ഇഷ്ടവിഷയം പഠിച്ച് ഡോ. ആർഷിയ സ്വന്തമാക്കിയത് അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ പുരസ്കാരം

HIGHLIGHTS
  • പഠനത്തിന്റെ ഭാഗമായി സോഫിയ റിസർച് ഫ്ലൈറ്റിൽ ഉൾപ്പെടെ യാത്ര ചെയ്തു.
  • സ്വാന്റെ പേബുവും മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭാഗമാണ്.
dr-arshiya-m-jacob
ഡോ. ആർഷിയ എം. ജേക്കബ്.
SHARE

ശാസ്ത്ര ഗവേഷകരുടെ പ്രിയപ്പെട്ട ഇടമായ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണം, മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള ജർമൻ അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ പുരസ്കാരം - ഈ തിളക്കത്തിലാണ് എറണാകുളം മരട് കൊല്ലംപറമ്പിൽ ഡോ. ആർഷിയ എം. ജേക്കബ്. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിലായിരുന്നു ആർഷിയയുടെ ബിരുദപഠനം- ബിഎസ്‌സി (ഓണേഴ്സ്) ഫിസിക്സ്. രണ്ടാം വർഷം ഐഎസ്ആർഒയിൽ പിഎസ്‌എൽവി പ്രോജക്ടിന്റെ ഭാഗമായി ചെയ്ത ഇന്റേൺഷിപ് അസ്ട്രോണമിയിലേക്ക് അടുപ്പിച്ചു. 

2015ൽ ഡിഗ്രി പൂർത്തിയാക്കിയ ശേഷം ജർമനിയിലെ ബോൺ (BONN) യൂണിവേഴ്സിറ്റിയിൽ പിജി. പഠനസമയത്ത് അവതരിപ്പിച്ച പ്രബന്ധം ബോണിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റേഡിയോ അസ്ട്രോണമിയിലെ ഡയറക്ടർക്ക് ഇഷ്ടപ്പെട്ടു. തുടർന്നാണ് അവിടെ ഗവേഷണ പഠനത്തിന് അവസരം ലഭിക്കുന്നത്. മേഘങ്ങൾ നക്ഷത്രങ്ങളായി എങ്ങനെ പരിണമിക്കുന്നു എന്നതു സംബന്ധിച്ചാണ് ആർഷിയയുടെ ഗവേഷണമെന്നു ലളിതമായി പറയാം. 

നക്ഷത്രപഥങ്ങൾക്കിടയിൽ നിലനിൽക്കുന്ന പദാർഥങ്ങളെയും വികിരണങ്ങളെയും സംബന്ധിച്ചെല്ലാം പഠനം നടത്തി. ആകാശഗംഗയുടെ രാസോൽപത്തി സംബന്ധിച്ചു ശ്രദ്ധേയമായ ചില കണ്ടെത്തലുകൾ ഈ പഠനത്തിലുണ്ട്. പഠനത്തിന്റെ ഭാഗമായി സോഫിയ റിസർച് ഫ്ലൈറ്റിൽ ഉൾപ്പെടെ യാത്ര ചെയ്തു.

ആർഷിയയുടെ ഗവേഷണ പഠനത്തിനു മാക്സ് പ്ലാങ്ക് യൂണിവേഴ്സിറ്റിയുടെ ഓട്ടോ ഹാൻ അവാർഡ് ലഭിച്ചു. ഫിസിക്സ്, കെമിസ്ട്രി തുടങ്ങിയ മേഖലകളിലെ ഗവേഷണങ്ങളുമായി ബന്ധപ്പെട്ടു വർഷം 13 പേർക്കാണ് ഓട്ടോ ഹാൻ അവാർഡ് നൽകുന്നത്. ഇതിനു പിന്നാലെയാണു മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള ജർമൻ അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ പുസ്കാരം ലഭിച്ചത്. ഇപ്പോൾ യുഎസിലെ ബാൾട്ടിമോറിൽ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിൽ പോസ്റ്റ് ഡോക്ടറൽ ഫെലോയായ ഡോ. ആർഷിയയ്ക്കു പഠനം കഴിഞ്ഞു ജർമനിയിൽ മടങ്ങിയെത്താം. മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ സ്വന്തം ടീമുമായി ഗവേഷണം നടത്താം.

1948ൽ സ്ഥാപിതമായ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിന് ഇതുവരെ ലഭിച്ചത് 23 നൊബേൽ സമ്മാനങ്ങളാണ്. ഇക്കുറി വൈദ്യശാസ്ത്രത്തിൽ നൊബേൽ സമ്മാനം നേടിയ സ്വീഡിഷ് ശാസ്ത്രജ്ഞൻ സ്വാന്റെ പേബുവും മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭാഗമാണ്. 

ശാസ്ത്ര ഗവേഷണത്തിനു ക്ഷമ ഏറെ ആവശ്യമാണ്. പലപ്പോഴും റിസൽറ്റ് കിട്ടില്ല. തളർന്നു പിന്മാറാതിരിക്കാൻ ഏറെ മനഃശക്തി വേണം. പുതിയ സാധ്യതകൾക്കുവേണ്ടി എപ്പോഴും ശ്രമവും വേണം. ആ ശ്രമം തുടർന്നതു കൊണ്ടാണ് പ്രശസ്ത സ്ഥാപനങ്ങളിൽ പഠനം തുടരാൻ കഴിഞ്ഞത്. 

എന്താണീ സോഫിയ റിസർച് ഫ്ലൈറ്റ് 

Stratospheric Observatory for Infrared Astronomy – ഇതിന്റെ ചുരുക്കെഴുത്താണ് സോഫിയ. നാസയും ജർമൻ എയ്റോസ്പേസ് സെന്ററും ചേർന്നുള്ള പദ്ധതി. ഇൻഫ്രാറെഡ് പ്രകാശത്തിൽ നിരീക്ഷണം നടത്താൻ കഴിയുന്ന റിഫ്ലെക്ടിങ് ടെലിസ്കോപ് ബോയിങ് 747എസ്പി വിമാനത്തിൽ സജ്ജീകരിച്ചിരിക്കുന്നു. 11– 13 കിലോമീറ്റർ ഉയരത്തിലൂടെയാണ് (അന്തരീക്ഷത്തിന്റെ സ്ട്രാറ്റോസ്ഫിയർ പാളിയിലൂടെ) പറക്കൽ. ഭൂമിയിലെ ടെലിസ്കോപ്പുകൾക്ക് ഇൻഫ്രാറെഡ് മേഖലയിൽ പഠനം നടത്തുക ബുദ്ധിമുട്ടാണ്. ഭൂമിയുടെ അന്തരീക്ഷവും ജലകണികകളുമെല്ലാം ഇൻഫ്രാറെഡിനെ വലിയ തോതിൽ തടയുമെന്നതാണു കാരണം. സോഫിയ ദൗത്യത്തിൽ ഈ പ്രശ്നമുണ്ടായിരുന്നില്ല. 2010ൽ ആരംഭിച്ച പദ്ധതി ഇക്കഴിഞ്ഞ സെപ്റ്റംബറിൽ അവസാനിപ്പിച്ചു. 

Content Summary : Dr. Arshia Maria Jacob bagged the Astronomical Society Award

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS