45 ലക്ഷം രൂപയുടെ സ്കോളർഷിപ് സ്വന്തമാക്കി അമ്മു, തൃശൂരിൽനിന്ന് ഓക്സ്ഫഡിലെത്തിച്ചത് പരിസ്ഥിതി സ്നേഹം

HIGHLIGHTS
  • ഐഐടി മദ്രാസിൽനിന്നു ഡെവലപ്മെന്റ് സ്റ്റഡീസിൽ പഞ്ചവത്സര ബിരുദാനന്തര ബിരുദം നേടി.
  • പ്രോഗ്രാം മാനേജർ ആയി മൂന്നു വർഷത്തിലേറെ നാന്ദിയിൽ ചെലവഴിച്ചു.
ammu-bagged-the-louis-dreyfus-oxford-weidenfeld-and-hoffmann-scholarships
അമ്മു
SHARE

പഠനമികവുകൊണ്ട് സ്കോളർഷിപ് നേടാം. പക്ഷേ പരിസ്ഥിതിയെയും സഹജീവികളെയും സ്നേഹിക്കാൻ ആർദ്രതയുള്ള ഒരു ഹൃദയം കൂടി വേണം. ഇതു രണ്ടുമുണ്ട് തൃശൂർ അയ്യന്തോൾ സ്വദേശിനി അമ്മുവിന്. ഓക്സ്ഫഡിലെ സെന്റ് എഡ്മണ്ട് ഹാൾ കോളജിൽ ഫുൾ സ്കോളർഷിപ്പോടെ ഉപരി പഠനം നടത്തുകയാണ് അമ്മു. കോളജ് ഫീസും മറ്റു ചിലവുകളുമുൾപ്പടെ ഏകദേശം 45 ലക്ഷം രൂപയാണ് ഒരു വർഷത്തെ സ്കോളർഷിപ് തുക. ഐഐടിയിലെ പഠനശേഷം ക്യാംപസ് പ്ലേസ്മെന്റ് വഴി നാന്ദി എന്ന സന്നദ്ധ സംഘടനയിൽ പ്രവർത്തിക്കുമ്പോഴാണ് ഓക്സ്ഫഡിൽ പ്രവേശനം ലഭിക്കുന്നത്. കുട്ടിക്കാലം മുതൽ പ്രകൃതിസ്നേഹിയായ അമ്മു മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതകൾക്കെതിരെ ശബ്ദമുയർത്താറുണ്ട്. വീഗൻ ജീവിതശൈലി ഈ പെൺകുട്ടി സസ്യേതര ആഹാരമോ തുകലുൽപന്നങ്ങളോ ഉപയോഗിക്കാറില്ല. അക്കാദമിക രംഗത്തും ജീവിത ശൈലിയിലും വേറിട്ട തീരുമാനങ്ങളെടുക്കുന്ന അമ്മു പഠനത്തെക്കുറിച്ചും നിലപാടുകളെക്കുറിച്ചും മനോരമ ഓൺലൈൻ വായനക്കാരോട് സംസാരിക്കുന്നു. 

∙ തൃശൂരിൽനിന്ന് ഓക്സ്ഫഡിലേക്ക്

യുകെയിലെ ഓക്സ്ഫഡ് സർവകലാശാലയിലെ സെന്റ് എഡ്മണ്ട് ഹാൾ കോളജിൽ എൻവയൺമെന്റൽ ചേഞ്ച് ആൻഡ് മാനേജ്മെന്റ് എന്ന വിഷയത്തിൽ വൈഡൻഫെൽഡ് ഹോഫ്മാൻ ട്രസ്റ്റിന്റെ ലൂയി ഡ്രേയ്ഫസ് വൈഡൻഫെൽഡ് ഹോഫ്മാൻ സ്കോളർഷിപ്പോടെ ഉപരി പഠനം നടത്തുകയാണ്. അറ്റോമിക് എനർജി സെൻട്രൽ സ്കൂളിലെ പഠനത്തിനുശേഷം ഐഐടി മദ്രാസിൽനിന്നു ഡെവലപ്മെന്റ് സ്റ്റഡീസിൽ പഞ്ചവത്സര ബിരുദാനന്തര ബിരുദം  നേടി. ഐഐടി പഠനകാലത്ത് സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമിലൂടെ ഇറ്റലിയിലെ പ്രശസ്തമായ ബൊളോണ്യ (University of Bologna) സർവകലാശാലയിൽ പഠിക്കാൻ അവസരം ലഭിച്ചു. അമേരിക്കയിലെ പെൻസിൽവേനിയ, ഡ്യൂക്ക്, കാനഡയിലെ ടൊറന്റോ എന്നീ സർവകലാശാലകളിൽ ഉപരിപഠനത്തിനുള്ള ഓഫറുകൾ ലഭിച്ചിരുന്നു. 

