ADVERTISEMENT

ഇഷ്ടമുള്ള കാര്യങ്ങളെല്ലാം ഏറെ ആസ്വദിച്ചു ചെയ്തുകൊണ്ട് ജീവിതം ആഘോഷിക്കുന്നവൾ. റഫ റാസിഖ് എന്ന തലശ്ശേരി സ്വദേശിനിയെ ഒറ്റവാക്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം. ജീവിതത്തിരക്കുകൾക്കിടയിൽ മനസ്സിന്റെ ഇഷ്ടങ്ങൾ എപ്പോഴോ കൈമോശം വന്നു എന്നു പരിതപിക്കുന്നവർക്കിടയിൽ ജീവിതം കൊണ്ടും കഴിവുകൾ കൊണ്ടും വേറിട്ടു നിൽക്കുന്ന റഫ ഇപ്പോൾ കുടുംബത്തോടൊപ്പം അബുദാബിയിലാണ് താമസം. ജീവിക്കാൻ സ്വന്തമായി ജോലി വേണം എന്ന തോന്നലുണ്ടാവുമ്പോൾ, മിക്കവരും പഠിച്ച കോഴ്സുമായി ബന്ധപ്പെട്ട ജോലി നേടി അതിലൊതുങ്ങി മുന്നോട്ടു പോവുകയാണ് പതിവ്. ഇവിടെയാണ് റഫ റാസിഖ് വേറിട്ട് നില്‍ക്കുന്നത്. ബി. ആർക്ക് പ്രഫഷനൽ കോഴ്സ് പഠിച്ച് ഇന്റീരിയർ ഡിസൈനിങ് എന്ന വിശാലമായ ലോകത്ത്  കയ്യൊപ്പു ചാർത്തി മുന്നേറുമ്പോഴും തന്റെ ഇഷ്ടങ്ങളായ സംഗീതവും കാലിഗ്രഫിയും റഫ ഉപേക്ഷിച്ചില്ല. തന്റെ കഴിവുകൾ പുറംലോകവുമായി പങ്കു വച്ച് ഇന്ന് സമൂഹ മാധ്യമങ്ങളിൽ ഒട്ടേറെ ആരാധകരെ വാരിക്കൂട്ടുകയാണ് റഫ. വിരൽത്തുമ്പിലും നാവിൻ തുമ്പിലും ഒരുപോലെ ദൈവാനുഗ്രഹം സിദ്ധിച്ച കലാകാരി റഫ റാസിഖ് തന്റെ ഇഷ്ടങ്ങളെക്കുറിച്ചും ഏറ്റവും പ്രിയപ്പെട്ട കരിയറിനെക്കുറിച്ചും മനോരമ ഓൺലൈൻ വായനക്കാരോട് മനസ്സു തുറക്കുന്നു.

 

തലശ്ശേരി മുതൽ അബുദാബി വരെ നീളുന്ന ഇന്റീരിയർ ഡിസൈനിങ് ഇഷ്ടത്തെക്കുറിച്ച് പറയാമോ?

Rafa with husband and child, Rafa with her Siblings.
റഫ, ഭർത്താവ്  സുഹൈർ സിദ്ധീഖ്, മകൾ ഫരീൻ സുഹൈർ (ഇടത്), റഫ സഹോദങ്ങളായ തൂബ, ദുറ, ദാന എന്നിവർക്കൊപ്പം (വലത്)

 

വരയ്ക്കാനുള്ള ഇഷ്ടമാണ് പ്ലസ്ടുവിന്  ശേഷം ആർക്കിടെക്ചർ പഠിക്കാൻ ഇന്ധനമായത്. അങ്ങനെ മലപ്പുറം എംഇഎസ് സ്കൂൾ ഓഫ് ആർക്കിടെക്ചറിൽ  ബി. ആർക്ക്  പൂർത്തിയാക്കി. പിന്നെ മൂന്നു വർഷം ചില സ്വകാര്യ കമ്പനികളിൽ ജോലി ചെയ്തു. അതിനിടെ ലഭിച്ച ഫ്രീലാൻസ് അവസരങ്ങൾ കരിയറിൽ വഴിത്തിരിവായി. തനിച്ചു ചെയ്താൽ ശരിയാകുമോ എന്ന ചിന്ത ഉടലെടുത്തെങ്കിലും സ്വന്തം കഴിവിൽ വിശ്വസിച്ചു മുന്നോട്ടു പോകാൻ തന്നെയായിരുന്നു തീരുമാനം. മട്ടന്നൂരിൽ ഒരു റസിഡന്റ്സിന്റെ ഇന്റീരിയർ ഡിസൈനിങ് ആയിരുന്നു സ്വന്തമായി പൂര്‍ത്തിയാക്കിയ ആദ്യ വർക്ക്. പിന്നീട്  ചെയ്ത ബ്രൈഡൽ ബെഡ്റൂമുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. വനിത വീട് മാസികയിൽ അതിനെപ്പറ്റി ലേഖനം വന്നതോടെ കൂടുതൽ അന്വേഷണങ്ങൾ വന്നു. അന്നു മുതൽ ഇന്റീരിയർ ഡിസൈനർ എന്ന കരിയറിനെക്കുറിച്ച് ആശങ്കയുണ്ടായിട്ടില്ല. ഏറ്റെടുത്ത പ്രോജക്ടുകളെല്ലാം വിജയമായിരുന്നു. മിക്ക മുൻ നിര മാധ്യമങ്ങളും അവയെപ്പറ്റി എഴുതുകയും ചെയ്തു.

