു സ്വന്തംവഴി മറക്കാതിരിക്കുക എന്നതാണു സ്റ്റാർട്ടപ് രംഗത്തെ വലിയ തിരിച്ചറിവെന്നു കേരളത്തിന് അഭിമാനമായി മാറിയ 3 സ്റ്റാർട്ടപ്പുകളുടെ സ്ഥാപകർ സാക്ഷ്യപ്പെടുത്തുന്നു. എന്തൊക്കെ വർക്കൗട്ടായി? എന്തൊക്കെ പരാജയപ്പെട്ടു? എന്ന അവരുടെ വാക്കുകൾ സംരംഭകത്വം കരിയറാക്കുന്നവർ ശ്രദ്ധിക്കണം.

 

ആ കമന്റുകൾ സ്വീകരിച്ചിരുന്നെങ്കിൽ ഓപ്പൺ ഉണ്ടാകുമായിരുന്നില്ല

 

അനീഷ് അച്യുതൻ

 

(സിഇഒ, ഓപ്പൺ ഫിനാൻഷ്യൽ ടെക്നോളജീസ്)

 

(കേരളത്തിൽ റജിസ്റ്റർ ചെയ്ത ആദ്യ യൂണികോൺ പ്രോഡക്ട് സ്റ്റാർട്ടപ്. ഓഹരി വിപണിയുടെ ഭാഗമാകാത്ത ഒരു ബില്യൻ (100 കോടി) ഡോളറിലും കൂടുതൽ മൂല്യമുള്ള കമ്പനികളെയാണു യൂണികോണായി കണക്കാക്കുന്നത്)

ഡോ.സുഭാഷ് നാരായണൻ (സിഇഒ, സാസ്കാൻ)
ഡോ.സുഭാഷ് നാരായണൻ (സിഇഒ, സാസ്കാൻ)

 

ഓപ്പൺ എന്ന സംരംഭം തുടങ്ങുമ്പോൾ നിയോബാങ്ക് എന്ന ആശയത്തിന്റെ സാധ്യതയെക്കുറിച്ചു പലരോടും ചോദിച്ചു. മിക്കവരും നിരുത്സാഹപ്പെടുത്തി. ബാങ്കുകളുമായി എങ്ങനെ ടൈഅപ് ഉണ്ടാക്കും, ആർബിഐ സമ്മതിക്കുമോ, ഫണ്ടിങ് എങ്ങനെ എന്നൊക്കെയായിരുന്നു ചോദ്യങ്ങൾ. ഈ ചോദ്യങ്ങളിൽ കുരുങ്ങിയിരുന്നെങ്കിൽ ‘ഓപ്പൺ’ ഉണ്ടാകുമായിരുന്നില്ല. അഭിപ്രായം തേടുന്നതു നല്ലതാണെങ്കിലും അഭിപ്രായരൂപീകരണം നമ്മുടെ സ്വന്തം റിസർച് അനുസരിച്ചായിരിക്കണം.

 

ഒരു കുടുംബത്തിന്റെ ഫീലാണ് ഓപ്പണിൽ. ഒരാളോട് അത്യാവശ്യഘട്ടത്തിൽ ശനിയാഴ്ചയോ ഞായറാഴ്ചയോ ജോലിക്കു വരാമോയെന്നു ചോദിക്കേണ്ടതില്ല. സ്വയം വന്നോളും. അതിനു പകരമായി മറ്റൊരു ദിവസം അവർ വന്നില്ലെങ്കിൽ ഞാൻ ചോദിക്കുകയുമില്ല. തുടക്കകാലത്ത്, മറ്റുള്ള കമ്പനികളിൽ വർഷങ്ങളുടെ പരിചയമുള്ള ചിലരെ ടീമിൽ എടുത്തിരുന്നു. ഇതു കാര്യക്ഷമമല്ലെന്നു പിന്നീടു മനസ്സിലാക്കി. വലിയ കമ്പനികളിൽ 100 പേരുള്ള ടീം മാനേജ് ചെയ്തു പരിചയമുള്ളവർ ആകെ 30 പേരുള്ള കമ്പനിയിലേക്കു വരുന്നതിന്റെ പ്രശ്നങ്ങളായിരുന്നു അവ. കമ്പനി സ്കെയിൽഅപ് ചെയ്യുന്ന സമയത്ത് അതിനു അനുയോജ്യരായവരെ വേണം ടീമിലെടുക്കാൻ എന്ന പാഠം ഇതിൽനിന്നു പഠിച്ചു.

 

നിക്ഷേപകർ വളരെ പ്രധാനപ്പെട്ടതാണെങ്കിലും അവർ പറയുന്നതുപോലെ മാത്രം കമ്പനിയെയും ഉൽപന്നത്തെയും കൊണ്ടുപോകരുത്. പല കമ്പനികളും പരാജയപ്പെട്ടതിനു പിന്നിൽ നിക്ഷേപകരുടെ സമ്മർദമായിരുന്നു. കസ്റ്റമർക്ക് ആദ്യ മുൻഗണന നൽകണം. നിക്ഷേപകർ അതുകഴിഞ്ഞേ വരൂ.