∙ പ്രത്യേകതയുള്ള വിഷയമാണ് ഉപരി പഠനത്തിനു തിരഞ്ഞെടുത്തത്. അതിന്റെ കാരണമെന്താണ്?

മിക്കവരും തിരഞ്ഞെടുക്കുന്ന എൻജിനീയറിങ്, മെഡിക്കൽ എന്നീ ഓപ്ഷനുകളോട് എനിക്ക് താൽപര്യമില്ലായിരുന്നു. എന്നെ കൂടുതൽ  ആകർഷിച്ചത് സാമൂഹിക ശാസ്ത്രവും പരിസ്ഥിതി സംരക്ഷണവും നിയമപഠനവും ആണ്. പ്ലസ്ടു വിന് പഠിക്കുമ്പോൾ ഐഐടി മദ്രാസിന്റെ ഹ്യുമാനിറ്റീസ് വിഭാഗത്തിലെ ഇന്റഗ്രേറ്റഡ് എംഎ (Development Studies) യ്ക്ക് തിരഞ്ഞെടുക്കപ്പെടാനുള്ള എൻട്രൻസ് പരീക്ഷ എച്ച്എസ്ഇഇ (HSEE) ക്കു വേണ്ടി തയാറെടുത്തിരുന്നു. ഐഐടിയിൽ ആഗ്രഹിച്ച കോഴ്സിന് അഡ്മിഷൻ ലഭിക്കുകയും ചെയ്തു. ആ ക്യാംപസിൽ ചെലവഴിച്ച അഞ്ചു വർഷങ്ങളാണ് എന്റെ ജീവിതത്തെ മാറ്റി മറിച്ചത്.

പഠിച്ച വിഷയങ്ങൾ, അവ  മനസ്സിലാക്കാൻ വേണ്ടി അവിടെയുള്ള അധ്യാപകർ കാണിച്ചു തന്ന വഴികൾ, വിദ്യാർഥികളുടെ നൈപുണ്യ വികസനത്തിനു ലഭിച്ച  അവസരങ്ങൾ ഇവയെല്ലാം പരമ്പരാഗത പഠനശൈലിയെ പൊളിച്ചെഴുതുന്നതായിരുന്നു. ലോകോത്തര നിലവാരത്തിലുള്ള ആ ക്യാംപസിലെ പഠനമാണ് എനിക്ക് വഴികാട്ടിയായത്. ഈ അഞ്ചു വർഷത്തെ അനുഭവങ്ങൾ ഭാവിയെക്കുറിച്ചും ഒരു വ്യക്തി എന്ന നിലയിൽ സമൂഹത്തിൽ എനിക്ക് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങളെക്കുറിച്ചും ജീവജാലങ്ങളോട് മനുഷ്യർ പുലർത്തേണ്ട ഉത്തരവാദിത്തങ്ങളെക്കുറിച്ചും എന്നെ ബോധ്യപ്പെടുത്തി.

