ADVERTISEMENT

അമ്പലപ്പുഴ (ആലപ്പുഴ) ∙ അമ്പലപ്പുഴക്കാർക്ക് ഇന്നലെ വരെ അഭിനാഷ് ഛേത്രി എന്നാൽ അതിരാവിലെ പത്രം എത്തിക്കുന്ന ‘ഭായി’ ആയിരുന്നു. പ്ലസ് ടു ഫലം വന്ന വാർത്തയുമായി ഇന്നത്തെ പത്രം വീടുകളിലെത്തുമ്പോൾ വിജയികളുടെ ചിത്രങ്ങൾക്കൊപ്പം ഈ ‘ബംഗാളി പയ്യന്റെ’ ചിത്രവുമുണ്ട്. അഭിനാഷ് ഛേത്രി ബംഗാളിലെ അലിപുർദുവാർ ജില്ലയിൽനിന്നു കേരളത്തിലെത്തി മലയാളത്തിൽ പഠിച്ച് പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി.

 

അമ്പലപ്പുഴ കെ.കെ.കുഞ്ചുപിള്ള സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്. എസ്എസ് എൽസി പരീക്ഷയിലും അഭിനാഷ് ഫുൾ എ പ്ലസ് നേടിയിരുന്നു. അലിപുർദുവാർ ജില്ലയിൽ റാംജോഡ‍യിൽ ഗീത ഛേത്രിയുടെ മകനാണ് അഭിനാഷ്. ബ്യൂട്ടിഷ്യൻ ജോലിയുമായി അഭിനാഷിന്റെ സഹോദരി പൂജയാണ് ആദ്യം അമ്പലപ്പുഴയിലെത്തിയത്. ഇവിടെ വച്ചു പരിചയപ്പെട്ട മനുഭവനിൽ ശരത് അശോകിനെ പൂജ വിവാഹം കഴിച്ചു.

സഹോദരിക്കൊപ്പം 6 വർഷം മുൻപ് അമ്പലപ്പുഴയിലെത്തിയ അഭിനാഷ് അവധിക്കാലത്ത് അധ്യാപികയുടെ വീട്ടിൽ പോയി മലയാളം പഠിച്ചു. ഏഴാം ക്ലാസിൽ മരിയ മോണ്ടിസോറി സെൻട്രൽ സ്കൂളിലും എട്ടാം ക്ലാസ് മുതൽ അമ്പലപ്പുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലും പഠിച്ചു. 10–ാം ക്ലാസ് വിജയിച്ച ശേഷം കെ.കെ.കുഞ്ചുപിള്ള സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വണ്ണിന് ചേർന്നു.

 

ഇന്നലെ പരീക്ഷാഫലം വന്നപ്പോൾ‌ അഭിനാഷ് ബംഗാളിലെ സ്വന്തം ഗ്രാമത്തിലാണ്. നീറ്റ് പരീക്ഷയെഴുതാനുളള തയാറെ‌ടുപ്പിലാണ്. സഹോദരീഭർത്താവിന്റെ സഹായത്തിലാണ് പഠനം എങ്കിലും സ്വന്തം ആവശ്യത്തിന് പണം കണ്ടെത്താനാണ് അഭിനാഷ് പത്രവിതരണം തുടങ്ങിയത്. പുലർച്ചെ പത്രവിതരണത്തിനു ശേഷമാണ് ദിവസവും സ്കൂളിൽ പോയിരുന്നത്.

 

Content Summary : From News paper boy to bright student, how abhinash chethri bag full a plus in plus two exam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com