 

69–ാം വയസ്സിലും പട്ടം പോലെ ഉയരെ ഉയരെ

അനൂപ് ബാലകൃഷ്ണൻ (അഗ്രിമ ഇൻഫോടെക് സിഇഒ)
അനൂപ് ബാലകൃഷ്ണൻ (അഗ്രിമ ഇൻഫോടെക് സിഇഒ)

 

ഡോ.സുഭാഷ് നാരായണൻ

(സിഇഒ, സാസ്കാൻ)

 

(വായിലെ കാൻസർ കണ്ടെത്തുന്നതിനായി  ചെലവുകുറഞ്ഞ ഓറൽസ്കാൻ എന്ന ഡിവൈസ് വികസിപ്പിച്ചതിനു ‘സാസ്കാൻ’  എന്ന സ്റ്റാർട്ടപ്പിനു കേന്ദ്രസർക്കാരിന്റെ ദേശീയ പുരസ്കാരം (5 ലക്ഷം രൂപ) ലഭിച്ചത്  മാസങ്ങൾക്കു മുൻപ്. ദേശീയ ഭൗമശാസ്ത്ര കേന്ദ്രത്തിൽ ഹെഡ് സയന്റിസ്റ്റായി വിരമിച്ച് 2 വർഷം കഴിഞ്ഞാണു സ്റ്റാർട്ടപ് തുടങ്ങിയത്)

 

ഒരു കാര്യത്തോടു നിങ്ങൾക്ക് അതീവതാൽപര്യമുണ്ടെങ്കിൽ ഏതുപ്രായത്തിലും അതു പിന്തുടരാമെന്നതാണ് എന്റെ അനുഭവം. എനിക്കിപ്പോൾ പ്രായം 69 ആയിട്ടേയുള്ളൂ. ഈ പ്രായത്തിലുള്ള സ്റ്റാർട്ടപ് ഉടമകളെ അധികം കണ്ടിട്ടില്ല. നിങ്ങൾ മാനസികമായും ശാരീരികവുമായും ആരോഗ്യത്തോടെ ഇരിക്കുകയെന്നതാണു പ്രധാനം. നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ അറ്റ്മോസ്ഫറിക് സയൻസസ് ഡിവിഷനിൽ നിന്ന് ഹെഡ് സയന്റിസ്റ്റ് ആയിട്ടാണ് 60–ാം വയസ്സിൽ വിരമിക്കുന്നത്. 

 

ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്ത് എന്റെ അമ്മയുടെ കഴുത്തിലുണ്ടായിരുന്ന ട്യൂമർ കാൻസറാണെന്നു ഡോക്ടർമാർ തെറ്റായി വിലയിരുത്തി ചികിത്സ നടത്തി. അമ്മ ദീർഘനാൾ കിടപ്പിലായി. 96–ാം വയസ്സ് വരെ അമ്മ ജീവിച്ചെങ്കിലും തെറ്റായ ചികിത്സയുടെ തിക്തഫലങ്ങൾ അനുഭവിക്കേണ്ടി വന്നു. കാൻസർ നിർണയവുമായി ബന്ധപ്പെട്ട ഗവേഷണത്തിൽ മുഴുകിയതിന്റെ കാരണമിതാണ്. വിരമിച്ച ശേഷം ഒന്നു രണ്ടു കമ്പനികളിൽ ജോലി ചെയ്ത ശേഷം 2015ൽ ആണ് ‘സാസ്കാൻ’ തുടങ്ങുന്നത്.

 

ദേശീയതലത്തിൽ നടന്ന പല ഐഡിയ പിച്ചിങ് മത്സരങ്ങളിൽ യുവാക്കളെപ്പോലെ ഉത്സാഹത്തോടെ പങ്കെടുത്തു ജയിച്ചാണ് ആദ്യമൊക്കെ കമ്പനിയിലേക്കു പണം കൊണ്ടുവന്നത്. വീട്ടിൽ ഒതുങ്ങിപ്പോകേണ്ട സമയത്ത് ഇഷ്ടം പോലെ ചെറുപ്പക്കാരെ പരിചയപ്പെടാനും കാണാനുമൊക്കെ അവസരമുണ്ടായി. തിരുവനന്തപുരത്തെ ബീച്ചുകളിൽ പറ്റുമ്പോഴൊക്കെ ഞാൻ പട്ടം പറത്താൻ പോകും. കുട്ടികളെപ്പോലെ പട്ടവുമായി ഓടാറുണ്ട്. ഇതൊക്കെ കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിൽ ചിരിവിടർന്നേക്കാം, ഒന്നേ എനിക്കു പറയാനുള്ളു, പ്രായം വെറും സംഖ്യയാണ്.

