ADVERTISEMENT

‘‘കണ്ടിട്ട് നല്ല ആരോഗ്യമുണ്ടല്ലോ. പിന്നെന്തിനാ പ്രത്യേക പരിഗണന?’’ 

‘‘വയ്യെങ്കിൽ വീട്ടിലിരുന്നു കൂടേ, പഠിത്തവും ജോലിയുമൊക്കെ നിങ്ങൾക്കു പറഞ്ഞിട്ടുള്ളതാണോ?’’ 

രോഗങ്ങളോ അപകടങ്ങളോ മൂലം ഭിന്നശേഷിക്കാരാകുന്നവരോട് പൊതുസമൂഹം പലപ്പോഴും ചോദിക്കുന്ന ചോദ്യങ്ങളാണിത്. പക്ഷേ, പോസിറ്റീവ് ആയിരിക്കാൻ ഉദാഹരണങ്ങൾക്കോ പ്രചോദനത്തിനോ വേണ്ടി പുസ്തകവും സിനിമയുമൊക്കെ തേടി നടക്കുന്ന ലക്ഷക്കണക്കിനു മനുഷ്യർക്കിടയിൽ, ‘ഡിസേബിൾഡ്’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ചിലർ വ്യത്യസ്തരാകുന്നത് സ്വന്തം ജീവിതത്തെ പോസിറ്റീവിറ്റിയുടെ ഉറവിടമാക്കിയാണ്. അവർ പ്രതികൂല സാഹചര്യങ്ങളിലും പഠിക്കുന്നു, ജോലി ചെയ്ത് സ്വന്തം കാലിൽ നിൽക്കുന്നു, തങ്ങളെപ്പോലെയുള്ളവർക്കു തണലൊരുക്കാൻ യത്നിക്കുന്നു, നമുക്കു പ്രചോദനങ്ങളാകുന്നു.

പക്ഷേ അവർക്കും ചില പരാതികളുണ്ട്. കഴിവുണ്ടായിട്ടും ഭിന്നശേഷിയുടെ പേരിൽ പലപ്പോഴും അവസരങ്ങൾ നിഷേധിക്കപ്പെടുന്നു, പൊതുവിടങ്ങളിൽ പലപ്പോഴും അവരുടെ യാത്രകൾക്കോ ശുചിമുറി സൗകര്യങ്ങൾക്കോ വേണ്ട സംവിധാനങ്ങളുണ്ടാകുന്നില്ല.  പക്ഷേ അവർ തളരുന്നില്ല. അപ്പോഴും, ഉൾക്കരുത്തും നിശ്ചയദാർഢ്യവും കൊണ്ട് ജീവിതത്തിന്റെ മനോഹരമായ മാതൃകകൾ സൃഷ്ടിക്കുകയാണ് അവർ. അതിൽ മൂന്നുപേർ – തിരുവനന്തപുരം സ്വദേശികളായ നിഷാൻ നിസാറും ഷാരോൺ ശ്രീദേവും കോഴിക്കോട് സ്വദേശിയായ മുഹമ്മദ് അസ്‌ലമും  സംസാരിക്കുകയാണ്; പൊതുവിടങ്ങളിലും തൊഴിലിടങ്ങളിലും സഹാനുഭൂതിയും മനസ്സലിവും ഒരു സംസ്കാരമായി വളർത്തിക്കൊണ്ടു വരേണ്ടതിനെപ്പറ്റി.

 

nishan-nizar
നിഷാൻ നിസാർ

കൗമാരപ്രായം വരെ സാധാരണ ജീവിതം നയിച്ച നിഷാന്റെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയത് ഒരു വാഹനാപകടമാണ്. സുഷുമ്നാ നാഡിക്ക് ഉണ്ടായ പരുക്ക് ആ ചെറുപ്പക്കാരന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. പരുക്കും അതിനെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളും തനിക്കും ചുറ്റുമുള്ളവർക്കുമുണ്ടാക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് നിഷാൻ കൂടുതൽ ചിന്തിച്ചു. ആ ചിന്തകളിൽ നിന്നാണ്, സുഹൃത്ത് അനിഷയുമായി ചേർന്ന് ക്യാരവൻ എന്ന കമ്യൂണിറ്റിക്ക് നിഷാൻ രൂപം കൊടുത്തത്. ക്യാരവനെക്കുറിച്ചും പൊതുവിടങ്ങൾ ഭിന്നശേഷി സൗഹൃദപരം ആകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും നിഷാൻ നിസാർ സംസാരിക്കുന്നു.

 

∙ കാട്ടിക്കൂട്ടലല്ല, വേണ്ടത് ശാസ്ത്രീയമായി നിർമിച്ച റാംപ്

 

തനിച്ചും കൂട്ടുകാർക്കൊപ്പവും യാത്ര ചെയ്യാൻ ഏറെയിഷ്ടമാണ്. അപ്പോഴൊക്കെ വെല്ലുവിളിയായത് റാംപുകളില്ലാത്ത പൊതുവിടങ്ങളും ശുചിമുറികളുമാണ്. പേരിനൊരു റാംപല്ല, ശാസ്ത്രീയ രീതിയിൽത്തന്നെയുള്ള റാംപുകളാണ് ആവശ്യം. ഭിന്നശേഷിയുള്ള വ്യക്തികൾക്ക് പരസഹായമില്ലാതെ സഞ്ചരിക്കാവുന്ന റാംപുകൾ വേണം. ഇനി നിർമിക്കുന്ന കെട്ടിടങ്ങളിൽ‌ അവ വേണമെന്ന നിയമമൊക്കെ സർക്കാർ കൊണ്ടുവന്നിട്ടുണ്ട്. ഇപ്പോൾ ഒരുപാട് സ്ഥാപനങ്ങളിൽ റാംപ് ഉണ്ട്. പക്ഷേ അതിന്റെയൊന്നും നിർമാണം ശാസ്ത്രീയമല്ല എന്നതാണ് കൂടുതൽ വിഷമകരം. സഹായി ഉള്ളവർക്കു മാത്രം ഉപയോഗിക്കാൻ കഴിയുന്നവയാണ് ഭൂരിപക്ഷം റാംപുകളും. ഒറ്റയ്ക്കു സഞ്ചരിക്കുന്ന ഒരുപാടു ഭിന്നശേഷിക്കാരുണ്ട്. അവർക്കൊന്നും ഈ റാംപുകൾ ഉപയോഗിക്കാൻ സാധിക്കുന്നില്ല. ഭിന്നശേഷിയുള്ളവർക്കെല്ലാം ഒപ്പം സഹായികളുണ്ടാകും എന്ന മുൻവിധിയോടെ റാംപ് ഒരുക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. പക്ഷേ ഒരാളുടെ സഹായമുണ്ടെങ്കിൽപ്പോലും ആ റാംപിലൂടെ സഞ്ചരിക്കാനാവില്ല. സ്ഥലപരിമിതി കൊണ്ടാണ് ഇത്തരത്തിൽ റാംപ് നിർ‌മിക്കുന്നതെന്ന് ചിലർ പറയാറുണ്ട്. പക്ഷേ ശാസ്ത്രീയമായി നിർമിച്ചാൽ സ്ഥലപരിമിതി ഒരു പ്രശ്നമേയല്ല. പല സ്വകാര്യസ്ഥാപനങ്ങളിലും ഹോട്ടലുകളിലും വളരെ ശാസ്ത്രീയമായി നിർമിച്ച റാംപുകൾ കണ്ടിട്ടുണ്ട്. റാംപ് നിർമിക്കുന്നതിന് അതിരുകൾ വയ്ക്കാതെ എല്ലാപൊതുവിടങ്ങളിലും അതുണ്ടാക്കാൻ ശ്രമിക്കണം. ആരാധനാലയങ്ങൾ, തിയറ്റർ, മാളുകൾ, ടൂറിസ്റ്റ് പ്ലേസുകൾ അങ്ങനെയെല്ലായിടത്തും ഡിസെബിലിറ്റിയുള്ളവർക്കും തടസ്സമില്ലാതെ സഞ്ചരിക്കാൻ സൗകര്യങ്ങളൊരുക്കണം.

