ADVERTISEMENT

പ്രചോദനം എന്ന വാക്കിന് ഒരു ആൾരൂപമുണ്ടെങ്കിൽ അതാണ് കൺമണി എന്ന പെൺകുട്ടി. ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയാണ് അറുന്നൂറ്റിമംഗലം അഷ്ടപദിയിൽ എസ്.കൺമണി ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ജന്മനാ കൈകളില്ലാത്ത മാവേലിക്കര സ്വദേശിനിയായ കൺമണി കാലുകൾ കൊണ്ടു പരീക്ഷയെഴുതിയാണ് ഉന്നത വിജയം കരസ്ഥമാക്കിയത്. കേരള സർവകലാശാല ബിപിഎ (വോക്കൽ) പരീക്ഷയിലാണ് കൺമണി ഒന്നാം റാങ്ക് നേടിയത്. തിരുവനന്തപുരം സ്വാതി തിരുനാൾ ഗവ.സംഗീത കോളജ് വിദ്യാർഥിനിയായ കൺമണിക്കു സംഗീതത്തിൽ ബിരുദാനന്തര ബിരുദം നേടാനും സംഗീതം തന്നെ കരിയറായി തിരഞ്ഞെടുക്കാനുമാണ് താൽപര്യം. തന്റെ ജീവിതത്തിലെ അഭിരുചികളെക്കുറിച്ചും കരിയർ സ്വപ്നങ്ങളെക്കുറിച്ചും മനോരമ ഓണ്‍ലൈൻ വായനക്കാരോട് സംസാരിക്കുകയാണ് കൺമണി.

 

∙  സംഗീതം തിരഞ്ഞെടുക്കാനുള്ള കാരണം?

Kanmony bags first rank in bpa vocal degree examination
കൺമണിയും അമ്മ രേഖയും

 

ഒരു കുട്ടിയുടെ അഭിരുചി തിരിച്ചറിയാനും അത് പരിപോഷിപ്പിക്കാനും ഏറ്റവും കൂടുതൽ സഹായിക്കുന്നത് മാതാപിതാക്കളും ഗുരുക്കന്മാരുമാണ്. എന്റെ കാര്യത്തിലും അതങ്ങനെ തന്നെ. കുട്ടിക്കാലത്ത് അമ്മ എന്നെ പാട്ടുപഠിക്കാൻ അയച്ചു. ഞാൻ പാടുമെന്ന് ഉറപ്പുണ്ടായിട്ടൊന്നുമല്ല അമ്മ അങ്ങനെ ചെയ്തത്. പാട്ടിൽ എനിക്ക് അഭിരുചിയുണ്ടോയെന്ന് കണ്ടെത്താനായിരുന്നു. അമ്മയുടെ തീരുമാനം തെറ്റിയില്ല. സംഗീത ക്ലാസിൽ പോയിത്തുടങ്ങി പാട്ടൊക്കെ സ്ഥിരമായി കേൾക്കാൻ തുടങ്ങിയതോടെ എനിക്ക് പാട്ടിനോട് വേഗം കൂട്ടുകൂടാനായി. സംഗീതത്തോടുള്ള എന്റെ അഭിരുചി തുടങ്ങിയത് അവിടെ നിന്നാണ്. ആ സംഗീതം തന്നെ ഉപരിപഠനത്തിനു തിരഞ്ഞെടുക്കാനുള്ള ആഗ്രഹത്തിനു മുള പാകിയത് എന്റെ അമ്മയാണ്.

 

∙ ഏതു മേഖലയിൽ കരിയർ കണ്ടെത്താനാണ് ആഗ്രഹം?

 

സംഗീതം വിട്ടൊരു ജീവിതത്തെക്കുറിച്ച് എനിക്കു ചിന്തിക്കാൻ കൂടി കഴിയില്ല. സംഗീതം തന്നെ കരിയറാക്കാനാണ് മോഹം. സംഗീത കച്ചേരി നടത്താനേറെയിഷ്ടമാണ്. സംഗീത അധ്യാപികയായി ജോലി ചെയ്യാനും മോഹമുണ്ട്. ഈ രണ്ടാഗ്രഹങ്ങളെയും ചേർത്തു പിടിച്ചുകൊണ്ടു മുന്നോട്ടു പോകാനാണ് ആഗ്രഹം. അതുകൊണ്ടു തന്നെയാണ് സംഗീതത്തിൽത്തന്നെ ഉപരി പഠനം നടത്തുന്നതും.