വരുംതലമുറകൾക്ക് വേണ്ടി നാം ഓരോരുത്തരും ചെയ്യേണ്ടത് ചെയ്തില്ലെങ്കിൽ ഈ മനോഹരഭൂമി കുറച്ചു വർഷങ്ങൾക്കുള്ളിൽ  നമുക്ക്  നഷ്ടമാകും എന്നുള്ള അറിവാണ് പരിസ്ഥിതി  വ്യതിയാനങ്ങളെ എങ്ങനെ തടയാം എന്നതിൽ  ഉപരിപഠനത്തിന് പ്രേരിപ്പിച്ചത്. അങ്ങനെയാണ് ഓക്സ്‌ഫഡ് സർവകലാശാലയിലെ ഈ എംഎസ്‌സി കോഴ്സ് തിരഞ്ഞെടുത്തത്.

∙ ഐഐടി പഠനകാലത്ത് സ്റ്റുഡന്റ് എക്സ്ചേഞ്ച് വഴി ഇറ്റലിയിൽ പഠിച്ചിട്ടുണ്ട്. ആ അനുഭവത്തെക്കുറിച്ച്?

രണ്ടേ രണ്ടു വാക്കുകൾ– ലൈഫ് ചേഞ്ചിങ്. എന്റെ പഠനകാലത്തെ ഏറ്റവും നല്ല കുറച്ചു മാസങ്ങൾ 2017 ഓഗസ്റ്റ് മുതൽ ഡിസംബർ വരെയാണെന്ന് നിസ്സംശയം പറയാം. ലോകത്തിന്റെ നാനാഭാഗത്തുനിന്നുള്ള വിദ്യാർഥി സമൂഹം. ലോകത്തിലെ ഏറ്റവും പുരാതന സർവകലാശാലകളിൽ ഒന്നായ ബൊളോണ്യയിൽ ചെലവഴിച്ച ഓരോ ദിവസവും എനിക്ക് വളരെ വിലപ്പെട്ടതായിരുന്നു. മറ്റു രാജ്യങ്ങൾ വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്, ഈ വിഷയങ്ങളിൽ ഓരോ രാജ്യവും എടുക്കേണ്ട നിലപാടുകൾ എന്തൊക്കെയായിരിക്കണം എന്നൊക്കെ ഞങ്ങൾ ചർച്ച ചെയ്യുമായിരുന്നു. ആ അനുഭവങ്ങളെല്ലാം അറിവിന്റെ പുതിയ മേച്ചിൽപുറങ്ങളാണ് എനിക്ക് തുറന്നു തന്നത്.

∙ നാന്ദിയിലെ ജോലിയെക്കുറിച്ച് ? ഉത്തരവാദിത്തങ്ങളെ കുറിച്ച്?

പ്രോഗ്രാം മാനേജർ ആയി മൂന്നു വർഷത്തിലേറെ ഞാൻ നാന്ദിയിൽ ചെലവഴിച്ചു. ഈ കാലയളവിൽ അവിടെ രണ്ടു വ്യത്യസ്ത പ്രോജക്റ്റുകളുടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനുള്ള അവസരം എനിക്ക് ലഭിച്ചു. അരക്കു പ്രോജക്ട് (Arakku project) വഴി ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിലെ അരക്കു വാലിയിൽ ട്രൈബൽ കർഷകരുടെ സഹകരണത്തോടെ സസ്റ്റെയിനബിൾ കോഫി കൾട്ടിവേഷൻ ആയിരുന്നു ഒരു ചുമതല. കർഷകരെ ഇതിനു പ്രാപ്തരാക്കാൻ വേണ്ടിയുള്ള പരിശീലനം, അവർക്കു വേണ്ട പിന്തുണ ഇതൊക്കെ കോഓർഡിനേറ്റ് ചെയ്യാനുള്ള അവസരം ലഭിച്ചു. ഇതു കൂടാതെ അവിടെ നാലു ദശലക്ഷം വൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചു. ഈ അനുഭവങ്ങൾ എനിക്ക് പിന്നീടു വളരെയധികം സഹായകമായി.