 

∙ അപകടങ്ങൾകൊണ്ട് ഡിസെബിലിറ്റി സംഭവിക്കുന്നവർ

caravan

 

ജന്മനാലുണ്ടാകുന്ന പ്രശ്നങ്ങൾ കൊണ്ട് ഭിന്നശേഷിയുള്ളവരുണ്ട്. ചിലർ ഡിസെബിലിറ്റിക്കു കാരണം അപകടങ്ങളാണ്. ഞാൻ വാഹനാപകടം മൂലം സുഷുമ്നാ നാഡിക്ക് പരുക്കേറ്റയാളാണ്. 19–ാമത്തെ വയസ്സിലായിരുന്നു അപകടം. എനിക്കൊരു മൊബിലിറ്റി റൈഡുണ്ട്. അതോടിച്ചാണ് പുറത്തു പോകുന്നത്. അതെനിക്ക് ഒരുപാട് ഫ്രീഡം തരുന്നുണ്ട്. പക്ഷേ അതുണ്ടായിട്ടുപോലും ചില സ്ഥലത്ത് എത്തിപ്പെടാൻ പറ്റുന്നില്ല. 

 

അപകടം മൂലമുണ്ടാകുന്ന ഡിസെബിലിറ്റിയോട് ആളുകൾ പലതരത്തിലാണ് പ്രതികരിക്കുന്നത്. ചിലയാളുകൾ ഒരുപാട് സമയമെടുത്താണ് ജീവിതത്തിലേക്ക് തിരിച്ചു വരുന്നത്. ചിലർ പെട്ടെന്നു കാര്യങ്ങൾ ഉൾക്കൊള്ളും. നിലവിലെ അവസ്ഥ അംഗീകരിച്ച് മുന്നോട്ടു പോവുകയാണ് വേണ്ടത്. ഈ ലോകത്തെ ഓരോരുത്തരും ഓരോ തരം ഡിസെബിലിറ്റിയുള്ളവരാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. പലരിലും, പുറത്തു പ്രകടമാകുന്ന വിധത്തിലായിരിക്കില്ല ഡിസെബിലിറ്റി എന്നേയുള്ളൂ. കാഴ്ചയിൽ എന്തോ കുറവ് തോന്നിക്കുന്നവർക്കു മാത്രമാണ് ഡിസെബിലിറ്റി എന്ന ചിന്തയാണ് മാറേണ്ടത്. 

muhammed-aslam
മുഹമ്മദ് അസ്ലം

 

∙മോഡലിങ് പാഷൻ, ജോലിയുമുണ്ട്

 

ഒരാളുടെ ഇച്ഛാശക്തിയെ അളക്കുന്നതിന് പ്രായം ഒരു മാനദണ്ഡമാക്കരുത് എന്നാണ് എന്റെ അഭിപ്രായം. പ്രായമുള്ളവരേക്കാൾ നിശ്ചയദാർഢ്യത്തോടെ തീരുമാനങ്ങളെടുക്കുന്ന ചെറുപ്പക്കാർ ഞങ്ങൾക്കിടയിലുണ്ട്. കഴിവുകളെയും പോരായ്മകളെയും തിരിച്ചറിഞ്ഞ് സ്വയം കരുത്താർജ്ജിക്കുന്നവർ. ഞാൻ ജോലി ചെയ്യുന്നുണ്ട്. ഒപ്പം എന്റെ പാഷനായ മോഡലിങ്ങും മുന്നോട്ടു കൊണ്ടു പോകുന്നുണ്ട്.

 

∙ ഹാഷ്ടാഗ് ക്യാംപെയ്ൻ

 

ഞാനും സുഹൃത്ത് അനിഷയും ചേർന്ന് ക്യാരവൻ എന്നൊരു കമ്യൂണിറ്റി തുടങ്ങിയതിനെപ്പറ്റി പറഞ്ഞിരുന്നല്ലോ. അതിനോടനുബന്ധിച്ച് ‘റാംപ് മൈ കേരള’ എന്ന പേരിൽ ഒരു ഹാഷ്ടാഗ് ക്യാംപെയ്ൻ നടക്കുന്നുണ്ട്. പൊതുവിടങ്ങളിലെല്ലാം റാംപുകൾ വേണമെന്നാണ് ആവശ്യം. അതുപോലെ തന്നെ പ്രധാനമാണ് ഇരിപ്പിടങ്ങളും. ഭിന്നശേഷിയുള്ളവരിൽ ഭൂരിഭാഗത്തിനും ചാരാതെയിരിക്കാൻ സാധിക്കില്ല. അവർക്കു ചാരിയിരിക്കാൻ സൗകര്യമുള്ള ഇരിപ്പിടങ്ങളൊരുക്കണം എന്നതും ഞങ്ങളുടെ ആവശ്യമാണ്. 