 

rafa-family

വീടിന്റെയോ ഓഫിസിന്റെയോ ഒഴിഞ്ഞ ഇടങ്ങൾ എങ്ങനെ ഭംഗിയോടെ ഉപയോഗപ്പെടുത്താം എന്നതായി പിന്നീടു ചിന്ത. അതിനായി ഒത്തിരി കാശ് മുടക്കേണ്ടതില്ല. വീടിന്റെ അകത്തളങ്ങൾ കുറഞ്ഞ ചെലവിൽ എങ്ങനെ ആകർഷകമാക്കാം എന്ന ചിന്തയിലൂന്നിയാണ് ഓരോ വർക്കും പൂർത്തിയാക്കുന്നത്. നിലവിൽ അബുദാബിയിൽ ഒരു കഫെയുടെ ഇന്റീരിയർ ഡിസൈനിങ് ചെയ്യുകയാണ്.

 

Rafa Razik

ഓഡിയോ കാസറ്റ് മുതൽ കവർ വേർഷൻ വരെ നീളുന്ന സംഗീത യാത്രയെക്കുറിച്ച്?

Rafa Razik

 

പാട്ടു പാടി വളർന്ന കുട്ടിക്കാലമായിരുന്നു ഞങ്ങളുടേത്. ഉപ്പയുടെയും ഉമ്മയുടെയും കുടുംബത്തിൽ നിന്നാണ് സംഗീതാഭിരുചി ഞങ്ങൾക്ക് പകർന്നു കിട്ടിയത്. ഉപ്പ റാസിഖിന്റെ പാട്ടുകൾ ഞങ്ങൾ നാലു മക്കൾക്കും പ്രചോദനമായി. അന്നൊക്കെ കുടുംബത്തിൽ കല്യാണം വരുമ്പോൾ സ്വന്തമായി പാട്ടെഴുതി, ഈണമിട്ട്, കൈ കൊട്ടി പാടുമായിരുന്നു. പാട്ടുണ്ടാക്കാനും പാടാനും കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ആവേശമാണ്. യുഎഇയിൽ ഉപ്പയോടൊപ്പവും തനിച്ചും നിരവധി വേദികളിൽ പാടാൻ അവസരം ലഭിച്ചതും സംഗീതത്തോടുള്ള പ്രിയം വർധിപ്പിച്ചു. പ്ലസ് ടു വരെയുള്ള ഷാർജയിലെ പഠന കാലത്ത് കലോത്സവങ്ങളിലെ പാട്ടു മത്സരങ്ങളിൽ വിജയിച്ചിരുന്നു. അതിനെപ്പറ്റി വാർത്തകൾ വന്നതൊക്കെ സംഗീത യാത്രയ്ക്ക് ഊര്‍ജമായി. സമൂഹ മാധ്യമങ്ങൾ ഇന്നത്തെപ്പോലെ സജീവമല്ലാതിരുന്ന അക്കാലത്ത് എന്റെ പാട്ടുകളുടെ ഓഡിയോ കാസറ്റ് പുറത്തിറക്കാൻ സാധിച്ചു. നാട്ടിലെ ഉപരിപഠന കാലത്തും പാട്ട് ഒപ്പമുണ്ടായിരുന്നു. മലപ്പുറത്തെ കോളജിലും താരമാക്കിയത് പാട്ടാണ്. എന്റെ ശബ്ദത്തിന് ഏറെ ഇണങ്ങുന്നത് അറബിക് ഗാനങ്ങളാണെന്നു തിരിച്ചറിഞ്ഞപ്പോൾ അത്തരം ഗാനങ്ങൾ കൂടുതലായി പാടാൻ തുടങ്ങി. സംഗീത വഴിയിൽ സഹയാത്രികരായ സഹോദരങ്ങൾ തൂബ റാസിഖ്, ദാന റാസിഖ്, ദുറ റാസിഖ് എന്നിവരും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. സഹോദരി ദാനയുമൊരുമിച്ച് ചെയ്ത കവർ ഗാനങ്ങൾക്ക് യുട്യൂബിൽ ധാരാളം ആസ്വാദകരുണ്ട്. 