മഹീന്ദ്ര പ്രൈഡ് ക്ലാസ്റൂം എന്ന പ്രോജക്ട് ആയിരുന്നു പിന്നീട് എനിക്കു ലഭിച്ചത്. ഇന്ത്യയിലെ 6 സംസ്ഥാനങ്ങളിൽ നിന്നും പിന്നാക്കവിഭാഗത്തിൽപ്പെട്ട യുവാക്കൾക്ക് സ്കിൽ ഡവലപ്മെന്റ് ഇൻ റീജനറേറ്റീവ് അഗ്രിക്കൾ‌ച്ചർ എന്ന ഒരു ട്രെയിനിങ് പ്രോഗ്രാം ഡിസൈൻ ചെയ്യാനും നാലായിരത്തോളം  വിദ്യാർഥികൾക്ക്  ഫീൽഡ് ട്രെയിനിങ് കൊടുക്കാനും സാധിച്ചു. ഇതിന്റെ ഭാഗമായി ഉത്തർപ്രദേശിലെ വാരാണസി മുതൽ തമിഴ്നാട്ടിലെ ഡിണ്ടിഗൽ വരെ യാത്ര ചെയ്യാനും സാധിച്ചു. ഗ്രൗണ്ട് ലെവലിൽ ജോലി ചെയ്യാൻ  ലഭിക്കുന്ന ഒരു അവസരവും  ഞാൻ പാഴാക്കിയില്ല. ഇന്ത്യയിലെ കർഷകവിഭാഗങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കാൻ ഇതിലും നല്ല ഒരു മാർഗം  വേറെയില്ലല്ലോ. കൃഷി ഒരു വിഷയമായി പഠിക്കുന്ന വിദ്യാർഥികളോടുള്ള സമ്പർക്കവും എന്റെ കാഴ്ചപ്പാടിനെ ഒരു പാട് സ്വാധീനിച്ചിട്ടുണ്ട്. സൂക്ഷ്മമായ കാഴ്ചപ്പാടുണ്ടെങ്കിലേ ഏതൊരു രാജ്യത്തിനും സ്ഥാപനത്തിനും നയപരമായ തീരുമാനങ്ങൾ ശരിയായി എടുക്കാനാവൂ എന്ന തിരിച്ചറിവ് ലഭിച്ചത് ഇത്തരം അനുഭവങ്ങളിലൂടെയാണ്.

∙ കുടുംബം

ആണവോർജ വകുപ്പിലെ ഉദ്യോഗസ്ഥനായ ശ്രീകുമാർ പണിക്കരാണ് അച്ഛൻ. അമ്മ സംഗീതാ നായർ  അറ്റോമിക് എനർജി സെൻട്രൽ സ്കൂളിൽ വൈസ് പ്രിൻസിപ്പലാണ്. സഹോദരി അനന്യ, കൂടംകുളം അറ്റോമിക് എനർജി സെൻട്രൽ സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ്. 

∙ തെരുവുനായ വിഷയം ചർച്ചയായിരിക്കുകയാണല്ലോ. തെരുവുനായ്ക്കളെ സംരക്ഷിക്കുന്ന ഒരാളെന്ന നിലയിൽ ഈ വിഷയത്തോടുള്ള പ്രതികരണം?

ഇതിൽ മനസ്സിലാക്കേണ്ടത് രണ്ടു വിഷയങ്ങളാണ്. ഒന്ന് തെരുവ്നായ്ക്കളുടെ നിയന്ത്രണാതീതമായ വളർച്ച. അതു തടയണമെങ്കിൽ സർക്കാർ ഏജൻസികൾ അവരുടെ ജോലി കൃത്യമായി നിർവഹിക്കണം. ലോക്കൽ മുനിസിപ്പൽ യൂണിറ്റുകളുടെ സഹകരണത്തോടെ ബ്ലൂ ക്രോസ്, പൗസ് (blue cross, paws) എന്നിങ്ങനെയുള്ള എൻജിഒകളിലൂടെ തെരുവു നായ്ക്കളെ വന്ധ്യംകരിക്കുക. എല്ലാ ജില്ലയിലും അനിമൽ ഷെൽറ്റർ ഒരുക്കുക. ഈ ജീവികൾക്ക് സമാധാനമായി ജീവിക്കാൻ അവസരം കൊടുക്കുക. അക്രമങ്ങളും ഉപദ്രവങ്ങളും സഹിക്കുമ്പോഴാണ് ഈ ജീവികൾ മനുഷ്യനെ ഉപദ്രവിക്കുന്നത്. നമ്മൾ ഈ മിണ്ടാപ്രാണികൾക്ക് ഭക്ഷണവും വെള്ളവും കിടക്കാൻ ഒരിടവും കൊടുത്താൽ തീരാവുന്ന പ്രശ്നമേയുള്ളൂ. വഴിയിൽ കാണുന്ന നായയെ ഒരു രസത്തിന് കല്ലെറിയുന്നവർ ഒരുപാടുണ്ട്. അതിനു പകരം സഹജീവികളോട് കുറച്ച് കരുണയോടെ പെരുമാറി നോക്കൂ. നമ്മൾ ഓരോരുത്തരും അവരുടെ പങ്കു ചെയ്താൽ മാറാവുന്ന ഒരു വിഷയമാണിത്. മനോഭാവത്തിലുള്ള മാറ്റമാണ് പ്രധാനമായും വേണ്ടത്. 

