ADVERTISEMENT

പഠനരീതി എങ്ങനെയാണ്? എത്ര സമയം പഠിക്കും? ചേട്ടൻ വിഷ്ണു സഹായിച്ചോ? – ഇടുക്കി അണക്കര ശങ്കരമംഗലത്ത് വിശ്വനാഥ് വിനോദ് ഇങ്ങനെ ഒട്ടേറെ ചോദ്യങ്ങളാണു രണ്ടു ദിവസമായി കേൾക്കുന്നത്. കേരള എൻജിനീയറിങ് പ്രവേശനപരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ വിശ്വനാഥിന് എല്ലാവരോടും പറയാനുള്ളത് ഇതാണ് – പഠനത്തിൽ പൊടിക്കൈകളില്ല.

 

ഉള്ളത് അന്നന്നു പഠിക്കണമെന്നു വിശ്വനാഥ്. എന്നാൽ കുത്തിയിരുന്നു പഠിക്കുന്ന ‘പഠിപ്പിസ്റ്റാ’കരുത്. പഠനത്തെ സിനിമ പോലെ വിനോദമായി കാണണം. ഏറ്റവും രസമുള്ള കാര്യംപോലെ ചെയ്താൽ പിന്നെ എല്ലാം സിംപിളാണന്ന് വിശ്വനാഥ് പറയുന്നു.

 

വിശ്വനാഥ് എട്ടിൽ പഠിക്കുമ്പോഴാണ് ചേട്ടൻ വിഷ്ണു പാലാ ബ്രില്യന്റിൽ പരിശീലനത്തിനു പോകുന്നത്. 2019ലെ കേരള എൻജിനീയറിങ് പ്രവേശനപരീക്ഷയിൽ ചേട്ടൻ ഒന്നാം റാങ്ക് നേടിയപ്പോൾ വിശ്വനാഥിന്റെ മനസ്സിലും ഒരു ആഗ്രഹം മുള പൊട്ടി – ഒന്നാം റാങ്ക് ഒരിക്കൽക്കൂടി വീട്ടിലെത്തിക്കണം.

 

ചേട്ടൻ വിഷ്ണു പരന്ന വായനക്കാരനായിരുന്നു. എന്നാൽ, പാഠങ്ങൾ ഫോക്കസ് ചെയ്തുള്ള പഠനമാണ് വിശ്വനാഥിന്റേത്. പഠിക്കാനിരിക്കുന്ന സമയത്തിലും ഈ വ്യത്യാസമുണ്ടായിരുന്നു. ചേട്ടനെ സംശയം ചോദിച്ചു കുഴപ്പിക്കാറില്ല. സംശയങ്ങൾ സ്വയം പരിഹരിക്കുന്ന രീതിയാണ് അനിയന്.

 

മറ്റു പലരും ബാലികേറാമലയായി കാണുന്ന കണക്ക്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളോടാണു വിശ്വനാഥിനു കൂടുതൽ ഇഷ്ടം. കണക്കിൽ മുന്നേറാൻ വിശ്വനാഥിന്റെ ടിപ് ഒന്നുമാത്രം – കണക്ക് ചെയ്തുതന്നെ പഠിക്കുക. ഫിസിക്സിന്റെയും കെമിസ്ട്രിയുടെയും അടിസ്ഥാനം മനസ്സിലാക്കി പഠിച്ചാൽ ബാക്കിയെല്ലാം എളുപ്പമാകും. 

മറ്റു വിഷയങ്ങൾപോലെയല്ല കണക്കും ഫിസിക്സും കെമിസ്ട്രിയും. പാഠങ്ങൾ അന്നന്നു പഠിക്കാതിരുന്നാൽ പിന്നെ വലിയ ബുദ്ധിമുട്ടാകും.

 

ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ ഫോക്കസ് ചെയ്താണു പഠിച്ചിരുന്നത്. സിലബസിലെ ചെറിയ വ്യത്യാസങ്ങൾ മാറ്റിനിർത്തിയാൽ ജെഇഇ മെയിനും കേരള എൻട്രൻസിനും പ്രത്യേകിച്ച് സമയം മാറ്റിവയ്ക്കേണ്ട ആവശ്യമി ല്ലായിരുന്നു. ബ്രില്യന്റിലെയും മാന്നാനം കെഇ സ്കൂളിലെയും പരിശീലനം കൂടി ലഭിച്ചതോടെ സ്വപ്നനേട്ടം കൈവരിക്കാൻ സാധിച്ചെന്ന് വിശ്വനാഥ് പറയുന്നു. ചേട്ടനു ലഭിക്കുന്ന ക്ലാസുകളും പരിശീലനവും കണ്ട വിശ്വനാഥിന് മദ്രാസ് ഐഐടിയിൽ കംപ്യൂട്ടർ സയൻസിനു ചേരാനാണ് ആഗ്രഹം. അതിനായി ജെഇഇ അഡ്വാൻസ്ഡ് ഫലം കാത്തിരിക്കുകയാണ്. 

 

കർഷകനായ വിനോദ് കുമാറും ചാന്ദ്നിയുമാണ് വിശ്വനാഥിന്റെ മാതാപിതാക്കൾ. മക്കളുടെ വിദ്യാഭ്യാസം കണക്കിലെടുത്ത് 5 വർഷമായി കോട്ടയം ചെമ്മനംപടിയിലാണ് ഇവർ താമസിക്കുന്നത്.

 

Content Summary : Kerala engineering entrance: Vishwanath Vinod grabs first rank

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com