 

∙പുറമേ കണ്ട് കുഴപ്പമില്ലെന്നു പറഞ്ഞ് മുൻവിധിയോടെ പെരുമാറരുത്

 

sharon
ഷാരോൺ ശ്രീദേവ്

കാണുന്ന കാര്യം മാത്രമേ വിശ്വസിക്കൂ എന്ന ദുശ്ശാഠ്യം ഡിസെബിലിറ്റിയുള്ളവരോടു കാട്ടരുത്. സ്കോളിയോസിസ് പോലെയുള്ള അവസ്ഥകളിൽ, ആ ആളിനെ കണ്ടാൽ യാതൊരു കുഴപ്പവും തോന്നില്ല. പക്ഷേ അവർ അനുഭവിക്കുന്ന വേദനകൾക്ക് കൈയും കണക്കുമുണ്ടാകില്ല. അത്തരം ആളുകളുടെ അവസ്ഥ മനസ്സിലാക്കി സഹായിക്കാനുള്ള മനസ്സ് സമൂഹം കാണിക്കണം. തൊഴിലിടങ്ങളിലും അത്തരം പരിഗണനകൾ തീർച്ചയായും നൽകണം. ശാരീരിക ബുദ്ധിമുട്ട് സഹിക്കാനാകാതെ അവധിയെടുത്തു വീട്ടിൽ‌പ്പോയാൽ ജോലിയുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചു പറഞ്ഞ് അവരെ അസ്വസ്ഥരാക്കരുത്. കഴിവിന്റെ പരമാവധി ജോലി ചെയ്തിട്ട് വിശ്രമിക്കാൻ പോകുന്ന അവരെ വിശ്രമിക്കാൻ അനുവദിക്കണം. അവരുടെ അവസ്ഥ മനസ്സിലാക്കി അവർക്ക് ജോലി ചെയ്യാനുള്ള ക്രമീകരണങ്ങൾ ഒരുക്കാൻ തയാറാകണം. കുറച്ചുകൂടി സഹാനുഭൂതിയോടെ, സഹിഷ്ണുതയോടെ പെരുമാറണം.

 

ഉപ്പയെ ജീവനുതുല്യം സ്നേഹിക്കുന്ന, ഏറെയിഷ്ടമുള്ള കണക്കുതന്നെ ഉപരിപഠനത്തിനു തിരഞ്ഞെടുത്ത, ജീവിതത്തിലെ പ്രതിസന്ധികളിലും തളരാത്ത മിടുക്കനാണ് മുഹമ്മദ് അസ്‌ലം. ഇഷ്ടമുള്ള വിഷയം പഠിച്ചതും പാർട്ട് ടൈം ജോലി ചെയ്ത് ഉപരിപഠനത്തിനുള്ള തുക കണ്ടെത്തിയതുമായ വിശേഷങ്ങൾ ആവേശത്തോടെ പറഞ്ഞുകൊണ്ടാണ് മുഹമ്മദ് അസ്‌ലം സംസാരിച്ചു തുടങ്ങിയത്. ഈ ചെറിയ പ്രായത്തിനുള്ളിൽ ഏറെ നെഗറ്റീവ് കാര്യങ്ങൾ ജീവിതത്തിലുണ്ടായിട്ടും വളരെ പോസിറ്റീവാണ് അസ്‌ലം. ചുറ്റുമുള്ളവരിലേക്ക് അതു പ്രസരിപ്പിക്കാനും അവനു കഴിയുന്നു. ജന്മനാലുള്ള ഓസ്റ്റിയോപൊറോസിസിനെ (അസ്ഥികൾ പൊടിയുന്ന രോഗം)  അതിജീവിച്ച് 19–ാം വയസ്സു മുതൽ സ്വന്തം കാലിൽ എഴുന്നേറ്റു നിന്നതാണ് അസ്‌ലമിന്റെ  ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം. ജോലിയൊക്കെയായി ജീവിതമങ്ങനെ തരക്കേടില്ലാതെ മുന്നോട്ടു നീങ്ങിയപ്പോഴാണ് വാഹനാപകടത്തിന്റെ രൂപത്തിൽ ദുരന്തം വീണ്ടും അവന്റെ ജീവിതത്തിനു ബ്രേക്കിട്ടത്. ജോലിക്കു പോകാനായി തന്റെ സാരഥിയായ മോഡിഫൈഡ് വെഹിക്കിളിൽ സഞ്ചരിച്ചപ്പോൾ ഒരു നായ കുറുകെചാടി. വീഴ്ചയിൽ തോളിനും കാലിനും തലയ്ക്കും പരുക്കേറ്റു. ഡോക്ടർമാർ വിശ്രമം നിർദേശിച്ചതോടെ ജോലി വിട്ട് വിശ്രമത്തിലായി. ജീവിതത്തിലെ കുഞ്ഞു വലിയ സന്തോഷങ്ങളെക്കുറിച്ചും ഏതു പ്രതിസന്ധിയിലും തളരാതെ പോരാടാനുള്ള ആർജ്‌ജവത്തെക്കുറിച്ചും അസ്‌ലം പറയുന്നു.