Kanmony bags first rank in bpa vocal degree examination
കൺമണി

 

∙ പത്താം ക്ലാസ് മുതൽ സ്ക്രൈബിനെ വേണ്ടന്നു വച്ചു കാലുകൊണ്ടാണല്ലോ കൺമണി പരീക്ഷയെഴുതുന്നത്. അപ്പോൾ സമയം വെല്ലുവിളിയാകാറില്ലേ?

 

കുട്ടിക്കാലം മുതൽ കാലുകൾകൊണ്ട് എഴുതിപ്പഠിച്ചിരുന്നു. പോകെപ്പോകെ, എല്ലാവരും കൈകൊണ്ടെഴുതുന്ന വേഗത്തിൽ എനിക്ക് കാലുകൊണ്ട് എഴുതാൻ സാധിച്ചിരുന്നു. തുടർച്ചയായ പരിശീലനം സമയബന്ധിതമായി പരീക്ഷയെഴുതാൻ എന്നെ ഏറെ സഹായിച്ചിട്ടുണ്ട്. പരീക്ഷകളിൽ സാധാരണയായി എനിക്ക് പതിനഞ്ചു മിനിറ്റോളം അധികസമയം അനുവദിക്കാറുണ്ടെങ്കിലും നിശ്ചിത സമയത്തു തന്നെ പരീക്ഷ എഴുതി പൂർത്തിയാക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. എന്നെക്കൊണ്ട് കഴിയുന്ന വേഗത്തിൽ കാലുകൊണ്ട് പരീക്ഷയെഴുതി പൂർത്തിയാക്കാറുണ്ട്.

 

∙ സംഗീതം ഉപരി പഠന വിഷയമാക്കിയെടുത്തത് സ്വന്തം തീരുമാന പ്രകാരമാണോ? 

Kanmony bags first rank in bpa vocal degree examination
കൺമണി പാചകം ചെയ്യുന്നു.

 

തീർച്ചയായും. സംഗീതത്തിൽ ഉപരിപഠനമെന്നത് എന്റെ തീരുമാനമായിരുന്നു. കുടുംബത്തിൽ ആർക്കും തന്നെ സംഗീതവുമായി ബന്ധമില്ല. അതുകൊണ്ടുതന്നെ സംഗീതത്തോടുള്ള എന്റെ അഭിരുചി മാത്രം കണക്കിലെടുത്താണ് സംഗീതവുമായി ബന്ധപ്പെട്ട് ഉപരിപഠനം നടത്താമെന്ന് തീരുമാനിച്ചത്. അതിന് കുടുംബാംഗങ്ങളെല്ലാം നല്ല പിന്തുണ നൽകി ഒപ്പം നിന്നു.

 

∙ പ്രിയപ്പെട്ട ഗുരുക്കന്മാരെക്കുറിച്ച്?

 