രണ്ടാമതായി, നായയെ പലരും വീട്ടിൽ വളർത്തുന്നത് ഫാഷനു വേണ്ടിയാണ്. ഫാൻസി ബ്രീഡിനെ വില കൊടുത്തു വാങ്ങി പൊങ്ങച്ചം പറയാനാണ് പലരും ശ്രമിക്കുന്നത്. വില കൂടിയ ബ്രീഡുകളെ പല ഡോഗ് ബ്രീഡേഴ്സും വളരെ ക്രൂരമായ രീതിയിലാണ് പരിശീലിപ്പിക്കുന്നത്. ദിവസം  മുഴുവൻ കെട്ടിയിട്ട്, കൂട്ടിൽ വളർത്തി, വീട്ടിൽ വരുന്നവരോട് കുരയ്ക്കാൻ വേണ്ടി മാത്രമാണ് പലരും നായ്ക്കളെ വളർത്തുന്നത്. നായ മനുഷ്യന്റെ ഒരു സഹജീവി ആണെന്നും സ്വന്തം കുഞ്ഞുങ്ങളെ നോക്കുന്ന അതേ ഉത്തരവാദിത്തത്തോടെ, ആത്മാർഥതയോടെ ഈ മിണ്ടപ്രാണികളെ വളർത്തണം എന്നാണ് എന്റെ അപേക്ഷ.

ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലെ റെസക്യു ഗ്രൂപ്പുകളിൽ കുറച്ചു കാലം വൊളന്റിയർ ആയിരുന്നപ്പോൾ മനസ്സു തകർക്കുന്ന പല കാഴ്ചകളും കണ്ടിട്ടുണ്ട്. പട്ടിക്കുട്ടിയെ ഒന്നു രണ്ടു വർഷം വളർത്തി കൗതുകം തീർന്നാൽ, അസുഖം വന്നാൽ, വയസ്സായാൽ  ഒക്കെ ഒരു ദയയുമില്ലാതെ റോഡിൽ  ഉപേക്ഷിച്ചു കടന്നു കളയുന്നവരെ കണ്ടിട്ടുണ്ട്. മനുഷ്യനെ ഇത്രയധികം സ്നേഹിക്കുന്ന മറ്റൊരു ജീവിയില്ല. എന്നിട്ടും നമ്മൾ ഈ പാവങ്ങളോട് അതിക്രമമാണ് കാണിക്കുന്നത്. ഈ അവസരത്തിൽ  മഹാത്മാ ഗാന്ധി പറഞ്ഞത് ഓർമിപ്പിക്കട്ടെ. ‘‘Greatness of a nation and its moral progress can  be judged by the way its animals are treated’’. ഇതെത്ര സത്യം. നമ്മൾ കുറച്ചു കൂടി കരുണയോടെ ഈ വിഷയത്തിൽ ഇടപെണ്ടേ സമയം അതിക്രമിച്ചിരിക്കുന്നു.

Content Summary : Ammu bagged the Louis Dreyfus-Oxford-Weidenfeld and Hoffmann Scholarships

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}