 

∙ ഉപ്പയും ഉമ്മയുമാണ് കരുത്തും കരുതലും

 

ജനിച്ച് നാലാം മാസം മുതലാണ് എല്ലുകൾ പൊട്ടാൻ തുടങ്ങിയത്. കാര്യമെന്താണെന്ന് ആദ്യമൊന്നും വീട്ടുകാർക്കു മനസ്സിലായില്ല. പക്ഷേ അതു തുടർന്നപ്പോൾ അതൊരു രോഗമാണെന്നു തിരിച്ചറിയുകയും പല ചികിൽസകളും പരീക്ഷിക്കുകയും ചെയ്തു. പതിനെട്ടു വയസ്സൊക്കെ ആകുമ്പോൾ എല്ലുകൾക്കു നല്ല ബലം വരുമെന്നും അപ്പോൾ നടക്കാൻ കഴിയുമെന്നും ഡോക്ടർമാർ പറഞ്ഞു. അത്രയും വർഷം നല്ല കരുതൽ നൽകി കുടുംബം ഒപ്പം നിന്നു. ഹൈസ്കൂൾ കാലഘട്ടത്തിലാണ് കർണാടകയിലെ മണിപ്പാൽ ഹോസ്പിറ്റലിലേക്ക് ചികിൽസ മാറ്റിയത്. ചില ശസ്ത്രക്രിയകൾ ചെയ്താൽ നില മെച്ചപ്പെടുമെന്നും പരസഹായമില്ലാതെ നടക്കാൻ കഴിയുമെന്നും ഡോക്ടർമാർ പറഞ്ഞു. 10–ാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു സർജറി. ഡിഗ്രി കാലമൊക്കെയായപ്പോൾ പരസഹായമില്ലാതെ നടക്കാൻ സാധിച്ചു. ഡിഗ്രി സെക്കൻഡ് ഇയർ ആയപ്പോൾ കൂട്ടിന് മോഡിഫൈഡ് വെഹിക്കിളുമെത്തിയതോടെ അതിലായി സഞ്ചാരം.

 

പഠിച്ചതൊക്കെ സാധാരണ സ്കൂളിലാണ്. ഉപ്പ എടുത്താണ് സ്കൂളിൽ കൊണ്ടുപോയിരുന്നത്. ചില ദിവസങ്ങളിൽ ക്ലാസ് കഴിയുന്നതുവരെ ഉപ്പ എന്ന കാത്തു നിൽക്കാറുണ്ട്. ഡിഗ്രി വരെ ഉപ്പ എന്നെ നന്നായി പഠിപ്പിച്ചു. പിജി ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ഉപ്പയെ ബുദ്ധിമുട്ടിക്കാനും പാടില്ല എന്നു തീരുമാനിച്ചു. അങ്ങനെ പിജി പഠിക്കുന്നതിനോടൊപ്പം പാർട്ട്ടൈം ജോലി ചെയ്തു. അതിൽനിന്നു കിട്ടിയ പ്രയോജനം രണ്ടാണ്. അതിൽനിന്നു ലഭിക്കുന്ന വരുമാനം കൊണ്ട് പഠനച്ചെലവ് നടത്തി. ഒപ്പം വർക്ക് എക്സ്പീരിയൻസുമായി. 2020 ഓടെ ജോലിയിൽ പ്രവേശിച്ചു. ജീവിതം ഒരൊഴുക്കിലങ്ങനെ നീങ്ങുമ്പോഴാണ് 2021 ൽ വാഹനാപകടമുണ്ടായത്. കാലിനും തോളിനും തലയ്ക്കും പരുക്കേറ്റ് കുറച്ചുനാൾ വിശ്രമത്തിലായിരുന്നു. മുൻപ് പരസഹായമില്ലാതെ നടന്നിരുന്നുവെങ്കിലും ഇപ്പോൾ വോക്കിങ് സ്റ്റിക്കിന്റെയോ വോക്കറിന്റെയോ സഹായം വേണം. 

