ADVERTISEMENT

നിലയും വിലയുമില്ലാത്ത ജോലിക്കു പോവണ്ട, പെൺകുട്ടിയാണ് എന്ന താക്കീതിനെ നക്ഷത്രഹോട്ടലിലെ പാചക റാണിയെന്ന മേൽവിലാസം കൊണ്ടു തിരുത്തിയെഴുതിയാണ് ശ്രുതി അശോക് ഇഷ്ടപ്പെട്ട ജോലി സ്വന്തമാക്കിയത്. മനസ്സിനിണങ്ങിയ ജോലി എന്ന ലക്ഷ്യത്തിലേക്ക് ശ്രുതിയെത്തിയത് വ്യക്തിജീവിതത്തിലുൾപ്പടെയുള്ള ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ടാണ്. ഐടി മേഖലയിൽ കരിയർ തുടങ്ങിയ ശ്രുതി എന്ന മുപ്പതുകാരി എങ്ങനെയാണ് പഞ്ചനക്ഷത്രഹോട്ടലിലെ ഷെഫിന്റെ കുപ്പായമണിഞ്ഞത്. ആ അനുഭവകഥ മനോരമ ഓൺലൈൻ വായനക്കാർക്കായി പങ്കുവയ്ക്കുകയാണ് ശ്രുതി അശോക്.

 

മനസ്സു പറഞ്ഞതു കേട്ടു

Sruthi Ashok
ശ്രുതി അശോക്

 

ആഗ്രഹവും സ്വപ്നവും ഇതല്ലെന്ന് മനസ്സ് പറഞ്ഞിട്ടും പഠന കാലത്തും കരിയറിന്റെ ആദ്യകാലഘട്ടത്തിലും ഇഷ്ടങ്ങളോടു ശ്രുതിക്ക് വിട്ടുവീഴ്ച ചെയ്യേണ്ടി വന്നിട്ടുണ്ട്. ഒടുവിൽ മനസ്സ് ആഗ്രഹിച്ചത് നേടാൻ തുനിഞ്ഞിറങ്ങിയപ്പോൾ ആ യാത്ര ചെന്നു നിന്നത് കുവൈത്തിലെ പഞ്ച നക്ഷത്ര ഹോട്ടലിലാണ്. അവിടെ പേസ്ട്രികളുടെ രുചിലോകം കെട്ടിപ്പടുക്കുകയാണ് ഈ മുപ്പതുകാരി. ശ്രുതിയുടെ വാക്കിൽ പറഞ്ഞാൽ മുൻപത്തെ ജീവിതവും ഇന്നത്തെത്തേതും തമ്മിൽ അജഗജാന്തരമുണ്ട്. എങ്ങനെ  സ്വപ്നം യാഥാർഥ്യമായി എന്നു ചോദിച്ചാൽ ശ്രുതിക്ക് ഒറ്റ മറുപടിയേ ഉള്ളൂ. ആരു കൂടെ നിന്നാലും ഇല്ലെങ്കിലും നമുക്കുവേണ്ടി നമ്മൾ തന്നെ രണ്ടും കൽപിച്ച് ഇറങ്ങണം. അത്തരമൊരു ദൃഢ പ്രതിജ്ഞയാണ് ഈ കണ്ണൂർക്കാരിയെ കുവൈത്ത് വരെയെത്തിച്ചത്.

 

കുട്ടിക്കാലം മുതൽ അഭിരുചി പാചകത്തിൽ

Sruthi Ashok
ശ്രുതി അശോക്

 

