ADVERTISEMENT

ബി.ആർ.അംബേദ്കർ മുതൽ ബറാക് ഒബാമ വരെ പഠിച്ച ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയിൽ പഠനം; അതും ഫുൾബ്രൈറ്റ് ഫെലോഷിപ്പോടെ. ഈ ത്രില്ലിലാണ് മാളവിക മേനോൻ ഇന്റർനാഷനൽ അഫയേഴ്സിൽ മാസ്റ്റേഴ്സ് പഠനം ആരംഭിച്ചിരിക്കുന്നത്. കോഴിക്കോട് കല്ലായിലാണു വേരുകളെങ്കിലും മാളവിക വളർന്നത് സിംഗപ്പൂരിലാണ്. അവിടെ സ്വകാര്യസ്ഥാപനത്തിൽ ഉദ്യോഗസ്ഥയായ പ്രവീണ ഒടുങ്ങാട്ടും മാധ്യമപ്രവർത്തകനായ സുരേഷ് മേനോനുമാണ് മാതാപിതാക്കൾ. വിദേശ മലയാളിയാണെങ്കിലും ഇപ്പോഴാണ് തികഞ്ഞ ‘ഇന്റർനാഷനൽ വിദ്യാർഥി’ ആയതെന്നു മാളവിക പറയുന്നു. യുഎസിനു പുറമേ മെക്സിക്കോ, ഖത്തർ, ചൈന, ഇന്തൊനീഷ്യ, ജപ്പാൻ തുടങ്ങി വിവിധ രാജ്യക്കാരായ സഹപാഠികൾ. സിവിൽ സർവീസ്, നിയമം, എൻജിനീയറിങ് തുടങ്ങി വ്യത്യസ്ത മേഖലകളിൽനിന്നുള്ളവർ.

 

@ സിംഗപ്പൂർ

 

ബെംഗളൂരു ക്രൈസ്റ്റ് ജൂനിയർ കോളജിലാണു 12–ാം ക്ലാസ് പൂർത്തിയാക്കിയത്. തുടർന്ന് സിംഗപ്പൂർ മാനേജ്മെന്റ് യൂണിവേഴ്സിറ്റിയിൽനിന്ന് പൊളിറ്റിക്കൽ സയൻസിലും പബ്ലിക് പോളിസിയിലുമായി ബിരുദം. സിംഗപ്പൂർ പ്രസ് ഹോൾഡിങ്സിൽനിന്നു ജേണലിസം സ്കോളർഷിപ്പോടെയായിരുന്നു ബിരുദപഠനം. തുടർന്ന് സിംഗപ്പൂർ പ്രസ് ഹോൾഡിങ്സിൽ സാമൂഹികകാര്യ റിപ്പോർട്ടറായി. സാമൂഹിക സേവനമേഖലയിലാകണം ഭാവിപ്രവർത്തനമെന്ന കാഴ്ചപ്പാടും അക്കാലത്തു രൂപപ്പെട്ടു. മുത്തച്ഛൻ കോഴിക്കോട് കല്ലായി കൃഷ്ണയിൽ അരവിന്ദാക്ഷന്റെയും മുത്തശ്ശി ശാന്തകുമാരിയുടെയും പ്രോത്സാഹനം ആത്മവിശ്വാസം പകർന്നു.

 

@ കൊളംബിയ

 

സിംഗപ്പൂരിലേതിൽനിന്നു വ്യത്യസ്തമാണു ന്യൂയോർക്കിലെ സാഹചര്യങ്ങൾ. മൻഹാറ്റൻ മേഖലയിലാണു കൊളംബിയ സർവകലാശാല. ആദ്യദിനങ്ങളിൽ സീനിയേഴ്സ് വന്നു ക്യാംപസ് മുഴുവൻ ചുറ്റിക്കാണിച്ചു. ലൈബ്രറി, കോഫി ഷോപ്, മറ്റു സൗകര്യങ്ങളും സേവനങ്ങളും. സമീപത്തെ റസിഡൻഷ്യൽ അപാർട്മെന്റിൽ മറ്റു സർവകലാശാലാ വിദ്യാർഥികൾക്കൊപ്പമാണു താമസം ഇതും ക്യാംപസിലെ അപരിചിതത്വം ഒഴിവാക്കാൻ സഹായിച്ചു.

 

ഭാവി...

 

ഏഷ്യൻ രാജ്യങ്ങളിലെ വിവാഹമോചിത അമ്മമാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുകയാണു ഭാവിലക്ഷ്യം. മാധ്യമപ്രവർത്തന കാലത്ത് ഇത്തരത്തിൽ ഒട്ടേറെപ്പേരുടെ ജീവിത വെല്ലുവിളികൾ നേരിട്ടറിഞ്ഞിരുന്നു. ഫുൾബ്രൈറ്റ് ഫെലോഷിപ്പിനുള്ള ഇന്റർവ്യൂവിൽ ഇക്കാര്യം പറയുകയും ചെയ്തു. പഠനശേഷം ഏഷ്യയിൽ ഈ രംഗത്തെ സന്നദ്ധസംഘടനകളുമായി സഹകരിക്കണം. ഭാവിയിൽ അത്തരമൊരു സംഘടനയ്ക്കു രൂപം നൽകണമെന്നും ആഗ്രഹിക്കുന്നു. സിംഗപ്പൂരിൽനിന്ന് ഈ വർഷം ഫുൾബ്രൈറ്റിന് അർഹരായ 3 പേരിൽ ഒരാളായ മാളവിക മുന്നോട്ടുള്ള വഴി വ്യക്തമായി വരച്ചിടുന്നു.

 

Content Summary : Malavikamenon bagged a Fulbright scholarship at Columbia University

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com