 

 

ചെറിയ കുളത്തിലെ വലിയ തവളയാകരുത്

 

അനൂപ് ബാലകൃഷ്ണൻ

(അഗ്രിമ ഇൻഫോടെക് സിഇഒ)

 

(സൂപ്പർമാർക്കറ്റിൽ കാഷ്യറില്ലാതെ ബില്ലിങ് സാധ്യമാക്കാനായി കൊച്ചി കേന്ദ്രമായ അഗ്രിമ ഇൻഫോടെക് വികസിപ്പിച്ച സൈറ്റ് എന്ന കംപ്യൂട്ടർ വിഷൻ പ്ലാറ്റ്ഫോം ടാറ്റയുടെ കീഴിലുള്ള ബിഗ് ബാസ്കറ്റ് ഏറ്റെടുത്തത് ഈയിടെ. പൂർണമായും കേരളത്തിൽ വികസിപ്പിച്ച ഒരു പ്രോ‍ഡക്ടിന്റെ പേരിൽ ഏറ്റെടുക്കപ്പെടുന്ന കേരളത്തിലെ ആദ്യ കമ്പനിയാണിത്.) 

 

രണ്ടു സുപ്രധാന തീരുമാനങ്ങൾ എടുത്ത‌താണ് സംരംഭക കരിയറിൽ വഴിത്തിരിവായത്. ചാറ്റ്ബോട്ട് രംഗത്തു പ്രവർത്തിച്ചിരുന്ന ഞങ്ങൾ ഇ–കൊമേഴ്സ് കമ്പനികൾക്കു വേണ്ടി കംപ്യൂട്ടർ വിഷൻ സാങ്കേതികവിദ്യയിലേക്കു മാറിയതാണ് ആദ്യത്തേത്. ഒരു സാധനത്തിന്റെ ചിത്രം പകർത്തിയാൽ ഏത് ഉൽപന്നമാണെന്നു മനസ്സിലാക്കി അതിന്റെ ഇ–കൊമേഴ്സ് ലിങ്കിലേക്കു പോകുന്ന തരത്തിലുള്ള സംവിധാനമാണു വികസിപ്പിച്ചത്. ഇതിനായി കൊച്ചിയിൽ ഒരു ഫ്ലാറ്റിൽ ഒരുമിച്ചു താമസിക്കുമ്പോഴാണു മറ്റൊരു ചിന്തയുണ്ടാകുന്നത്. വീട്ടിലുള്ള പച്ചക്കറിയും മറ്റു സാധനങ്ങളും മനസ്സിലാക്കി അതിനു പറ്റുന്ന ഒരു പാചകക്കുറിപ്പ് നിർദേശിക്കാൻ കംപ്യൂട്ടർ വിഷൻ ഉപയോഗിച്ചാലോ? റെസിപ്പി ബുക് എന്ന ആപ് അങ്ങനെ പിറന്നതാണ്. നമ്മുടെ മുന്നിലുള്ള വസ്തുക്കൾ ക്യാമറ ഉപയോഗിച്ചു സ്കാൻ ചെയ്താൽ അതിനു യോജിക്കുന്ന പാചകക്കുറിപ്പ് ആപ് നിർദേശിക്കും.

 

ഡൗൺലോഡുകൾ കുതിച്ചുയരുകയും ഗൂഗിളിന്റെ ഐഒ കോൺഫറൻസിലും ഇടംപിടിക്കുകയും ചെയ്തതോടെ റെസിപ്പി ബുക് പ്രോജക്ടിലേക്കു ഞങ്ങൾ പൂർണമായും തിരിഞ്ഞു. പിന്നീടാണ് പ്രശസ്ത സ്റ്റാർട്ടപ് ആക്സിലറേറ്റർ പ്രോഗ്രാമായ വൈ കോംബിനേറ്ററിന്റെ അഭിമുഖത്തിൽ പങ്കെടുക്കുന്നത്. അതിൽ ഇടംപിടിച്ചില്ലെങ്കിലും അവിടെ നിന്നൊരു വിലപ്പെട്ട സന്ദേശം ലഭിച്ചു. കംപ്യൂട്ടർ വിഷനിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അതൊരു ഉൽപന്നമാക്കി മാറ്റാനായിരുന്നു നിർദേശം. അങ്ങനെയാണു ‘സൈറ്റി’ന്റെ ജനനം. നാട്ടിൽ പ്രവർത്തിക്കുമ്പോൾ ഒരിക്കലും ‘ചെറിയ കുളത്തിലെ വലിയ തവളയാകരുത്’. നമ്മുടെ ചുറ്റുമുള്ള കമ്പനികളുമായി മാത്രം താരതമ്യം ചെയ്തു നമ്മൾ വലിയ സംഭവമാണെന്നു ധരിക്കരുത്. കമ്പനി ഫണ്ടിങ് എടുക്കാൻ മാത്രം വളർന്നോയെന്നു കൃത്യമായി മനസ്സിലാക്കിയ ശേഷമേ അതിനു ശ്രമിക്കാവൂ.

 

Content Summary : Success Stories of three startup entrepreneurs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com