 

∙ ഹാപ്പി മൊമെന്റ്സ്

 

‘അമൃതവർഷിണി’യിലെ ലതാമ്മ (അസ്ഥികൾ ഒടിഞ്ഞുനുറുങ്ങുന്ന ‘ബ്രിട്ടിൽ ബോൺ’ ജനിതകരോഗം ബാധിച്ചവർക്കു വേണ്ടിയുള്ള സംഘടനയായ ‘അമൃതവർ‌ഷിണി’യുടെ സ്ഥാപക ലതാ നായർ) പറഞ്ഞിട്ടാണ് അവിടെയുണ്ടായിരുന്ന വിമല എന്ന ചേച്ചിക്ക് അസുഖം കൂടിയ കാര്യമറിഞ്ഞത്. ചേച്ചി നന്നായി പെയിന്റ് ചെയ്യുമായിരുന്നു. ചേച്ചിയുടെ ചികിൽസയൊക്കെ ബുദ്ധിമുട്ടിലായിരുന്ന സമയത്ത് ചേച്ചിയുടെ പെയിന്റുങ്ങുകൾ വച്ച് ഞാനും എന്റെ ക്ലാസിലെ കുട്ടികളും ചേർന്ന് ഒരു എക്സിബിഷൻ നടത്തി. ചികിൽസയ്ക്കുള്ള പണം സമാഹരിക്കുക എന്നതായിരുന്നു ലക്ഷ്യം. പെയിന്റിങ് മിക്കതും വിറ്റുപോയി നല്ലൊരു തുക ചേച്ചിക്ക് നൽകാനുമായി. ആ നിമിഷമാണ് ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞതായി ഞാൻ ഓർക്കാൻ ആഗ്രഹിക്കുന്നത്. പക്ഷേ ചേച്ചി അധികം താമസിയാതെ മരിച്ചു. അതൊരു വലിയ സങ്കടമായി ഉള്ളിലുണ്ട്. എങ്കിലും ചേച്ചിക്ക് ഏറെ ആവശ്യമുള്ള സമയത്ത് എന്നാലാവും വിധം സഹായിക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യമുണ്ട്.

 

∙ കണക്കിനോടുള്ള ഇഷ്ടം പ്രചോദനം

 

കുട്ടിക്കാലം മുതൽ കണക്കു കൂട്ടാനൊക്കെ വലിയ ഇഷ്ടമാണ്. അതാണ് ഉപരിപഠനത്തിന് എംകോം തിരഞ്ഞെടുക്കാൻ കാരണം. എല്ലുകൾ ഇടയ്ക്ക് ഒടിയുന്നതുകൊണ്ട് ചിലസമയത്ത് ദീർഘകാലം വിശ്രമം വേണ്ടി വരാറുണ്ട്. ആ സമയം ക്രാഫ്റ്റ് വർക്കുകൾ ചെയ്യും. പിജി തലം വരെ ക്വിസ് പ്രോഗ്രാമുകളിൽ പങ്കെടുത്ത് സമ്മാനം നേടിയിരുന്നു. പിജി ആദ്യവർഷത്തിനിടയിലും ഒടിവുകൾ സംഭവിച്ചതുകൊണ്ട് പല പരീക്ഷകളും എഴുതാൻ കഴിഞ്ഞില്ല. പക്ഷേ പിജി അവസാനവർഷം, ആദ്യവർഷത്തെ പേപ്പറുകളെല്ലാം എഴുതിയെടുത്തു. തുടങ്ങി വച്ചത് പൂർത്തിയാക്കാതെ മുന്നോട്ടു പോകാനാവില്ലല്ലോ.

 

∙ സ്വപ്നം

 

അപകടത്തിന്റെ പരുക്കുകളൊക്കെ ഭേദമായി വരുന്നു. പക്ഷേ വിശ്രമവേളയിലും അസ്ലം വെറുതെയിരുന്നില്ല. മൂന്നുമാസം നീണ്ടു നിൽക്കുന്ന ഒരു നൈപുണ്യവികസന കോഴ്സ് ചെയ്തു. ഇനി ഒരു നല്ല ജോലി വേണം എന്നാണാഗ്രഹം. അതിനായുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. പക്ഷേ ഇതുവരെ ഒന്നും ശരിയായിട്ടില്ല.

 

സമൂഹത്തിന്റെയും അധികൃതരുടെയും മുൻവിധിമൂലം ഇഷ്ടവിഷയം പഠിക്കാൻ സാധിക്കാത്തതിന്റെ സങ്കടത്തെപ്പറ്റിയും കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട ജോലി സ്വപ്നത്തെപ്പറ്റിയുമാണ് തിരുവനന്തപുരം സ്വദേശി ഷാരോൺ പറയുന്നത്. 

 

∙ ഇഷ്ടം സയൻസ്, പക്ഷേ പഠിച്ചത് കൊമേഴ്സ്

 

പത്താംക്ലാസ് കഴിഞ്ഞപ്പോഴാണ് ആരോഗ്യപ്രശ്നം തിരിച്ചറിഞ്ഞത്. പ്ലസ്ടുവിനു ശേഷം ബയോളജി പഠിക്കാനായിരുന്നു ഇഷ്ടം. പക്ഷേ ലാബിന്റെ കാര്യമൊക്കെ പറഞ്ഞ് പലരും നിരുത്സാഹപ്പെടുത്തിയതുകൊണ്ടാണ് കൊമേഴ്സ് എടുത്തത്. കൊമേഴ്സ് ആദ്യമൊക്കെ നല്ല പ്രയാസമായിരുന്നു. ഗവൺമെന്റ് ആർട്സ് കോളജിലായിരുന്നു പഠനം. കോളേജിൽ ഡിസേബിൾ ഫ്രണ്ട്‌ലി അന്തരീക്ഷം അല്ലായിരുന്നു. മൂന്നാം നിലയിലായിരുന്നു ക്ലാസ്. ബികോമും എംകോമും അവിടെയാണ് പഠിച്ചത്. നടക്കാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് ആ സമയത്തൊക്കെ വല്ലാതെ ബുദ്ധിമുട്ടി. ശുചിമുറിയിലൊക്കെ എത്തിപ്പെടാനുള്ള പ്രശ്നങ്ങളുമുണ്ട്. ഇത്തരം അസൗകര്യങ്ങൾ കണക്കിലെടുത്താണ് ചിലർ പഠനം വീട്ടിലാക്കുന്നത്. പിന്നീട് കോളജിൽ ലിഫ്റ്റ് നിർമാണമൊക്കെ നടന്നിരുന്നു. നല്ല സുഹൃത്തുക്കളില്ലാത്ത ഡിസേബിൾഡ് ആളുകൾക്ക് സ്കൂൾ, കോളജ് പഠനമൊക്കെ ശരിക്കും ബുദ്ധിമുട്ടാകും.

 

∙ അകന്നുപോയ ജോലി

 

കോഴ്സ് കഴിഞ്ഞ് പരീക്ഷാഫലം കാത്തിരിക്കുകയാണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലൊക്കെ റജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും ജോലിയൊന്നുമായില്ല. പല ഓഫിസുകളും ഡിസേബിൾഡ് ഫ്രണ്ട്‌ലി അല്ല. കോവിഡ് കഴിഞ്ഞതുകൊണ്ട് വർക്ക് ഫ്രം ഹോം സൗകര്യവും പലരും കൊടുക്കുന്നില്ല. കോഴ്സ് ചെയ്തുകൊണ്ടിരുന്ന സമയത്ത് ബെംഗളൂരുവിലുള്ള ഒരു കമ്പനിയിൽ ജോലി ലഭിച്ചിരുന്നു. 20 ദിവസത്തിനകം ജോലിയിൽ ചേരണമെന്ന് അവർ പറഞ്ഞു. 20 ദിവസത്തിനകം ബെംഗളൂരുപോലെയുള്ള നഗരത്തിലേക്ക് റിലൊക്കേറ്റ് ചെയ്യാനുള്ള സാഹചര്യം അന്നുണ്ടായിരുന്നില്ല. അങ്ങനെ ആ അവസരം നഷ്ടമായി. പുറത്തുപോയി പഠിക്കാനും ജോലി ചെയ്യാനും എനിക്കേറെയിഷ്ടമാണ്. അവസരം ലഭിച്ചാൽ തീർച്ചയായും പോകും.

 

Content Summary : Nishan Sharon and Muhammad Aslam share their thoughts about disabled-friendly infrastructure

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com