കുട്ടിക്കാലം മുതൽ ശ്രുതിക്ക് പാചകം വളരെ ഇഷ്ടമായിരുന്നു. അച്ഛൻ അശോകനും അമ്മ ദീപയ്ക്കും തപാൽ വകുപ്പിലായിരുന്നു ജോലി. തങ്ങളുടെ ജോലിത്തിരക്കുമൂലമുള്ള അഭാവത്തിൽ മക്കൾ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടരുത് എന്ന നിർബന്ധം ഇരുവർക്കുമുണ്ടായിരുന്നു. അതുകൊണ്ട് അവർ മക്കളെയും പാചകം പഠിപ്പിച്ചു. മാതാപിതാക്കളുടെ പാചകം കണ്ട് കുഞ്ഞു ശ്രുതിക്കും പാചകത്തിൽ താൽപര്യം ജനിച്ചു. ഭക്ഷണം പാകം ചെയ്യലും ആസ്വദിച്ച് ,കഴിക്കലുമൊക്കെയായി വർഷങ്ങൾ കടന്നു പോയെങ്കിലും ഇത് ജീവിത മാർഗമാക്കണമെന്ന മോഹം ശ്രുതി മനസ്സിൽ ഒളിപ്പിച്ചു. പ്ലസ് ടു  കഴിഞ്ഞാണ് ഹോട്ടൽ മാനേജ്മെന്റ് പഠിക്കണമെന്ന ആഗ്രഹം ശ്രുതി വീട്ടിൽ പറയുന്നത്. ഇത് പെൺകുട്ടികൾക്ക് പറ്റിയ മേഖലയല്ല എന്നായിരുന്നു ആദ്യ മറുപടി. ‘നീ എന്താ ആൺകുട്ടിയാണോ’ എന്ന ചോദ്യവും പിന്നാലെ വന്നു.  ഉപരിപഠനത്തിന് എൻജിനീയറിങ് അല്ലെങ്കിൽ മെഡിസിൻ തിരഞ്ഞെടുത്താൽ  മതിയെന്ന് വീട്ടുകാർ വിധിയെഴുതി. വീട്ടുകാരുടെ ആഗ്രഹത്തിനൊപ്പം നടക്കാൻ തീരുമാനിച്ച ശ്രുതി ബിടെക് കംപ്യൂട്ടർ സയൻസിനു ചേർന്ന് പഠനം തുടങ്ങി. എന്നാൽ പ്രതീക്ഷിച്ച പോലെ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കാഞ്ഞത്  നിരാശയായി. എങ്കിലും പഠനത്തിന് ശേഷം സ്വകാര്യ കമ്പനിയിൽ ജോലി ലഭിച്ചു. ഇതിനിടെ പ്രണയം, വിവാഹം, കുഞ്ഞ് ഒക്കെ സംഭവിച്ചു. മകൻ അമന്റെ വരവോടെ ശ്രുതിയുടെ ജീവിതം അടുക്കളയിലൊതുങ്ങി. വീട്ടുജോലി, കുഞ്ഞിനെ നോക്കൽ ഒക്കെയായി തന്റെ സ്വപ്നങ്ങളെല്ലാം മാറ്റി വച്ച് ശ്രുതി യാത്ര തുടർന്നു.

 

Sruthi Ashok
ശ്രുതി അശോക്

വഴിത്തിരിവായത് ആ പാചക മൽസരങ്ങൾ

 

മകൻ അങ്കണവാടിയിലെത്തിയപ്പോൾ  അവന്റെ അധ്യാപികയുടെ നിർദേശം അനുസരിച്ച് ഒരു പാചക മത്സരത്തിൽ പങ്കെടുത്തത് ശ്രുതിയുടെ ജീവിതത്തിൽ വഴിത്തിരിവായി. സാമൂഹിക ക്ഷേമ വകുപ്പ് സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച പാചക മത്സരത്തിൽ ശ്രുതി ഒന്നാം സ്ഥാനം നേടി. അമൃതം പൊടി ഉപയോഗിച്ച്  ബണ്ട്യയും നൂഡിൽസും ഉണ്ടാക്കിയാണ് ശ്രുതി ഒന്നാം സമ്മാനം സ്വന്തമാക്കിയത്. ഒരു ലക്ഷം രൂപയായിരുന്നു സമ്മാനത്തുക. ഒരിക്കലും പ്രതീക്ഷിക്കാത്ത വിജയം ശ്രുതിയിലെ പാചക പ്രേമിയെ ആവേശം കൊള്ളിച്ചു. വീട്ടുകാർ ആദ്യമൊന്നും പിന്തുണച്ചില്ലെങ്കിലും പതുക്കെ അവരും ഈ രുചിലോകത്തെ കലാകാരിയെ തിരിച്ചറിഞ്ഞു തുടങ്ങി. അവിടെയാണ് ശ്രുതീസ് ഫുഡ് സ്റ്റോറീസ് എന്ന ഇൻസ്റ്റഗ്രാം പേജിന്റെ ഉദയം. തന്റെ പാചകപരീക്ഷണങ്ങളെല്ലാം ശ്രുതി പോസ്റ്റ് ചെയ്തു തുടങ്ങിയതോടെ കൂടുതൽ പേർ ശ്രദ്ധിക്കാൻ തുടങ്ങി. 

 

ഓണക്കാലത്ത്  മഴവിൽ മനോരമ ഒരുക്കിയ പാചകമത്സരത്തിലും ശ്രുതി മാറ്റുരച്ചു. ഓലൻ പായസമുണ്ടാക്കി കയ്യടി നേടിയ ശ്രുതിക്ക് മത്സരത്തിൽ പ്രവേശനം ലഭിച്ചത് ഒട്ടും പ്രതീക്ഷിക്കാതെയാണ്. ഫൈനലിൽ വളരെ കഴിവുള്ള ഒൻപത് ടീമുകളോടു പോരാടി മൂന്നാം സ്ഥാനം ലഭിച്ചു. പരിപാടിയിൽ വച്ച് ഈ മേഖലയിൽ പ്രശസ്തരായവരെ പരിചയപ്പെടാൻ സാധിച്ചതും അനുഗ്രഹമായി.