ഏതു പ്രതിസന്ധിയിലും വിദ്യാർഥികളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കാൻ കഴിവുള്ള അധ്യാപകർ അനുഗ്രഹം തന്നെയാണ്. എന്റെ കുട്ടിക്കാലത്തു തന്നെ അത്തരം ഗുരുക്കന്മാരുടെ കീഴിൽ പരിശീലനം നേടാനുള്ള ഭാഗ്യം എനിക്കുണ്ടായി. സ്ക്രൈബിനെ വേണ്ട എന്നു വച്ച് പരീക്ഷകൾ കാലുകൾകൊണ്ട് എഴുതാനുള്ള ധൈര്യവും ആത്മവിശ്വാസവും ലഭിച്ചതും എന്റെ ഗുരുക്കന്മാരുടെ അനുഗ്രഹം കൊണ്ടു കൂടിയാണ്. അതിൽ ഞാൻ ഏറ്റവും കടപ്പാടോടെ പറയാനാഗ്രഹിക്കുന്ന പേര് ലോലമ്മ എന്ന അധ്യാപകയുടേതാണ്. എന്നെ എൽകെജിയിൽ പഠിപ്പിച്ച അധ്യാപികയാണത്. ലോലമ്മ ടീച്ചറാണ് കാലുകൾ കൊണ്ട് എഴുതാൻ എന്നെ പരിശീലിപ്പിച്ചത്. ടീച്ചർ തന്നെയാണ് ചിത്രരചനയിലുള്ള എന്റെ കഴിവും കണ്ടെത്തിയത്. വീണാ ചന്ദ്രൻ, ശ്രീദേവ് രാജഗോപാൽ, വർക്കല സി.എസ് ജയറാം സർ എന്നിവരാണ് ഏറെ കൃതജ്ഞതയോടെ ഓർക്കുന്ന മറ്റു ഗുരുക്കന്മാർ.

 

∙  സംഗീതവും ചിത്ര രചനയും പഠിപ്പിക്കുന്നുണ്ടോ? 

 

ചിത്രരചനയുടെ അടിസ്ഥാന പാഠങ്ങളും സംഗീതവുമാണ് കുട്ടികളെ ഇപ്പോൾ പഠിപ്പിക്കുന്നത്. നേരിട്ടും ഓൺലൈനായും ക്ലാസുകൾ നടത്തുന്നുണ്ട്. അവധിക്കാലത്ത് കുട്ടികളുടെ സൗകര്യത്തിനനുസരിച്ചായിരുന്നു ക്ലാസുകൾ ക്രമീകരിച്ചിരുന്നത്. കോളജിൽ ക്ലാസുകളൊക്കെ റഗുലറായി തുടങ്ങിയതിൽപ്പിന്നെ വൈകിട്ടു കോളജ് വിട്ടു വന്ന ശേഷമാണ് ക്ലാസുകളെടുക്കുന്നത്.

 

∙കഴിഞ്ഞ ദിവസം പ്ലസ്ടു ഫലം വന്നു. ഉപരിപഠനത്തിന് ഒരുങ്ങുന്ന കുട്ടികളോട് എന്താണ് പറയാനുള്ളത്?

 

എനിക്കൊരുപാട് ഇഷ്ടമുള്ള ഒരു വിഷയം എന്ന നിലയിലാണ് സംഗീതം ഉപരിപഠനത്തിനു തിരഞ്ഞെടുത്തത്. തൊഴിലവസരങ്ങൾ ഏറെയുള്ള മറ്റു കോഴ്സുകളുമായി തട്ടിച്ചു നോക്കുമ്പോൾ ഈ വിഷയവുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങൾ സർക്കാർ തലത്തിലും സ്വകാര്യ മേഖലയിലും തുലോം കുറവാണ്. പക്ഷേ ഉപരിപഠനത്തിനായി ഞാൻ തിരഞ്ഞെടുത്തത് എന്റെ അഭിരുചിക്കനുസരിച്ചുള്ള ഒരു വിഷയമാണ്. അതിൽത്തന്നെ ഒരു കരിയർ വിജയകരമായി കെട്ടിപ്പടുക്കാമെന്ന ആത്മവിശ്വാസമെനിക്കുണ്ട്. പക്ഷേ പല രക്ഷിതാക്കളും കുട്ടികളുടെ ഇഷ്ടത്തേക്കാൾ മുൻഗണന സ്വന്തം ആഗ്രഹങ്ങൾക്കു നൽകാറുണ്ട്. മക്കൾ ഡോക്ടർ അല്ലെങ്കിൽ എൻജിനീയർ ആയാൽ മതി എന്നുള്ള നിർബന്ധബുദ്ധി കാണിക്കുകയും കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള കോഴ്സുകൾ തിരഞ്ഞെടുക്കാൻ അവരെ അനുവദിക്കാതിരിക്കുകയും ചെയ്യും. അങ്ങനെയുള്ള രക്ഷിതാക്കളോട് എനിക്ക് പറയാനുള്ളത് കുട്ടികൾക്ക് ഏതു മേഖലയിലാണോ അഭിരുചി അതിൽത്തന്നെ ഉപരിപഠനം നടത്താനും ആ മേഖലയിൽ ഒരു കരിയർ പടുത്തുയർത്താനും അവരെ സഹായിക്കണം. അങ്ങനെയാണെങ്കിൽ തീർച്ചയായും അവർക്ക് ജീവിതത്തിൽ വിജയിക്കാൻ സാധിക്കും.

