ADVERTISEMENT

അഭിഭാഷക ജോലിക്കപ്പുറത്തേക്കു ഏറെ വളർന്നിട്ടുണ്ട് നിയമപഠനത്തിന്റെ സാധ്യതകൾ. കോർപറേറ്റ് സ്ഥാപനങ്ങളിൽ ഉൾപ്പെടെ നിയമബിരുദധാരികൾക്ക് അവസരമേറെ. അതുകൊണ്ടു തന്നെയാണു രാജ്യത്തെ വിവിധ ലോ യൂണിവേഴ്സിറ്റികളിലേക്കു പ്രവേശനത്തിനുള്ള ക്ലാറ്റ്, ഐലറ്റ് പരീക്ഷകൾക്കും കടുപ്പമേറുന്നത്.  കൊച്ചി നുവാൽസ് (നാഷനൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്) ഉൾപ്പെടെ രാജ്യത്താകെ 23 നിയമ സർവകലാശാലകൾ. ഇവയിൽ ഡൽഹിയിൽ ഐലറ്റ് (ഓൾ ഇന്ത്യ ലോ എൻട്രൻസ് ടെസ്റ്റ്), മറ്റുള്ളവയിൽ ക്ലാറ്റ് (കോമൺ ലോ അഡ്മിഷൻ ടെസ്റ്റ്) എന്നിവയിലൂടെയാണു ബിരുദ പ്രവേശനം. 

 

രാജ്യത്തെ 22 നിയമസർവകലാശാലകളിലായി ബിരുദ പഠനത്തിനു 3000ത്തിൽ താഴെ സീറ്റുകൾ. പക്ഷേ, കോമൺ ലോ അഡ്മിഷൻ ടെസ്റ്റ്(ക്ലാറ്റ്) എന്ന പ്രവേശന പരീക്ഷയെഴുതുന്നതു അരലക്ഷത്തിലേറെപ്പേർ. ഇക്കുറി  56472 പേരാണു പരീക്ഷയെഴുതിയത്. 200 മാർക്കിന്റെ രണ്ടു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷ. 150 ചോദ്യങ്ങൾ. പരീക്ഷ 2 മണിക്കൂർ. പാരഗ്രാഫ് വായിച്ച് മനസിലാക്കി ഉത്തരങ്ങൾ നൽകുന്ന രീതിയിലാണു ചോദ്യങ്ങൾ. അതായത് ചോദ്യങ്ങൾ നേരിട്ടുള്ളതാകണമെന്നില്ല. നിങ്ങളുടെ അപഗ്രഥന രീതിയും  നിഗമനശേഷിയുമെല്ലാം കൂടുതൽ വിലയിരുത്തപ്പെടുമെന്നു സാരം. 

 

ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനമാണ് 20 ശതമാനം(28–32 ചോദ്യങ്ങൾ). പൊതുവിജ്ഞാനത്തിന് 25 ശതമാനം(35–39 ചോദ്യങ്ങൾ). ലീഗൽ റീസണിങ്ങിനു 25 ശതമാനം. ലോജിക്കൽ റീസണിങ്ങിന് 20 ശതമാനം(28–32 ചോദ്യങ്ങൾ). ക്വാണ്ടിറ്റേറ്റിവ് ടെക്നിക്സ് (പത്താം ക്ലാസ് നിലവാരത്തിൽ അടിസ്‌ഥാനഗണിതം), 10 ശതമാനം(13–17) ചോദ്യങ്ങൾ. തെറ്റൊന്നിന് കാൽമാർക്കു വീതം കുറയും. 

 

ക്ലാറ്റിനു വേണ്ടി 11–ാം ക്ലാസ് മുതൽ  പരിശീലനം ആരംഭിക്കുന്നവരുണ്ട്. എന്നാൽ കൃത്യമായ ധാരണയും  പരിശീലന രീതിയുമുണ്ടെങ്കിലും അതിലും കുറഞ്ഞ സമയം കൊണ്ടു തന്നെ മികച്ച റാങ്ക് സ്വന്തമാക്കാൻ സാധിക്കുമെന്നു ഈ വർഷത്തെ ക്ലാറ്റ് പരീക്ഷയിൽ 19–ാം റാങ്ക് നേടിയ ബെംഗളൂരു സ്വദേശി  കെവിൻ പ്രെജി പറയുന്നു. 2021 ഒക്ടോബറിലാണു നിയമരംഗം കരിയറായി  തിരഞ്ഞെടുക്കാൻ  കെവിൻ തീരുമാനിക്കുന്നത്.  മത്സര പരീക്ഷകളെക്കുറിച്ചു പഠിച്ച്  ഈ വർഷം ജനുവരിയിലാണു  കെവിൻ സത്യത്തിൽ ക്ലാറ്റിനു തയാറെടുത്തു തുടങ്ങിയത്. പരീക്ഷയുടെ രീതിയും ചോദ്യങ്ങളുടെ മാതൃകയുമെല്ലാം മനസിലാക്കാനാണ് ആദ്യ സമയങ്ങൾ ചിലവഴിച്ചത്.  ജനറൽ നോളജ് അപ്ഡേറ്റ് ചെയ്യാനും ഏറെ തയാറെടുപ്പുകൾ നടത്തി.  തുടർന്ന് എജ്യൂടെക് കമ്പനിയായ ‘അൺഅക്കാദമിയുടെ’ സെഷൻ  ടെസ്റ്റുകളും  മോക്ക് ടെസ്റ്റുകളുമാണ്  ഏറെ സഹായിച്ചതെന്നു  കെവിൻ പറയുന്നു.  പരീക്ഷയിലെ വെല്ലുവിളികൾ  മനസിലാക്കാൻ സഹിച്ചതും  ഇതാണെന്നു കെവിൻ പറയുന്നു. 

 

പരിശീലന  സ്ഥാപനങ്ങളിൽ ചേരാതെ ‘അൺ അക്കാദമിയിലൂടെ’ മാത്രമായിരുന്നു പരിശീലനം. ദിവസം 6 മണിക്കൂർ വരെ പഠനം ഉറപ്പാക്കിയിരുന്നു. 10 മണിക്കൂർ വരെ പഠിച്ച സമയവുമുണ്ട്. 12–ാം ക്ലാസിലെ തയാറെടുപ്പിനൊപ്പമായിരുന്നു ക്ലാറ്റിനുള്ള തയാറെടുപ്പും. പഴയ പരീക്ഷകളുടെ  ചോദ്യങ്ങളും  അവയുടെ  ഉത്തരം കണ്ടെത്തുന്ന രീതിയുമെല്ലാം  വിശദമായി അൺഅക്കാദമിയിൽ ലഭ്യമായിരുന്നുവെന്നും അതാണു പഠനത്തിനു കരുത്തായതെന്നും കെവിൻ വ്യക്തമാക്കി. ഹൈസ്കൂൾ  വരെയുള്ള കണക്കും 11,12 ക്ലാസുകളിലെ  പാഠ്യഭാഗങ്ങളുമെല്ലാം  മത്സര പരീക്ഷയ്ക്കു പ്രധാനപ്പെട്ടതാണ്.  ഇന്റർനാഷനൽ  ലോയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു എൽഎൽബി  പഠനം പൂർത്തിയാക്കാനാണു കെവിന്റെ  തീരുമാനം. കോർപറേറ്റ് നിയമത്തിലും താൽപര്യമുണ്ട്.  ബെംഗളൂരു ഡിപിഎസ് സ്കൂളിൽ നിന്നു 12–ാം ക്ലാസ് പൂർത്തിയാക്കിയ കെവിൻ  ബെംഗളൂരു നിയമ സർവകലാശാലയിൽ  ഉപരിപഠനം നടത്താനാണു  തീരുമാനിച്ചിരിക്കുന്നത്. ക്ലാറ്റിനു തയാറെടുക്കുമ്പോൾ  അടിസ്ഥാന നിയമ പരിജ്ഞാനം നിർബന്ധമാണ്. ഭരണഘടന, ഇന്ത്യൻ ശിക്ഷാ നിയമം തുടങ്ങിയവയിലെ അടിസ്ഥാന വിവരങ്ങൾ മനസ്സിലാക്കുക. പൊതുവിജ്ഞാനത്തിനു പത്രമാധ്യമങ്ങൾ കൃത്യമായി വായിക്കുക തന്നെയാണു വഴി. 

 

Content Summary : CLAT 2022: AIR 19 ranker Kevin Preji shares his Success tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com