 

വീണ്ടും പഠനം തുടങ്ങി 

 

ഇൻസ്റ്റഗ്രാം പേജിൽ ഫോളോവേഴ്സ് കൂടിക്കൊണ്ടിരുന്നു. ഷെഫുമാരായ സിജോ ചന്ദ്രൻ, സുരേഷ് പിളള ഉൾപ്പെടെയുള്ളവരെ പരിചയപ്പെടാനായി. അവരൊക്കെ പ്രഫഷനലായി പാചകം പഠിക്കുന്നതിനെ പ്രോത്സാഹിപ്പിച്ചു. അപ്പോൾ വയസ്സ് 28. ഇനിയും പഠിക്കാനും കോളജിൽ പോകാനുമുളള മനസ്സും ധൈര്യവും അപ്പോൾ ഉണ്ടായില്ല. ആരും പിന്തുണയ്ക്കില്ല എന്ന ഉറപ്പും ശ്രുതിയെ പിന്നോട്ടു വലിച്ചു. അതിനിടെ ജീവിതത്തിൽ ചില പ്രതിസന്ധികൾ ഉടലെടുത്തു. ആരുടെയും സഹായമില്ലാതെ സ്വന്തം കാലിൽനിന്നു മകനെ വളർത്തണമെന്ന അവസ്ഥയെത്തിയപ്പോൾ പിന്നെ മറ്റൊന്നും ആലോചിച്ചില്ല. കണ്ണൂർ ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് പഠനം തുടങ്ങി. അവിടുത്തെ അധ്യാപകരും സുഹൃത്തുക്കളും ശ്രുതിയുടെ സ്വപ്നയാത്രയ്ക്ക് ഇന്ധനം പകർന്ന് കൂടെ നിന്നു. മികച്ച മാർക്ക് നേടി കോഴ്സ് പൂർത്തിയാക്കിയ ശ്രുതി കോഴിക്കോട് റാവിസിൽ മൂന്നുമാസത്തെ പരിശീലനത്തിനു ശേഷം ഷെഫായി ജോലിയിൽ പ്രവേശിച്ചു. 

 

കൊതിച്ച ജോലിയിലേക്കെത്തിയതിങ്ങനെ...

 

റാവിസിൽ താൻ കൊതിച്ച പാചക കലയുമായി മുന്നോട്ട് പോകുമ്പോഴാണ് സുഹൃത്തായ ഷെഫ് മിഥുനിൽനിന്ന് കുവൈത്തിലെ ജോലിയെക്കുറിച്ചു കേൾക്കുന്നത്. വേണ്ടത്ര പ്രവൃത്തിപരിചയം ഇല്ലെങ്കിലും ഒന്നു പയറ്റി നോക്കാൻ തന്നെ ശ്രുതി തീരുമാനിച്ചു. ഹിൽട്ടന്റെ പഞ്ചനക്ഷത്ര ഹോട്ടലായ വാൾഡ്രോഫ് അസ്റ്റോറിയയിൽ ജോലിക്കായി അപേക്ഷിച്ചു. രണ്ടു ഘട്ടമായുളള അഭിമുഖത്തിനു ശേഷം ശ്രുതിക്ക് നിയമനവും ലഭിച്ചു. രുചികരമായ ഭക്ഷണ വൈവിധ്യങ്ങൾ തീർക്കുന്നതിൽ തനിക്ക് എത്ര മാത്രം താത്പര്യമുണ്ടെന്ന് ഹോട്ടൽ അധികൃതരെ ബോധ്യപ്പെടുത്താൻ തന്റെ ഇൻസ്റ്റ പേജിന് കഴിഞ്ഞതായി ശ്രുതി പറയുന്നു. ഇപ്പോൾ കുവൈത്തിൽ ജോലിക്ക് ചേര്‍ന്നിട്ട് രണ്ടു മാസമാകുന്നു. മകനെ പിരിഞ്ഞിരിക്കുന്നതിൽ വിഷമമുണ്ടെങ്കിലും ആഗ്രഹിച്ചത് നേടിയതിന്റെ നിറവിലാണ് ഇന്ന് ശ്രുതി അശോക്. ജീവിതത്തിൽ എത്ര കയ്പ്പേറിയ അനുഭവങ്ങൾ ഉണ്ടായാലും ഓരോ സ്ത്രീയും നമ്മുടെ സന്തോഷത്തിനും സ്വപ്ന സാക്ഷാത്ക്കാരത്തിനും വേണ്ടിയുളള നിമിഷങ്ങൾ കണ്ടെത്തണമെന്നാണ് ശ്രുതിക്ക് പറയാനുള്ളത്. ഒപ്പം  ജീവിതത്തിൽ എന്തെങ്കിലും ത്യജിക്കാതെ മുന്നോട്ടു പോകാനാവില്ലെന്നും ശ്രുതി ഓർമിപ്പിക്കുന്നു. ആഗ്രഹിച്ച ജോലി നേടിയെങ്കിലും  ആ മേഖലയിൽ വലിയ ഉയരങ്ങൾ കീഴടക്കാനാണ് ശ്രുതിയുടെ ഇനിയുള്ള യാത്ര.

 

Content Summary : From Engineer To Five Star hotel Chef How Sruthi Acheived Her Dream Job

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com