 

∙ ഹോബികൾ എന്തൊക്കെയാണ്?

 

വായിക്കാൻ ഏറെയിഷ്ടമാണ്. മറ്റൊരിഷ്ടമുള്ളത് യാത്രയോടാണ്. കഴിയുന്നത്ര യാത്ര പോകാൻ ശ്രമിക്കാറുണ്ട്. കോവിഡ് സമയത്ത് വീട്ടിൽ അടച്ചിരുന്നപ്പോഴുള്ള വിരസതയകറ്റാൻ മറ്റൊരു പുതിയ കാര്യം കൂടി പഠിച്ചു. നെറ്റിപ്പട്ടവും തിടമ്പും ഒക്കെ നിർമിക്കാൻ. അങ്ങനെ ഇഷ്ടങ്ങളുടെ പട്ടികയിൽ ക്രാഫ്റ്റും ഇടംപിടിച്ചു.

 

∙ കുടുംബത്തിന്റെ പിന്തുണ?

 

അച്ഛൻ ജി.ശശികുമാർ, അമ്മ രേഖ. ഒരു സഹോദരനുണ്ട് പേര് മണികണ്ഠൻ. പഠനത്തിനും കലാപരമായ പ്രവർത്തനങ്ങൾക്കും എല്ലാവിധ പിന്തുണയും നൽകി കുടുംബം ഒപ്പം തന്നെയുണ്ട്.

 

സ്കൂൾപഠന കാലത്തു തന്നെ കലോത്സവ വേദികളിലെ വിവിധ മൽസരയിനങ്ങളിൽ വിജയിച്ച് വാർത്തകളിലിടം പിടിച്ച കൺമണി കാലു കൊണ്ടു ചിത്രം വരച്ചും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. പ്രതിസന്ധികൾക്കു മുന്നിൽ ചുവടു പിഴയ്ക്കാതെ കലാകാരിയായി അതിലുപരി മറ്റുള്ളവർക്ക് പ്രചോദനമായി കൺമണി ഉയരങ്ങൾ കീഴടക്കിയപ്പോൾ നിരവധി പുരസ്കാരങ്ങളും അവളെ തേടിയെത്തി. 2019ൽ സർഗാത്മക മികവിനുള്ള കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന്റെ പുരസ്കാരം കൺമണിക്ക് ലഭിച്ചിരുന്നു. കൈകൾ ഇല്ലാതിരുന്നിട്ടും കാലുകൾകൊണ്ട് ചെയ്യാൻ കഴിയുന്ന കാര്യങ്ങളെല്ലാം ചെയ്ത് തന്റെ ജീവിതം മറ്റുള്ളവർക്കു പ്രചോദനം ആകണമെന്ന ലക്ഷ്യത്തോടെ തന്റെ ഓരോ പ്രവൃത്തിയുടെയും വിഡിയോ ചിത്രീകരിച്ചു യുട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നുണ്ട് ഈ മിടുക്കിക്കുട്ടി. പ്രതീക്ഷകൾ ജീവിതത്തിൽ അവസാനിക്കുന്നേയില്ലെന്നും പുതിയ കഴിവുകൾ കണ്ടെത്തി വളർത്തിയാൽ ജീവിതത്തിൽ അസാധ്യമായതൊന്നും ഇല്ലെന്നും തന്റെ ജീവിതം കൊണ്ടു കാട്ടിത്തരുകയാണ് കൺമണി. 

 

Content Summary : Kanmony bags first rank in bpa vocal degree examination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com