54–ാം വയസ്സിൽ ഒന്നാം റാങ്ക്; 600 ൽ 574 മാർക്ക് നേടി കുമാരി

HIGHLIGHTS
  • സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മാർക്ക്.
  • 3000 വനിതകളെയെങ്കിലും സ്കൂട്ടർ ഓടിക്കാൻ പഠിപ്പിച്ചിട്ടുണ്ട്.
kumari
കുമാരി
SHARE

കൊച്ചി ∙ ‘കുമാരിക്ക് ഇതു പഠിച്ചെടുക്കാവുന്നതല്ലേയുള്ളു’ എന്ന് ഒരു വെഹിക്കിൾ ഇൻസ്പെക്ടർ ചോദിച്ചിടത്തുനിന്ന് 54 –ാം വയസ്സിലെ ഇൗ റാങ്കിന്റെ കഥ തുടങ്ങുന്നു. പടമുകൾ ഇന്ദിരാ ജംക്‌ഷൻ തണ്ടാശേരി ടി. ഡി. ശിവദാസിന്റെ ഭാര്യയും ഐശ്വര്യ മോട്ടർ ഡ്രൈവിങ് സ്കൂൾ ഉടമയുമായ എം. ബി. കുമാരി മെക്കാനിക്കൽ എൻജിനീയറിങ് സർട്ടിഫിക്കറ്റ് കോഴ്സിൽ ഒന്നാം റാങ്ക് കാരിയായി.

ഡ്രൈവിങ് സ്കൂൾ നടത്താൻ മെക്കാനിക്കൽ എൻജിനീയറിങ് യോഗ്യതയുള്ള ഒരാൾ വേണം. എല്ലാ ഡ്രൈവിങ് സ്കൂളിലും പേരിനൊരു മെക്കാനിക്കൽ എൻജിനീയർ ഉണ്ടാവും. അയാൾക്കു സ്ഥിരം ശമ്പളവും നൽകണം. അത് എന്തിനാ, കുമാരിക്കു സ്വന്തമായി പഠിക്കാവുന്നതല്ലേ ഉള്ളു എന്നാണ് എംവിഐ ചോദിച്ചത്. കളമശേരി പോളി ടെക്നിക്കിൽ കുമാരി കഴിഞ്ഞവർഷം ഒരു വർഷം ദൈർഘ്യമുള്ള മെക്കാനിക്കൽ എൻജിനീയറിങ് കോഴ്സിനു ചേർന്നു, 53 –ാം വയസ്സിൽ. കഴിഞ്ഞ ദിവസം കോഴ്സിന്റെ റിസൽറ്റ് വന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മാർക്ക്, 600 ൽ 574 മാർക്ക് കുമാരി സ്വന്തമാക്കി. 95.67 %.

ഓട്ടമൊബീൽ ഡീലർ കമ്പനിയിൽ ജോലിക്കാരിയായിരുന്ന കുമാരി 11 വർഷം മുൻപാണു ഡ്രൈവിങ് സ്കൂൾ തുടങ്ങിയത്. 1993 ൽ തന്നെ ബൈക്ക്, ഓട്ടോ, കാർ ലൈസൻസുണ്ട്. 2013 ൽ ഹെവി ലൈസൻസും നേടി.

1993 ൽ പത്രത്തിൽ കുമാരിയെക്കുറിച്ചു ഫീച്ചർ വന്നിട്ടുണ്ട്, ഇരുചക്ര വാഹനത്തിൽ ചെത്തുന്ന വനിതകൾ ’ എന്ന പേരിൽ. അന്നു സ്കൂട്ടർ ഓടിക്കുന്ന സ്ത്രീകൾ കുറവാണ്. ‘സ്കൂട്ടറോടിക്കുമ്പോൾ ആളുകൾ നോക്കിനിൽക്കും, പെണ്ണ് വണ്ടിയോടിക്കുന്നേ എന്നു കൂവും. ഇന്ന് അതൊക്കെ ഓർക്കുമ്പോൾ അത്ഭുതം തോന്നും. 

പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസിൽ ആയിരുന്നു കുമാരിക്ക് ആദ്യം ജോലി. ബജാജ് സണ്ണി സ്കൂട്ടർ ഇറങ്ങിയ കാലം. എല്ലാ സ്കൂളുകളിലും 10 ടീച്ചർമാരെ വീതം സൗജന്യമായി സ്കൂട്ടർ ഓടിക്കാൻ പഠിപ്പിക്കാൻ കമ്പനി തീരുമാനിച്ചു. വനിതകളെ പുറത്തിറങ്ങാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ. ആ പദ്ധതിയിൽ ട്യൂട്ടറായിരുന്നു കുമാരി. 3000 വനിതകളെയെങ്കിലും സ്കൂട്ടർ ഓടിക്കാൻ പഠിപ്പിച്ചിട്ടുണ്ട്. അന്നൊക്കെ വനിതകൾ സ്കൂട്ടർ ഓടിക്കുമ്പോൾ ബസുകാർ ഡോറിൽ തട്ടി ശബ്ദമുണ്ടാക്കി പേടിപ്പിക്കും. അത്തരം ബസുകളുടെ മുന്നിലൂടെ വണ്ടിയോടിച്ചാണു കുട്ടികളുടെ ഭയം തീർത്തതെന്നു കുമാരി പറയുന്നു. ഭർത്താവ് ശിവദാസ് ഡ്രൈവിങ് സ്കൂളിൽ ട്യൂട്ടറാണ്. മൂത്തമകൻ വിഷ്ണുദാസ്  കാനഡയിൽ വിദ്യാർഥി, രണ്ടാമത്തെയാൾ വിമൽദാസ്  ടെക്നോപാർക്കിൽ ജോലിചെയ്യുന്നു.

Content Summary : Kumari got the first rank in the mechanical engineering certificate course at the age of 54

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS