ADVERTISEMENT

ഒരു കൗമാരക്കാരന് സ്വപ്നങ്ങളിൽ‌നിന്ന് ലക്ഷ്യത്തിലേക്കുള്ള ദൂരമെത്രയായിരിക്കും? ബിഹാറിൽനിന്നു യുഎസിലേക്കുള്ള ദൂരമെന്ന് പ്രേം കുമാർ എന്ന പതിനേഴുകാരൻ പറയും. കാരണം ബിഹാറിലെ ചെറുഗ്രാമത്തിൽനിന്ന് രണ്ടരക്കോടി രൂപയുടെ സ്കോളർഷിപ് സ്വന്തമാക്കിക്കൊണ്ടാണ് അവൻ യുഎസിലേക്കു പറക്കാൻ പോകുന്നത്. പട്നയിലെ ഫുൽവാരിഷരീഫിലുള്ള ഗോൺപുര ഗ്രാമത്തിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി പ്രേം കുമാർ ആണ് കുടുംബത്തിലെ ആദ്യ ബിരുദധാരിയാകാൻ തയാറെടുക്കുന്നത്.

 

പെൻസിൽവാനിയയിലെ ലഫായെറ്റ് കോളജിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിലും ഇന്റർനാഷനൽ റിലേഷൻസിലും ബിരുദ പഠനത്തിനായി ഈ വർഷം ഒടുവിൽ പ്രേം കുമാർ യുഎസിലേക്ക് പോകും. യുഎസിലെ മുൻനിര എൻജിനീയറിങ് കോളജായ ലഫായെറ്റ് കോളജാണ് രണ്ടരക്കോടി രൂപയുടെ സ്കോളർഷിപ് നൽകി പ്രേം കുമാറിന്റെ പഠനച്ചെലവു മുഴുവൻ ഏറ്റെടുത്തിരിക്കുന്നത്.

 

‘‘ എന്റെ മാതാപിതാക്കൾ സ്കൂളിൽ പോയിട്ടില്ല. സ്കോളർഷിപ് നേടി വിദേശരാജ്യത്ത് പോകാൻ അവസരം ലഭിച്ചത് സ്വപ്ന സാക്ഷാത്കാരമാണെനിക്ക്. ബിഹാറിലെ മഹാദലിത് കുട്ടികൾക്കു വേണ്ടിയുള്ള ഡെക്സ്റ്റേറിറ്റി ഗ്ലോബൽ ഓർഗനൈസേഷന്റെ പ്രവർത്തനം പ്രശംസനീയമാണ്. ഇന്ന് കാണുന്ന എന്നെ ഞാനാക്കിയതിൽ അവർ ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.’’– സ്കോളർഷിപ് ലഭിച്ചതിലുള്ള സന്തോഷം പങ്കുവച്ച് പ്രേം കുമാർ പറഞ്ഞു.

 

ആഗോളതലത്തിൽ ആറു കുട്ടികൾ മാത്രം തിരഞ്ഞെടുക്കപ്പെടുന്ന ഡേയർ സ്കോളർഷിപ്പാണ് പ്രേം കുമാറിന് ലഭിച്ചത് എന്നത് നേട്ടത്തിന്റെ മധുരം കൂട്ടുന്നു. ലോകത്തെ ഏറ്റവും പ്രയാസമേറിയ, ഏറ്റവും വെല്ലുവിളി നിറഞ്ഞ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിവും അതിനോട് അഭിനിവേശവുമുള്ള വിദ്യാർഥികൾക്കുള്ളതാണ് ഈ സ്കോളർഷിപ് എന്നാണ് യൂണിവേഴ്സിറ്റി അധികൃതർ പറയുന്നത്. 

 

പ്രേംകുമാറിന്റെ നേട്ടത്തെക്കുറിച്ച് ഡെക്സ്റ്ററിറ്റി ഗ്ലോബൽ സിഇഒ ശരത്‌സാഗർ പറയുന്നതിങ്ങനെ. ‘‘ ബിഹാറിലെ ഗോൺപുർ ഗ്രാമത്തിൽ നിന്നാണ് പ്രേംകുമാർ ഇവിടെയെത്തിയത്. ദിവസക്കൂലിക്ക് ജോലിചെയ്യുന്ന ആളാണ് അവന്റെ അച്ഛൻ. ലഫായെറ്റ് കോളജിൽ ബിരുദം ചെയ്യാനായി രണ്ടരക്കോടി രൂപയുടെ സ്കോളർഷിപ്പാണ് അവന് ലഭിച്ചിരിക്കുന്നത്. ഒരു പക്ഷേ ഇത്തരമൊരു നേട്ടത്തിനുടമയാകുന്ന ഇന്ത്യയിലെ ആദ്യത്തെ മഹാദലിത് വിദ്യാർഥിയായിരിക്കും പ്രേം കുമാർ’’.

 

ഡെക്സ്റ്ററിറ്റി ഗ്ലോബലിന്റെ സ്ഥാപകനും സിഇഒയുമായ സാഗർ 2016 ൽ ഫോബ്സിന്റെ മുപ്പതു വയസ്സിനു താഴെയുള്ള സംരംഭകരുടെ പട്ടികയിൽ ഇടംപിടിച്ചിരുന്നു. ഈ സംഘടനയിലെ കുട്ടികൾക്ക് ലോകത്തെ മികച്ച സർവകലാശാലകളിൽ നിന്ന് ഇതുവരെ 100 കോടി രൂപയുടെ സ്കോളർഷിപ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

 

Content Summary :17-yr-old boy from Bihar who bagged Rs 2.5 cr scholarship to study in US

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com