 

അബ്സ്ട്രാക്ട് കാലിഗ്രഫിയിലേക്കെത്തിയതെങ്ങനെയാണ്?

 

കഴിഞ്ഞ മൂന്നു വർഷത്തിനിടെ അവിചാരിതമായി പടി കടന്നെത്തിയ മറ്റൊരു ഇഷ്ടമാണ് അറബിക് കാലിഗ്രഫി. ഉമ്മ താഹിറ റാസിഖാണ് ഈ വഴിയിലേക്ക് എന്നെ ആകർഷിച്ചത്. അബുദാബിയിൽ പലയിടങ്ങളിലും കണ്ട അറബിക് കാലിഗ്രഫി അക്ഷരങ്ങൾ അതേക്കുറിച്ച് കൂടുതൽ പഠിക്കാനും എഴുതാനും താത്പര്യം ജനിപ്പിച്ചു. കേരളത്തിൽ ഈ മേഖലയിലെ പ്രഗത്ഭർ വിരളമായിരുന്നു. അതിനാൽ എഴുത്തുപകരണങ്ങൾ സംഘടിപ്പിക്കാനും ബുദ്ധിമുട്ടി.

 

ആദ്യമൊക്കെ അറബിക് കാലിഗ്രഫിയുടെ നിയമങ്ങൾ പാലിക്കാതെ സ്വന്തം ഇഷ്ടത്തിനനുസരിച്ചായിരുന്നു എഴുത്ത്. അങ്ങനെ ചെയ്ത ആർട്ട് ഇൻസ്റ്റഗ്രാമിൽ പങ്കു വച്ചതോടെ നിരവധി പേർ ഇതേക്കുറിച്ച് അന്വേഷിച്ചെത്തി. ഇതോടെ ഈ കലയെക്കുറിച്ച്  കൂടുതൽ പഠിക്കുകയും അറിയാവുന്ന കാര്യങ്ങൾ മാത്രം ഉൾപ്പെടുത്തി ഒരു വർക് ഷോപ്പ് സംഘടിപ്പിക്കുകയും ചെയ്തു.  അതിന്റെ ചുവടു പിടിച്ച് ഇന്ന് നാട്ടിലും വർക്ക് ഷോപ്പുകൾ നടന്നു വരുന്നു. ഇത് വെറുമൊരു കലയായിട്ടല്ല, ഒരു വികാരമായും മനസ്സിന്റെ ആനന്ദമായുമാണ് കാണുന്നത്. 

 

ഇപ്പോൾ അബ്സ്ട്രാക്ട് കാലിഗ്രഫിയിൽ സ്വന്തം ആശയങ്ങൾ ഇഴ ചേർത്ത് ചിത്രീകരിക്കുന്നതിന്റെ പരിശ്രമത്തിലാണ് ഈ 31 കാരി .  ആർക്കിടെക്ചർ പ്രധാന തൊഴിലായി തിരഞ്ഞെടുത്തെങ്കിലും തന്റെ മറ്റ് ഇഷ്ടങ്ങൾക്കും റഫ പരിഗണന നല്‍കുന്നു. അതുകൊണ്ടു മാത്രമാണ് സംഗീതവും കാലിഗ്രഫിയും ഒന്നിച്ചു  കൊണ്ടുപോകാൻ റഫയ്ക്കു സാധിക്കുന്നതും. ഭർത്താവ്  സുഹൈർ സിദ്ധീഖും മകൾ ഫരീൻ സുഹൈറും ഉൾപ്പെടുന്ന കുടുംബം നിറഞ്ഞ പ്രോത്സാഹനവുമായി ഒപ്പമുണ്ട് എന്നതാണ് റഫയുടെ പിൻബലം. 

 

Content Summary : Meet Rafa Razik Architect Artist and Interior Designer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com